Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാട്രിക് തിളക്കത്തിൽ റോണോ ഇന്നു നാട്ടിലെ അങ്കത്തിന്

SOCCER-CHAMPIONS-MAD-WAR/

ലിസ്ബൺ ∙ ലോകം വെട്ടിപ്പിടിച്ച താരം നാട്ടിൽ തിരിച്ചെത്തുന്നു. ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സ്പോർട്ടിങ്ങിനെ നേരിടാൻ റയൽ മഡ്രിഡ് ഇന്നു ലിസ്ബണിലെത്തുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അതു വീട്ടിലേക്കുള്ള മടങ്ങിവരവാണ്. 2002ൽ സ്പോർട്ടിങ്ങിലൂടെയാണു റൊണാൾഡോ തന്റെ ഇതിഹാസ സമാനമായ ഫുട്ബോൾ കരിയർ തുടങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും റയൽ മഡ്രിഡിലും പയറ്റിത്തെളിഞ്ഞു 14 വർഷങ്ങൾക്കുശേഷം മടങ്ങിയെത്തുമ്പോൾ ക്ലബ് ഫുട്ബോളിൽ റൊണാൾഡോ നേടാത്ത കിരീടങ്ങളില്ല. ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, ബലോൻ ദ് ഓർ...പോർചുഗലിനെ യൂറോകപ്പ് കിരീടത്തിലേക്കു നയിച്ച അമരക്കാരനുമായി.

ആത്മവിശ്വാസത്തിന്റെ പടക്കപ്പലിലേറിയാണു റോണോ ലിസ്ബണിലേക്കു വരുന്നത്. സ്പാനിഷ് ലാ ലിഗായിൽ അത്‌ലറ്റിക്കോയുമായുള്ള മഡ്രിഡ് ഡാർബിയിൽ ഹാട്രിക്കോടെ ടീമിനെ വിജയത്തിലേക്കു നയിച്ചു. നാട്ടങ്കത്തിൽ മൂന്നുവർഷത്തിനിടെ റയലിന്റെ ആദ്യ ജയം. റയലിന്റെ ഡാർബി മത്സരങ്ങളിലെ ഗോളുകളുടെ എണ്ണത്തിൽ സാക്ഷാൽ ആൽഫ്രെഡോ ഡി സ്റ്റെഫാനോയെ മറികടക്കുകയും ചെയ്തു. മത്സരം തീർന്നതിനുശേഷം റയൽ പരിശീലകൻ സിനദിൻ സിദാൻ പറഞ്ഞതിങ്ങനെ: ലോകഫുട്ബോളർ പുരസ്കാരത്തിന് ഇനി തർക്കങ്ങളില്ല!

ഇന്നു കളി സ്വന്തം മൈതാനത്താണെന്നതാണു സ്പോർട്ടിങ്ങിനു പ്രതീക്ഷ നൽകുന്ന കാര്യം. പക്ഷേ, ലാ ലിഗായിൽ അത്‌ലറ്റിക്കോയെ വിചെന്റ കാൽഡറോണിൽ കശക്കിയെറിഞ്ഞാണു റയൽ വരുന്നത് എന്നത് അവരുടെ നെഞ്ചിടിപ്പുകൂട്ടുന്നു. എഫ് ഗ്രൂപ്പിൽ ഡോർട്ട്മുണ്ടിനു രണ്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണു റയൽ. ഡോർട്ടിന് ഇന്നു ലീജിയ വാഴ്സോയുമായിട്ടാണു മത്സരം. നാലു കളികളിൽ‌നിന്നു മൂന്നു പോയിന്റുമായി സ്പോർട്ടിങ് മൂന്നാം സ്ഥാനത്താണ്. പോർചുഗീസ് ലീഗിൽ പക്ഷേ അവരുടേതു മികച്ച പ്രകടനം. 21 പോയിന്റുമായി കിരീടപ്പോരാട്ടത്തിനു മുൻപന്തിയിലുണ്ട്.

പരുക്കുമൂലം കരിം ബെൻസേമയും ആൽവാരോ മൊറാത്തയും ഇന്നു റയൽനിരയിലുണ്ടാവില്ല. എന്നാൽ സിദാനെ അലട്ടുന്നത് മറ്റു രണ്ടു താരങ്ങളുടെ അസാന്നിധ്യമാകും. ഡിഫൻസീവ് മിഡ്ഫീൽഡർ കാസെമിറോയും ഡിഫൻഡർ സെർജിയോ റാമോസും. അത്‌ലറ്റിക്കോയ്ക്കെതിരെ തകർത്തുകളിച്ച ഇസ്കോയിലാണ് സിദാന്റെ പ്രതീക്ഷ. സാന്തിയാഗോ ബെർണബ്യൂവിലെ ആദ്യപാദത്തിൽ റയൽ 2–1നു സ്പോർട്ടിങ്ങിനെ തോൽപിച്ചിരുന്നു. ചരിത്രവും റയലിനൊപ്പമാണ് – സ്പോർട്ടിങ്ങിനെതിരെ പത്തു കളികളിൽ ഒൻപതു വിജയം.

സിഎസ്കെഎ–ബയെർ ലെവർക്യുസൻ, മൊണാക്കോ–ടോട്ടനം, ലെസ്റ്റർ–ക്ലബ് ബ്രൂഗ്, കോപ്പൻ ഹേഗൻ–പോർട്ടോ, ഡൈനമോ സാഗ്രെബി–ഒളിംപിക് ലയോൺ, സെവിയ്യ–യുവെന്റസ്, ബെസ്കിറ്റാസ്–ബെൻഫിക്ക എന്നിവയാണ് ഇന്നത്തെ മറ്റു കളികൾ. വെംബ്ലിയിൽ രണ്ടു ഹോം മത്സരങ്ങളും തോറ്റ ടോട്ടനത്തിന് ഈ കളി നിർണായകമാണ്. പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തി വെസ്റ്റ് ഹാമിനെതിരെ രണ്ടു ഗോൾ നേടിയ സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്നിലാണ് ഇംഗ്ലിഷ് ക്ലബിന്റെ പ്രതീക്ഷ. സമനില നേടിയാൽ മൊണാക്കോയ്ക്കു നോക്കൗട്ടിലേക്കു മുന്നേറാം. സെവിയ്യ–യുവെന്റസ് മത്സരം പരിശീലകരുടെ പോരാട്ടംകൂടിയാണ്. ജോർജെ സാംപോളിയും മാസ്സിമിലിയാനോ അല്ലെഗ്രിയും വ്യത്യസ്ത ശൈലി പിന്തുടരുന്നവരാണ്. സെവിയ്യയ്ക്കു മുന്നേറാൻ സമനില മതി. യുവെയ്ക്കു ജയവും. രണ്ടു ടീമും എച്ച് ഗ്രൂപ്പിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.

Your Rating: