Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം, ഫുട്ബോൾ പൂരം

FBL-WC-2018-BRAZIL-TRAINING നെയ്മർ ഇന്നലെ പരിശീലനത്തിനിടെ

വെടിക്കെട്ടു പോലെ നാലു മൽസരങ്ങൾ! കോപ്പ അമേരിക്കയും യൂറോകപ്പും ഒന്നിച്ചു കണ്ടതിന്റെ ആരവം മായും മുൻപേ അതു പോലൊരു ദിനം വീണ്ടുമിതാ. 2018 റഷ്യൻ ലോകപ്പിനുള്ള യോഗ്യതാറൗണ്ടിൽ‌ തെക്കേ അമേരിക്കൻ ഗ്രൂപ്പിൽ അർജന്റീനയും ബ്രസീലും യൂറോപ്പിൽ ഫ്രാൻസും പോർച്ചുഗലും തങ്ങളുടെ മൽസരങ്ങൾക്കിറങ്ങുന്നു. അർജന്റീനയ്ക്ക് വെനസ്വേലയാണ് എതിരാളികൾ.

ബ്രസീൽ സമീപകാലത്ത് തങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന കൊളംബിയയെ നേരിടുന്നു. സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിൽ കയ്യകലെ കിരീടം കൈവിട്ടു പോയ ഫ്രാൻസിന് ബെലാറസാണ് എതിരാളികൾ. യൂറോ ചാംപ്യൻമാരായ പോർച്ചുഗൽ നേരിടുന്നത് സ്വിറ്റ്സർലൻഡിനെ. പോർച്ചുഗൽ നിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നില്ല. ഫ്രാൻസിന്റെയും പോർച്ചുഗലിന്റെയും മൽസരങ്ങൾ ഇന്ന് അർധരാത്രിയാണ്. ബ്രസീലും അർജന്റീനയും നാളെ പുലർച്ചെ ഇറങ്ങും.

തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ട്

∙ വെനസ്വേല–അർജന്റീന (നാളെ പുലർ‍ച്ചെ 4.30, സോണി ഇഎസ്പിഎൻ)

മെസ്സിയുടെ ഗോളിൽ യുറഗ്വായെ 1–0നു തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന. സങ്കടവും മെസ്സിയെച്ചൊല്ലി തന്നെ. നാഭിക്കു പരുക്കേറ്റ ക്യാപ്റ്റൻ കളിക്കുന്നില്ല എന്നത്. ജയത്തോടെ പ്രബലരുടെ ഗ്രൂപ്പിൽ ഒന്നാമതാണ് അർജന്റീന. വെനസ്വേലയ്ക്ക് ഏഴു കളികളിൽ ഉള്ളത് ഒറ്റ പോയിന്റ് മാത്രം. യോഗ്യത സാധ്യത നിലനിർത്തണമെങ്കിൽ അൽഭുതങ്ങളെന്തെങ്കിലും ചെയ്തേ തീരൂ.

∙ ബ്രസീൽ–കൊളംബിയ (നാളെ രാവിലെ 6.15, സോണി സിക്സ്)

ഒളിംപിക് ജയത്തോടെ ഉയിർത്തെഴുന്നേറ്റ ബ്രസീൽ ഇക്വഡോറിനെതിരെ 3–0 ജയത്തോടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. നെയ്മർ മാത്രം എന്നതിൽ നിന്ന് ഒരു സംഘം യുവതാരങ്ങളിലേക്കു ബ്രസീലിന്റെ കളിശൈലി മാറിക്കഴി‍ഞ്ഞു. ഗ്രൂപ്പിൽ അ‍ഞ്ചാം സ്ഥാനത്താണ് ബ്രസീൽ. കൊളംബിയ ഒരു പോയിന്റും രണ്ടു സ്ഥാനങ്ങളും മുന്നിൽ.

യൂറോപ്യൻ യോഗ്യതാ റൗണ്ട്

ബെലാറസ്–ഫ്രാൻസ് (ഇന്നു രാത്രി 12.15, സോണി ഇഎസ്പിഎൻ)

സ്വന്തം നാട്ടിൽ നടന്ന യൂറോകപ്പിൽ കിരീടം കൈവിട്ടതിന്റെ സങ്കടം ഫ്രാൻസിന് ഇതുവരെ മാറിയിട്ടില്ല. ആറു ഗോളുകളടിച്ച് യൂറോയിലെ ടോപ് സ്കോററായ അന്റോയ്ൻ ഗ്രീസ്മൻ തന്നെയാണ് ഇവിടെയും ശ്രദ്ധാകേന്ദ്രം. ഗ്രൂപ്പിൽ ഹോളണ്ട് കൂടി ഉള്ളതിനാൽ ഒന്നാമതെത്തണമെങ്കിൽ ഫ്രാൻസിന് ഈ കളി കൈവിട്ടു കൂടാ.

സ്വിറ്റ്സർലൻഡ്–പോർച്ചുഗൽ (ഇന്നു രാത്രി 12.15, സോണി സിക്സ്)

യൂറോകപ്പിൽ ടീമിനു പ്രചോദനമായ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല എന്നതാണ് പോർച്ചുഗലിനെ അലട്ടുന്നത്. കാൽമുട്ടിനേറ്റ പരുക്കാണ് ക്രിസ്റ്റ്യാനോയെ കളത്തിനു പുറത്തിരുത്തിയത്. സ്വിറ്റ്സർലൻഡും മികച്ച ടീമായതിനാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം ഈ രണ്ടു ടീമുകളും തമ്മിലാകും.

Your Rating: