Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചിട്ടും മരിക്കാത്തവർ

Author Details
Marilyn-Monroe മെർലിൻ മൺറോ

ഇന്ത്യന്‍ സിനിമയുടെ കത്തുന്ന സൗന്ദര്യമായിരുന്ന ശ്രീദേവി ദിവസങ്ങൾ മുൻപ് ലോകത്തെ  വിട്ടുപിരിഞ്ഞു. നടിയുടെ, പൊടുന്നനെയുള്ള  വേർപിരിയൽ ഇന്ത്യക്കാർക്ക് ആദ്യം ഉൾക്കൊള്ളാനായില്ല. അത്രയ്ക്ക് നാടകീയമായിരുന്നു ബാത്ടബ്ബിൽ വീണുള്ള മരണവും തുടർന്നുള്ള സംഭവവികാസങ്ങളും. എന്നാൽ സിനിമാചരിത്രത്തിലെ പല മിന്നും നക്ഷത്രങ്ങളും പൊലിഞ്ഞത് ഇതിലുംഅവിചാരിതമായാണ്. ഇവരുടെ കഥ

∙ഓഗസ്റ്റിന്റെ നഷ്ടം

1962 ഓഗസ്റ്റ് അഞ്ചിന് ലോകമുണർന്നത് ഒരു ദുരന്തവാർത്ത കേട്ടാണ്. ഹോളിവുഡിനെ അടക്കിഭരിച്ച താരറാണിയായ മെർലിൻ മൺറോ ലോകത്തോടു വിടപറഞ്ഞെന്നായിരുന്നു അത്. കുറേക്കാലമായി കഷ്ടകാലമായിരുന്നു ഹോളിവുഡിന്റെ സൗന്ദര്യധാമത്തിന്. 1961ൽ ഒട്ടേറെ അസുഖങ്ങൾക്കു ചികിൽസ തേടിയ മെർലിനെ വിഷാദരോഗവും വേട്ടയാടി.‘ദ് മിസ്ഫിറ്റ്സ്’ എന്ന സാമ്പത്തികമായി പരാജയപ്പെട്ട ചിത്രത്തിനു ശേഷമുള്ള നീണ്ട ഇടവേള കൂടിയായപ്പോൾ ദുരന്തത്തിന് ആക്കം കൂടി.  അടുത്തതായി കരാറുറപ്പിച്ചിരുന്ന ചിത്രത്തിൽ നിന്നു മോശം പെരുമാറ്റത്തിന്റെ പേരില്‍ മെർലിൻ പുറത്താവുക കൂടി ചെയ്തതോടെ നടിയുടെ പ്രതീക്ഷകൾ ഇടിഞ്ഞു.

ഒടുവിൽ ലൊസാഞ്ചലസിലെ ബ്രെന്റ്‌വുഡിലുള്ള തന്റെ വീട്ടിൽ വച്ച് ആ ജിവിതം അവസാനിച്ചു.ഉറക്കഗുളികകൾ അമിതമായി കഴിച്ചുള്ള ആത്മഹത്യയാണു താരത്തിന്റേതെന്നു കരുതപ്പെടുന്നു.എന്നാൽ മരണത്തിൽ നിഗൂഢത ആരോപിച്ചവരും ഒട്ടേറെയുണ്ടായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.

‌തുടരന്വേഷണങ്ങൾ നടന്നെങ്കിലും അസ്വാഭാവികമായതൊന്നും കണ്ടെത്തിയില്ല. മൺറോയുടെ മരണശേഷം ലൊസാഞ്ചലസിലെ  ആത്മഹത്യാനിരക്ക് ഉയർന്നെന്ന് ഒരു നിരീക്ഷണമുണ്ട്.

∙ അവസാനിക്കാത്ത നൃത്തം

മനുഷ്യജന്മത്തിനപ്പുറമുള്ള പരിവേഷം ആരാധകർ ചാർത്തിക്കൊടുത്ത താരമായിരുന്നു മൈക്കിൾ ജാക്സൺ. ചടുലത നിറഞ്ഞ നൃത്തവും ഗാനാലാപനവും അദ്ദേഹത്തിന് ‘പോപ്സംഗീതത്തിന്റെ രാജാവ് ’ എന്ന വിളിപ്പേര് നൽകി. 

ലൊസാഞ്ചലസിലെ സ്റ്റേപ്പിൾസ് സെന്ററിൽ, സംഗീതപരിപാടിയുടെ റിഹേഴ്സലിനായി 2009 ജൂൺ 24ന് എത്തിയതാണു ജാക്സൺ. രാത്രി ഒൻപതിനുശേഷം തുടങ്ങിയ റിഹേഴ്സൽ പാതിരാ പിന്നിട്ടിട്ടും തുടർന്നു.

Micheal-Jackson മൈക്കൽ ജാക്സൺ

പിറ്റേന്നു രാവിലെ ജാക്സൺ‌ അദ്ദേഹത്തിന്റെ മുറിക്കുവെളിയില്‍ വന്നില്ല. തുടർന്ന് ഉച്ചയോടെ, അദ്ദേഹത്തിന്റെ ഡോക്ടർ‌  കോൺറഡ് മുറേ മുറിക്കുള്ളിൽ കയറി. മരിക്കാറായി കിടക്കുന്ന ജാക്സണെയാണ് മുറേ കണ്ടത്. ഡോക്ടർമാരുടെ ഒരു സംഘം വിദഗ്ധചികിൽസ നല്‍കിയെങ്കിലും അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.മുറേയുടെ അപകടകരമായ ചികിൽസാരീതികളാണ് ജാക്സനെ മരണത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഏറെയാണ്.എന്നാൽ , അച്ഛന്റെ  മരണം കൊലപാതകമാണെന്ന് ജാക്സണിന്റെ മകൾ പാരിസ് പിന്നീട് പ്രസ്താവിച്ചത് ദുരൂഹതയുടെ മേഘങ്ങളെ വീണ്ടും കുത്തിയുയർത്തി.

സംഗീതമേഖലയിൽ ഏറ്റവും ആഘാതമുളവാക്കിയ മരണങ്ങളിലൊന്നായിട്ടാണ് ജാക്സന്റെ അന്ത്യം വിലയിരുത്തപ്പെട്ടത്.അവിശ്വസനീയമായ ആ ജീവിതം പോലെ തന്നെയായിരുന്നു അസാധാരണമായ ആ  മരണവും.

∙ഒരമ്മയുടെ കഥ, മകളുടെയും

ശ്രീദേവിയുടെ ദുരന്തം സംഭവിച്ചുകഴിഞ്ഞപ്പോൾ ബോളിവുഡ് നടിയും അവതാരകയുമായ സിമി ഗരേവാൾ അതിനെ ഉപമിച്ചത് വിറ്റ്നി ഹൂസ്റ്റന്റെ മരണത്തോടാണ്.ഒരുപാട് സാമ്യങ്ങളുണ്ടായിരുന്നു ഇരുമരണങ്ങളും തമ്മിൽ.

Whitney-Houston വിറ്റ്നി ഹൂസ്റ്റൻ

ഒട്ടേറെ ആരാധകരുണ്ടായിരുന്നു വിറ്റ്നിയുടെ സംഗീതത്തിന്. എണ്ണമില്ലാത്ത അവാർഡുകളും അവർ തന്റെ കരിയറിൽ     സ്വന്തമാക്കി. 2012 ഫെബ്രുവരി 11നാണ് വിറ്റ്നിയുടെ മൃതശരീരം ബെവർലി ഹിൽസിലെ ഹോട്ടലിലുള്ള ബാത്ടബ്ബിൽ നിന്നു കണ്ടെത്തിയത്.ഗ്രാമി അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ.മൃതദേഹത്തിനു സമീപത്തായി ഷാംപെയ്നും , വെള്ളത്തരികൾ പോലെയുള്ള ഒരു വസ്തുവും കണ്ടെത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.വ്യക്തിപരമായ വിഷമങ്ങൾ, ലഹരി ഉപയോഗം എന്നിവ നാൽപ്പത്തിയെട്ടുകാരിയായ വിറ്റ്നിയെ വേട്ടയാടിയിരുന്നു. വിറ്റ്നിയെ ഇല്ലാതാക്കിയ ദുരന്തം മകൾ ബോബി ക്രിസ്റ്റീനയെയും വെറുതെവിട്ടില്ല. പ്രശസ്തയായ അമ്മയുടെ മകളായതിനാല്‍ ചെറുപ്പകാലം മുതൽ പപ്പരാസികളുടെ ക്യാമറക്കണ്ണുകൾ ബോബിയെ വേട്ടയാടിയിരുന്നു.2015ൽ അമേരിക്കയിലെ ജോർജിയയിലുള്ള വീട്ടിലെ ബാത്ടബ്ബിൽ ഗുരുതരാവസ്ഥയില്‍ ബോബിയെ കണ്ടെത്തിയത് പ്രതിശ്രുതവരനായ നിക് ഗോർഡനും ഒരു സുഹൃത്തും കൂടിയായിരുന്നു.തുടർന്ന് ബോബിയെ ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം കോമയിൽ കിടന്നതിനു ശേഷം അന്ത്യവിധി ബോബിയെ തേടിയെത്തി.ലഹരിമരുന്ന്  അമിതമായി ഉപയോഗിച്ചതു മൂലമുണ്ടായ മുങ്ങിമരണമെന്നാണ് ഡോക്ടർമാർ മരണത്തെ വിലയിരുത്തിയത്.

bobby-kristina ബോബി ക്രിസ്റ്റീന

∙പ്രിയപ്പെട്ട എൽവിസ്

അമേരിക്കൻ സംഗീതലോകത്തെ അനശ്വരചക്രവർത്തിയായി ഉയർന്നു ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രതിഭയായിരുന്നു എൽവിസ് പ്രസ്‌ലി.1935ൽ അമേരിക്കയിലെ മിസിസിപ്പിയിലാണ് എൽവിസ് ജനിച്ചത് . ഇരുപത്തിയൊന്നാം വയസ്സിൽ പുറത്തിറക്കിയ ‘ഹാർട്ബ്രേക്ക് ഹോട്ടലിലൂടെ’ അദ്ദേഹം പ്രശസ്തനായി.തുടർന്നു റോക്ക് ആന്‍ഡ് റോൾ സംഗീതത്തിന്റെ കുലപതിയായി മാറിയ എൽവിസിന്റെ ജീവിതം സ്വപ്നത്തിനെ വെല്ലുന്ന രീതിയിൽ ആഡംബരപൂർണമായി. 

elvis-presley എൽവിസ് പ്രസ്‌ലി

ഇടക്കാലത്ത് അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായ എൽവിസ് ജർമനിയിൽ വച്ചു പ്രിസില്ല എന്ന പെൺകുട്ടിയെ കണ്ടുമുട്ടി. പരിചയം പ്രണയത്തിലേക്കും പ്രണയം വിവാഹത്തിലേക്കും നയിച്ചു. ഒടുവിൽ വിവാഹമോചനത്തില്‍ പിരിയാനായിരുന്നു ഇരുവരുടെയും വിധി.

ഇതിനിടെ ഒരു പെൺകുട്ടിയുടെ അച്ഛൻ കൂടിയായ എൽവിസിന്റെ വിവാഹമോചനാനന്തര ജീവിതം ദുരിതപൂർണമായിരുന്നു. അമിതമായ മദ്യ ,ലഹരിമരുന്ന് ഉപയോഗം, ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കൽ‌ തുടങ്ങി ഒട്ടേറെ അനാരോഗ്യശീലങ്ങൾ എൽവിസിനുമേൽ അക്കാലത്തു പിടിമുറുക്കി.ഇവയുടെയെല്ലാം ഫലമെന്ന നിലയിൽ മരണം എൽവിസിനെ തേടിയെത്തി.1977 ഓഗസ്റ്റ് 16ന്, ഇതിഹാസതുല്യമായ ആ ജിവിതം ഹൃദയസ്തംഭനത്തിനു കീഴടങ്ങുമ്പോൾ വെറും 42 വയസ്സായിരുന്നു എൽവിസിനു പ്രായം.

ആരാധകരുടെ ഇടയില്‍ മരണം ഏൽപിച്ച ആഘാതം കടുത്തതായിരുന്നു.  പലരും  വാർത്ത വിശ്വസിക്കാതെ ടെന്നസിയിലുള്ള അദ്ദേഹത്തിന്റെ വീടിനുമുന്നിൽ തടിച്ചുകൂടി. ഇന്നും എൽവിസ് ജീവനോടെയുണ്ടെന്നു വിശ്വസിക്കുന്ന ആരാധകരും ഒട്ടേറെയുണ്ട്. മരണം കൊണ്ട് അനശ്വരത നേടുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു എൽവിസ്. 

∙ഡെബ്ബിയും കാരിയും

ക്യാരക്ടർ റോളുകളിലൂടെ ആരാധകരുടെ മനം കവർന്ന ഡെബ്ബി റെയ്നോൾഡ്സ് 2016 ഡിസംബർ 28ന് അന്തരിച്ചു. അമിതമായ സമ്മർദം  മൂലമുണ്ടായ മരണത്തിന് പ്രധാനകാരണം മകളും നടിയുമായ കാരി ഫിഷറിന്റെ മരണമായിരുന്നു.ഒരു വിമാനയാത്രയ്ക്കിടെ 2016 ഡിസംബർ 27നായിരുന്നു ഹൃദയാഘാതം മൂലം കാരി മരിച്ചത്. അപ്പോൾ മുതൽ കാരിയോടൊപ്പം പോകണമെന്നു പ്രാ‍ർഥിച്ച ഡെബ്ബിയോട്, മരണം ഒരു ദിവസത്തിനു ശേഷം വാക്കുപാലിച്ചു.

debbie-reynolds-carrie-fisher ഡെബ്ബിയും കാരിയും