ADVERTISEMENT

കൊച്ചി ∙ ചൈനീസ് കമ്പനികളുടെ പണം ഓൺലൈൻ വായ്പകളിലൂടെ ഇന്ത്യയിലെത്തുന്നുണ്ടെന്നു സൈബർ സുരക്ഷാ വിദഗ്ധൻ രാഹുൽ ശശി. ഓൺലൈൻ വായ്പാ ഏജൻസികൾ, ആപ്പുകൾ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളുണ്ടാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ആറംഗ സമിതിയിൽ അംഗമാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ രാഹുൽ ശശി.

ഓൺലൈൻ വായ്പ ആപ്പുകളുടെയും വായ്പ നൽകുന്ന ഏജൻസികളുടെയും ആധികാരികത കണ്ടെത്തുന്നതിനുള്ള സാങ്കേതിക സഹായം റിസർവ് ബാങ്ക് നിയോഗിച്ച പ്രത്യേകസമിതിക്കു നൽകുമെന്നും ‘മനോരമ’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

∙ ഓൺലൈൻ വായ്പാ ഏജൻസികളെ നിയന്ത്രിക്കാനുള്ള ആർബിഐ നടപടിയെപ്പറ്റി?

ഡിജിറ്റൽ ലോകത്ത്, വായ്പകളുടെ സ്വഭാവവും മാറി. ഒന്നോ രണ്ടോ ക്ലിക്കുകളിൽ വായ്പ ലഭ്യമാണിപ്പോൾ. തിരിച്ചടയ്ക്കാൻ ശേഷിയും സന്നദ്ധതയുമുണ്ടോയെന്നു മാത്രം നോക്കിയാൽ മതി. വായ്പയ്ക്കുള്ള അപേക്ഷകരുടെ വിവരങ്ങൾ, ബാങ്കുകൾക്കും വായ്പാ ഏജൻസികൾക്കും നൽകുന്ന ആയിരക്കണക്കിന് ഓൺലൈൻ ഏജൻസികൾ ഇന്ത്യയിലുണ്ട്.

ഇത്തരം ഏജൻസികളുടെ മാത്രം ബിസിനസ് പ്രതിവർഷം ആയിരം കോടി രൂപയ്ക്കടുത്തു വരും. മാന്യമായ ബാങ്കിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടു തന്നെയാണ് ആർബിഐയുടേത്. പക്ഷേ, അമിത പലിശക്കാരെയും തട്ടിപ്പുകാരെയും തടയുകയും വേണം. ഓൺലൈൻ വായ്പകൾ, അവ നൽകുന്ന ഏജൻസികൾ എന്നിവ സംബന്ധിച്ച് ആർബിഐക്കു പ്രത്യേകിച്ചു നിയമങ്ങളോ മാനദണ്ഡങ്ങളോ നിലവിലില്ല. ഈ പ്രശ്നം പരിഹരിക്കുകയാണുദ്ദേശ്യം.

∙ ഓൺലൈൻ വായ്പാ ഏജൻസികളുടെ ആധികാരികത, വിശ്വാസ്യത എന്നിവ എങ്ങനെ ഉറപ്പാക്കാൻ കഴിയും?

5 വർഷമായി ഈ മേഖലയിൽ പഠനം നടത്തുകയാണ്. ഇത്തരം ഏജൻസികൾ, ആപ് നിർമാതാക്കൾ എന്നിവ സംബന്ധിച്ചു വ്യക്തമായ വിവരമുണ്ട്. ഈ വിവരങ്ങൾ സമിതിക്ക് ഉപയോഗിക്കാം. തട്ടിപ്പുകാരെ നിരോധിക്കാൻ ആർബിഐക്ക് ഈ വിവരങ്ങൾ സഹായകരമാകും.

∙ ഇത്തരം ആപ്പുകൾക്കും ഏജൻസികൾക്കും ചൈന ബന്ധമുണ്ടെന്ന ആരോപണമുണ്ടല്ലോ?

ചൈന കമ്പനികൾ നിക്ഷേപം നടത്തി, ലാഭമുണ്ടാക്കാൻ ശ്രമിച്ചതാണ് ഇപ്പോൾ ഇത്രയും പ്രശ്നമാകാൻ കാരണം.

Business concept illustration of a hand holding money bag comes out from smart phone screen, online, e-business, e-commerce concept
പ്രതീകാത്മക ചിത്രം

ഓൺലൈൻ വായ്പ തുടങ്ങിയിട്ടു വർഷങ്ങളായി. പക്ഷേ, അടുത്തിടെയാണു തട്ടിപ്പുകളും പരാതികളും വർധിച്ചത്. എന്താണു കാരണം?

അംഗീകൃത ബാങ്കുകൾ കോവിഡ് കാലത്ത് വായ്പ നൽകുന്നതു കുറച്ചതോടെ, വായ്പകൾക്ക് ആവശ്യക്കാരേറി. ഇതു തിരിച്ചറിഞ്ഞ്, തട്ടിപ്പുകാർ കൂട്ടത്തോടെ രംഗത്തെത്തുകയായിരുന്നു.

∙ പൊതുജനങ്ങൾ തട്ടിപ്പു വായ്പാ ആപ്പുകളെ എങ്ങനെ തിരിച്ചറിയും?

ഇന്റർനെറ്റിൽ ഓൺലൈൻ വായ്പയ്ക്കായി തിരയുമ്പോൾ നല്ല ശ്രദ്ധ വേണം. മിക്ക അംഗീകൃത ബാങ്കുകളും ഇപ്പോൾ ഓൺലൈൻ വായ്പകൾ നൽകുന്നുണ്ട്. പരിചയമില്ലാത്ത ഏജൻസികളുടെ വ്യവസ്ഥകൾ അംഗീകരിക്കരുത്. വായ്പയുടെ വ്യവസ്ഥകളിൽ മിക്ക തട്ടിപ്പ് ഏജൻസികളും ചോദിക്കുക മൊബൈലിലോ കംപ്യൂട്ടറിലോ ഉള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനുള്ള അനുമതിയാണ്.

വായ്പ ലഭിക്കാനുള്ള ധൃതിയിൽ ഇതിനെല്ലാം നമ്മൾ ‘യെസ്’ നൽകും. ഡേറ്റ ശേഖരിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നവരുണ്ടാകാം. പരിചയമുള്ള, അംഗീകൃത ബാങ്കുകളിൽനിന്നു മാത്രം ഓൺലൈൻ വായ്പയെടുക്കുന്നതാണു ബുദ്ധി.

പ്രതീകാത്മക ചിത്രം. (Photo: ShutterStock)
പ്രതീകാത്മക ചിത്രം

∙ ഓൺലൈൻ തട്ടിപ്പുകളെ എങ്ങനെ വിലയിരുത്തുന്നു?

ഡിജിറ്റൽ ലോകത്ത്, ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയുക വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല, ജനങ്ങളുടെ സമീപനവും ചിന്തയും മാറിക്കൊണ്ടിരിക്കുന്നു. ചെറിയൊരുദാഹരണം പറയാം. വാട്സാപ്പിന്റെ പ്രൈവസി പോളിസി മാറുകയാണെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. ഈ സാഹചര്യം മുതലെടുത്ത്, വാട്സാപ് തുടർന്നും ലഭ്യമാകാൻ സ്വകാര്യ വിവരങ്ങൾ ഫോണിലോ സമൂഹമാധ്യമങ്ങളിലോ തട്ടിപ്പുകാർ ചോദിച്ചാൽ ജനങ്ങൾ അവ നൽകാൻ തയാറാകും.

ഇത്തരത്തിൽ, ജനങ്ങളുടെ ചിന്തകളെയും സമീപനത്തെയും മുൻകൂട്ടിക്കണ്ടാണു തട്ടിപ്പുകാർ ആസൂത്രണം നടത്തുന്നത്. പല ഏജൻസികളുടെയും കസ്റ്റമർ കെയർ നമ്പറുകൾ നമ്മൾ ഇന്റർനെറ്റിൽ തിരയാറുണ്ട്. ലഭിക്കുന്നതു യഥാർഥ നമ്പറാണോയെന്നു പരിശോധിക്കാനൊന്നും മിനക്കെടാതെ നമ്മൾ ഫോൺ ചെയ്യുകയും ചെയ്യും.

പ്രശസ്ത ബ്രാൻഡുകളുടെ കസ്റ്റമർ കെയർ നമ്പറെന്ന പേരിൽ തട്ടിപ്പുകാർ ആയിരിക്കും ഇത്തരം നമ്പറുകൾ ഇന്റർനെറ്റിലിട്ടിട്ടുണ്ടാവുക. നമ്മുടെ ഫോൺ നമ്പർ ലഭിച്ചാൽ, മറ്റു വിശദാംശങ്ങൾ ചോദിച്ചെടുത്ത് നമ്മളെ അവർ തട്ടിപ്പിനിരയാക്കുകയും ചെയ്യും.

∙ തട്ടിപ്പുകളെ നേരിടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ?

കസ്റ്റമർ കെയർ നമ്പറുകൾ, ഇ മെയിൽ വിലാസങ്ങൾ എന്നിവ ശ്രദ്ധാപൂർവം തിരയുക. യഥാർഥ ഏജൻസിയുടേതു തന്നെയെന്ന് ഉറപ്പു വരുത്തിയശേഷം മാത്രം ബന്ധപ്പെടുക. വ്യക്തിപരമായ വിവരങ്ങൾ, ക്രെഡിറ്റ്–ഡെബിറ്റ്–ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈമാറാതിരിക്കുക.

ഇന്റർനാഷനൽ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകളിൽനിന്നു തട്ടിപ്പു നടത്താൻ കാർഡ് നമ്പറും സിവിവിയും മതിയാകും. ഇവയ്ക്ക് ഒടിപി ഇല്ല. ഇന്റർനാഷനൽ കാർഡുകൾ കൈമാറുമ്പോഴും ഉപയോഗിക്കുമ്പോഴും നമ്പരുകൾ ചോർന്നു പോകാതിരിക്കാൻ മുൻകരുതലെടുക്കണം.

കുട്ടികൾ ഇൻസ്റ്റാൾ ചെയ്യുന്ന ഗെയിമുകളിൽ പലതും ചൈനീസ്, പാക്ക് നിർമിതങ്ങളാണ്. ഫോണിൽ ലഭിക്കുന്ന എസ്എംഎസ് റീഡ് ചെയ്യാൻ ഗെയിമിങ് ആപ്പുകൾക്ക് അനുമതി നൽകരുത്.

രാഹുൽ ശശി
ആലപ്പുഴ മാവേലിക്കര സ്വദേശി. ബെംഗളൂരുവിലെ സ്റ്റാർട്ടപ്പായ ക്ലൗഡെസ്കിന്റെ സ്ഥാപകൻ. 2020 ലെ മികച്ച സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായി ഡേറ്റ െസക്യൂരിറ്റി കൗൺസിലും ഇന്ത്യയിലെ വളർന്നു വരുന്ന 50 സ്റ്റാർട്ടപ്പുകളിലൊന്നായി നാസ്കോമും (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ്) ക്ലൗഡെസ്കിനെ തിരഞ്ഞെടുത്തിരുന്നു.

ബിടെക് കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കാതെ സ്റ്റാർട്ടപ്പിൽ ജോലി നേടി. സൈബർ സെക്യൂരിറ്റിയിൽ പഠനം തുടർന്നു. 22 രാജ്യങ്ങളിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രഭാഷണം നടത്തിയിട്ടുണ്ട്. ഭാര്യ എ.ആർ. അവേദ തമ്പാട്ടി.

Content Highlights: Online loan fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com