നേപ്പാളിലുമുണ്ടൊരു ശ്രീപദ്‌മനാഭൻ!! അനന്തശായി ക്ഷേത്രം കാഠ്‌മണ്ഡുവിൽ

budhanilkantha-temple-nepal
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ബുദ്ധ നീലകണ്ഠ ക്ഷേത്രത്തിലെ അനന്തശായിയായ വിഷ്ണുവിന്റെ വിഗ്രഹം
SHARE

വിശ്വാസവും ചരിത്രവും ആചാരപ്പൊലിമയും അവിശ്വസനീയമാം സമ്പന്നമായ നിധിശേഖരവുമുള്ള തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ അപൂർവതകളിലൊന്ന് അനന്തശായിയായ വിഷ്ണുവിന്റെ വിഗ്രഹം തന്നെ. പാലാഴിയിൽ ആയിരം ഫണമുള്ള അനന്തൻ ഒരുക്കിയ ശയ്യയിൽ വശം ചരിഞ്ഞ് യോഗനിദ്രാഭിമുഖനായി പള്ളികൊള്ളുന്ന ദേവൻ. ഹിമാലയത്തിന്റെ താഴ്‌വരകളിൽ നിന്ന് കൊണ്ടുവന്ന 12000 സാളഗ്രാമ ശിലകൾ കടുശർക്കരക്കൂട്ടിൽ ഒരുമിപ്പിച്ച് പതിനെട്ടടി നീളത്തിൽ നിർമിച്ചെടുത്ത വിഗ്രഹം.

അതേ ഹിമാലയത്തിന്റെ താഴ്‌വാരത്ത് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ബുദ്ധനീലകണ്ഠക്ഷേത്രത്തിലേതും അനന്തശായിയായ വിഷ്ണുവിന്റെ വിഗ്രഹം തന്നെയെന്നത് കൗതുകകരം.  ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേതിനു സമാനം പ്രതിഷ്ഠ. കാഠ്‌മണ്ഡു വിമാനത്താവളത്തിൽ അധികം അകലെയല്ലാതെ ശിവപുരി മലനിലകൾക്കു താഴെയാണ് ബുദ്ധനീലകണ്ഠക്ഷേത്രം. ക്ഷേത്രത്തിന്റെ പേരിലേ ബുദ്ധനുള്ളു. വിഷ്ണുക്ഷേത്രം തന്നെ.

സമുദ്രസങ്കൽപ്പത്തിൽ  കുളത്തിന് നടുവിലാണ് 16 അടി നീളമുള്ള നേപ്പാളിലെ വിഗ്രഹം. ശ്രീപദ്മനാഭസ്വാമിക്ഷേത്തിലേത് 12000 ചെറുശിലകളിൽ തീർത്ത വിഗ്രഹമാണെങ്കിൽ ബുദ്ധനീലകണ്ഠക്ഷേത്രത്തിലേത് ഒറ്റക്കല്ലിലാണ്. ശ്രീപദ്മനാഭൻ ശ്രീകോവിലിൽ വസിക്കുമ്പോൽ മേൽക്കൂരയില്ലാത്ത ചെറു തടാകത്തിലാണ് കാഠ്മണ്ഠുവിലെ പ്രതിഷ്ഠ.

ശ്രീകോവിലിന്റെ മൂന്ന് വാതിലുകളിലൂടെ മൂന്ന് ഭാഗങ്ങളായി മാത്രമാണ് ശ്രീപദ്മനാഭവിഗ്രഹ ദർശനം സാധ്യമാകുന്നതെങ്കിൽ കാഠ്മണ്ഠുവിൽ പൂർണ രൂപത്തിന്റെ ദർശനം സാധ്യം.കടുശർക്കരക്കൂട്ടിനു കേടുണ്ടാവാതിരിക്കാൻ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിൽ അഭിഷേകമില്ല. എന്നാൽ നീലകണ്ഠക്ഷേത്രത്തിൽ വിഗ്രഹം സ്ഥിതി ചെയ്യുന്നതു തന്നെ ജലത്തിലാണ്. വശം തിരിഞ്ഞുള്ള ശയനമാണ് ശ്രീപദ്മനാഭനെങ്കിൽ നേപ്പാളിലേത് ആകാശാഭിമുഖമായി മലർന്നു കിടക്കുന്ന രീതിയിലും. കരിങ്കൽ വിഗ്രഹം ജലത്തിൽ പൊന്തിക്കിടക്കുന്നു എന്നാണ് വിശ്വാസം. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയ്ക്കായി 1957ൽ നീക്കമുണ്ടായെങ്കിലും വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു.

വേണാട് രാജവംശവുമായുള്ള അഭേദ്യമായ ബന്ധമാണ് ശ്രീപദ്മനാഭക്ഷേത്രത്തെ അനന്യമാക്കുന്ന വസ്തുതകളിലൊന്ന്. രാജാവ്  രാജ്യം ദേവന്റെ കാൽക്കൽ തൃപ്പടിദാനമായി വച്ച ചരിത്രം. ക്ഷേത്രച്ചടങ്ങുകൾക്കെല്ലാം രാജവംശത്തിന്റെ സാന്നിധ്യം അനിവാര്യം. എന്നാൽ നീലകണ്ഠക്ഷേത്രത്തിൽ ഇതു നേരേ മറിച്ചാണെന്ന വൈചിത്ര്യമുണ്ട്.17–ാം നൂറ്റാണ്ടിൽ നേപ്പാൾ ഭരിച്ച പ്രതാപ മല്ല രാജാവ് കണ്ട സ്വപ്നം രാജസാന്നിധ്യം ഭഗവാൻ ഇഷ്ടപ്പെടുന്നില്ല എന്നാണത്രെ. സന്ദർശനം മരണകാരകമാകുമെന്ന ഭയത്താൽ അതിനുശേഷം രാജാക്കൻമാർ നീലകണ്ഠ ക്ഷേത്രം സന്ദർശിച്ചിട്ടുമില്ല.

Content Highlight: Budhanilkantha Temple in Nepal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA