Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വാഹ്' റിങ്ക !

TEN-US OPEN-DJOKOVIC-WAWRINKA യുഎസ് ഓപ്പൺ കിരീടവുമായി സ്റ്റാൻ വാവ്‌റിങ്ക

ന്യൂയോർക്ക് ∙ നാലു പതിറ്റാണ്ടിനിടെ യുഎസ് ഓപ്പൺ ഗ്രാൻസ്‌‌ലാം ടെന്നിസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം 31 വയസുകാരൻ സ്റ്റാൻ വാവ്‌റിങ്കയ്ക്ക്. മൂന്നാം സീഡ് ആയിരുന്ന വാവ്‌റിങ്ക ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ 6–7, 6–4, 7–5, 6–3ന് തോൽപിച്ചു. സ്വിറ്റ്സർലൻഡുകാരനായ വാവ്‌റിങ്കയുടെ മൂന്നാം ഗ്രാൻസ്‌ലാം കിരീടമാണ്. നാലാം സെറ്റിൽ ജോക്കോവിച്ചിനു രണ്ടു തവണ മെഡിക്കൽ ടൈംഔട്ട് വിളിക്കേണ്ടി വന്ന പോരാട്ടം നാലു മണിക്കൂറിലാണ് അവസാനിച്ചത്.

1970ൽ കെൻ റോസ്‌വാൾ 35–ാം വയസ്സിൽ യുഎസ് ഓപ്പൺ നേടിയ ശേഷം ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വാവ്‌റിങ്ക. 30 വയസ്സിലെത്തിയതിനു പിന്നാലെ പീറ്റ് സാംപ്രസ് 2002ൽ കിരീടം നേടിയിരുന്നു. 2014 ഓസ്ട്രേലിയൻ ഓപ്പണും 2015 ഫ്രഞ്ച് ഓപ്പണും നേടിയതിനു പിന്നാലെ മൂന്നാം തവണയാണ് വാവ്‌റിങ്ക ഗ്രാൻസ്‌ലാമിൽ കരുത്തു തെളിയിക്കുന്നത്. ആദ്യ രണ്ടു കിരീടങ്ങളിലും വാവ്‌റിങ്കയുടെ മുന്നിൽ ജോക്കോവിച്ച് പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടറിൽ, ഫ്രഞ്ച് ഓപ്പണിൽ ഫൈനലിലും.

‘‘നൊവാക്, നിങ്ങളൊരു ചാംപ്യൻ താരമാണ്. കൂടാതെ ഉജ്വലനായ വ്യക്തിയുമാണ്. താങ്കൾ കാരണമാണ് ഈ ഉയരങ്ങളിൽ എത്താൻ എനിക്കായത്. ചെയ്തതിനെല്ലാം ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.’’– മൽസരശേഷം വാവ്‌റിങ്ക പറഞ്ഞു. ‘‘ ആവേശകരമാണ് ഈ നേട്ടം. കിരീടമെന്ന ലക്ഷ്യമില്ലാതെയാണ് ഞാൻ ഇവിടെ എത്തിയത്. ജയിക്കാൻ ശ്രമിക്കണമെന്നേ പരിപാടിയുണ്ടായിരുന്നുള്ളൂ. കൂടാതെ ഓരോ മൽസരത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും.’’

2011, 2015 വർഷങ്ങളിൽ ഇവിടെ ജേതാവായിരുന്ന ജോക്കോവിച്ച് മൂന്നാമത്തെയും ഗ്രാൻസ്‌ലാം കിരീടങ്ങളിൽ പതിമൂന്നാമത്തേതുമാണ് ലക്ഷ്യമിട്ടത്. എന്നാൽ നാലാം തവണ ന്യൂയോർക്കിൽ റണ്ണർ അപ് ആകാനായിരുന്നു സെർബിയൻ താരത്തിന്റെ വിധി. 17 ബ്രേക്ക് പോയിന്റുകൾ ലഭിച്ചതിൽ മൂന്നെണ്ണത്തിൽ മാത്രം ലക്ഷ്യം കണ്ടതിനു കൊടുക്കേണ്ടി വന്ന വിലയാണ് ഈ തോൽവി. മൂന്നാം റൗണ്ടിൽ മാച്ച് പോയിന്റിൽ നിന്നു രക്ഷപ്പെട്ടു മുന്നേറേണ്ടി വന്ന വാവ്‌റിങ്ക 51 സ്വയംപിഴവുകൾ വരുത്തിയെങ്കിലും 46 വിന്നറുകളിലൂടെ അതിനു പ്രായശ്ചിത്തം ചെയ്തു.

US Open Tennis

‘‘സ്റ്റാൻ, ഈ കിരീടം താങ്കൾക്ക് അർഹതപ്പെട്ടതാണ്. നിർണായക നിമിഷങ്ങളിൽ ചങ്കുറപ്പു കാണിച്ച താങ്കൾക്കുള്ളതാണ് ഈ കിരീടം.’’– ജോക്കോവിച്ച് പറഞ്ഞു. ‘‘ കടുകട്ടി മൽസരമായിരുന്നു. മാനസികമായി കരുത്തുകാട്ടിയ വാവ്‌റിങ്കയ്ക്ക് കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞു.’’

വേൾഡ് ട്രേഡ് സെന്റർ ആക്രമണം അനുസ്മരിച്ചുകൊണ്ടു തുടങ്ങിയ മൽസരത്തിന്റെ ആദ്യ നിമിഷങ്ങൾക്കു മേൽ ദുരന്തത്തിന്റെ ഓർമകൾ നിശബ്ദത വീഴ്ത്തിയെങ്കിലും ഗാലറിക്കു പെട്ടെന്നു തന്നെ ചൂടുപിടിച്ചു. തന്റെ 21–ാം ഗ്രാൻസ്‌ലാം ഫൈനലും യുഎസ് ഓപ്പണിൽ ഏഴാമത്തെ ഫൈനലും കളിക്കുന്ന ജോക്കോവിച്ച് തന്നെയാണ് ആദ്യം കുതിപ്പു തുടങ്ങിയത്. മൽസരത്തിലെ ആദ്യ ഗെയിം നേടിയ ജോക്കോവിച്ച് രണ്ടാം ഗെയിം ബ്രേക്ക് ചെയ്ത് 2–0 ലീഡിലേക്ക് അതിവേഗം കുതിച്ചു. 2–5ന് പിന്നിൽപ്പോയ വാവ്‌റിങ്ക രണ്ടു തവണ സെറ്റ് പോയിന്റ് രക്ഷപ്പെടുത്തി. ടൈബ്രേക്കറിലെത്തിയ മൽസരത്തിൽ ജോക്കോവിച്ച് മികവു കാട്ടി.

ആദ്യ സെറ്റ് നഷ്ടമായ ശേഷം ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ജോക്കോവിച്ചിനെതിരെ വിജയം കണ്ടതിന്റെ ഓർമകൾ വാവ്‌റിങ്കയ്ക്ക് ഈ ഘട്ടത്തിൽ കരുത്തായി എത്തിയിട്ടുണ്ടാവണം. രണ്ടാം സെറ്റിൽ 3–1 ലീഡിലേക്കു വാവ്‌റിങ്ക കുതിച്ചു. സെറ്റ് പോയിന്റിൽ ഫോർഹാൻഡ് ഷോട്ട് പിഴച്ച ജോക്കോവിച്ച് റാക്കറ്റ് അടിച്ചുപൊട്ടിച്ചു. ചാംപ്യൻ താരം മാനസികമായി തളർന്നു തുടങ്ങി.