Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദാലിനെ പിടിച്ച് പൗളിപ്പുലി

TOPSHOT-TEN-US-OPEN-POUILLE-NADAL യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ വീഴ്ത്തിയ ലൂക്കാസ് പൗളിന്റെ ആഹ്ലാദപ്രകടനം

ന്യൂയോർക്ക്∙ യുഎസ് ഓപ്പണിലും ക്വാർട്ടർ ഫൈനൽ കാണാതെ റാഫേൽ നദാൽ വീണു. ഫ്രാൻസിൽ നിന്നുള്ള ലൂക്കാസ് പൗളിനു മുന്നിലായിരുന്നു പ്രീക്വാർട്ടറിലെ വീഴ്ച (6-1, 2-6, 6-4, 3-6, 7-6). ഈ സീസണിൽ ഒരു ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിലും നദാലിനെ കണ്ടിട്ടില്ല. 2004ൽ കൊച്ചു പയ്യനായി രംഗത്തു വന്നശേഷം ആദ്യമായാണ് ഇങ്ങനെയൊരു സീസൺ. 14 ഗ്രാൻസ്ലാം കിരീടങ്ങൾ ഇതിനിടെ നേടിക്കഴിഞ്ഞ നദാൽ ഫ്രഞ്ച് ഓപ്പണിൽ കാൽമുട്ടിലെ പരുക്കുമൂലം മൂന്നാം റൗണ്ടിൽ പിൻമാറി. അതേ പരുക്കുമൂലം വിമ്പിൾഡനിൽ കളിക്കാനുമായില്ല.

അഞ്ചു സെറ്റ് പോരാട്ടം നാലു മണിക്കൂറും ഏഴു മിനിറ്റും നീണ്ടു. ലോക റാങ്കിങ്ങിലെ 25–ാം സ്ഥാനക്കാരനായ പൗളിൻ കനത്ത ആക്രമണത്തോടെയാണു നദാലിനെ വരിഞ്ഞു മുറുക്കിക്കളഞ്ഞത്. ഡീപ് ഗ്രൗണ്ട് ഷോട്ടുകളും ആംഗിൾ ഷോട്ടുകളും നദാലിനെ വിഷമിപ്പിച്ചെങ്കിലും പൊരുതിയും തിരിച്ചടിച്ചും തന്നെയാണു നദാൽ കീഴടങ്ങിയത്. അവസാന സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടുകയും ചെയ്തു. ‌ ‘തൊട്ടു തൊട്ടില്ലെന്ന മട്ടിലായിരുന്നു മൽസരം. എന്തും സംഭവിക്കാവുന്ന നില. പക്ഷേ, എനിക്ക് എന്തോ കൈമോശം വന്നു.’– നദാൽ പറഞ്ഞു.

ക്വാർട്ടറിലെത്തിയ മൂന്നാം ഫ്രഞ്ച് താരമാണ് പൗളിൻ. ജോ വിൽഫ്രഡ് സോങ്ക, ഗായെൽ മോൺഫിൽസ് എന്നീ ഫ്രഞ്ച് താരങ്ങളും അവസാന എട്ടിൽ എത്തി. ക്വാർട്ടറിൽ പൗളിന്റെ എതിരാളി മോൺഫിൽസ് ആണ്. പത്താം സീഡ് മോൺ ഫിൽസ് കീഴടക്കിയത് സൈപ്രസിന്റെ മാർക്കോസ് ബാഗ്ദാത്തിസിനെയാണ് (6–3, 6–2, 6–3). ക്വാർട്ടറിലെത്തിക്കഴിഞ്ഞ ഫ്രഞ്ചുകാരനല്ലാത്ത കളിക്കാരൻ ഒന്നാം സീഡ് നോവാക് ജോക്കോവിച്ച് ആണ്. പ്രീ ക്വാർട്ടറിൽ ബ്രിട്ടന്റെ കൈൽ എഡ്മണ്ടിനെ നേരിട്ടുള്ള സെറ്റിൽ കീഴടക്കി(6–2, 6–1, 6–4).

ഒൻപതാം സീ‍ഡ് ജോ വിൽഫ്രഡ് സോങ്ക പ്രീ ക്വാർട്ടറിൽ 26–ാം സീഡ് ജോക്ക് സോക്കിനെ മറികടന്നു (6–3, 6–3, 6–7, 6–2).
വനിതകളിൽ രണ്ടാം സീഡ് ഏഞ്ചലിക് കെർബർ (ജർമനി), കരോളിന വോസ്നിയാക്കി (ഡെൻമാർക്ക്), അനസ്താസിയ സെവാസ്തോവ (ലാത്‍‌വിയ), ഏഴാം സീഡ് റോബർട്ട വിൻസി (ഇറ്റലി) എന്നിവർ ക്വാർട്ടറിലെത്തി. കെർബർ 6–3, 7–5നു 14–ാം സീഡ് പെട്ര ക്വിറ്റോവയേയും (ചെക്ക്) വോസ്നിയാക്കി 6–3, 6–4ന് അമേരിക്കൻ താരം മാഡിസൺ കെയ്സിനേയും അനസ്താസിയ സെവറ്റോവ 6–4, 7–5നു 13–ാം സീഡ് ജൊഹാന കോൺടയേയും (ബ്രിട്ടൻ), റോബർട്ട വിൻസി 7–6, 6–2നു ലെസിയ സുരേക്കോയേയും (യുക്രെയ്ൻ) പ്രീ ക്വാർട്ടറിൽ തോൽപിച്ചു.

Your Rating: