Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബിക്കഥ പോലെ ഒരു അറബി

Khalil-al-Rawaf ഖലീൽ അൽ റവാഫ്

ആധുനിക സൗദി അറേബ്യ രൂപം കൊള്ളുന്നതിനും വളരെ മുൻപ്, അൽ‌ ഖസീം പ്രവിശ്യയിലെ അനൈസ മരുഭൂമിയിൽ ജീവിതം തുടങ്ങിയ ഖലീൽ അൽ റവാഫ് എന്ന അറബിയുടെ അപൂർവ ജീവിതകഥയാണ് പറയാൻ പോകുന്നത്.

എടുത്തുപറയാൻ ഒരുപാടുണ്ട്; അതിരുകളില്ലാത്ത പ്രണയത്തിനും അതിജീവനത്തിന്റെ അതിസാഹസികതകൾക്കും ഇടയിലൂടെയുള്ള ദീർഘയാത്രകൾ. രണ്ട് അമേരിക്കക്കാരികളുമായുള്ള പ്രണയവും വിവാഹവും. അമേരിക്കയിലെ ആദ്യ മസ്ജിദിലെ ആദ്യത്തെ ഇമാം. ഒരുപക്ഷേ, സൗദിയിൽ നിന്നുള്ള ആദ്യത്തെ അമേരിക്കൻ കുടിയേറ്റക്കാരൻ. 1937ൽ ഹോളിവുഡ് സിനിമയിൽ അഭിനയിച്ച ആദ്യത്തെ അറബി. പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ, തന്റെ 95–ാം വയസ്സിൽ, ഒരിക്കലും കാണില്ലെന്നു കരുതിയ മകനെ കണ്ടെത്തിയ പിതാവ്. 

war-poster ഖലീൽ അൽ റവാഫ് അഭിനയിച്ച ഹോളിവുഡ് സിനിമയുടെ പോസ്റ്റർ

ഏതു കഥയുടെ ചതുരത്തിലാണ് ഖലീൽ അൽ റവാഫിന്റെ ഈ അന്വേഷണങ്ങൾ തളച്ചിടാൻ സാധിക്കുക? സൗദിയിൽ സിനിമ തിയറ്ററുകൾക്ക് പ്രദർശനാനുമതി കിട്ടിയത് ഈ വർഷം മാത്രമാണ്. ഒരു സൗദിക്കാരൻ അറബി 80 വർഷങ്ങൾക്കു മുൻപ്  ഹോളിവുഡ് സിനിമയിൽ അഭിനയിച്ച കഥയ്ക്ക് അപ്പോൾ പ്രസക്തി ഏറെയുണ്ട്. 

1895 മുതൽ 2000 വരെ നീണ്ട ഖലീൽ അൽ റവാഫിന്റെ ജീവിതത്തെക്കുറിച്ച് അറബ് എഴുത്തുകാർ ഗവേഷണം നടത്തിയിട്ടുണ്ട്. 

ചെറുപ്പത്തിൽതന്നെ നന്നായി ഇംഗ്ലിഷ് ഭാഷ സംസാരിക്കാൻ അറിയാമായിരുന്ന അറബിയായിരുന്നു ഖലീൽ. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ കരുത്തിലല്ല അദ്ദേഹം ഭാഷകൾ സ്വായത്തമാക്കിയത്. യാത്രകളായിരുന്നു കരുത്ത്. യാത്രകളായിരുന്നു അനുഭവം. 

Nawaf-and-his-father മകൻ നവാഫിനൊപ്പം (ക്ലൈവ്) ഖലീൽ

കൗമാരത്തിൽ തന്നെ മരുഭൂ സാർഥവാഹക സംഘങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ച ഖലീൽ അവരോടൊപ്പം ചേർന്ന് ഖസീമിൽ നിന്ന് സിറിയയിലേക്കും ഈജിപ്തിലേക്കും ഇറാഖിലേക്കുമൊക്കെ നിരന്തരം സഞ്ചരിച്ചു. ഇരുപതു വയസ്സിനു മുൻപുതന്നെ മധ്യ പൗരസ്ത്യ ദേശത്തെ വന്യ വിജന മരുഭൂ പാതകളുടെ ഭൂപടം ഖലീൽ മനസ്സിൽ അടയാളപ്പെടുത്തിയിരുന്നു. 

പക്ഷേ, ഈ യാത്രകളിൽനിന്നു വരുമാനം കുറവായിരുന്നു. ഒടുവിൽ അദ്ദേഹം സാർഥവാഹക സംഘത്തെ വിട്ടുപോരാൻ തീരുമാനിച്ചു.

1932ൽ ബഗ്ദാദിലെ ദ‌ജ്‌ലാ ഹോട്ടൽ ലോബിയിലെ ആകസ്മിക കൂടിക്കാഴ്ച ആ ജീവിതത്തിന്റെ ട്രാക്ക് മാറ്റി. അമേരിക്കൻ വിനോദ സഞ്ചാരിയും സുന്ദരിയുമായ ഫ്രാൻസിസ് അലിസണും അവരുടെ സുഹൃത്തും അമേരിക്കൻ കുടിയേറ്റക്കാരനുമായ അറബി ഡോ. ഖൈറുല്ലയും സൗഹൃദത്തിന്റെ കരങ്ങൾ നീട്ടി ഖലീലിനെ സ്വീകരിച്ചു. ദിവസങ്ങൾ കടന്നുപോയതോടെ പ്രണയത്തിന്റെ ജാസ്മിൻ പൂക്കൾ സുഗന്ധം പരത്തി പതുക്കെ വിടരുകയായിരുന്നു ഫ്രാൻസിസ് അലിസൺ–ഖലീൽ പ്രണയം. 

ബഗ്ദാദിലെ എല്ലാ ഇടപാടുകളും അവസാനിപ്പിച്ച് പ്രണയാതുരനായ ഖലീൽ, അലിസണോടൊപ്പം ഡമാസ്കസിലേക്കും അവിടെനിന്ന് ബെയ്റൂത്തിലേക്കും യാത്ര തിരിച്ചു. അലിസൺ ന്യൂയോർക്കിലേക്കു തിരിച്ചുപോകുമ്പോൾ ഖലീലിന് ഒരു വാക്കുകൊടുത്തു: ‘നമുക്ക് ഇനി സിറിയയിൽ കാണാം. അവിടെവച്ച് ഞാൻ ഇസ്‌ലാം ആശ്ലേഷിക്കും. പിന്നെ നമുക്ക് വിവാഹിതരാകാം.’

ഖലീൽ കാത്തിരുന്നു. മൂന്നുവർഷത്തിനു ശേഷമായിരുന്നു സിറിയയിലെ അവരുടെ സമാഗമം. പിന്നീട് വിവാഹം. 1935 ഒക്ടോബർ മൂന്നിന് ദമ്പതികൾ ന്യൂയോർക്കിലെത്തി. ഒരു ബദുവിയൻ അറബിയുമായുള്ള അമേരിക്കൻ സുന്ദരിയുടെ വിവാഹം അമേരിക്കൻ പത്രങ്ങൾക്കു തലവാചകമായി. മരുഭൂമിയിലെ സൂര്യതേജസ്സെന്നാണു ഖലീൽ അൽ റവാഫിനെ പത്രങ്ങൾ വിശേഷിപ്പിച്ചത്.

ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്നതിലുള്ള കഴിവായിരിക്കണം ഖലീലിനെ ഹോളിവുഡിലെത്തിച്ചത്. യുദ്ധഭൂമിയിലെ മാധ്യമ പ്രവർത്തകന്റെ കഥ പറഞ്ഞ ‘ഐ കവർ ദ് വാർ’ എന്ന സിനിമയിൽ ജോൺ വെയിനിനോടൊപ്പമായിരുന്നു അഭിനയിച്ചത്. മരുഭൂമിയിലെ ഗോത്രത്തലവന്റെ ബദുവിയായ അംഗരക്ഷകന്റെ വേഷം. 

എന്നാൽ അതേസമയം തന്നെ ദാമ്പത്യബന്ധം ഉലഞ്ഞുതുടങ്ങിയിരുന്നു. രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ. അലിസൺ അതിസമ്പന്നയായിരുന്നു. ആ യുവതിക്ക് ഒട്ടേറെ ആൺ, പെൺ സുഹൃത്തുക്കളുണ്ടായിരുന്നു. അറബ് ബദുവിയൻ സംസ്കാരം സിരകളിലോടുന്ന ഖലീലിന് ഇതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ ബന്ധം തകർന്നു. എന്നാൽ ശരീഅത്ത് പ്രകാരം സിറിയയിൽ നടന്ന വിവാഹത്തിന് അമേരിക്കയിൽ വിവാഹമോചനം അനുവദനീയമായിരുന്നില്ല. പൂർണമായും അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ വിവാഹമോചനത്തിനു മാത്രമായി സിറിയയിലേക്കു വീണ്ടും യാത്രചെയ്തു. 

വിവാഹമോചനത്തിനു ശേഷം ഖലീൽ അമേരിക്കയിൽ അറബി ഭാഷ പഠിപ്പിക്കുന്ന സ്കൂൾ തുറന്നു. അറബ് ഭാഷ പരിപോഷിപ്പിക്കുന്നതിനുള്ള ഗവേഷണവും പുസ്തക രചനയും തുടങ്ങി. ഇക്കാലത്ത് അറബി പഠിപ്പിക്കാൻ മറ്റൊരു സുന്ദരിയെത്തി, കോൺസ്റ്റാൻസ് വിൽമൻ. അറബ്–പാശ്ചാത്യ സംസ്കാരങ്ങളുടെ അന്തർധാര പഠിക്കണമെങ്കിൽ അറബി ഭാഷ പഠിക്കണമെന്ന ഗവേഷക മനസ്സാണു വിൽമനെ ഖലീലിന്റെ സ്കൂളിലെത്തിച്ചത്. ഇനി ഒരു അമേരിക്കക്കാരിയെ വിവാഹം കഴിക്കില്ലെന്നു പ്രതിജ്ഞ ചെയ്തിരുന്ന ഖലീൽ വീണ്ടും പ്രണയബന്ധനായി. 1946ൽ വിവാഹം. 

 മകന് എട്ടുമാസം പ്രായമുള്ളപ്പോൾ ഈ വിവാഹ ബന്ധവും ഉലഞ്ഞുപോയി. സാംസ്കാരിക വൈജാത്യം തന്നെ വില്ലൻ. എട്ടുമാസം പ്രായമുള്ള മകൻ നവാഫുമായി വിൽമൻ പോയി. അതോടെ, തനിക്ക് ഇനി അമേരിക്ക ശരിയാകില്ലെന്നു ബോധ്യപ്പെട്ട ഖലീൽ സ്കൂൾ പൂട്ടി ജന്മനാടായ സൗദിയിലേക്കു മടങ്ങി. അറബ് ഇതര സംസ്കാരവുമായി ഇഴചേർന്നു പോകാൻ സാധിക്കില്ലെന്നു ബോധ്യമായതോടെ ഒരു ഈജിപ്ഷ്യൻ വനിതയെ വിവാഹം കഴിച്ച് സൗദിയിൽ സ്ഥിരതാമസമാക്കി. ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ടായി.

സൗദിയിൽ സ്ഥിരതാമസമാക്കി വർഷങ്ങൾ കഴിഞ്ഞതോടെ ഖലീലിന്റെ മനസ്സിൽ മകൻ നവാഫ് ഉണർന്നു. അവനെ എങ്ങനെയും കണ്ടെത്തണമെന്ന ചിന്തയായി. അതിനുവേണ്ടിയുള്ള അന്വേഷണമായി പിന്നെ ജീവിതം. സൗദി രാജകുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഖലീൽ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനോടൊപ്പം അമേരിക്കയിലെത്തി വിൽമനുമായി ബന്ധപ്പെട്ടു മകനെ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

1962ൽ തന്റെ ഈജിപ്തുകാരിയായ ഭാര്യയോടും പെൺമക്കളോടുമൊപ്പം വീണ്ടും അമേരിക്കയിൽ എത്തിയ ഖലീലിന് വിൽമനെ കണ്ടെത്താനായില്ല. 1987 ൽ മൂന്നാമതും ഖലീൽ അമേരിക്കയിലെത്തി മകനുവേണ്ടി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിൽമന്റെ രണ്ടാം ഭർത്താവും പ്രമുഖ ഈജിപ്ഷ്യൻ കവിയുമായ അഹമ്മദ് സക്കി അബു ശാദി നവാഫിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ചിരുന്നു. അദ്ദേഹം പക്ഷേ, നവാഫിന്റെ പേര് നവാഫ് ബിൻ ഖലീൽ റവാഫ് എന്നതിനു പകരം ക്ലൈവ് അബു ശാദി എന്നാക്കി മാറ്റി. പേരിലെ ഈ മാറ്റത്തോടെ നവാഫിന്റെ അറബ് ഗോത്ര വേരുകൾ മുറിച്ചുമാറ്റപ്പെട്ടു. 

സക്കി അബു ശാദിയുടെ മരണശേഷം വിൽമൻ ഒരു ബ്രിട്ടിഷ്കാരനെ വിവാഹം ചെയ്ത് ബ്രിട്ടനിലേക്കു പോയി. അമേരിക്കയിലും ബ്രിട്ടനിലുമായി ജീവിക്കുന്നതിനിടയിൽ ക്ലൈവ് വളർന്നു. അയാൾ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ സൈനികനായി.

പലപ്പോഴും ക്ലൈവ് അമ്മയോടു തന്റെ സൗദി പിതാവിനെക്കുറിച്ചു തിരക്കിയെങ്കിലും അമേരിക്കയിലെ സൗദി എംബസിയുമായി ബന്ധപ്പെടാനായിരുന്നു അമ്മയുടെ നിർദേശം. ഇതുപ്രകാരം നാലുതവണ തനിക്ക് അറിയാവുന്ന വിവരങ്ങൾ സഹിതം ക്ലൈവ് എംബസിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല ക്ലൈവിന്റെ ഈ അന്വേഷണങ്ങൾ നടക്കുന്നതിനിടയിൽ മറുവശത്ത് ഖലീൽ തന്റെ മകൻ നവാഫിനെ തിരയുന്നുണ്ടായിരുന്നു. പേരിലെ മാറ്റം കാരണം നവാഫിനെ അദ്ദേഹത്തിനു കണ്ടെത്താനായില്ല. ഒടുവിൽ 1974ൽ നവാഫിനെ കണ്ടെത്താനുള്ള ദൗത്യം അമേരിക്കയിൽ ഉപരിപഠനത്തിനു പുറപ്പെട്ട സഹോദര പുത്രൻ‌ ഉസ്മാൻ അൽ റവാഫിനെ ഏൽപിച്ചു. വാഷിങ്ടണിലെ സൗദി എംബസിയിലെ ഏറെ പ്രായം ചെന്ന പലസ്തീൻകാരനായ ഒരു ഉദ്യോഗസ്ഥൻ പഴയ കഥകൾ കേട്ടിരുന്നു. അദ്ദേഹം വിൽമൻ വിവാഹമോചനത്തിനു ശേഷം രണ്ടാമതു വിവാഹം ചെയ്ത ഈജിപ്ഷ്യൻ കവി അഹമ്മദ് സക്കി അബു ശാദിയുടെ മകൾ സഫിയ അബു ശാദിയുടെ വിലാസം സംഘടിപ്പിച്ചു കൊടുത്തു. സഫിയയാണ് നവാഫിനെക്കുറിച്ച്, വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തതടക്കമുള്ള വിവരങ്ങൾ ഉസ്മാനു കൈമാറിയത്. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തവരുടെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ നവാഫിനെ കണ്ടെത്താൻ ഉസ്മാൻ പരസ്യം നൽകി. നിരാശയായിരുന്നു ഫലം.

സുഹൃത്ത് മിഷേൽ ഒർസിനിയുടെയും സ്വകാര്യ ഡിറ്റക്റ്റീവിന്റെയും സഹായത്തോടെ 1991ൽ ഫ്ലോറിഡയിൽ നിന്ന് നവാഫിനെ കണ്ടെത്തുംവരെ ഉസ്മാൻ നടത്തിയതു പതിനേഴുവർഷത്തെ അന്വേഷണമായിരുന്നു. ശ്രമപ്പെട്ടു സംഘടിപ്പിച്ച ഫോൺ നമ്പറിൽ ഉസ്മാനും വൃദ്ധനായ ഖലീഫും ചേർന്ന് വിളിച്ചു. 

ഖലിൽ അൽ റവാഫ് ‘മകനെ’ എന്നു വിളിച്ചതോടെ ക്ലൈവിന്റെ മനസ്സിൽ സ്നേഹത്തിന്റെ തെളിനീർ നിറഞ്ഞു.

താൻ പിതാവിനെ കണ്ടെത്തിയ കാര്യം ക്ലൈവ് മാതാവിനെ അറിയിച്ചു. വിൽമനിലെ പഴയ കാമുകിയും ഭാര്യയും ഉണർന്നു. കാലത്തിനും ദേശത്തിനും അപ്പുറത്ത് പ്രണയം ശക്തമായ വികാരമാകുന്നുവെന്ന തിരിച്ചറിവിൽ വിൽമൻ പറഞ്ഞു: ‘‘എനിക്കും ആ ശബ്ദം കേൾക്കണം.’’

വിൽമൻ ഖലീൽ അൽ റവാഫിനെ വിളിച്ചു. ഖലീൽ ചോദിച്ചു: ‘സുഖമാണോ?’

‘അതെ, താങ്കൾക്കോ?’

‘സുഖം!’.

വിൽമൻ ആഗ്രഹം പ്രകടിപ്പിച്ചു: ഒരിക്കൽ കൂടി കാണണം.

ഖലീൽ പറഞ്ഞു, എനിക്കിപ്പോൾ പ്രായം 95 വയസ്സ്.

വിൽമന്റെ മറുപടി: ശരിയായിരിക്കാം പക്ഷേ, ആ ശബ്ദത്തിന് ഇപ്പോഴും മാറ്റമില്ല. പ്രണയകാലത്തു കേട്ട അതേശബ്ദം.

പക്ഷേ, ഈ വാർധക്യത്തിൽ എന്നെ കാണാതിരിക്കുന്നതല്ലേ നല്ലത്. 

വിൽമൻ നിശ്ശബ്ദയായി.

പ്രണയവും വിവാഹവും സഞ്ചാരവും കാത്തിരിപ്പും നിറഞ്ഞ ആ സർഗാത്മക ജീവിതത്തെക്കുറിച്ച് പറയാൻ ഇനിയും  ഏറെയുണ്ട്. അറിഞ്ഞതും അറിയാത്തതുമായ ആ കഥകളെല്ലാം അറേബ്യൻ മരുഭൂമിയോളം വരും. 

സ്വന്തം അനുഭവങ്ങൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. ഖലീലിന്റെ മരണശേഷമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ആധുനിക അറേബ്യൻ ചരിത്രത്തിലെ ചുരുൾ നിവരാത്ത താളുകൾ എന്ന പേരിൽ ഈ പുസ്തകം 2013ൽ പുറത്തിറങ്ങി. അതിനും പതിമൂന്നുവർഷം മുൻപ് ഖലീൽ അൽ റവാഫ് മരിച്ചു. അപൂർവ ജന്മങ്ങൾ കഥ പറയും. നാം കേട്ടിരിക്കും...