Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശാങ്ക് മനോഹർ ഐസിസിയുടെ പടിയിറങ്ങുന്നു

Shashank Manohar

ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ചെയർമാൻസ്ഥാനം ശശാങ്ക് മനോഹർ രാജിവച്ചു. അപ്രതീക്ഷിത നീക്കത്തിൽ, ഐസിസിയുടെ സിഇഒ: ഡേവ് റിച്ചാർഡ്സണ് രാജിക്കത്ത് ഇ–മെയിൽ വഴി അയയ്ക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾമൂലം സ്ഥാനമൊഴിയുകയാണെന്നാണു ശശാങ്ക് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഐസിസിയുടെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര ചെയർമാൻ എന്ന പദവിയിലേക്കു കഴിഞ്ഞ വർഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശശാങ്ക്, ഭരണകാലയളവിൽ ഒരു വർഷവും നാലു മാസവും ബാക്കിനിൽക്കെയാണു പടിയിറങ്ങുന്നത്. ‘‘നിഷ്പക്ഷമായാണ് ഇത്രയും നാൾ പ്രവർത്തിച്ചത്. ഏൽപിച്ച ദൗത്യം ഐസിസി ഡയറക്ടർമാരുടെ സഹകരണത്തോടെ, നീതിപൂർവം നടത്തി. വ്യക്തിപരമായ കാരണങ്ങൾമൂലം പദവിയിൽ തുടർന്നു പ്രവർത്തിക്കാനാവില്ല. അതിനാൽ, രാജിവയ്ക്കുന്നു.’’ – ശശാങ്ക് വ്യക്തമാക്കി.

അധികാരമേറ്റ് എട്ടാം മാസമുള്ള ശശാങ്കിന്റെ പടിയിറക്കം, ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിസിഐ) അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണെന്ന സൂചനകൾ ശക്തമാണ്. ഐസിസി വരുമാനത്തിന്റെ മുഖ്യപങ്ക് ബിസിസിഐക്കു ലഭിക്കുന്നതിനെതിരെ ശശാങ്ക് നീക്കം നടത്തിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം ഐസിസി പാസാക്കാനിരിക്കെ, അതിനെതിരെ ബിസിസിഐ നടത്തിയ അണിയറ നീക്കങ്ങളാണു രാജിയിലേക്കു നയിച്ചത്. ബംഗ്ലദേശ്, ശ്രീലങ്ക, സിംബാബ്‌വെ എന്നിവിടങ്ങളിലെ ബോർഡുകളെ സ്വന്തം പക്ഷത്തു നിർത്തി പ്രമേയത്തെ എതിർക്കാൻ ബിസിസിഐ കരുനീക്കം നടത്തിയിരുന്നു. പ്രമേയം പരാജയപ്പെട്ടാൽ ഉണ്ടാകാവുന്ന മാനക്കേടു ഭയന്നാവാം രാജിയെന്ന് ഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു.

ബിസിസിഐ പ്രസിഡന്റ് പദവിയിൽനിന്നാണു ശശാങ്ക് ഐസിസിയുടെ തലപ്പത്തെത്തിയത്. ബിസിസിഐ പ്രസിഡന്റ് പദവിയും ഐസിസി ചെയർമാൻ സ്ഥാനവും ഒരേസമയം വഹിച്ചിരുന്ന ശശാങ്ക് കഴിഞ്ഞ വർഷം ബിസിസിഐ പദവിയൊഴിഞ്ഞു. ഐസിസി ചെയർമാൻ, ഏതെങ്കിലും രാജ്യത്തെ ക്രിക്കറ്റ് ബോർഡ് പ്രതിനിധിയായിരിക്കരുതെന്നും സ്വതന്ത്രനായി മൽസരിക്കണമെന്നുമുള്ള നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. രാജ്യാന്തര സമിതിയുടെ മേധാവിയായതോടെ, ശശാങ്ക് തങ്ങളെ മറന്നുവെന്ന പരിഭവം ബിസിസിഐ ഭാരവാഹികൾക്കിടയിൽ അടുത്തകാലത്തു ശക്തമായിരുന്നു.

സ്ഥാനമൊഴിയാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണെന്നു ബിസിസിഐ പ്രതികരിച്ചു. ‘‘കുറച്ചു മാത്രം സംസാരിക്കുകയും പ്രവർത്തന മികവിൽ വിശ്വസിക്കുകയും ചെയ്യുന്ന ശശാങ്കിന്റെ നേതൃത്വത്തിലുള്ള ഐസിസിയുമായി ബിസിസിഐ ഇടക്കാല ഭരണസമിതി ദീർഘകാല ബന്ധത്തിന് ഒരുങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാവി ദൗത്യങ്ങൾക്ക് ആശംസകൾ നേരുന്നു.’’ – ഇന്നലെ വൈകിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബിസിസിഐ വ്യക്തമാക്കി.