വൈറസിന്റെ ജനിതക ശ്രേണീകരണത്തിന് കേരളം; വലിയ പദ്ധതിയുമായി ഐജിഐബി

coronavirus-mutation-covid-vaccine
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ ബ്രിട്ടനും ഒാസ്ട്രേലിയയ്ക്കും പിന്നാലെ കേരളവും. സംസ്ഥാനത്തുനിന്നു ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളുടെ  ജനിതകശ്രേണീകരണത്തിനുള്ള വലിയ പദ്ധതിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയിൽ (ഐജിഐബി) തുടങ്ങിയിരിക്കുന്നത്. 

എണ്ണത്തിൽ വലുത്

സാംപിളുകളുടെ എണ്ണംകൊണ്ടുതന്നെ ലോകത്തിലെതന്നെ വലിയ പദ്ധതികളിലൊന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഐജിഐബി ചെയ്യുന്നത്. ബ്രിട്ടനും ഒാസ്ട്രേലിയയുമാണ് ഇത്തരത്തിൽ വലിയ തോതിൽ  കൊറോണ വൈറസ് ശ്രേണീകരിക്കുന്നത്. 3 മാസംകൊണ്ട് കേരളത്തിൽനിന്നുള്ള 4200 വൈറസ് സാംപിളുകളാണ് ശ്രേണീകരിക്കുക. ഒാരോ ജില്ലയിലും ആഴ്ചയിൽ 25 സാംപിൾ ശേഖരിക്കും, മാസത്തിൽ 100 സാംപിൾ. പ്രതിമാസം സംസ്ഥാനത്തുനിന്ന് മൊത്തം 1400 സാംപിൾ. 3 മാസത്തിനുശേഷവും വൈറസ് വ്യാപനം ഇപ്പോഴത്തെ തോതിൽ തുടർന്നാൽ, ശ്രേണീകരണവും തുടരാം.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽനിന്നു ശേഖരിച്ച 700 സാംപിളുകളുടെ ശ്രേണീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് കഴിഞ്ഞ മാസം ശേഖരിച്ച സാംപിളുകളാണ്. അടുത്തയാഴ്ച, കഴിഞ്ഞ മാസം 15മുതൽ ഈ മാസം 15വരെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നായി ശേഖരിച്ച 700 സാംപിളുകൾ ശ്രേണീകരിക്കും. 15 ദിവസത്തിലൊരിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു നൽകും. ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന ഘടകമാണ് ജില്ലകളിൽ സാംപിൾ ശേഖരിക്കുന്നത്. ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും കോഴിക്കോട് സ്വദേശിയുമായ ഡോ. വിനോദ് സ്കറിയയാണ് പഠനത്തിനു നേതൃത്വം നൽകുന്നത്. 

എന്താണ് മെച്ചം?

വൈറസ് വന്ന വഴി, വൈറസിൽ വന്നിട്ടുള്ള ജനിതക മാറ്റങ്ങൾ, ഏതെങ്കിലും പ്രദേശത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടായോ തുടങ്ങിയവ മനസിലാക്കാം. അതനുസരിച്ച് പ്രതിരോധ നടപടികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ഉദാഹരണത്തിന്, യുകെയിൽ കണ്ട വൈറസ് വകഭേദം തീവ്ര വ്യാപനശേഷിയുള്ളതാണെന്ന് ശ്രേണീകരണത്തിലൂടെ അതിന്റെ ഘടന പഠിച്ചപ്പോൾ മനസിലായി. അതനുസരിച്ച് നടപടികളെടുക്കാൻ സർക്കാരുകൾക്കു സാധിച്ചു. 

1200-vinod-scaria
ഡോ. വിനോദ് സ്കറിയ

എന്നാൽ, ഇന്ത്യയിൽ ഈ വകദേഭദം യുകെയിൽനിന്ന് എത്തിയ യാത്രക്കാരിൽ 116 പേരിലാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ് ഒൗദ്യോഗിക കണക്ക്. ഇവരിൽനിന്ന് ഇന്ത്യയിൽ ആർക്കെങ്കിലും ഈ വകഭേദം പകർന്നുകിട്ടിയിട്ടുണ്ടോയെന്നു വ്യക്തമല്ല. അതിനുള്ള പഠനം നടന്നിട്ടില്ല. ഇന്ത്യയിലുള്ള കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂൺ എസ്കേപ്) ജനിതകശ്രേണീകരണത്തിലൂടെയാണ് വ്യക്തമായത്. ഒാഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ ആന്ധ്ര പ്രദേശിൽ കോവി‍ഡ് ബാധിതരിൽ 34% പേരിലും കണ്ടെത്തിയ ‘എൻ440’ വകഭേദമായിരുന്നു ഇതിൽ പ്രബലം. 

യുകെ വകഭേദമാണ് അടുത്തിടെ ഏറെ ആശങ്കയുയർത്തിയത്. എന്നാൽ, അതിന് തീവ്രവ്യാപനമെന്നതല്ലാതെ, ഇമ്യൂൺ എക്സേപ് ശേഷിയുള്ളതായി കണ്ടെത്തിയില്ല. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിൽ 3 ഇമ്യൂൺ എക്സ്കേപ് ഘടങ്ങൾ കണ്ടെത്തി. ബ്രസീലിലും ഇമ്യൂൺ എക്സേപ് വകഭേദങ്ങൾ ദൃശ്യമായി. 

വൈറസ് വന്ന വഴി

കോഴിക്കോട് മെഡിക്കൽ കോളജിൽ ശേഖരിച്ച 179 സാംപിളുകൾ കഴിഞ്ഞ ഒാഗസ്റ്റിൽ ശ്രേണീകരിച്ചിരുന്നു. വിദേശത്തുനിന്ന് എത്തിയവരിലൂടെയല്ല വൈറസ് വ്യാപനം സംഭവിച്ചതെന്നും മഹാരാഷ്ട്ര, ഒഡിഷ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളാണ് കേരളത്തിൽ വ്യാപകമായിട്ടുള്ളതെന്നും അതിലൂടെ വ്യക്തമായി. കേരളത്തിൽ പ്രബലമായി കണ്ട വൈറസ് ഗണമായ എ2എയിൽ േകരളത്തിൽതന്നെ സംഭവിച്ച  ജനിതകമാറ്റങ്ങൾ വൈറസ് വ്യാപന തോത് ഏറെ വർധിപ്പിക്കാൻ കെൽപുള്ളതാണെന്നും ഒരു സ്ഥലത്ത്  വലിയ തോതിലുണ്ടായ വ്യാപനവും പഠനത്തിലൂടെ മനസിലായി. 

കൊറോണ വൈറസുകളിലെ യൂറോപ്യൻ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടുനിന്നുള്ള സാംപിളുകളിൽനിന്നു വ്യക്തമായത്. എ2എ ഗണം വൈറസിനെ നിർവചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രൊട്ടീനിലാണ് (മാംസ്യം). സ്പൈക് പ്രൊട്ടീൻ, മനുഷ്യശരീരത്തിലെ പ്രൊട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ജനിതകഘടനയിൽ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതകമാറ്റങ്ങൾക്ക് ഗവേഷകർ പേരിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളിൽ 99.4 ശതമാനത്തിൽ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നു വിളിച്ചു. തീവ്രവ്യാപനശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത. തീവ്രവ്യാപനമെന്നല്ലാതെ, കൂടുതലായ മരണനിരക്കു പോലുള്ള പ്രശ്നങ്ങളില്ല. 

പദ്ധതി മുന്നോട്ട് 

നിലവിലെ സാങ്കേതിവിദ്യകൾവച്ച് ശ്രേണീകരണം ഏറെ സമയമെടുക്കുന്ന കാര്യമല്ല. 1500 സാംപിൾ ശ്രേണീകരിക്കാൻ 48 മണിക്കൂർ മതിയാവും. അതായത്, കേരളത്തിലെ 14 ജില്ലകളിൽനിന്നായി ഒരു മാസംകൊണ്ടു ശേഖരിക്കുന്ന 1400 സാംപിൾ 2 ദിവസംകൊണ്ട് ശ്രേണീകരിക്കാം. എന്നാൽ, 300 സാംപിളുകൾ വീതമാണ് ഇപ്പോഴത്തെ പദ്ധതിയിൽ ഒരു തവണ ശ്രേണീകരിക്കുന്നത്. ശ്രേണീകരണത്തിനുശേഷം അതിന്റെ ഫലം വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കുക. ഒരു സാംപിളിന്റെ ശ്രേണീകരണത്തിനു മാത്രം 2000 രൂപ ചെലവാകും. സാംപിൾ ശേഖരണം, യാത്രച്ചെലവ് തുടങ്ങിയവയും മറ്റും ചേർക്കുമ്പോൾ ഒരു സാംപിൾ ശ്രേണീകരണത്തിന് ഏകദേശം 3000 രൂപ മൊത്തം ചെലവ്. സംസ്ഥാനത്തെ പ്രതിരോധ നടപടികളെ കൂടുതൽ ഫലപ്രദമാക്കാൻ സഹായകമാകുന്നതാണ് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന പദ്ധതി. ഇതിനായി സംസ്ഥാന ആരോഗ്യ വകുപ്പ്  68 ലക്ഷം രൂപയാണ് ഇപ്പോൾ  വകയിരുത്തിയിട്ടുള്ളത്.

English Summary :IGIB starts genome mapping of corona virus samples from different districts of kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA