Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൽവികളിൽനിന്ന് ഒരു കെർബർ വിജയഗാഥ

SPO-TEN-GSE-2016-US-OPEN---DAY-13

ന്യൂയോർക്ക് ∙ 23 കോടി രൂപയുടെ ചെക്കും വെള്ളിക്കപ്പും സ്വന്തമാക്കിയനിമിഷം ആഞ്ചലിക് കെർബറിനു സ്വന്തം കണ്ണുകളെ മാത്രം നിയന്ത്രിക്കാനായില്ല. ഹൃദയത്തിന്റെ അനിയന്ത്രിതമായ തുടിപ്പുകൾ കണ്ണുകളിലൂടെ ധാരയായി ഒഴുകി. യുഎസ് ഓപ്പൺ വനിതാ കിരീടം സ്വന്തമാക്കിയ ജർമൻ താരം ആഞ്ചലിക് കെർബർ ഇന്നു മുതൽ ലോക ഒന്നാം നമ്പർ താരമാണ്. ലോക വനിതാ ടെന്നിസിലെ പുതിയ താരോദയം. സ്റ്റെഫി ഗ്രാഫിനുശേഷം വനിതാ ടെന്നിസിലെ ജർമൻ മുന്നേറ്റം. ഇരുപത്തിയെട്ടാം വയസ്സിൽ ഇത്ര വൈകി ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന ബഹുമതിയും കെർബറിനു സ്വന്തം. കഠിനാധ്വാനത്തിനും കളിയോടുള്ള അർപ്പണ മനോഭാവത്തിനും ടെന്നിസ് നൽകിയ സമ്മാനമാണു കെർബറിന് ഈ ഇരട്ടനേട്ടങ്ങൾ.

സെറിന വില്യംസിന്റെ വിജയഭേരികൾക്കിടയിൽ ഞെരുങ്ങിപ്പോയ വനിതാ ടെന്നിസിൽ ഇനി കെർബറിന്റെ മഞ്ഞപ്പന്തുകൾ പാറിക്കളിക്കുമോയെന്നേ അറിയേണ്ടൂ. ഈ സീസണിന്റെ തുടക്കത്തിൽ ഓസ്ട്രേലിയൻ ഓപ്പണിൽ സെറിനയെ തോൽപിച്ചാണു കെർബർ ആദ്യ കിരീടം ചൂടുന്നത്. തൊട്ടുപിന്നാലെ വിമ്പിൾഡൻ ഫൈനലിൽ സെറിനയോടു തോറ്റു. റിയോ ഒളിംപിക്സിലും വെള്ളിയാണു നേടാൻ കഴിഞ്ഞത്.

കോർട്ടിൽ കൂടുതൽ ആക്രമണോൽസുകയാവുക, ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുക– ഈ രണ്ടു കാര്യങ്ങളിലൂന്നിയാണു കെർബർ കഴിഞ്ഞ രണ്ടു വർഷം പരിശീലനം നടത്തിയത്. നിർണായക സമയത്ത് പിഴവു വരുത്തുന്ന താരം എന്ന ദുഷ്പേരു കളയാൻ ഫിറ്റ്നസ് മന്ത്രം കൊണ്ട് കെർബറിനു കഴിഞ്ഞു. ഇക്കുറി ഫൈനലിൽ കെർബർ കീഴടക്കിയത് ആധുനിക ടെന്നിസിലെ ഏറ്റവും മികച്ച അറ്റാക്കിങ് ഗെയിം കളിക്കുന്ന കരോലിന പ്ലിസ്കോവെയായിരുന്നുവെന്നതു മാറ്റിയ തന്ത്രങ്ങളുടെ തെളിവാണ്. ഫിറ്റ്നസിൽ നേടിയ ഈ മികവ് പലരീതിയിലും കെർബറുടെ ആത്മവിശ്വാസം വർധിപ്പിച്ചു. രണ്ടു സെറ്റിനപ്പുറം കളി നീണ്ടാൽ ജയിക്കാൻ കഴിയില്ല എന്ന നിരാശാബോധം അതോടെ തൂത്തെറിയപ്പെട്ടു. അവിടെനിന്നാണ് ഇടംകയ്യിൽ കരുത്താവാഹിച്ചു കെർബറിന്റെ തിരിച്ചുവരവ്. ലോകടെന്നിസ് കെർബറിന്റെ കളിയെ വിലയിരുത്തുന്നതു മികച്ച പ്രതിരോധക്കളിയുടെ ഉടമ എന്ന നിലയിലാണ്.

യുഎസ് ഓപ്പണിൽ ഇക്കുറി സെറിനയുമായൊരു പോരാട്ടത്തിന് അവസരം ലഭിച്ചില്ലെങ്കിലും സെറിനയെ വീഴ്ത്തിയ കരോലിനെ തോൽപിച്ച് കെർബറിനു കിരീടം സ്വന്തമാക്കാനായി. മൂന്നാം വയസ്സിലാണ് കെർബർ റാക്കറ്റേന്തുന്നത്. ജൂനിയർ തലത്തിൽ ആദ്യ കിരീടം ചൂടാൻ പതിനഞ്ചു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. പ്രഫഷനൽ ടെന്നിസിൽ പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു. പതിനഞ്ചാം വയസ്സുമുതൽ കളിക്കുന്ന പ്രഫഷനൽ ടെന്നിസിലെ ആദ്യ കിരീടം നേടിയത് ഇരുപത്തേഴാം വയസ്സിൽ. കഴിഞ്ഞ വർഷം പത്താം സീഡായിരുന്ന കെർബർ, ഈ വർഷം ലോക ഒന്നാം നമ്പറിലേക്കുള്ള യാത്ര കൂടുതൽ അനായാസമാക്കി. 

Your Rating: