'സിപിഎം-ബിജെപി ഗൂഢതന്ത്രം; മതനിരപേക്ഷ മനസിന്റെ അടിവേരറുക്കുകയാണ് പിണറായി'

HIGHLIGHTS
  • സിപിഎമ്മും ബിജെപിയും തമ്മിൽ ഗൂഢധാരണ, ഇടനിലക്കാർ പിണറായിയും ഗഡ്കരിയും
nk-premachandran-4
എൻ.കെ.പ്രേമചന്ദ്രൻ (ഫയൽ ചിത്രം)
SHARE

കൊല്ലം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നു പാഠം ഉൾക്കൊണ്ടു കോൺഗ്രസ് ഇനിയെങ്കിലും വീഴ്ചകൾ തിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ മുന്നണിയുടെ സ്ഥിതി പരിതാപകരമാകുമെന്ന് ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എംപി. ഭരണവിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ള വോട്ടായി മാറ്റാൻ കഴിയാതിരുന്നതിനു പ്രധാന കാരണം യുഡിഎഫിന്റെ സംഘടനാ ദൗർബല്യം തന്നെയാണ്. മുഖ്യകക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഇത് ഉൾക്കൊള്ളണം. എൽഡിഎഫിനും ബിജെപിക്കുമെതിരെ പോരാടുന്ന ശക്തിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസിനും യുഡിഎഫിനും കഴിഞ്ഞില്ലെന്നും മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖ്യത്തിൽ പ്രേമചന്ദ്രൻ വ്യക്തമാക്കി.

ദേശീയതലത്തിൽ, കോൺഗ്രസിനു സംഘടനാ നേതൃത്വം ഇല്ലാത്തതു വലിയ ശൂന്യതയാണ്. മതനിരപേക്ഷ സമൂഹത്തിൽ ഇതു വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതു പരിഹരിക്കേണ്ട ചുമതല കോൺഗ്രസിനു തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഗൂഢമായ ധാരണ രൂപപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവും പ്രേമചന്ദ്രൻ ഉന്നയിച്ചു. 

1200-kerala-cm-pinarayi-vijayan
പിണറായി വിജയൻ (ഫയൽ ചിത്രം)

ഈ ധാരണയിൽ സിപിഎമ്മും ബിജെപിയും തുല്യ പങ്കാളികളാണ്. കേരളത്തിൽ പിണറായി വിജയൻ അതിനു നേതൃത്വം നൽകുമ്പോൾ ബിജെപി നേതൃത്വുമായി ഇടനില നിൽക്കുന്നത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെപ്പോലുള്ള നേതാക്കളാണ്. 

മുസ്‌ലിം വിരുദ്ധതയുടെ രാഷ്ട്രീയം വളർത്തി ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിക്കുക. ഇതിലൂടെ ബിജെപിയെ വളർത്തുക. ബിജെപി വളരുന്നേ എന്ന ഉമ്മാക്കി കാണിച്ചു ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ഏകീകരിപ്പിക്കുക. ഭൂരിപക്ഷ സമുദായങ്ങളിൽ എൽഡിഎഫിനു കിട്ടാത്ത, യുഡിഎഫിനു കിട്ടേണ്ട വോട്ടുകൾ ബിജെപിക്കു മാറ്റിക്കൊടുക്കുക- ഇതാണു സിപിഎം തന്ത്രം. ഇതിനായി സമുദായങ്ങൾ തമ്മിലും സമുദായങ്ങൾക്കുള്ളിലും സ്പർധ വളർത്തുകയാണു സിപിഎം. കേവലമായ അധികാരത്തിനു വേണ്ടി കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ അടിവേരറുക്കുകയാണു പിണറായി വിജയൻ എന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

nk-premachandran-5
എൻ.കെ.പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

ബിജെപിക്കുള്ള ഈ സഹായങ്ങൾക്കുള്ള പ്രത്യുപകാരമായി എസ്എൻസി ലാവ്‌ലിൻ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യാഖ്യാനിക്കാം. സ്വർണക്കള്ളക്കടത്തു കേസിൽ അന്വേഷണം പെട്ടെന്നു മന്ദഗതിയിലായില്ലേ... ? പ്രേമചന്ദ്രൻ ചോദിച്ചു. അഭിമുഖത്തിൽ നിന്ന്:

∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിന്റെ ക്ഷീണം മുന്നണി സംവിധാനത്തെയാകെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബാധിക്കില്ലേ...

തെറ്റു തിരുത്തി മുന്നോട്ടുപോകാനുള്ള മുന്നറിയിപ്പായി ഈ തിരിച്ചടിയെ കാണാൻ കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വിജയം നേടാൻ കഴിയും. വീഴ്ചകൾ തിരുത്തി മുന്നോട്ടുപോകാനുള്ള മുന്നറിയിപ്പാണെന്നു കോൺഗ്രസ്-യുഡിഎഫ് നേതൃത്വം ഉൾക്കൊള്ളാൻ തയാറാകണം. അല്ലാത്തപക്ഷം കാര്യങ്ങൾ പരിതാപകരമായാൽ അത്ഭുതപ്പെടേണ്ട. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വലിയ മേൽക്കൈ കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും ഉടനീളം തോന്നിയ പോലെ നിലപാടുകള്‍ കണ്ടേനെ. അവർ എത്രമാത്രം തിരുത്തുമെന്നു കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കു ശേഷം അറിയാം.

∙ സർക്കാരിനെതിെര അവതരിപ്പിക്കാൻ സ്വർണക്കള്ളക്കടത്തു മുതൽ ഒരുപാടു വിഷയങ്ങൾ ഉണ്ടായിട്ടും അതൊന്നും ജനങ്ങളിൽ വേണ്ടത്ര ഏശാതിരുന്നത് എന്തുകൊണ്ടാണ്?

ഏശിയില്ല എന്നു പറയാനാവില്ല. വോട്ടിന്റെ കണക്കു പരിശോധിച്ചാൽ, സർക്കാർ വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാൻ കഴിഞ്ഞില്ല എന്നു വ്യക്തം. കൊല്ലം ജില്ലയിൽ 2 നിയമസഭാ മണ്ഡലങ്ങൾ ഒഴിച്ചാൽ 9 ഇടത്തും 20,000 മേൽ വോട്ടു ബിജെപി നേടിയതു ചെറിയ കാര്യമാണോ. സർക്കാർ വിരുദ്ധ വോട്ടുകൾ യുഡിഎഫിനു കിട്ടേണ്ടതു ബിജെപി കൊണ്ടുപോയി. ഭരണവിരുദ്ധ വികാരം യുഡിഎഫിനുള്ള വോട്ടായി മാറ്റാൻ കഴിയാതിരുന്നതിനു പ്രധാന കാരണം യുഡിഎഫിന്റെ സംഘടനാ ദൗർബല്യം തന്നെ. എൽഡിഎഫിനും ബിജെപിക്കുമെതിരെ പോരാടുന്ന ശക്തിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസിനും യുഡിഎഫിനും കഴിഞ്ഞില്ല. 

nk-premachandran-3
എൻ.കെ.പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

മുകളിൽപ്പറയുന്നതല്ലാതെ, രാഷ്ട്രീയ കാര്യങ്ങൾ താഴേത്തട്ടിൽ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ല. സർക്കാരും എൽഡിഎഫും ആകട്ടെ, കോവിഡിന്റെ മറവിൽ സമൂഹ അടുക്കളയുടെയും ഭക്ഷ്യക്കിറ്റിന്റെയും പെൻഷന്റെയുമൊക്കെ പേരിൽ അവരുടെ കയ്യിലുള്ള തദ്ദേശ സ്ഥാപനങ്ങളെയും പാർട്ടി വൊളന്റിയർമാരെയും രംഗത്തിറക്കി തിരഞ്ഞെടുപ്പിലെ അജൻഡ ആ വഴിക്കു കൊണ്ടുപോയി. അത്  അവരുടെ സംഘടനാപരമായ നേട്ടമാണ്. യുഡിഎഫിനു സംഘടനാപരമായ വീഴ്ചയും. എന്നാൽ ഈ സ്ഥിതി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകാരണവശാലും പ്രതിഫലിക്കില്ല, നേരത്തെ പറഞ്ഞ പോലെ തെറ്റുതിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ.

∙ കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ ദൗർബല്യങ്ങൾ മുന്നണിയുടെ സാധ്യതകളെയാകെ ബാധിക്കുന്നില്ലേ?

ഒരു സംശയം വേണ്ട. ബാധിക്കുന്നുണ്ടല്ലോ. ഏതു മുന്നണിയായാലും അതിനു നേതൃത്വം നൽകുന്ന പ്രധാന കക്ഷി ശക്തിപ്പെട്ടാലേ ഘടകകക്ഷികൾക്കും നിലനിൽപുള്ളൂ. ചിലപ്പോൾ മുസ്‌ലിം ലീഗിന് ഒറ്റയ്ക്കു കുറച്ചു സീറ്റുകൾ കിട്ടിയേക്കും. എൽഡിഎഫിൽ സിപിഎമ്മില്ലാതെ സിപിഐയ്ക്ക് ഒറ്റയ്ക്കു ജയിക്കാനാവുമോ? യുഡിഎഫിൽ ആർഎസ്പിക്ക് ഒറ്റയ്ക്കു നിൽക്കാനാവുമോ? പ്രധാന കക്ഷിയെ ആശ്രയിച്ചേ ഘടകകക്ഷികൾക്കു നിൽക്കാനാവൂ. പ്രധാന കക്ഷി ദുർബലമായാലും അവർക്കു ചിലപ്പോൾ കുറച്ചു സീറ്റുകൾ കിട്ടിയെന്നു വരും. അവരെ ആശ്രയിച്ചു നിൽക്കുന്നവർ ഇല്ലാതായിപ്പോകും. തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ടത് അതാണ്. 

∙ മുന്നണിക്കു മുന്നിൽ നിർത്താൻ ഒരു നേതാവ് ഇല്ലാതെ എങ്ങനെയാണു യുഡിഎഫ് വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്? 

നേതാവ് ഉണ്ടല്ലോ. യുഡിഎഫിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ളവർ കൂട്ടായി തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകും. മുന്‍ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായി നേതൃത്വം നൽകണം. രണ്ടു പേരും അംഗീകാരമുള്ള നേതാക്കളാണ്. ആ അംഗീകാരം കാംപെയ്നിൽ ഉപയോഗിക്കാൻ കഴിയണം. 

∙ എൽഡിഎഫിലേതിൽ നിന്നു വ്യത്യസ്തമായി, യുഡിഎഫിൽ പ്രത്യേകിച്ചു മുസ്‍‌ലിം ലീഗ് പോലുള്ള കക്ഷികൾ അമിതമായി സ്വാധീനം ചെലുത്തുന്നതായി തോന്നിയിട്ടുണ്ടോ? 

ഒരിക്കലുമില്ല. കാരണം, മുന്നണി രാഷ്ട്രീയത്തിൽ നല്ല മര്യാദ കാട്ടുകയും മുന്നണിയുടെ പൊതുവായ വളർച്ചയ്ക്കു നിർണായകമായ സംഭാവന നൽകുകയും ചെയ്യുന്ന പാർട്ടിയാണു ലീഗ്. അങ്ങനെ തോന്നൽ ഉണ്ടാകാൻ കാരണം, കോൺഗ്രസ് ദുർബലമാകുമ്പോൾ അവർ ശക്തരാകുന്നതുകൊണ്ടാണ്. അമിതമായ അവകാശവാദം അവർ ഉന്നയിക്കാറുമില്ല. ഇപ്പോൾ കോൺഗ്രസും ലീഗും തമ്മിൽ ശക്തിയിൽ നേരിയ വ്യത്യാസമായി മാറുകയാണ്. സ്വാഭാവികമായും അവരുടെ വിലപേശൽ ശേഷി കൂടും. അതു ലീഗിന്റെ കുഴപ്പമല്ല. കോൺഗ്രസിനു എംഎൽഎമാർ കുറയുന്നു. സംഘടനാ പരമായ കെട്ടുറപ്പിന്റെ ഫലം ലീഗിനു കിട്ടുന്നുണ്ട്. ഈ പ്രതിസന്ധിയിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അവർക്ക് അവരുടെ സീറ്റുകൾ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞു. നഷ്ടപ്പെട്ട നഗരസഭകൾ പലതും തിരിച്ചുപിടിക്കുകയും ചെയ്തു. 

jose-k-mani-new
ജോസ് കെ. മാണി (ഫയൽ ചിത്രം)

∙ ജോസ് കെ. മാണി വിഭാഗത്തെ ഒപ്പം നിർത്താൻ കഴിയാതിരുന്നതു തന്ത്രപരമായ വീഴ്ചയല്ലേ...?

വീഴ്ചയാണെന്നു തോന്നുന്നില്ല. യുഡിഎഫ് വിടാൻ അവർ വളരെ നേരത്തെ തീരുമാനിച്ചതാണ്. ഇപ്പോൾ ന്യായം പറയുന്നുവെന്നേയുള്ളൂ. മാണി സർ ഉണ്ടായിരുന്ന കാലത്തു തന്നെ ഇവർ സീറ്റുകളെ സംബന്ധിച്ചുപോലും ധാരണയുണ്ടാക്കിയിരുന്നു. മാണി സാറിനു യു‍ഡിഎഫിനോടുള്ള ആത്മബന്ധമാണു ജോസിനെപ്പോലുള്ളവർക്കു വിഘാതമായത്. ജോസ് എങ്ങനെയായാലും മുന്നണി വിടുമായിരുന്നു. ജോസ് കെ.മാണി ചെന്നതു സിപിഎമ്മിനു സഹായമായി എന്നല്ലാതെ ജോസ് കെ. മാണി വിഭാഗത്തിനു ഒരു നേട്ടവും ഉണ്ടായില്ല. സിപിഎമ്മിന് അപ്രാപ്യമായ മേഖലകളിൽ കടന്നുകയറാൻ ജോസ് കെ. മാണിയുടെ വരവ് അവർക്കു തുണയായി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ ദയനീയമാണു ജോസ് കെ. മാണി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രകടനം. പാലാ നഗരസഭയിൽ 17 സീറ്റ് കേരള കോൺഗ്രസിനു ഉണ്ടായിരുന്നു. ഇപ്പോഴത് 10 ആയി കുറഞ്ഞു. 3 പഞ്ചായത്തുകൾ യുഡിഎഫിനു കിട്ടിയില്ലേ. ഇടുക്കിയിൽ ജോസ് കെ. മാണി വിഭാഗം നാമാവശേഷമായില്ലേ? കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫിനു കിട്ടിയതാണു ഏക മെച്ചം. ജോസിന്റെ രാഷ്ട്രീയ മാറ്റത്തെ സിപിഎം നന്നായി അവർക്കു വേണ്ടി ഉപയോഗപ്പെടുത്തി എന്നു മാത്രം.

∙ ദേശീയതലത്തിൽ കോൺഗ്രസിനെ നയിക്കാൻ ആളില്ല എന്ന ന്യൂനത മുഴച്ചു നിൽക്കുന്നുണ്ടല്ലോ. ബിജെപിക്കെതിരായ പ്രതിരോധത്തിൽ ഇതൊരു വലിയ കുറവല്ലേ?

കനത്ത ന്യൂനതയാണ്. മതനിരപേക്ഷ സമൂഹത്തിൽ വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാൻ തക്ക സംഘടനാ നേതൃത്വം കോൺഗ്രസിനില്ലാത്തതു ന്യൂനത മാത്രമല്ല, ശൂന്യത കൂടിയാണ്. സോണിയ ഗാന്ധി അധ്യക്ഷപദവി അലങ്കരിക്കുന്നുവെന്നതു ശരിയാണ്. ആരോഗ്യ പ്രശ്നങ്ങൾ നോക്കുമ്പോൾ അവർക്കു പരിമിതികളുണ്ട്. കോൺഗ്രസിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഉണ്ടാകേണ്ട കാലം കഴിഞ്ഞു. അല്ലെങ്കിൽ രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണം. രാഹുൽ ഗാന്ധി തന്നെ വേണമെന്നാണ് ആർഎസ്പിയുടെ അഭിപ്രായം. രാഹുലിന്റെ പ്രവർത്തനങ്ങളോട് ആർക്കും വിയോജിപ്പില്ല. പ്രവർത്തന രീതിയിൽ സ്ഥിരത വേണമെന്നേയുള്ളൂ. രാജ്യമാകെ ബിജെപിക്കെതിരായ പോരാട്ടത്തിനു നേതൃത്വം നൽകുന്നുവെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാകണം. അതാണു കാലഘട്ടം ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതൃത്വം ആ വഴിക്കു ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

nk-premachandran-2
എൻ.കെ.പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎസ്പി യുടെ ശക്തികേന്ദ്രം എന്നുപറയുന്ന കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കി. അതിനെ എങ്ങനെ നോക്കിക്കാണുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ പ്രകടനത്തെ എങ്ങനെ പ്രവചിക്കാനാവും? 

ബിജെപിയുടെ ഇവിടത്തെ വളർച്ച പഠിക്കേണ്ട വിഷയമാണ്. കൊല്ലം പോലുള്ള ജില്ലയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ അപരിചിതനായ സ്ഥാനാർഥിയെ നിർത്തിയിട്ടുപോലും ഒരു ലക്ഷത്തിനു മേൽ വോട്ട് അവർ പിടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും അത്  ആവർത്തിച്ചു. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ നേട്ടം അവർക്ക് ആവർത്തിക്കാൻ കഴിയില്ല. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് നിയമസഭാ തിരഞ്ഞെടുപ്പിൽ മാറി ചിന്തിക്കും.

ഭക്ഷ്യക്കിറ്റും പെൻഷനുമല്ല അവിടെ ചർച്ച ചെയ്യുക. പൊതുരാഷ്ട്രീയം, ഈ സർക്കാരിന്റെ അഴിമതി എല്ലാം ചർച്ച ചെയ്യും. അതുകൊണ്ടാണ്, ശാസ്ത്രീയമായ പഠനങ്ങൾക്കു ശേഷം പ്രായോഗികതയിലൂന്നി യുഡിഎഫ് പ്രകടന പത്രിക തയാറാക്കുന്നത്. ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ അതു സിപിഎമ്മിനു വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിനൊപ്പം സിപിഎം ഘടകകക്ഷിയായ അസമിൽ ഈ പദ്ധതിയുണ്ട്. കോൺഗ്രസിനൊപ്പം അവർ കൈകോർക്കുന്ന ബംഗാളിലും പദ്ധതി പ്രഖ്യാപിക്കാൻ പോകുന്നു. അതുകൊണ്ടു തന്നെ സിപിഎമ്മിന് അതിനെ എതിർക്കാനാവില്ല.

∙ ബിജെപിയുടെ ഈ വളർച്ചയിൽ സിപിഎമ്മിന്റെ പങ്കാണോ താങ്കൾ സംശയിക്കുന്നത്?

ബിജെപിയും സിപിഎമ്മും തമ്മിൽ കേരളത്തിൽ വലിയ ഗൂഢതന്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇരുവരും തുല്യപങ്കാളികളാണ്. മുസ്‌ലിം വിരുദ്ധതയുടെ രാഷ്ടീയം വളർത്തി ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിക്കുക, ഇതിലൂടെ ബിജെപിയെ വളർത്തുക. എന്നിട്ടു ബിജെപി വളരുന്നേ എന്ന ഉമ്മാക്കി കാണിച്ചു ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിനു അനൂകൂലമാക്കി ഏകീകരിക്കുക, അങ്ങനെ യുഡിഎഫിനെയും കോൺഗ്രസിനെയും അപ്രസക്തമാക്കുക- ഇതു സിപിഎമ്മും ബിജെപിയും ബോധപൂർവം കേരളരാഷ്ട്രീയത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്ന തന്ത്രമാണ്.

വർഗീയ ധ്രുവീകരണം നടത്തി തിരഞ്ഞെടുപ്പിൽ ജയിക്കുക എന്ന നീചമായ തന്ത്രത്തിനു നേതൃത്വം നൽകുന്നതു സിപിഎമ്മിൽ പിണറായി വിജയൻ തന്നെയാണ്. സിപിഎം–ബിജെപി നേതൃത്വം പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഓപ്പറേഷനാണിത്. ബിജെപിയിൽ ഇതിനു ഇടനില നില്‍ക്കുന്നത് നിതിൻ ഗഡ്കരിയെപ്പോലുള്ള നേതാക്കളാണ്.

ഇതു തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നതിനു തുല്യമാണ്. സംസ്ഥാനത്തു പച്ചയായ വർഗീയ ധ്രുവീകരണത്തിനു വഴിതെളിക്കുന്നതാണ് ഈ തന്ത്രം. കേരളത്തിൽ ന്യൂനപക്ഷ  ജനസംഖ്യ 46 ശതമാനമാണ്. ന്യൂനപക്ഷ ഏകീകരണം വന്നാൽ ഈ വോട്ടും സിപിഎമ്മിന്റെ പാർട്ടി വോട്ടുകളും കൊണ്ട് എല്ലാക്കാലത്തും അധികാരത്തിൽ തുടരാമെന്നാണു പിണറായി വിജയന്റെയും സിപിഎമ്മിന്റെയും കണക്കുകൂട്ടൽ. ത്രികോണ മത്സരമാണെങ്കിൽ 35 ശതമാനം വോട്ടു പിടിച്ചാൽ മതിയല്ലോ. മധ്യകേരളത്തിൽ നിർണായകമായ പത്തോളം സീറ്റുകളിൽ ആ തന്ത്രം വിജയിച്ചാൽ സ്ഥിതി മാറില്ലേ?

ന്യൂനപക്ഷ വോട്ടുകളിൽ ഏകീകരണമുണ്ടാക്കി തങ്ങൾക്ക് അനുകൂലമാക്കുന്നതിനൊപ്പം, ഭൂരിപക്ഷ സമുദായങ്ങളിൽ എൽഡിഎഫിനു കിട്ടാത്ത യുഡിഎഫ് അനുകൂല വോട്ടുകൾ ബിജെപിക്കു മാറ്റിക്കൊടുക്കുക. ഈ ഗൂഢതന്ത്രം കേരളം ഇനിയെങ്കിലും തിരിച്ചറിയണം. മത- സാമുദായിക നേതൃത്വങ്ങൾ ഇത്തരം ആശങ്ക മുന്നോട്ടുവയ്ക്കുന്നതിനൊപ്പം അതിന്റെ ആപത്‍സാധ്യതകൾ മുന്നിൽക്കാണുകയും ചെയ്യുന്നുണ്ട്.

സമുദായങ്ങൾ തമ്മിലും സമുദായങ്ങൾക്കുള്ളിലും സ്പർധ വളർത്തുകയാണു സിപിഎം. ക്രൈസ്തവ സമുദായത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ, മുസ്‌ലിം വിഭാഗത്തിൽ കാന്തപുരം- സമസ്ത വിഭാഗങ്ങൾ തമ്മിൽ, ഹിന്ദുക്കളിൽ മുന്നാക്ക-പിന്നാക്ക വിഭാഗങ്ങൾ തമ്മിൽ. 

nk-premachandran-1
എൻ.കെ.പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

ഹിന്ദുക്കളുടെ കാര്യത്തിൽ ശബരിമല വിഷയത്തിൽ കണ്ടത് ഇതാണ്. ശബരിമല വിധിയിൽ റിവ്യൂ ഹർജി നിലനിൽക്കെ, നിയമം നടപ്പാക്കാൻ പിണറായി ധൃതി പിടിച്ചത് എന്തിനാണ്? രാത്രി പൊലീസിനെയും പെണ്ണുങ്ങളെയും അങ്ങോട്ടേക്ക് അയച്ചത് എന്തിനാണ്? അതേ പിണറായി, 50 വർഷം കേസ് നടത്തി എല്ലാ അപ്പീലുകൾക്കും ശേഷം വിധി നടപ്പാക്കേണ്ട ഘട്ടത്തിൽ സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാത്തത്  എന്തിനാണ്? സുപ്രീംകോടതി വിധി അലംഘനീയമെന്നല്ലേ ശബരിമല വിധി വന്നപ്പോൾ പിണറായി പറഞ്ഞത്? ഈ ഇരട്ടത്താപ്പ് ശബരിമല വിശ്വാസികളോടുള്ള ഏറ്റവും വലിയ അവഹേളനമല്ലേ? വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും.

കോൺഗ്രസിനെയും യുഡിഎഫിനെയും അപ്രസക്തമാക്കുകയാണു സിപിഎം-ബിജെപി ലക്ഷ്യം. ഇങ്ങനെയൊരു തന്ത്രം താൽക്കാലികമായി സിപിഎമ്മിനു ഗുണം ചെയ്തേക്കാം. പക്ഷേ ആത്യന്തികമായി കേരളത്തിൽ ബിജെപി അധികാരം പിടിക്കും. ക്രൈസ്തവ ന്യനപക്ഷത്തെ ബിജെപിയോട് അടുപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണു സഭാ തർക്കത്തിൽ പ്രധാനമന്ത്രി വരെ ഇടപെടുന്നത്. മുഖ്യമന്ത്രി പിണറായി ചെയ്യുന്നതും അതു തന്നെയല്ലേ.

എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതിയിൽ അനന്തമായി നീട്ടിവയ്ക്കപ്പെടുന്നത് ഈ ധാരണയുടെ ഭാഗമാണെന്നു സംശയിച്ചുകൂടേ? സ്വർണക്കള്ളക്കടത്തു കേസിൽ അന്വേഷണം പെട്ടെന്നു മന്ദഗതിയിലായതു എന്തുകൊണ്ടാണ്? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ ഗൂഢധാരണ വിജയം കണ്ടതു കൊണ്ടാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ബിജെപിക്കു നല്ല നേട്ടമുണ്ടാക്കിക്കൊടുത്തതും നമ്മൾ കണ്ടതല്ലേ? ഭരണം പിടിക്കാൻ മതനിരപേക്ഷ കേരളത്തിന്റെ അടിവേര് സിപിഎം അറുക്കുമ്പോൾ, ഈ രാഷ്ട്രീയം തിരിച്ചറിയാനും ജനങ്ങളോടു പറയാനും കോൺഗ്രസ് നേതൃത്വം മുന്നോട്ടുവരണം.

∙ യുഡിഎഫിലെത്തിയ ശേഷം ആർഎസ്പി നേരിടുന്ന രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. പാർട്ടിയുടെ സീറ്റു സാധ്യത എങ്ങനെയാണ്? കൂടുതൽ സീറ്റുകൾ പാർട്ടി ആവശ്യപ്പെടുമോ ?

സീറ്റു വിഭജന ചർച്ചകൾ പൂർണമായും രഹസ്യമായിരിക്കണമെന്നാണു മുന്നണിയിലെ പൊതുധാരണ. ഭിന്നാഭിപ്രായങ്ങളും ആവശ്യങ്ങളും മുന്നണിക്കുള്ളിൽ പറയണം. പുറത്തു പറഞ്ഞു ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നാണു ധാരണ. മറിച്ചുണ്ടാകുന്നതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും.

∙ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുൽ വഹാബ്, ജോസ് കെ. മാണി തുടങ്ങിയവർ എംപി സ്ഥാനം രാജിവച്ചു മത്സരിക്കുന്നതിനോടു യോജിപ്പുണ്ടോ? താങ്കൾക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാവുന്നതല്ലേ...?

ഞാൻ ഒരിക്കലുമില്ല. ഇപ്പോൾ ജനങ്ങൾ ഏൽപിച്ചിരിക്കുന്ന ജോലി തൃപ്തികരമായും സന്തോഷത്തോടെയും ചെയ്യുന്നു. അതുമതി. എംപിയായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു വരുന്ന കീഴ്‌വഴക്കങ്ങൾ നിലവിലെ ജനാധിപത്യ വ്യവസ്ഥ അംഗീകരിക്കുന്നുണ്ട്. എങ്കിലും അക്കാര്യത്തിൽ അഭിപ്രായ രൂപീകരണം വേണ്ടതാണ്. നിലവിലുള്ള നിയമം അനുസരിച്ച് അവർക്ക് അതിനുള്ള അവകാശം ഉണ്ട്. ഇപ്പോൾ ആരെങ്കിലും ചെയ്തതു തെറ്റാണെന്നും പറയാനാവില്ല. മത്സരിക്കുകയാണെങ്കിൽ ആദ്യം ഉള്ള സ്ഥാനം രാജിവയ്ക്കുകയാണു വേണ്ടത്. ആ റിസ്ക് എങ്കിലും എടുക്കാൻ തയാറാകണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് എംഎൽഎ മാർ മത്സരിച്ചില്ലേ. രാജിവയ്ക്കാതെ മത്സരിക്കുന്നതു ശരിയായ കീഴ‌വഴക്കമല്ല.അക്കാര്യത്തിൽ പൊതുചർച്ച വേണ്ടതാണ്.

Content Highlights: NK Premachandran, Kerala Assembly Election, RSP, Congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA