Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖസാക്കിന്റെ വർത്തമാനങ്ങൾ

Author Details
thazrak ഞാറ്റുപുരയുടെ കവാടം.

‘ഒരു ബഞ്ചിലിരുന്നു കൊണ്ട് രവി കൂമൻകാവിന്റെ ചിത്രമുൾക്കൊള്ളാൻ ശ്രമിച്ചു. നിലത്തറഞ്ഞ തേക്കിൻ കുറ്റികളിൽ കേറ്റി നിർത്തിയിട്ടുള്ള നാലഞ്ച് ഏറുമാടങ്ങളായിരുന്നു കൂമൻ കാവങ്ങാടി.’

‘എത്ര വഴീണ്ട്?’ ചുമട്ടുകാരനോടു ചോദിച്ചു.

‘ദാ അട്ത്തെന്നെ’

‘നട്ടുച്ചയാണ്, കാറ്റു വീശുന്നില്ല, എല്ലാം മയങ്ങിക്കിടപ്പാണ്’

- (ഖസാക്കിന്റെ ഇതിഹാസം)

മഴ പെയ്തുനിന്ന പ്രഭാതത്തിലാണു ഖസാക്കിന്റെ ഇതിഹാസ ഭൂമിയിലേക്കു പുറപ്പെട്ടത്. പാലക്കാട്–കൊടുവായൂർ പാതയിലെ തസ്രാക്ക്. ഇരുവശവും പച്ചപ്പു നിറഞ്ഞ പാടങ്ങൾ അതിരിടുന്ന കിണാശേരിക്കു സമീപമുള്ള ഈ പ്രദേശത്തെയാണ് ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസ ഭൂമിയായി പരിവർത്തനപ്പെടുത്തിയെടുത്തത്.

ഒരു നോവലിന്റെ സ്മരണയിൽ അറിയപ്പെടുന്ന ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ തിരയാനുള്ള ശ്രമമായിരുന്നു ആ യാത്ര. തണ്ണീർ പന്തൽ സ്റ്റോപ്പിൽ ബസിറങ്ങി മുന്നോട്ടു നടന്നു. ഒരു കനാലിനോടു ചേർന്ന് കോൺക്രീറ്റിൽ നിർമിച്ച സ്മാരക സ്തൂപം. അതിൽ കാൻവാസിൽ വരച്ച ഖസാക്ക് ചിത്രങ്ങൾ. സമീപത്തു സാംസ്കാരിക വകുപ്പിന്റെ ബോർഡ്. എതിരെ പന്തലിട്ടു നിൽക്കുന്ന പടുകൂറ്റൻ ആൽമരം.

ആ പാതയിലൂടെ മുന്നോട്ടു പോയാൽ നിലത്തുമുട്ടുന്ന വിധം മേൽക്കൂരയുള്ള കള്ളുഷാപ്പ്. ഇതിനെയാണു കഥാകാരൻ കൂമൻകാവായി അവതരിപ്പിച്ചത്. ആ ചിത്രം പകർത്തിയെടുത്തതു മൂന്നുകിലോമീറ്റർ അകലെ കൊടുവായൂരിലെ ഒരു കാവിൽനിന്നാണ്. ചെറിയ ഇടവേളയിൽ അദ്ദേഹം കുടുംബസമേതം ഇവിടെ താമസിച്ചിട്ടുണ്ട്. കഥകൾ ഉറങ്ങുന്ന ആ ഗ്രാമത്തിൽ നിന്നു രൂപംകൊണ്ട സങ്കൽപങ്ങളെ ഖസാക്കിനോടു ചേർത്തുവയ്ക്കുകയായിരുന്നു.

ഞാറ്റുപുരയിലേക്ക്

‘തേവാരത്തു ശിവരാമൻ നായരുടെ ഞാറ്റു പുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം. രണ്ടു മുറി, വരാന്ത, പുറകിൽ താഴ്‌വാരം, വാതിൽ തുറന്നപ്പോൾ മണ്ണിന്റെയും നെല്ലിന്റെയും മണം വന്നു’

njattu ഒ.വി. വിജയൻ സ്മാരകമായി തസ്രാക്കിൽ പുതുക്കിപ്പണിത ഞാറ്റുപുര.

കാലം ഈ ചിത്രത്തെ ആധുനികതയിലെന്ന പോലെ മാറ്റിവരച്ചിരിക്കുന്നു. ടാറിട്ട റോഡും വീടുകളും കടകളുമൊക്കെയായി. മലമ്പുഴ കനാൽ‌ അതിരിടുന്ന വഴികളിലൂടെ മുന്നോട്ടുപോയാൽ പാടങ്ങളായി. ഞാറ് നട്ടു തുടങ്ങിയിട്ടുണ്ട്. യന്ത്രവൽകൃത നടീൽ ചിലയിടങ്ങളിലുണ്ട്. ഒരു കാറിനു കടന്നു പോകാവുന്ന വഴിയാണ്. പൂർണമായി സഞ്ചാര യോഗ്യമെന്നു പറഞ്ഞുകൂട.

ചുറ്റുപാടും ധാരാളം വീടുകളായി. അര കിലോമീറ്റർ താണ്ടിയപ്പോൾ ഓടിട്ട കെട്ടിടം കണ്ടു. തറയോടു പാകി നവീകരിച്ചെങ്കിലും പഴമ മായാത്ത വീട്. ഖസാക്കിന്റെ ഇതിഹാസത്തിനു സാക്ഷിയായ ഞാറ്റുപുര. സാംസ്കാരിക വകുപ്പ് മുൻകയ്യെടുത്താണതു നവീകരിച്ചത്. 2015 മാർച്ച് 29ന് അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അതു നാടിനു സമർപ്പിച്ചു.

കുടുസ്സു മുറികളുള്ള ഞാറ്റുപുരയിലും പരിസരത്തും ഇതിഹാസകാരന്റെ സ്മരണകൾ നിറഞ്ഞു നിൽക്കുന്നു. കെ.ആർ. വിനയൻ, അഷറഫ് മലയാളി എന്നിവർ വരച്ച വിജയൻ ചിത്രങ്ങൾ നിറഞ്ഞ ഫോട്ടോഗാലറി. സന്ദേഹിയായ കഥാകാരൻ കാർട്ടൂണുകളിലൂടെ നടത്തിയ സംവാദങ്ങൾ ഉൾപ്പെടുന്ന കാർട്ടൂൺ ഗാലറി. ഖസാക്കിന്റെ ഇതിഹാസം ഉൾപ്പെടെയുള്ള മുപ്പതോളം ഹ്രസ്വചിത്രങ്ങളും ടെലിഫിലിമുകളും ഇടവേളയില്ലാതെ പ്രദർശിപ്പിക്കുന്ന തിയറ്റർ.

പുറത്തിറങ്ങിയാൽ ശിൽപവനം. ചാലക്കുടി സ്വദേശി ആർട്ടിസ്റ്റ് രാജന്റെ നേതൃത്വത്തിൽ തയാറാക്കിയ ഇതിഹാസ കഥാപാത്രങ്ങളുടെ കരിങ്കൽ ശിൽപങ്ങൾ. മന്ത്രി എ.കെ. ബാലൻ 2017 മാർച്ച് 30ന് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുറകിലുള്ള ഓഡിറ്റോറിയത്തിൽ ചിത്രപ്രദർശനം. വിജയൻ നോവലിനെ അധികരിച്ച് 15 കലാകാരന്മാർ വരച്ച ചിത്രങ്ങൾ. 

ഏകാധ്യാപക വിദ്യാലയം

ഇവിടത്തെ പള്ളിയോടു ചേർന്ന ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ഒ.വി. വിജയന്റെ സഹോദരി ഒ.വി. ശാന്ത. അച്ഛനും അമ്മയ്ക്കും ഒപ്പമാണു ഞാറ്റുപുരയെന്നറിയപ്പെട്ട ഒരു ചായ്പിൽ താമസിച്ചിരുന്നത്. അവിടേക്കു വിരുന്നു വന്നതായിരുന്നു കഥാകാരൻ‌. ഏകാധ്യാപക വിദ്യാലയം ഇപ്പോൾ ഒരു മദ്രസയാണ്. 

അന്ന് കാളവണ്ടി പോകുന്ന ചെറിയ പാതയായിരുന്നു. വരമ്പുകളിൽ മൈലാഞ്ചി വളർന്നു നിന്നിരുന്നു. വൈദ്യുതി എത്തിയിട്ടില്ല. മലമ്പുഴ കനാൽ നിർമാണം ആരംഭിച്ചിട്ടേയുള്ളൂ. ഡാമും അനുബന്ധ കനാലുകളും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയൊന്നും അന്നിവിടത്തെ കർഷക മനസ്സുകളിലുണ്ടായിരുന്നില്ല. അതിനെപ്പറ്റി നിലനിന്നിരുന്ന വിചിത്ര ഭാവനകളെ ഇതിഹാസകാരൻ അതരിപ്പിക്കുന്നുണ്ട്. ഖസാക്കിലേക്കു രവിയെ നയിച്ച ചുമട്ടുതൊഴിലാളിയായ കാരണവരിലൂടെ:

OV-Usha-inside-of-Njatupura ഫോട്ടോ ഗ്യാലറിയിൽ ഒ.വി. വിജയന്റെ സഹോദരി ഒ.വി. ഉഷ.

‘ആളുകൾ പറയുന്നു; പുന്നപ്പാറയിലെ രണ്ടു മലകളെ കരിങ്കൽ ചുമരുകൊണ്ടു ബന്ധിക്കുമെന്ന്. കടലിലേക്കൊഴുകുന്ന മലമ്പുഴ തടഞ്ഞുനിർത്തി ഖസാക്കിലേക്കു വെള്ളം തിരിക്കുമെന്ന്. കാലവർഷത്തിന്റെ ശാഠ്യം മനുഷ്യൻ തിരുത്തുമെന്നു ധരിച്ചാൽ–കണ്ടുതന്നെ അറിയണം.’ 

അള്ളാ പിച്ചാ മൊല്ലാക്ക

‘ഖസാക്കിലെ ഓത്തു പള്ളിയിലിരുന്നു കൊണ്ട് അള്ളാ പിച്ചാ മൊല്ലാക്ക, റാവുത്തർമാരുടെ കുട്ടികൾക്ക് ആ കഥ പറഞ്ഞുകൊടുത്തു: ‘പണ്ടു പണ്ട്, വളരെ പണ്ട്, ഒരു പൗർണമി രാത്രിയിൽ ആയിരത്തിയൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേക്കു വന്നു. ആയിരം കുതിരകളും കേടറ്റ വെള്ളക്കുതിരകളായിരുന്നു. എന്നാൽ, ഷെയ്ഖ് തങ്ങളാകട്ടെ ചടച്ച് കിഴവനായ ഒരു പാണ്ടൻ കുതിരപ്പുറത്താണു സവാരി ചെയ്തത്.’ ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്

‘അതെതുക്ക് മൊല്ലാക്കാ?’

ചെറിയൊരുകാലം ഇവിടെ വിരുന്നു പാർക്കാനെത്തിയ ഒ.വി. വിജയൻ അന്നു സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നെന്നു പലരും സ്മരിക്കുന്നു. ഞാറ്റുപുരയിലിരുന്നു ചിത്രം വരയ്ക്കുന്നതു നാട്ടുകാരിൽ പലരും കണ്ടിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം നോവലെന്ന നിലയിൽ ഭാവനയുടെ സൃഷ്ടിയായിരുന്നു. പല കഥാപാത്രങ്ങളും ഇവിടെ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ചിലരൊക്കെ മരിച്ചിട്ടും മരണമില്ലാത്തവരായി തുടരുന്നു. അതിലൊരാളാണ് അള്ളാ പിച്ചാ മൊല്ലാക്ക. പ്രായം ചെന്ന പലരുടെ മനസ്സിലും അള്ളാ പിച്ചാ മൊല്ലാക്കയുടെ തെളിഞ്ഞചിത്രം ഇപ്പോഴുമുണ്ട്. ഒത്ത ശരീരമുണ്ടായിരുന്നത്രേ.

മൈക്ക് ഇല്ലാത്ത ആ കാലത്ത് അദ്ദേഹം വാങ്കു വിളിക്കുമ്പോൾ മൂന്നു കിലോമീറ്റർ അകലെ മുഴങ്ങികേൾക്കാമായിരുന്നു. സമീപത്തെ ചായക്കടയിലിരുന്നു വയോധികനായ ലത്തീഫ് തന്റെ മനസ്സിലുള്ള ആ കാരണവരുടെ ഒരു രേഖാ ചിത്രം തയാറാക്കിത്തന്നു. അള്ളാ പിച്ചാ മൊല്ലാക്കയെ ഖബറടക്കിയ സ്ഥലം ഇപ്പോഴും തസ്രാക്കിലുണ്ട്.

kaadu അള്ളാപിച്ചാ മൊല്ലാക്കയെ ഖബറടക്കിയത് ഇവിടെ.

അദ്ദേഹത്തിന്റെ മകൾ ഇപ്പോഴുമുണ്ട്. അവർക്കു പ്രായം 70. സ്ത്രീപക്ഷ രചനകൾ പിറവിയെടുക്കുന്നതിനും വളരെ മുൻപാണു ഖസാക്കിന്റെ ഇതിഹാസത്തിലെ മൈമൂന പിറന്നത്. ജീവിതം നൽകുന്ന വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തവളാണ് ഒ.വി. വിജയന്റെ മൈമൂന. സ്ത്രീശക്തിയുടെയും സാധ്യതകളുടെയും പ്രതീകമായ ആ പെൺകുട്ടി യഥാർഥത്തിൽ ഒരു ഭാവനാസൃഷ്ടിയായിരുന്നു. മൊല്ലാക്കയ്ക്ക് ഒരു മകളുണ്ടായിരുന്നുവെന്നത് ഒരുപക്ഷേ, യാദൃച്ഛികമായിരിക്കാം.

അപ്പുക്കിളി

‘അപ്പോഴാണു കുള്ളനായ കുതിരത്തലയനെ രവി കണ്ടത്. കുട്ടിയോ മുതിർന്ന മനുഷ്യനോ എന്നു നിർണയിക്കാൻ വയ്യ. ഒരു പച്ചത്തുമ്പിയെ നൂലിൽകെട്ടി പറപ്പിച്ചുകൊണ്ട് അവൻ കുട്ടികളുടെ നടുവിൽ നിന്നു. കുട്ടികൾ അവനെ പതുക്കെ രവിയുടെ നേർക്കു തള്ളിവിടുകയാണ്. അത്രയും പെട്ടെന്നു സഖ്യം സ്ഥാപിക്കേണ്ടെന്നു രവി നിശ്ചിയിച്ചു. എങ്കിലും മുഖം മുറിയേണ്ടെന്നു കരുതി ചോദിച്ചു:

‘എന്താ പേര്?’

‘പറയെടാ കിളിയേ,’ കുട്ടികൾ പ്രോൽസാഹിപ്പിച്ചു.

മങ്ങിയ പിത്തച്ചിരിയോടെ അവൻ പറഞ്ഞു, ‘അപ്പുക്കിളി’

ഇതിഹാസകാരന്റെ ഭാവന പരന്നൊഴുകിയതാണ് അപ്പുക്കിളിയെന്ന കഥാപാത്രം. പ്രായത്തിനും ശരീരത്തിനുമൊപ്പം എത്താത്ത മനസ്സ്. അനാഥത്വത്തിലും ഒരു ഗ്രാമത്തിന്റെ വാൽസല്യമാണ് അയാളെ വേറിട്ടുനിർത്തിയത്. ഭാവനയും യാഥാർഥ്യവും കെട്ടുപിണഞ്ഞ സൃഷ്ടിയാണത്. വിക്ടോറിയാ കോളജിനു സമീപത്ത് അലഞ്ഞുനടന്നിരുന്ന വേലാണ്ടിയിൽ നിന്നാണത്രെ അപ്പുക്കിളിയുടെ ചിത്രം മനസ്സിൽ പതിഞ്ഞത്. എന്നാൽ തസ്രാക്കിൽ പ്രചരിക്കുന്നതു മറ്റൊരു കഥയാണ്.

ഇവിടെ കൃഷിപ്പണിക്കു വന്ന ഒരു ഭാര്യയും ഭർത്താവുമുണ്ടായിരുന്നു. ഞാറ്റുപുരയ്ക്കു സമീപത്തുള്ള ഒരു ഷെഡ്ഡിലാണവർ കഴിഞ്ഞിരുന്നത്. ഭാര്യ നല്ലപോലെ അധ്വാനിക്കും. അവരെപ്പറ്റി എല്ലാപേർക്കും നല്ല മതിപ്പാണ്. എന്നാൽ ഭർത്താവു മടിയനാണ്. 

പൊതുവെ ഒരു മന്ദത. നാട്ടുകാരിൽ ചിലരൊക്കെ ചേർന്ന് അയാൾക്കു വിക്ടോറിയ കോളജിൽ ഒരു ചെറിയജോലി തരപ്പെടുത്തിക്കൊടുത്തു. അവിടത്തെ അധ്യാപകരെ സഹായിക്കൽ. അവർക്കു ജനിച്ച കുട്ടിക്ക് അൽപം ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. അവർ‌ അധികകാലം അവിടെ താമസിക്കുകയുണ്ടായില്ല. ഈ ഗൃഹനാഥന് അപ്പുക്കിളിയുമായി സാമ്യമുണ്ടായിരുന്നത്രേ.

koomankavu കൂമൻകാവ് ഇപ്പോൾ.

എഴുത്തുകാരനും കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ജീവനക്കാരനുമായ പി.വി. സുകുമാരൻ ഇവിടെ വിലയ്ക്കു വാങ്ങിയ വീടിനും അപ്പുക്കിളിയെന്നാണു പേരിട്ടിരിക്കുന്നത്.

‘ചൂടു നഷ്ടപ്പെട്ട വെയില്. കരിമ്പനകളുടെ സീൽക്കാരം. ജന്മാന്തരങ്ങളുടെ ഇളവെയിലിൽ തുമ്പികൾ പറന്നലഞ്ഞു. രവി നടന്നു. നെടുവരമ്പ് അറ്റമില്ലാതെ നീണ്ടുകിടന്നു’

ഇതിഹാസകാരന്റെ വിരുന്നു വരവ്

1958ൽ ആണ് നോവലിന്റെ ആദ്യഭാഗം അച്ചടിച്ചുവന്നത്. 1969ൽ ആദ്യപതിപ്പു പുറത്തുവന്നു. നോവൽ ഖണ്ഡശഃ പുറത്തുവരാൻ തുടങ്ങിയപ്പോൾ ധാരാളം കത്തുകൾ രചയിതാവിനെ തേടിയെത്തി. അതിൽ ഒരു കത്ത് തസ്രാക്കിന്റെ അടുത്ത നാടായ കൊല്ലങ്കോട്ടുനിന്നായിരുന്നു. ഡൽഹിയിലെ ശങ്കേഴ്സ് വീക്കിലിയിലേക്കെത്തിയ ആ കത്തെഴുതിയതു കെ. ശ്രീകുമാർ എന്ന വായനക്കാരനായിരുന്നു.

അതിലെ വരികൾ തന്റെ ഉള്ളുലച്ചുകളഞ്ഞുവെന്ന് ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ ഒ.വി. വിജയൻ എഴുതിയിട്ടുണ്ട്. അത് ആഴത്തിലുള്ള ഒരു സൗഹൃദത്തിനു പിൽക്കാലത്തു വഴിമാറി. സഞ്ചാര സാഹിത്യത്തിലൂടെയും നിരൂപണങ്ങളിലൂടെയും പിൽക്കാലത്തു പ്രസിദ്ധനായ ആഷാ മേനോൻ ആയിരുന്നു ആ ശ്രീകുമാർ.

നോവൽ പുറത്തുവന്നു വർഷങ്ങൾ കഴിഞ്ഞാണ് എഴുത്തുകാരൻ വീണ്ടും ഇതിഹാസ ഭൂമിയിലേക്കു വിരുന്നുവന്നത്. വയലാർ അവാർ‍ഡ് കിട്ടിയ ശേഷമുള്ള ആദ്യവരവിൽ പ്രിയപ്പെട്ട കഥാകാരനെ വരവേൽക്കാൻ ഒരുനാടു മുഴുവൻ ഓടിക്കൂടി. അവരിൽനിന്നു തന്റെ കഥാപാത്രങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. പിന്നീട് ഇടയ്ക്കൊക്കെ ആ സന്ദർശനമുണ്ടായി.

തോടുമുറിച്ച് രവി തോട്ടു വരമ്പിലൂടെ നടന്നു. കരിമ്പനയുടെ കാനലുകൾ ഉടിലുപോലെ പൊട്ടു വീണു. പിന്നെ മഴ തുളിച്ചു. മഴ കനത്തു പിടിച്ചു. കനക്കുന്ന മഴയിലൂടെ രവി നടന്നു..

Your Rating: