Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിച്ചും ടോസും തുണച്ചില്ല; ജയത്തിനു തിളക്കമേറെ

India England Cricket

ചെന്നൈ ∙ പരമ്പര വിജയത്തെക്കാളുപരി, അതു നേടിയ രീതിയാണ് വിരാട് കോഹ്‌ലിയെന്ന നായകനെ കൂടുതൽ ആഹ്ലാദിപ്പിക്കുന്നത്. സ്പിന്നർമാർക്കു പാകത്തിനുണ്ടാക്കിയ പിച്ചിൽ എതിർടീമുകളെ വരിഞ്ഞുമുറുക്കി വിജയത്തിന്റെ മേനി പറയുന്നുവെന്ന പഴി ടീം ഇന്ത്യയെക്കുറിച്ചു പണ്ടേ നിലനിൽക്കുന്നു. എന്നാൽ ഈ പരമ്പരയിലെ വിക്കറ്റിനെക്കുറിച്ച് അങ്ങനെ ഒരു പരാതിക്കു കാര്യമില്ല. പ്രത്യേകിച്ച് അഞ്ചു ടെസ്റ്റിൽ നാലിലും കോഹ്‌ലിക്കു ടോസ് നഷ്ടമായ സാഹചര്യത്തിൽ.

അവസാന ദിവസം ഏഴു വിക്കറ്റെടുത്ത രവീന്ദ്ര ജഡേയുടെ മികവിൽ അഞ്ചാം ടെസ്റ്റിൽ ഇന്നിങ്സിനും 75 റൺസിനും വിജയം കണ്ടാണ് ഇന്ത്യ പരമ്പര 4–0ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളിൽ ഏഴും നേടിയത് ഇന്നലെ അവസാന സെഷനിൽ. ഇംഗ്ലണ്ട് മുംബൈ, ചെന്നൈ ടെസ്റ്റുകളുടെ ആദ്യ ഇന്നിങ്സിൽ യഥാക്രമം 400 റൺസും 477 റൺസും നേടിയിരുന്നു. എന്നാൽ രണ്ടു ടെസ്റ്റിലും ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. ‘‘ ടോസും പിച്ചും ഈ വിജയത്തിൽ ഘടകമായിരുന്നില്ല.’’– തുടർച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയത്തിനുശേഷം ട്രോഫി സ്വീകരിക്കുന്ന ചടങ്ങിൽ കോഹ്‌ലി പറഞ്ഞു.

‘‘ഞങ്ങൾ വൻ സ്കോറിനെതിരെയാണു പൊരുതിയത്. കഴിഞ്ഞ രണ്ടു ടെസ്റ്റിലും ആദ്യ ഇന്നിങ്സിൽ 400 റൺസിലേറെ വഴങ്ങിയെങ്കിലും രണ്ടു ടെസ്റ്റിലും വിജയം കണ്ടു. ഇത് ക്രിക്കറ്റിൽ ഇടയ്ക്കിടെ സംഭവിക്കുന്നതല്ല. പ്രത്യേകിച്ചു പരിചയ സമ്പന്നത ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ടീമിന്. അതുകൊണ്ടു തന്നെ ഈ നേട്ടം ടീമിന്റെ പരസ്പരവിശ്വാസത്തിന്റെ കൂടി വിജയമാണ്.’’– കോഹ്‌ലി പറഞ്ഞു. പരുക്കിനെത്തുടർന്നു മുഹമ്മദ് ഷാമിയുടെയും അജിങ്ക്യ രഹാനെയുടെയും സേവനം ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. കൂടാതെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കേണ്ട ചിലരും പരമ്പരയ്ക്കിടെ പരുക്കുമൂലം പിൻവാങ്ങി. എന്നാൽ പകരക്കാർ തിളങ്ങിയത് ആശ്വാസമായി. കരുൺ നായർ നേടിയ 303 റൺസിന്റെ പിൻബലത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 759 റൺസെടുത്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ചോർന്നു.

രണ്ടാം ഇന്നിങ്സിൽ 103 റൺസ് വരെ അവർക്കു വിക്കറ്റ് നഷ്ടമായില്ല. എന്നാൽ അവസാന രണ്ടു സെഷനിൽ 10 വിക്കറ്റും വീണു. ‘‘ ആദ്യ ഇന്നിങ്സിൽ 477 റൺസെടുത്തിട്ടും 281 റൺസ് ലീഡ് വഴങ്ങേണ്ടി വരുന്നതു സമ്മർദ്ദമുണ്ടാക്കും. മാനസികമായും മനശാസ്ത്രപരമായും ഇത് ടീമിനു തിരിച്ചടിയാകും. ഒന്നോ രണ്ടോ വിക്കറ്റു നേടാൻ കഴിഞ്ഞാൽ ബാറ്റിങ് നിര അതിവേഗം നിലംപൊത്തുമെന്ന് ഉറപ്പായിരുന്നു. ബോളർമാർക്കു കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ച് ആയിരുന്നിട്ടും ജഡേജ മികവോടെ പന്തെറിഞ്ഞു. തീവ്രമായ വിജയാവേശത്തിലായിരുന്നു ജഡേജ ഓരോ പന്തും എറിഞ്ഞത്.’’– കോഹ്‌‌ലി പറഞ്ഞു.

Your Rating: