Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞപ്പന്താണ് മാഷ

maria

എയ്റോഫ്ലോട്ട് എയർലൈൻസിന്റെ പഴയൊരു റഷ്യൻ വിമാനമായിരുന്നു അത്. അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു. മോസ്കോയിൽനിന്നു പുറപ്പെട്ട് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ വിമാനം ഇടയ്ക്ക് ലാൻഡ് ചെയ്തു. അന്നു ഞാൻ എന്തു വേഷമാണു ധരിച്ചത് എന്നൊന്നും ഓർമയില്ല. എനിക്ക് ആറു വയസ്സ്. അമ്മ ഒപ്പമില്ല എന്നു മാത്രമറിയാം. ആദ്യമായാണ് ഞാൻ അമ്മയെ പിരിയുന്നത്. അതിന്റെ വിങ്ങൽ‍ ഉള്ളിലുണ്ട്. ഞങ്ങളുടെ അടുത്തിരുന്ന റഷ്യൻ ദമ്പതികളോട് അച്ഛൻ യൂറി ഉറക്കെ സംസാരിക്കുന്നുണ്ട്. 

പുലർച്ചെ മൂന്നുമണിക്ക് അമേരിക്കയിലെ മയാമിയിൽ ഞങ്ങൾ വിമാനമിറങ്ങി. ഞങ്ങളെ കാത്ത് ഒരാളെ വിമാനത്താവളത്തിലേക്ക് അയയ്ക്കാമെന്ന് റഷ്യൻ ജൂനിയർ ടീമിന്റെ കോച്ച് പറഞ്ഞതാണ് ആകെയുള്ള പിടിവള്ളി. അവിടെനിന്നു നേരെ ഫ്ലോറിഡയിലെ ടെന്നിസ് അക്കാദമിയിലേക്കു പോകാമെന്നായിരുന്നു പ്രതീക്ഷ. ഞങ്ങളെ സ്വീകരിക്കാൻ ആരും വന്നില്ല. തികച്ചും അപരിചിതമായ നാടാണ് അമേരിക്ക. ഞങ്ങൾ റഷ്യക്കാർക്ക് അക്കാലത്ത് അമേരിക്കയെന്നാൽ പോപ്പ് സംഗീതവും നീല ജീൻസുമായിരുന്നു. ഒരു പരിചയക്കാരൻ പോലുമില്ലാത്ത സമ്പന്നരുടെ നാട്. യൂറിക്ക് റഷ്യൻ അല്ലാതെ മറ്റൊരു ഭാഷ അറിയില്ല. വിഷമസന്ധി മനസ്സിലാക്കിയ റഷ്യൻ ദമ്പതിമാർ ഞങ്ങളെ ഒപ്പംകൂട്ടി. അവരുടെ ഹോട്ടൽ മുറിയിൽ നിലത്തു ബെഡ് ഷീറ്റ് വിരിച്ച് ഞങ്ങൾ അന്നുറങ്ങി.’ 

അതായിരുന്നു ഒരു യാത്രയുടെ തുടക്കം. മാഷ ഷറപ്പോവ എന്ന ആറുവയസ്സുകാരിയുമായി യൂറി ഷറപ്പോവ് എന്ന പിതാവ് റഷ്യയിൽനിന്നു തികച്ചും അപരിചിതമായ അമേരിക്കയിലേക്കു നടത്തിയ സാഹസിക യാത്ര. പോക്കറ്റിൽ 700 ഡോളറുമായി ഫ്ലോറിഡയിലെ ടെന്നിസ് അക്കാദമികൾക്കു മുന്നിൽ മകളുടെ പ്രവേശനത്തിനായി യാചിച്ചു നടന്ന ഒരു പിതാവിന്റെ നിശ്ചയദാർഢ്യമാണ് മരിയ ഷറപ്പോവ എന്ന ടെന്നിസ് റാണി. ഫ്ലോറിഡയിലെ സമ്പന്നരുടെ പൂന്തോട്ടങ്ങളിൽ പുല്ലുവെട്ടിയും കെട്ടിടംപണി ചെയ്തും അച്ഛനൊഴുക്കിയ വിയർപ്പിന്റെ കഥയാണ് മരിയ ഷറപ്പോവയുടെ ആത്മകഥയായ ‘അൺ സ്റ്റോപ്പബിൾ’ പറയുന്നത്. ഷറപ്പോവയെ ഗ്ലാമർ റാണിയായും കോടികളുടെ ബ്രാൻഡ് മൂല്യമുള്ള കായികതാരമായും കാണുന്നവർ ഒരു മഞ്ഞപ്പന്തിന്റെ ഒട്ടുംനിറമില്ലാത്ത ഈ കഥയും അറിയുക. 

ചെർണോബിലെ വിഷസൂചി 

ബെലാറൂസിലെ ഗോമൽ ആണ് ഞങ്ങളുടെ നാട്. റഷ്യയുടെ അതിർത്തി നഗരം. യുക്രെയ്നിലെ ചെർണോബിൽനിന്ന് വലിയ ദൂരമില്ല ഗോമലിലേക്ക്. അന്ന് ഞാൻ അമ്മ യെലനയുടെ വയറ്റിലായിരുന്നു. രാവിലെ തോട്ടത്തിൽ നിൽക്കുമ്പോഴാണ് അന്തരീക്ഷത്തിൽ ഒരു മിന്നൽപോലെ അമ്മ എന്തോ കണ്ടത്. പിറ്റേന്ന് ആകാശത്തു വലിയ പുകച്ചുരുളുകൾ കണ്ടു. ചെർണോബിലെ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചെന്ന് അപ്പോഴാണു മനസ്സിലാക്കുന്നത്. ആണവ വികിരണത്തിന്റെ വിഷസൂചികൾ. പലരും ഗോമലിൽനിന്നു പലായനം ചെയ്തു. 

ഞങ്ങൾ സൈബീരിയയ്ക്കടുത്ത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നാടായ നെഗ്യാനിലേക്കു പോയി. അവിടെയാണ് അമ്മ എന്നെ പ്രസവിക്കുന്നത്. ചെർണോബിൽ ദുരന്തം പ്രകൃതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. വീടിനടുത്തെ കാടുകളിൽ വലിയ വിഷക്കൂണുകൾ തീൻമേശയിലെ പ്ലേറ്റുകളുടെ വലുപ്പത്തിൽ പൊട്ടിമുളച്ചു. എനിക്ക് അസാധാരണ വലുപ്പം ലഭിച്ചതും വലിയ കാലുകൾ ലഭിച്ചതും അതുകൊണ്ടാണോ? ആറടി രണ്ടിഞ്ച് ഉയരം ആ സ്ഫോടനത്തിന്റെ ബാക്കിപത്രമാണോ? കളിയായി ഞാൻ ഇതൊക്കെ എന്നോടുതന്നെ ചോദിക്കാറുണ്ട്. 

മറക്കില്ല മാർട്ടിനയെ 

റഷ്യയിൽ ടെന്നിസ് സമ്പന്നരുടെ കളിയായിരുന്നു. സോച്ചി ഒരു കടലോര ഉല്ലാസകേന്ദ്രമാണ്. അവിടെ യുഡ്‌കിൻ എന്ന കോച്ചിനു കീഴിലാണ് യൂറി എന്നെ പഠിപ്പിക്കാൻ വിട്ടത്. കരിങ്കടലിനു മുകളിൽ സൂര്യൻ ഉദിക്കുന്നതിനു മുൻപുതന്നെ യൂറി എന്നെ കോർട്ടിലെത്തിക്കും. നാലാം വയസ്സിൽതന്നെ എന്റെ ഗ്രൗണ്ട്‌ സ്‌ട്രോക്കുകൾ നല്ലതാണെന്ന് യൂറി കണ്ടെത്തി. ഞാൻ ഉപയോഗിച്ചിരുന്നത് യൂറി ഉപയോഗിച്ചിരുന്ന ഒരു പഴയ റാക്കറ്റാണ്. മോസ്‌കോയിൽ ജൂനിയർ താരങ്ങൾക്കു വേണ്ടി ഒരു ദേശീയ ക്ലിനിക് നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കണമെന്ന് യുഡ്‌കിനാണ് പറഞ്ഞത്. അവിടെ ചെന്നപ്പോൾ അതിൽ ചേരാനുള്ള പ്രായം എനിക്കായിട്ടില്ല. പന്ത് നന്നായി ഹിറ്റ് ചെയ്യുമെന്നാണ് എന്നെക്കുറിച്ച് യൂറി എല്ലാവരോടും പറയുന്നത്. 

യെവ്‌ജിനി കഫൽനിക്കോവാണ് അന്ന് റഷ്യയുടെ ടെന്നിസ് ഹീറോ. അദ്ദേഹത്തിന്റെ പിതാവ് എന്റെ കളി കണ്ട് എനിക്കൊരു റാക്കറ്റ് തന്നു. അതുമായാണ് മോസ്‌കോയിൽ ക്യാംപിനു പോയത്. ലോക ടെന്നിസിലെ ഇതിഹാസതാരം മാർട്ടിന നവ്‌രത്തിലോവയാണ് അവിടെ മുഖ്യാതിഥി. കോച്ചിന്റെ നിർദേശപ്രകാരം ഞാൻ അൽപനേരം കളിച്ചു. എന്റെ ജീവിതത്തിലെ വഴിത്തിരിവായി ആ പത്തുമിനിറ്റ്. കളി കണ്ട മാർട്ടിന അച്ഛനെ വിളിച്ചു. ഒരു പരിഭാഷകന്റെ സഹായത്തോടെ പറഞ്ഞു. ഇവൾ മിടുക്കിയാകും. ഇവളെ ഫ്ലോറിഡയിൽ അയച്ച് പരിശീലിപ്പിക്കണം. 

സോവിയറ്റ് യൂണിയൻ ശിഥിലമായ കാലഘട്ടമാണ്. ഒരു അമേരിക്കൻ വീസ റഷ്യക്കാരുടെ ‘ക്യാപ്പിറ്റലിസ്റ്റ് സ്വപ്നമാണ്’. എന്നിട്ടും യൂറി വലിയ പ്രതീക്ഷയിലായിരുന്നു. കല്യാണത്തിനിട്ട പഴയ കോട്ടിട്ടാണ് എംബസിയിൽ അഭിമുഖത്തിനു പോയത്. റഷ്യൻ ടീം കോച്ചിന്റെ കത്തുണ്ടായിരുന്നു കയ്യിൽ. മകളെ ടെന്നിസ് പഠിപ്പിക്കാൻ അമേരിക്കയിൽ പോകുകയാണെന്ന ആ നിശ്ചയദാർഢ്യത്തിനു മുകളിൽ വീസയുടെ സീൽ പതിഞ്ഞു. മൂന്നുവർഷത്തെ വീസ. അമ്മയ്ക്ക് ടെന്നിസിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ അച്ഛനിൽ വിശ്വാസമുണ്ടായിരുന്നു. അച്ഛന് എന്നെയും... 

അക്കാദമി എന്ന ജയിൽ 

ലോക ടെന്നിസിന്റെ ഫാക്ടറിയാണ് ഫ്ലോറിഡ. വമ്പൻ അക്കാദമികൾ. ലോകോത്തര പരിശീലന കേന്ദ്രങ്ങൾ. തലേന്ന് അഭയംതന്ന റഷ്യൻ ദമ്പതികൾ ഞങ്ങളെ റിക്കിമാസിയു അക്കാദമിക്കു മുന്നിലാക്കി. സത്യത്തിൽ എവിടെ ഏത് അക്കാദമിയിൽ പഠിക്കണം എന്ന ധാരണയൊന്നും ഞങ്ങൾക്കില്ലായിരുന്നു. അവിടെ ചേരുമ്പോൾതന്നെ 1000 ഡോളർ നൽകണം. യൂറിയുടെ പോക്കറ്റിൽ ആകെയുള്ളത് 700 ഡോളറാണ്. നിക്ക്‌ബൊളേത്തരി അക്കാദമിയെക്കുറിച്ച് യൂറി ധാരാളം വായിച്ചിട്ടുണ്ട്. അടുത്തയാത്ര അങ്ങോട്ടായിരുന്നു. ആന്ദ്രെ ആഗസി, മോണിക്ക സെലസ്, ജിംകുറിയർ തുടങ്ങിയ വമ്പൻമാരെ വളർത്തിവിട്ട ടെന്നിസിലെ എക്കാലത്തെയും വലിയ ഗുരുവാണ് നിക്ക്ബൊളേത്തരി. അക്കാദമിയുടെ വലിയ ഗേറ്റിനു മുന്നിൽ അഭയാർഥികളെപ്പോലെ ഞങ്ങൾ നിന്നു. അന്നൊരു ഞായറാഴ്‌ച. ആരെയും കയറ്റിവിടില്ല. പിറ്റേന്ന് വീണ്ടും ചെന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ നിക്ക് പ്രത്യക്ഷപ്പെട്ടു. നീണ്ട മുടിയും തിളങ്ങുന്ന പല്ലുകളുമുള്ള ഒരു മധ്യവയസ്‌കൻ. 

എന്റെ മകൾ നന്നായി പന്ത് ഹിറ്റ് ചെയ്യും എന്നതു മാത്രമാണ് യൂറിയുടെ സാക്ഷ്യപത്രം. എല്ലാ രക്ഷകർത്താക്കളും മക്കളെക്കുറിച്ച് അങ്ങനെ പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ടെന്ന് നിക്ക് പറഞ്ഞു. എങ്കിലും എന്റെ കളി കാണാനുള്ള സൻമനസ്സ് അദ്ദേഹത്തിനുണ്ടായി. 

ഞാൻ അന്ന് കീകൊടുത്ത പാവ പോലെ ആയിരുന്നു. കോർട്ട് കണ്ടാൽ എല്ലാം മറക്കും. എന്റെ കളി നിക്കിന് ഇഷ്ടമായി. പക്ഷേ, അക്കാദമിയിൽ പത്തുവയസ്സിൽ താഴെയുള്ളവർക്ക് ബോർഡിങ് ഇല്ല. ഞങ്ങൾക്ക് അടുത്തൊരു റഷ്യൻ സ്‌ത്രീയുടെ ഫ്ലാറ്റിൽ ഒരു മുറി കിട്ടി. 250 ഡോളർ വാടക. 25 മിനിറ്റ് നടപ്പുണ്ട് അക്കാദമിയിലേക്ക്. നേരം പുലരും മുൻപ് യൂറി ഉണരും. എനിക്കുള്ള പ്രാതൽ തയാറാക്കും. അക്കാദമിയിലേക്കു നടക്കുമ്പോൾ കളിയെക്കുറിച്ച് കുറെ കാര്യങ്ങൾ പറയും. എന്നെ അവിടെ വിട്ടശേഷം യൂറി പുല്ലുവെട്ടാനും കെട്ടിട നിർമാണ ജോലിക്കും പോകും. സമ്പന്നരായ കുട്ടികളായിരുന്നു അക്കാദമിയിൽ കൂടുതൽ. അവർക്കു നടുവിൽ പഴയ ഉടുപ്പും വലിയ റാക്കറ്റും പിടിച്ച് ഞാനൊരു കൗതുക കഥാപാത്രമായി. അവർ എന്നെക്കുറിച്ച് ഇംഗ്ലിഷിൽ തമാശ പറഞ്ഞു ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല. റഷ്യയുടെ അന്ന കൂർണിക്കോവ അന്നവിടെയുണ്ട്. ഞാനും റഷ്യക്കാരിയായതിനാൽ എന്നെ അന്നയുമായി പലരും താരതമ്യം ചെയ്തു. അന്നയുടെ അമ്മയ്ക്ക് അതിൽ അനിഷ്ടമുണ്ടായിരുന്നു. മാഷ എന്ന് അമേരിക്കക്കാർ വിളിച്ചില്ല. അവരെന്നെ മാർഷ എന്നു വിളിച്ചു. ആ വിളിയുടെ മൂർച്ച കാരണം ഞാനെന്റെ പേര് മരിയ എന്നാക്കി. അങ്ങനെയാണ് മാഷ ഷറപ്പോവ മരിയ ഷറപ്പോവയാകുന്നത്. 

അക്കാദമി ശരിക്കും ഒരു ജയിലാണ്. വിശ്രമമില്ലാത്ത പരിശീലനം. വൈകിട്ട് സ്കൂൾ ക്ലാസ്. ജിം... അങ്ങനെ കടുത്ത ഷെഡ്യൂൾ. കൺവയർ ബെൽറ്റിലാണ് ഭക്ഷണം വരുന്നത്. അതൊക്കെ ഞാൻ ആദ്യം കാണുകയാണ്. 

ഏദൻതോട്ടം അകലെ 

ഏദൻതോട്ടത്തിൽ നിന്നു ദൈവം ആദിമനുഷ്യരെ പുറത്താക്കിയ പോലെയായിരുന്നു അത്. എന്നെ ഒരു സുപ്രഭാതത്തിൽ നിക്ക്ബൊളേത്തരി അക്കാദമിയിൽനിന്നു പുറത്താക്കി. പ്രത്യേകിച്ച് ഒരു കാരണവും പറയാതെ. ഞാൻ അക്കാദമിയിലെ മുതിർന്ന കുട്ടികളെ സ്ഥിരം കളിച്ചു തോൽപിക്കുന്നതാണു കാരണമെന്ന് പിന്നീട് അറിഞ്ഞു. അവർ വലിയ ഫീസ് നൽകി പഠിക്കുന്നവർ. ഞാൻ നിക്കിന്റെ ദയാവായ്പിൽ കഴിയുന്ന വിദ്യാർഥി. അവിടെനിന്നു നേരെ പോയത് സെകൗബഗൗറ എന്ന കോച്ചിന്റെ കീഴിലുള്ള എൽകോൺക്വിസ്റ്റഡോർ അക്കാദമിയിലാണ്. യൂറി അവിടെ ജോലിക്കും കയറി. യൂറിക്ക് അന്ന് 28 വയസ്സ്‌ മാത്രം! പുതിയ കോച്ച് വലിയ ആർത്തിക്കാരനായിരുന്നു. എന്തിനും പണം വേണം.

 കോച്ച് വൈകാതെ യൂറിയെ പിരിച്ചുവിട്ടു. എനിക്കു യൂറി വലിയ പരിഗണന നൽകിയതാണ് കാരണം. ഞാൻ അവിടെ തുടർന്നു. യൂറിക്ക് കടുത്ത നടുവേദനയുടെ നാളുകളായിരുന്നു അത്.‍ താമസസ്ഥലത്തിനടുത്തുള്ള വലിയ ഗോൾഫ് കോഴ്സിൽ പുല്ലുവെട്ടാൻ പോയ യൂറി ഒരുദിവസം രാത്രി വൈകിയും വന്നില്ല. എനിക്ക് പരിഭ്രാന്തിയായി. യൂറി നടുവുവെട്ടി ജോലിസ്ഥലത്ത് വീണുപോയി. ആരും കണ്ടില്ല. വേദനകൊണ്ടു പുളഞ്ഞ യൂറിയെ ആശുപത്രിയിലാക്കാൻ പോലും കോൺട്രാക്ടർ മടിച്ചു. രണ്ടാഴ്ച യൂറി കട്ടിലിൽ കിടന്നു. അക്കാദമിയിൽ കൊടുക്കാനും വീട്ടുവാടക കൊടുക്കാനും പണമില്ലാതായി, രണ്ടിടത്തുനിന്നും ഞങ്ങളെ പുറത്താക്കി. 

അക്കാദമിയിൽ ഒപ്പം പരിശീലിക്കുന്ന സ്റ്റീവന്റെ പിതാവ് ഡോ. ബോബ് കെയ്നെ യൂറി വിളിച്ചു. വിശാലഹൃദയനായ ആ വലിയ മനുഷ്യൻ ‍‍ഞങ്ങളെ കാറയച്ച് വീട്ടിലേക്കു കൊണ്ടുപോയി. നാലു മുറിയുള്ള ഒരു വീട് ഞാനാദ്യമായി കാണുകയാണ്. മുറിയിൽനിന്നു പുറത്തേക്കു നോക്കിയപ്പോൾ ടെന്നിസ് കോർട്ടും സ്വിമ്മിങ് പൂളും. ആ വീട്ടിൽ കുടുംബാംഗങ്ങളെപ്പോലെ ഞങ്ങൾ ഒരുവർഷം താമസിച്ചു. 

ഞങ്ങളുടെ നിസ്സഹായാവസ്ഥ ഇതിനിടെ നിക്ക്ബൊളേത്തരിയുടെ ചെവിയിലെത്തി. നിക്ക് വീണ്ടും എന്നെ വിളിച്ചു. അക്കാദമിയിൽ എനിക്കു താമസിക്കാം. ഫീസ് വേണ്ട. ഭക്ഷണം ഫ്രീ. യൂറിക്ക് പ്രവേശനമില്ല.‍ ഞാൻ വേദനയോടെ യൂറിയെ പിരിഞ്ഞു. യൂറി ഇതിനിടെ ഇംഗ്ലിഷ് പഠിച്ചെടുത്ത് ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങി. 

ആദ്യത്തെ കരാർ 

ബെറ്റ്സി നജൽസെർ അമേരിക്കയിലെ പഴയൊരു ടെന്നിസ് താരമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് പ്രമോഷൻ ഏജൻസിയായ ഐഎംജി (ഇന്റർനാഷനൽ മാനേജ്മെന്റ് ഗ്രൂപ്പ്) സ്ഥാപകൻ മാർക്ക് മക്കോർമിക്കിന്റെ ഭാര്യ. അമേരിക്കയിൽ ജൂനിയർ തലത്തിൽ ഞാൻ ഇതിനിടെ പേരു നേടിയിരുന്നു. എന്റെ കളി കണ്ട ബെറ്റ്സിയാണ് എന്നെ സ്പോൺസർ ചെയ്യാൻ ഐഎംജിയോട് ആവശ്യപ്പെടുന്നത്. വലിയ വളർച്ചാ സാധ്യതയുള്ള കായികതാരങ്ങളെ ചെറുപ്പത്തിലേ കണ്ടെത്തി അവരിൽ നിക്ഷേപം നടത്തുന്നതാണ് ഐഎംജി രീതി. കമ്പനിയുടെ ഏജന്റുമാർ യൂറിയോട് സംസാരിച്ചു. വാടകയ്ക്കൊരു ഫ്ലാറ്റ്. ഒരു പഴയ കാർ. എല്ലാംകൂടി വർഷം 50000 ഡോളറാണ് യൂറി ആവശ്യപ്പെട്ടത്. അപ്പോൾ പരിശീലകനും മറ്റുപകരണങ്ങളും വേണ്ടേ? ഞങ്ങൾ ഒരു ലക്ഷം ഡോളർ തരുന്നുവെന്നാണ് ഐഎംജി പറഞ്ഞത്. തൊട്ടു പിന്നാലെ നൈക്കിയും കരാറൊപ്പിട്ടു. 

പതിനൊന്നാം വയസ്സിലാണിതെല്ലാം. ആ സമയത്ത് അമ്മയും എനിക്കരികിലെത്തി. ഞങ്ങൾ ബ്രാഡന്റനിൽ രണ്ടു ബെഡ്റൂമുള്ള ഫ്ലാറ്റെടുത്തു. 

ഗതിമാറ്റിയ ലാൻസ്ഡ്രോപ്

ജൂനിയർ തലത്തിൽ ഞാൻ ശ്രദ്ധേയമായ പല വിജയങ്ങളും നേടി. വിദഗ്ധ പരിശീലനം ലൊസാഞ്ചൽസിൽ റോബർട്ട് ലാൻസ്ഡ്രോപ് എന്ന പരിശീലകന്റെ കീഴിലാക്കി. പീറ്റ് സംപ്രാസിന്റെ ഗുരുവാണ് ലാൻസ്ഡ്രോപ്. എന്നെ ഞാനാക്കി മാറ്റിയ പരിശീലകനാണ് ലാൻസ്ഡ്രോപ്. തൊണ്ണൂറുകൾ വരെ ടെന്നിസിലെ ശക്തി ഫ്ലാറ്റ് സ്ട്രോക്കുകളായിരുന്നു. പിന്നീട് റാക്കറ്റിലും ഗ്രിപ്പിലും മാറ്റം വന്നതോടെ കളിക്കാർ പന്ത് സ്പിൻ ചെയ്യിക്കാൻ തുടങ്ങി. എന്നാൽ ലാൻസ്ഡ്രോപ് പന്ത് സ്പിൻ ചെയ്യിക്കുന്നതിന് എതിരായിരുന്നു. നെറ്റിൽ ടെന്നിസ് ബോൾ വരുന്ന കാൻ കെട്ടിവച്ച് അതിലേക്ക് ഫോക്കസ് ചെയ്ത് കാൻ അടിച്ചുവീഴ്ത്താനാണ് ലാൻസ്ഡ്രോപ് പരിശീലിപ്പിച്ചത്. ഏകാഗ്രത വർധിപ്പിക്കുന്ന പരിശീലന രീതി. പന്തിന്റെ ലക്ഷ്യപഥം നിയന്ത്രിക്കാനായാൽ നിങ്ങൾ വിജയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പഠന രീതി. നിങ്ങളുടെ ഈഗോയെല്ലാം കരിച്ചുകളയും ലാൻസ്ഡ്രോപ്. 

2001ൽ പതിനാലാം വയസ്സിൽ ഞാൻ പ്രഫഷനലായി വേൾഡ് ടെന്നിസ് അസോസിയേഷന്റെ ടൂർണമെന്റുകൾ കളിച്ചു തുടങ്ങി. പിറ്റേവർഷം വിമ്പിൾഡൻ ജൂനിയർ ഫൈനലിലെത്തി പരാജയപ്പെട്ടു. പിന്നെയും കുറെ മൽസരങ്ങൾ... 

വിസ്മയം വിമ്പിൾഡൻ 

ഒരു വലിയ സ്വപ്നത്തിന്റെ അരികിലെത്തി നിൽക്കുകയാണ് ഞാൻ. 2004ലെ വിമ്പിൾഡൻ വനിതാ ഫൈനൽ. എനിക്കൊപ്പം അമ്മ വന്നിട്ടില്ല. യൂറിയും കോച്ചും സപ്പോർട്ട് സ്റ്റാഫുമെല്ലാം ഉണ്ട്. പുരുഷൻമാരുടെ നടുവിൽ ഞാൻ തനിച്ച്. എനിക്ക് 100 വയസ്സായതുപോലെ തോന്നി. നാലാം വയസ്സിൽ കളി തുടങ്ങിയതാണ്. നാടും വീടും താണ്ടി തോൽവിയും വിജയങ്ങളുമറിഞ്ഞ് ഞാനും ഒരു ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്നു. അതും രാജകീയമായ വിമ്പിൾഡൻ സെന്റർ കോർട്ടിൽ. രണ്ടുവട്ടം തുടർച്ചയായി കിരീടം നേടിയ സെറീന വില്യംസ് ആണ് എതിരാളി. ഞാൻ കളിച്ചുതുടങ്ങിയപ്പോൾ മുതൽ കേട്ടിട്ടുള്ള പേരാണ് സെറീനയുടേത്. ഞങ്ങൾകണ്ട സ്വപ്നങ്ങൾ ഒരുപോലെയാണ്. സ്നേഹിച്ചതു ടെന്നിസിനെയാണ്. എന്നിട്ടും ഞങ്ങൾ സുഹൃത്തുക്കളായിരുന്നില്ല. 

തലേന്നു രാത്രി എനിക്ക് വെറുതെ ഒരു പനി വന്നു. എന്തിനാണ് ഇപ്പോഴൊരു പനി. ഞാൻ തേനൊഴിച്ച് ചായ മാത്രം കുടിച്ചു. പലവട്ടം. സെന്റർ കോർട്ടിലേക്ക് ആദ്യം ഇറങ്ങിയതു ഞാനാണ്. പടികളിറങ്ങുമ്പോൾ എനിക്ക് കലശലായ മൂത്രശങ്ക. ഞാൻ അംപയറോട് പറഞ്ഞ് ബാത്റൂമിൽ പോയി. അവിടെ വാതിലടച്ച് ചെവിയോർത്തു. സെന്റർ കോർട്ടിന്റെ ആരവം. സെറീന രാജകുമാരിയെപ്പോലെ വരികയാണ്. തോളുവിരിച്ച് തല ഉയർത്തിയാണു സെറീന എപ്പോഴും നടക്കുക. ജേതാവിന്റെ ഭാവം. 

വളരെ ഉയരത്തിൽനിന്ന് നോക്കുന്നതുപോലെയേ എതിരാളിയെ നോക്കൂ. എനിക്ക് എന്റേതായ നോട്ടമുണ്ട് കോർട്ടിൽ. എന്റേതായ ശൈലിയും. ആദ്യസെറ്റ് ഞാൻ അനായാസം വിജയിച്ചു 6–1. രണ്ടാം സെറ്റിൽ സെറീന തിരിച്ചടിച്ചു 2–6. മൂന്നാം സെറ്റിൽ ഓരോ പോയിന്റിനും വിയർപ്പ് ചിതറി. ഒടുവിൽ വിജയം എനിക്കൊപ്പം നിന്നു 6–4. ഞാൻ വിമ്പിൾഡൻ പുൽക്കോർട്ടിൽ മുട്ടുകുത്തി കൈകളുയർത്തി. സെറീന എനിക്ക് ഷേക്ക് ഹാൻഡ് തരുമെന്നാണ് കരുതിയത്. പക്ഷേ, അവരെന്നെ കെട്ടിപ്പിടിച്ചു. ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ഞാൻ എന്നെത്തന്നെ മറന്നുപോയ നിമിഷം. യൂറി അമിതമായ ആഹ്ലാദം പുറത്തുകാണിക്കാതെ ഗാലറിയിൽനിന്നു. എനിക്ക് അമ്മയെ വിളിക്കണം. ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. അമ്മയെ വിളിച്ചപ്പോൾ പരിധിക്കു പുറത്ത്. എന്നെ സ്വീകരിക്കാൻ ലൊസാഞ്ചൽസിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റിലായിരുന്നു അമ്മ. 

അന്നുരാത്രി വിമ്പിൾഡൻ ജേതാക്കളുടെ പാർട്ടി കഴിഞ്ഞ് ഞാൻ മുറിയിലേക്കു നടക്കുകയാണ്. യൂറിയെ കെട്ടിപ്പിടിച്ച് പറയണം. ഇതെല്ലാം യൂറിക്കാണ്. എനിക്കുവേണ്ടി ഒരു ജീവിതം തന്നെ മറന്ന് ഒരു സ്വപ്നത്തിനൊപ്പം നടന്ന യൂറിയുടെ വിജയമാണിത്. മുറി തുറക്കുമ്പോൾ യൂറി ഇല്ലായിരുന്നു. നേരം വെളുത്തപ്പോഴാണ് യൂറി വരുന്നത്. വിജയങ്ങൾ‌ ആഘോഷിക്കാൻ മദ്യത്തെ കൂട്ടുപിടിക്കുന്നതാണ് റഷ്യക്കാരുടെ രീതി. യൂറിയുടെ കയ്യിൽ അന്നത്തെ പത്രങ്ങളുടെ ഒരു കെട്ട്. മാഷാ ഇതു നിറയെ നീയാണ്... ഇതു നിറയെ നീയാണ്... കട്ടിലിൽ പത്രങ്ങളെല്ലാം നിരത്തി യൂറി എനിക്കുനേരെ നോക്കി. ഒരു വലിയ യാത്രയുടെ സഫലത. 

‘നിറംമങ്ങിയ ആ മഞ്ഞപ്പന്തിന് എന്തൊരു തിളക്കമാണല്ലേ മാഷാ’ എന്ന് യൂറി ചോദിക്കുന്നതുപോലെ...