പിണറായി മോദിക്ക് എഴുതിയ കത്ത് സംസ്ഥാന സർക്കാരിനു കുരുക്കാകുമോ?

1200-Narendra-Modi-Pinarayi-Vijayan-1
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും
SHARE

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് സംസ്ഥാന സർക്കാരിനു കുരുക്കാകുമോ? ഇതറിയാൻ സുപ്രീം കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം. ലൈഫ് മിഷൻ ഇടപാടു സംബന്ധിച്ച കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ വാദത്തിനെതിരെ ഈ കത്തും വീണ്ടും തലപൊക്കും.

അനിൽ അക്കര എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 സെപ്റ്റംബർ 24ന് സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു ലൈവ്‌ലിഹുഡ്, ഇൻക്ലൂഷൻ ആൻഡ് എംപവർമെന്റ് മിഷൻ (ലൈഫ് മിഷൻ) സിഇഒ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വിദേശ സഹായ നിയന്ത്രണ നിയമം (എഫ്സിആർഎ), ഇന്ത്യൻ ശിക്ഷാനിയമം എന്നിവ ലംഘിച്ചെന്നായിരുന്നു അനിൽ അക്കരയുടെ പരാതി.

എഫ്സിആർഎ ലംഘനം നടന്നിട്ടില്ലെന്നും സിബിഐയ്ക്ക് കേസ് അന്വേഷണം നടത്താൻ നിയമാധികരമില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ കടന്നുകയറി സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടനയ്ക്കു വെല്ലുവിളിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ലൈഫ് ഭവന പദ്ധതിയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടിനെക്കുറിച്ച് വിജിലൻസും ആന്റി കറപ്ഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

മുഖ്യമന്ത്രിയു‍ടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനുവേണ്ടി സ്വപ്ന സുരേഷും കൂട്ടാളികളും കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരും കുറ്റങ്ങളും അഴിമതി നിരോധന നിയമത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും കീഴിൽ വരുന്നതാണെന്നും സർക്കാർ വിശദീകരിച്ചു. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ വേട്ടയാടാനാണ് എഫ്സിആർ നിയമ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സർക്കാർ കൂട്ടിച്ചേർത്തു. വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നിട്ടില്ല, അതിനാൽ, സിബിഐയ്ക്ക് അന്വേഷിക്കാൻ അധികാരമില്ല, എന്നായിരുന്നു സർക്കാർ നിലപാട്.

എന്നാൽ സർക്കാരിന്റെ വാദം മുഖ്യമന്ത്രിയുടെ കത്തുംകൂടി പരാമർശിച്ചാണു ഹൈക്കോടതി തള്ളിയത്. സംസ്ഥാന സർക്കാർ നൽകിയ അനുമതിയുടെയും അഭ്യർഥനയുടെയും അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണം ആരംഭിച്ചതെന്ന കേന്ദ്ര സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.. 2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി നൽകിയ കത്താണ് കേന്ദ്ര സർക്കാർ ആധാരമാക്കിയത്. കേന്ദ്ര ഏജൻസികളുടെ ഫലപ്രദവും ഏകോപനത്തോടെയുള്ളതുമായ അന്വേഷണം വേണമെന്നാണു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ (D.O.NO.1130/2020/CM) മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

സ്വർണക്കടത്തു കേസിൽ വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യമാണെന്നും ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹൈക്കോടതി പറഞ്ഞത്

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം 1946 പ്രകാരം അനുമതി നൽകിയിട്ടില്ലെന്ന വാദം നിലനിൽക്കുന്നതല്ലെന്നു ഹൈക്കോടതി പറഞ്ഞു. സിബിഐയുടെ പരിധിയിൽവരുന്ന കുറ്റം റജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും 2017 ജൂൺ എട്ടിലെ നോട്ടിഫിക്കേഷൻ പ്രകാരം, കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. ഈ കേസിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളെ നിയോഗിക്കണമെന്നു കേന്ദ്ര സർക്കാരിനോട് 2020 ജൂലൈ എട്ടിനു കേരള മുഖ്യമന്ത്രി അഭ്യർഥിച്ചിട്ടുണ്ടെന്നു കത്ത് ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി ഇതുംകൂടി കൂട്ടിചേർത്തു: യഥാർഥത്തിൽ, എഫ്സിആർ നിയമത്തിന്റെ പരിധിയിൽവരുന്ന ഏത് കുറ്റകൃത്യവും വെളിപ്പെട്ടാൽ, ക്രിമിനൽ നടപടി ചട്ടത്തിനു തടസ്സപ്പെടുത്താനാവാത്ത, വകുപ്പിന്റെ 43ാംവകുപ്പ് ബാധകമാകും. തുടർന്ന് എഫ്സിആർഎ പ്രകാരമുള്ള കുറ്റകൃത്യം അന്വേഷിക്കാൻ കേന്ദ്ര സർക്കാരിന് ബന്ധപ്പെട്ട ഏത് ഏജൻസിയെയും നിയോഗിക്കാം.

ശക്തിയുണ്ട് എഫ്സിആർഎയ്ക്ക്

അതായത് നിയമം എഫ്സിആർ ആണെങ്കിൽ സംഗതി ഗുരുതരമാണ്. കുറ്റമുണ്ടെന്നു വന്നാൽ കേന്ദ്രസർക്കാരിന് ഏജൻസിയെ നിയോഗിക്കാം. അതിനാൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തതിൽ തെറ്റില്ല. അന്വേഷണം തുടരാം. ഇതിനെതിരെയുള്ള അപ്പീലുമായി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമ്പോൾ മുഖ്യമന്ത്രിയുടെ കത്തിനെക്കുറിച്ചു വീണ്ടും മറുപടി നൽകേണ്ടിവരുമെന്നും ചുരുക്കം.

Content Highlights: Diplomatic Gold Smuggling, Life Mission, LDF, Kerala Government, Pinarayi Vijayan, Narendra Modi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA