Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാമറയത്തെ അച്‌ഛൻ

Author Details
russian-father-daughter വര: അജിൻ കെ.കെ.

രണ്ടാം ലോകമഹായുദ്ധ കാലത്തു റഷ്യൻ ഭരണകൂടം നൽകിയ തെറ്റായ വിവരത്തെ തുടർന്ന് ‘ഭർത്താവിനെ വഞ്ചിച്ചവളായി ജീവിച്ച’ ഒരമ്മയുടെ മക്കൾ. തന്റെ അമ്മ തെറ്റുകാരിയല്ലെന്നു പറയാനെങ്കിലും ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിച്ച ‘അച്ഛനെക്കുറിച്ചു’ മനോരമയോടു സംസാരിക്കുന്നു, അവരിലൊരാൾ.

ലാത്വിയ എന്ന കൊച്ചുരാജ്യത്തെ റിഗാ നഗരം. 1953ലെ മഞ്ഞു മാറി നിന്ന സായാഹ്നം.

കമ്പിളി പുതച്ചു വീട്ടുമുറ്റത്തേക്ക് അയാൾ വന്നു കയറുമ്പോൾ തത്വിയാനയും അലക്സാണ്ട്രിയയും അവരുടെ കൊച്ചനുജൻ സ്റ്റാൻസ്‌ലവും കാബേജ് സൂപ്പ് നുണയുകയായിരുന്നു. മക്കൾക്കു കഴിക്കാൻ കൊടുത്തിട്ട് അടുക്കളപ്പണി തീർക്കുന്ന തിരക്കിലായിരുന്നു അമ്മ സോയ. അമ്മയൊന്നാണെങ്കിലും രണ്ടുപേർക്കും അച്‌ഛന്മാർ രണ്ടാണ്‌. ആ കഥയിലേക്കു വരാം. വന്നു കയറിയ ആൾക്കു കാണേണ്ടിയിരുന്നതു സോയയെ ആയിരുന്നു. മക്കൾ അമ്മയെ വിളിച്ചുവന്നു. നിറഞ്ഞൊഴുകിയ കണ്ണുകൾ...‌ ഏറെക്കുറെ നിശ്ശബ്ദമായി നീങ്ങിയ സംഭാഷണം. തിരിഞ്ഞു നോക്കാതെ, കണ്ണുതുടയ്‌ക്കാതെ അയാൾ ഇറങ്ങിപ്പോയി... എങ്ങോട്ടേക്ക്‌? അതാണ്‌ ഈ മക്കൾക്കും അറിയേണ്ടത്‌. ഇനിയുമറിയാത്ത നൊമ്പരം. ഇനിയൊരിക്കലുമറിയാനിടയില്ലാത്ത സങ്കടം.

tathviyana-russia തത്വിയാന

ആ മക്കളിപ്പോൾ..

തത്വിയാന- അതേ റിഗാ നഗരത്തിൽ താമസിക്കുന്ന അറുപത്തിയാറുകാരി. സ്വന്തം ബിസിനസ്സ് സംരംഭമുണ്ട്.

അലക്സാൻഡ്രിയ- യുക്രെയ്നിൽ മക്കൾക്കും കൊച്ചുമക്കൾക്കൊപ്പം ഓർമകളുടെ ഭാരവും പേറി കഴിയുന്ന മുത്തശ്ശി.

എന്തിനാവും അയാൾ ഇറങ്ങിപ്പോയതെന്നറിയണമെങ്കിൽ തത്വിയാന ജനിക്കുന്നതിനും മുമ്പുള്ളൊരു കഥയറിയണം, അലക്സാൻഡ്രിയയുടെ ബാല്യമറിയണം. അതു ചരിത്രത്തിലുണ്ട്‌. നാം സ്‌കൂളിൽ പഠിച്ച സാമൂഹിക പാഠപുസ്‌തകത്തിലുണ്ട്‌. രണ്ടാം ലോകമഹായുദ്ധ കാലത്തെ റഷ്യയുടെ ചരിത്രമാണ്‌ ഇവരുടെ ജീവിതം, നൊമ്പരവും! ഇവരെ പോലെ ഒരായിരം പേരെ ഇന്നും തിന്നു കൊണ്ടിരിക്കുന്ന സങ്കടങ്ങളുടെ റഷ്യൻ ഭൂതകാലമറിയാതെ ഇവരുടെ ജീവിതകഥ പൂർണമാവില്ല.

ഒന്നാം ലോക യുദ്ധത്തിലേറ്റ പരാജയത്തിന്റെ അപമാനഭാരത്തിൽ നിന്ന് വീണ്ടെടുപ്പിനായി യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട ജർമനി പോളണ്ടും കടന്നു സോവിയറ്റ് യൂണിയന്റെ സമീപ പ്രദേശങ്ങൾ കീഴടക്കിത്തുടങ്ങിയ കാലം. എങ്കിൽ യുദ്ധം തന്നെ എന്നു തീരുമാനിച്ച് 1941 ജൂൺ 22നു റഷ്യയും നേർക്കുനേർ വന്നു. ഒന്നൊന്നായി പിടിച്ചടക്കൽ തുടങ്ങി. റഷ്യയുടെ പ്രധാന നഗരമായ സെന്റ് പീറ്റേഴ്സ്ബർഗ് ഉപരോധിക്കുക എന്നതായിരുന്നു ജർമനിയുടെ പ്രധാന യുദ്ധതന്ത്രം. ലെനിൻഗ്രാഡ് ബ്ലോക്കേഡ് എന്നറിയപ്പെട്ട പോരാട്ടത്തിന്റെ തുടക്കത്തിൽ തന്നെ ജർമൻ പട്ടാളം പിടിമുറുക്കിയിരുന്നു. നഗരത്തിൽ കുടുങ്ങിക്കിടന്ന റഷ്യൻ ജനതയ്ക്ക് ഭക്ഷണം എത്തിച്ചു നൽകാൻ റഷ്യൻ പട്ടാളം കാണിച്ച ധീരതയെക്കുറിച്ചു തന്നെ നൂറുനൂറു കഥകളുണ്ട്. ജർമനി കരുതിയതു പോലെ ലെനിൻഗ്രാഡ് കൊണ്ടൊന്നും സോവിയറ്റ് യൂണിയൻ തീർന്നില്ല. ശരിക്കുള്ള പോരാട്ടം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

alexandria-thatviyana താത്വിയാനയും അലക്സാൻഡ്രിയയും

അങ്ങനെയാണ് യുവാക്കൾക്കു നിർബന്ധിത സൈനികസേവനം റഷ്യൻ ഭരണകൂടം കർശനമാക്കിയത്. യുവാക്കളെല്ലാം കുറഞ്ഞതു മൂന്നു വർഷമെങ്കിലും സൈന്യത്തിൽ പ്രവർത്തിക്കണം. യുദ്ധസജ്ജമായ രാജ്യത്തിനൊപ്പം അണിചേരാൻ ആവശ്യപ്പെട്ടു കത്തു വന്നു. റഷ്യയിലെ ടോമ്പോവ് പട്ടണത്തിൽ ഭാര്യയും രണ്ടു മക്കളുമൊത്തു സന്തുഷ്ടനായി കഴിഞ്ഞ സെമിയോൻ യെവ്ദോകിമോവിനും പോകാൻ നേരമായി. മനസ്സനുവദിച്ചില്ലെങ്കിലും കണ്ണുനീർ തുടച്ച്, പട്ടാളത്തിലേക്ക്‌ ആളെ കൂട്ടാൻ വന്ന ടാങ്കറേറി അയാളും പോയി. റഷ്യയെന്ന ദേശീയവികാരം മനസ്സിൽ നിറച്ച്. സോയയായിരുന്നു അയാളുടെ ഭാര്യ. ഇവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞത് ഇവിടെയാണ്.

വിധി തെളിച്ച വഴിയേ...

അതു വിധിയായിരുന്നു, അക്കാലത്തെ എല്ലാ റഷ്യൻ യുവതികളുടെയും. ഭർത്താവിനെയും യുദ്ധമുഖത്തേക്കു കൂട്ടി ടാങ്കറുകൾ പോകുമ്പോൾ ഒപ്പം ജീവിച്ച പെണ്ണിനും അയാളിൽപ്പിറന്ന മക്കൾക്കും പലായനമായിരുന്നു പിന്നെയുള്ള വഴി. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ പ്രത്യേകിച്ചും. റഷ്യയുടെ സാംസ്‌കാരിക തലസ്‌ഥാനമായ സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗും അനുബന്ധ പ്രദേശങ്ങളുമടക്കം പിടിച്ചടക്കി ജർമൻ സൈന്യം മുന്നേറ്റം തുടരുകയാണ്. പേടിച്ചരണ്ട മാറിൽ മക്കളെയും ചേർത്തു സോയയും നാടു മാറി. ഒരായിരം റഷ്യൻ അമ്മമാരെ പോലെ. പട്ടാളക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം ഉഹു പട്ടണത്തിലേക്ക്‌.. പിന്നെയും മാറി മാറി പല പല ദേശങ്ങളിൽ. ഒടുവിൽ ജനിച്ച നാട്ടിലെന്നല്ല, രാജ്യത്തു തന്നെ ജീവിക്കാൻ കഴിയാത്ത അവസ്‌ഥയിൽ അവർ കിർഗിസ്‌ഥാനിൽ അഭയം തേടി.

കിർഗിസ്‌ഥാനിലെത്തുമ്പോൾ സോയയ്ക്കൊപ്പമുണ്ടായിരുന്ന മക്കൾ അലക്സാണ്ട്രിയയും സ്റ്റാൻസ്‌ലവുമായിരുന്നു. വിഷമതകൾക്കിടയിലും അവർ പ്രതീക്ഷയോടെ ജീവിച്ചു. സൈനികവൃത്തിയിലുള്ളവരുടെ ബന്ധുവിവരങ്ങൾ, അവർ പലായനം ചെയ്തിട്ടുപോലും സർക്കാരിന്റെ പക്കലുണ്ടായിരുന്നു.

പൊഹറൂങ്ക എന്ന ചതി

സൈനിക സേവനം കഴിഞ്ഞാൽ കുടുംബത്തിലേക്കു തിരിച്ചെത്തുന്നവരുടെ എണ്ണം കുറവായിരുന്നു. ബന്ധുക്കളിൽ പലരെയും തേടിയെത്തിയത് പൊഹറൂങ്ക എന്നൊരു കടലാസു തുണ്ടു മാത്രം. പൊഹറൂങ്ക എന്നാൽ മരണക്കുറിപ്പ്‌ എന്നർഥം. പട്ടാള സേവനത്തിനിടെ മരിച്ച വിവരം ബന്ധുമിത്രാദികളെ അറിയിക്കുകയാണ് ലക്ഷ്യം. രണ്ടാം ലോകയുദ്ധ കാലത്ത്‌, യുദ്ധ സേവനത്തിനിറങ്ങിയവരെ കാണാതായാൽ മരണം ഉറപ്പിക്കുകയായിരുന്നു രീതി. അങ്ങനെ കിട്ടിയ പൊഹറൂങ്കയാണ് ഈ കഥയിലെ വില്ലൻ!!

മരിച്ചെന്ന വിവരവുമായി സോയയെ തേടി പൊഹറൂങ്കയെത്തി. ജീവിച്ചു കൊതി തീർന്നിരുന്നില്ല. പക്ഷേ അലക്സാണ്ട്രിയ, അവളുടെ കൊച്ചനുജൻ... ഉറ്റവർ കാണാമറയത്തായിട്ടും ചിലർ മരിച്ചു തന്നെ പോയിട്ടും മക്കൾക്കുവേണ്ടി പിടിച്ചുനിന്ന അനേകം സ്‌ത്രീകളെപ്പോലെ സോയയും ജീവിതം തുടർന്നു.

രണ്ടാം ജന്മം

sehiyon-wife-kid

റഷ്യയിൽ യുദ്ധക്കെടുതിയുടെ നീറ്റലൊടുങ്ങിയിരുന്നില്ല. സോയയുടെ നെഞ്ചിലും. എങ്ങനെ മക്കളെ പോറ്റുമെന്നറിയാതെ നിൽക്കവേ ആ അമ്മയ്‌ക്കു നേരെ ജീവിതം കൈനീട്ടി. മിലിട്ടറി ഉദ്യോഗസ്‌ഥൻ നിക്കോളയ് ഷഗ്‌ലിന്റെ രൂപത്തിൽ. വിധവയായ സോയയെ ജീവിതത്തിൽ ഒപ്പം നിർത്തി. അവർക്കു രണ്ടു മക്കൾ. തത്വാനിയയും ലാരിസയും. ഒരമ്മയുടെ നാലു മക്കളും ഒന്നു പോലെ വളർന്നു.

പറിച്ചുനടൽ, ഓർമകളിൽ നിന്ന്

പുതിയ ജീവിതത്തിൽ സന്തോഷിക്കുമ്പോഴും അമ്മയുടെ ഓർമകളിൽ സെമിയോനുമുണ്ടായിരുന്നു. ഒരു മാറ്റം അനിവാര്യമായിരുന്ന കാലത്ത്‌, ഷഗ്‌ലിൻ അയൽരാജ്യമായ ലാത്വിയയിലേക്കു നിയോഗിക്കപ്പെട്ടു. റഷ്യക്കാരുടെ അധിനിവേശത്തിനെതിരെ ലാത്വിയയിൽ പ്രാദേശിക ചെറുത്തുനിൽപാരംഭിച്ചിരുന്നു. കാടുകളിലൊളിച്ചിരുന്നു പോരടിക്കുന്നവർക്കെതിരെയായിരുന്നു യുദ്ധം. ജീവിത ദുരന്തം ആവർത്തിക്കുമോ എന്നു വ്യാകുലപ്പെട്ട കാലം. കുറച്ചുകാലത്തേക്കു വീടുവിട്ടു നിൽക്കേണ്ടി വന്നെങ്കിലും ഷഗ്‌ലിൻ തിരിച്ചു വന്നു.

യുദ്ധം അവസാനിക്കുന്നു

നാളിതുവരെ മനുഷ്യചരിത്രം കണ്ട അതിഭീകരമായ യുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ പേർ അംഗഭംഗരായി. ഭൂഗോളത്തിന്റെ നാനാദിക്കിലും രാജ്യങ്ങൾ പോരടിച്ചു. ജപ്പാനെ കുരുതിക്കളമാക്കി സർവവിനാശകാരിയായ അണുബോംബ് വർഷിക്കപ്പെട്ടു. ഹിറ്റ്ലർ, മുസോളിനി തുടങ്ങിയ ഏകാധിപതികൾ ജീവിതത്തിൽ നിന്നു തന്നെ തുടച്ചുനീക്കപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമായി തകർന്നടിഞ്ഞു. പുതിയ സാമ്പത്തിക ശക്തികൾ ഉദയം ചെയ്തു. പുതിയ ആയുധങ്ങൾ തന്നെ അവതരിച്ചു. ചുരുക്കത്തിൽ ലോകഗതിയെ മാറ്റിമറിച്ച യുദ്ധം 1945ൽ അവസാനിച്ചു.

ഹൃദയത്തിൽ യുദ്ധം തുടങ്ങുന്നു

യുദ്ധം അവസാനിച്ചെങ്കിലും റഷ്യയിൽ ജീവിതം കഠിനമായിരുന്നു. സ്‌റ്റാലിന്റെ ഭരണകാലം. അവിടേക്കു മടങ്ങാതെ നാലുമക്കളെയും ഭാര്യയേയും കൂട്ടി ലാത്വിയയിൽ തുടരാനായിരുന്നു ഷഗ്‌ലിന്റെ തീരുമാനം. ഓർമകളിലേക്കു മടങ്ങാൻ സോയയും ആഗ്രഹിച്ചിരുന്നിരിക്കില്ല.

നാം ആദ്യം വായിച്ച റിഗയിലെ ആ പഴയ സായാഹ്നം. അപ്രതീക്ഷിതമായി കടന്നുവന്ന ചെമ്പൻമുടിക്കാരൻ. അയാളാണ്‌ ഈ കഥയിലെ നായകൻ. വർഷങ്ങൾക്കിപ്പുറവും ഭാര്യയെയും മക്കളെയും തേടി വന്ന സ്‌നേഹനായകൻ- സെമിയോൻ യെവ്ദോകിമോവ്. യുദ്ധത്തിൽ മരിച്ചെന്നു റഷ്യൻ ഭരണകൂടം തീർപ്പുകൽപിച്ച അതേ മനുഷ്യൻ. സോയയുടെ ആദ്യ ഭർത്താവ്‌.

രണ്ടാം വരവ്

കാണാമറയത്തേക്കു പോയ സെമിയോനെക്കുറിച്ച് അമ്മ പറഞ്ഞ കഥയേ മക്കൾക്കറിയൂ. അയാൾ സ്‌നേഹമായിരുന്നു. സോയയും മക്കളും പലായനം ചെയത വഴികളിലൂടെ അലഞ്ഞു. കിർഗിസ്‌ഥാനിലുണ്ടാവുമെന്നു കരുതി അവിടേക്കു പോയി, അവിടെ ചിലർ നൽകിയ വിവരമറിഞ്ഞാണത്രെ ലാത്വിയയിലേക്കു വന്നത്‌. വേറെ വിവാഹം ചെയ്‌തെന്നു പറഞ്ഞപ്പോൾ കരഞ്ഞു. നിസ്സഹായയിരുന്നു അമ്മ. മക്കളെ നോക്കാൻ അവർക്കു വേറെ വഴിയില്ലായിരുന്നു.

എവിടെയായിരുന്നു?

പൊഹറൂങ്ക അയച്ചവർക്കു തന്നെ അറിയാമായിരുന്നു, സെമിയോനെക്കുറിച്ച്. ജർമൻ പട്ടാളത്തിന്റെ ആക്രമണത്തിനിടയിൽ ഒറ്റപ്പെട്ടു പോയ അയാൾ മാസങ്ങൾ കഴിഞ്ഞു റഷ്യൻ പട്ടാള ക്യാംപിലേക്കു തിരിച്ചെത്തിയിരുന്നു. സ്വന്തം പട്ടാളക്കാരെ പോലും കണ്ണടച്ചു വിശ്വസിക്കാൻ അന്നു സൈനിക മേധാവികൾ തയാറായിരുന്നില്ല. സെമിയോനടക്കം കാണാതാകുന്നവർ തിരിച്ചെത്തിയാൽ ചാരനല്ലെന്ന് ഉറപ്പിക്കാൻ തടങ്കലിൽ പാർപ്പിച്ചു നിരീക്ഷിക്കുകയായിരുന്നു രീതി. വിധികൂടി തിരിഞ്ഞുനിന്നപ്പോൾ സെമിയോന്റെ തടവും നീണ്ടു. യുദ്ധാനന്തരം ജയിൽമോചിതനായി പലയിടത്തും അലഞ്ഞു. കുടുംബത്തെ കണ്ടെത്തണമെന്ന ആഗ്രഹം മാത്രം പോരല്ലോ. അതിനുള്ള സാഹചര്യം ഒത്തുവന്നപ്പോൾ ജീവിതം തന്നെ കൈവിട്ടുപോയിരുന്നു.

ഒരു ആശ്വാസവാക്കു പോലും പറയാതെ ഇറങ്ങിപ്പോയ സെമിയോനെ കണ്ടെത്താൻ സോയ പിന്നെയും ശ്രമിച്ചു. ഭർത്താവ് ഷഗ്‌ലിൻ പോലും അറിയാതെ. വിലാസം കണ്ടെത്താൻ അക്കാലത്തു റഷ്യയിൽ പ്രവർത്തിച്ചിരുന്ന ഏജൻസിക്കു കത്തെഴുതി സോയ വിലാസം തേടിപ്പിടിച്ചു. നൂറുനൂറു സ്നേഹാന്വേഷണങ്ങളുമായി കത്തെഴുതി. അതിനു മറുപടിയും വന്നു. പക്ഷേ, കത്തു ലഭിച്ചത് ഷഗ്‍ലിന്റെ കൈവശമായിരുന്നു. സോയയെ കാണിക്കാതെ ആ കത്തു കീറിക്കളഞ്ഞതിനു തത്വിയാനയും അലക്സാണ്ട്രിയയും മാത്രം സാക്ഷി. അതിലെ‍ന്തായിരുന്നെന്നു പോലും അറിയേണ്ടവർ അറിയാതെ പോയി.

മക്കളിൽ ആദ്യം സ്റ്റാൻസ്‌ലവും പിന്നെ ലാരിസയും മരിച്ചു. ചിരിച്ചും സന്തോഷിച്ചും തന്നെ സോയ പിന്നെയും ജീവിച്ചു. എത്രയോ വർഷങ്ങൾ. 1995ൽ മരിക്കുമ്പോഴും അവരുടെ ഉള്ളിലെ വിങ്ങലിന്റെ പേര് സെമിയോൻ എന്നു തന്നെയായിരുന്നിരിക്കില്ലേ? ഒരു റഷ്യൻ മുത്തശ്ശിക്കഥ പോലെ മക്കളും കൊച്ചുമക്കളും പറയുമായിരിക്കും സെമിയോൻ എന്ന മുത്തച്ഛന്റെ കഥ. 

ഇനിയൊരിക്കലും കാണില്ലായിരിക്കാം. എങ്ങോട്ടേക്കോ ഇറങ്ങി മറഞ്ഞുപോയ ആ അച്‌ഛന്‌ എന്തു സംഭവിച്ചിരിക്കാം? അമ്മ ഉള്ളിലൊളിപ്പിച്ച സ്‌നേഹം പറയാനെങ്കിലും ഒന്നു കാണണമെന്നുണ്ടായിരുന്നു. ആ അച്ഛന്‌ എന്തു സംഭവിച്ചെന്ന് ഈ മക്കൾക്ക്‌ അറിയണമെന്നുണ്ടായിരുന്നു!

പുടിൻ പറഞ്ഞ കണ്ണീർക്കഥ

രണ്ടാംലോക യുദ്ധത്തിന്റെ വീരകഥകളിൽ പറയാതെയും സങ്കടച്ചിത്രങ്ങളിൽ പതിയാതെയും പോയ‌ നൂറുനൂറു സ്ത്രീകളുണ്ട്. തലമുറകൾ പലതു മാറിയിട്ടും പഴയ സോവിയറ്റ് യൂണിയന്റെ പലഭാഗങ്ങളിലും അവരുടെ നൊമ്പരത്തിന്റെ നീറ്റലിപ്പോഴുമുണ്ട്. അതിലൊരമ്മയെ ലോകം അറിഞ്ഞതു തന്നെ പതിറ്റാണ്ടുകൾക്കുശേഷം പ്രശസ്തനായി തീർന്ന അവരുടെ മകൻ അമ്മയെക്കുറിച്ചു പറഞ്ഞപ്പോഴാണ്. ആ അമ്മ– മരിയ ഷെലമോവ.

ലോകയുദ്ധാരംഭത്തിൽ ജർമനി പിടിമുറുക്കിയതോടെ റഷ്യൻ ജനത കൊടിയ പട്ടിണിയിലായി. 900 ദിവസങ്ങളാണ് ജർമൻ സേന ലെനിൻഗ്രാഡ് ഉപരോധിച്ചു നിന്നത്. ഈ കാലയളവിൽ പട്ടിണിയും രോഗവും മൂലം റഷ്യയിൽ മരിച്ചുവീണത് രണ്ടുകോടി പത്തുലക്ഷം പേരെന്നാണ് കണക്ക്. യുദ്ധത്തിൽ കാലിനു പരുക്കേറ്റ് ആശുപത്രിയിലായിരുന്നു മരിയയുടെ ഭർത്താവ്. 

ചികിൽസ കഴിഞ്ഞ് ഊന്നുവടികളുടെ സഹായത്തോടെ വീട്ടിലെത്തിയ അദ്ദേഹം കണ്ടത് പട്ടിണി കിടന്ന് അബോധാവസ്‌ഥയിലായ ഭാര്യയെ മരിച്ചെന്നു കരുതി ശ്‌മശാന ജോലിക്കാർ ശവവണ്ടിയിലിട്ടു കൊണ്ടു പോകുന്നതാണ്. അവർക്കിടയിലേക്കു ചാടിവീണ് കൂടിക്കിടന്ന ജഡങ്ങൾക്കിടയിൽനിന്നു ഭാര്യയുടെ ശരീരം തിരഞ്ഞുപിടിച്ച അദ്ദേഹം ഒരുനിമിഷം തരിച്ചുനിന്നു. 

അപ്പോഴും ശ്വാസം പൂർണമായി നിലച്ചിരുന്നില്ല. എല്ലും തോലുമായ പ്രിയതമയുമായി അദ്ദേഹം താൻ കിടന്ന അതേ ആശുപത്രിയിലെത്തി. അവിടെനിന്നു ലഭിച്ച ഭക്ഷണമാണ് അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്.

ശവക്കൂനകൾക്കിടയിൽ നിന്ന് അദ്ഭുതം പോലെ ജീവിതത്തിലേക്കു തിരിച്ചുവന്ന ആ അമ്മ ഏഴു വർഷങ്ങൾക്കുശേഷം ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ മകനാണ് പതിറ്റാണ്ടുകൾക്കുശേഷം ലോകത്തെ വൻശക്‌തികളിലൊന്നായ റഷ്യയെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. 

പേര് വ്ലാഡിമർ പുടിൻ!! നാസിപ്പടയ്‌ക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ യുദ്ധവിജയത്തിന്റെ അറുപതാം വാർഷികാഘോഷ വേളയിൽ റഷ്യയിലെ ദേശീയ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പുടിൻ തന്നെയാണ് ഇക്കഥ വെളിപ്പെടുത്തിയത്.