പരമ്പര സമ്മാനിച്ച നേട്ടങ്ങൾ

18– തുടർച്ചയായി 18 ടെസ്റ്റുകൾ പരാജയമറിയാതെ പിന്നിട്ട് ഇന്ത്യ റെക്കോർഡിട്ടു. 1985–87 കാലഘട്ടത്തിലെ 17 ടെസ്റ്റുകളെന്ന റെക്കോർഡാണു മറികടന്നത്.

2– ഒരു പരമ്പരയിലെ നാലു ടെസ്റ്റുകൾ ഇന്ത്യ ജയിക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 2012–13 സീസണിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ആദ്യം.

6– രവീന്ദ്ര ജഡേജ ഈ പരമ്പരയിൽ അലസ്റ്റയർ കുക്കിനെ വീഴ്ത്തിയത് ആറു തവണ. ഒരു പരമ്പരയിൽ കുക്കിനെ ഏറ്റവും കൂടുതൽ തവണ ഔട്ടാക്കിയ ബോളർ.

7– ടെസ്റ്റിൽ ജഡേജയുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2013ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡർബനിൽ നേടിയ ആറിനു 138 ആണു മറികടന്നത്.

4– ഒരു പരമ്പരയിൽ ഇരുനൂറിലേറെ റൺസും 20 വിക്കറ്റുമെടുക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി ജഡേജ. കപിൽദേവ് മൂന്നുവട്ടം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. വിനൂ മങ്കാദ്, ആർ.അശ്വിൻ എന്നിവരാണു മറ്റുള്ളവർ.

1– ഒരു ടെസ്റ്റിൽ അർധ സെഞ്ചുറി, പത്തു വിക്കറ്റ്, നാലു ക്യാച്ച് എന്നിവ നേടുന്ന ആദ്യത്തെ കളിക്കാരനായി ജഡേജ.

2– രണ്ട് ഓൾറൗണ്ടർമാർ ഇരുനൂറിലധികം റൺസും ഇരുപതിലധികം വിക്കറ്റും വീഴ്ത്തുന്ന ആദ്യ പരമ്പര. അശ്വിനും ജഡേജയുമാണു പരമ്പരയെ ചരിത്രത്തിലെത്തിച്ചത്.

655– കോഹ്‌ലി പരമ്പരയിൽ ആകെ നേടിയ റൺസ്. ശരാശരി: 109.16. ടെസ്റ്റിൽ കോഹ്‌ലിയുടെ ആദ്യ മാൻ ഓഫ് ദ് സിരീസ് പുരസ്കാരംകൂടിയാണിത്.

491– ഇംഗ്ലണ്ടിനുവേണ്ടി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുത്തതു ജോ റൂട്ട് – 491 റൺസ്. മോയിൻ അലി രണ്ടാമത് – 381 റൺസ്.

477– ഇന്നിങ്സ് തോൽവിയിൽ ഒരു ടീമിന്റെ ഏറ്റവും വലിയ ഒന്നാം ഇന്നിങ്സ് സ്കോറാണ് ഇംഗ്ലണ്ടിന്റെ 477.