Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎംഎസ് - മായാത്ത അഗ്നിനാളം‌

Author Details
EMS-Arya കോവളം വിഴിഞ്ഞം കടൽത്തീരത്ത് ഭാര്യ ആര്യ അന്തർജനത്തിനൊപ്പം ഇ.എം.എസ്. നമ്പൂതിരിപ്പാട്

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, 1969ൽ, തിരുവനന്തപുരത്തു താമസിച്ചിരുന്ന വീടിനടുത്ത സഹകരണ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങിലാണു ഞാനാദ്യമായി ഇഎംഎസിനെ കാണുന്നത്; കേൾക്കുന്നത്. കുറിയ മനുഷ്യൻ, വാചകങ്ങൾ മുറിച്ചു വിക്കോടെയുള്ള പ്രസംഗം, ജനക്കൂട്ടത്തിൽനിന്ന് ഇടയ്ക്കിടെ കരഘോഷം. വാക്കുകളുടെ ആഴത്തിലുള്ള അർഥങ്ങൾ ഉൾക്കൊള്ളാനുള്ള പക്വത അന്നെനിക്കുണ്ടായിരുന്നില്ല. എങ്കിലും എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി ആ രൂപവും സ്വരവും തറച്ചുനിന്നു.

കാലം കടന്നുപോയി. 1982 മുതൽ മലയാള മനോരമയിൽ പത്ര ഫൊട്ടോഗ്രഫറായി ജോലി ചെയ്യാൻ അവസരമുണ്ടായി. അക്കാലത്തായിരുന്നു 1982ലെ നിയമസഭാ തിരഞ്ഞെടുപ്പ്. തിരുവനന്തപുരം ഈസ്റ്റ് തമ്പാനൂർ യുപി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി ഇഎംഎസ് ക്യൂ നിൽക്കുന്നു. ഇടയ്ക്കിടെ ഇടതു കൈത്തടം നെറ്റിയോടു ചേർത്തു ക്യൂവിന്റെ നീളവും ആകാശത്തു സൂര്യനെ മറയ്ക്കുന്ന മേഘക്കൂട്ടുകളും നോക്കുന്നു. ആ ചിത്രം ഞാൻ പകർത്തുകയും പിറ്റേന്ന് അത് ‘കാറ്റ് മാറി വീശുന്നുണ്ടോ?’ എന്ന അടിക്കുറിപ്പോടെ മനോരമയിൽ വരികയും ചെയ്തു. 

ems-chair-4col

പക്ഷേ, ഫലം എത്തിയപ്പോൾ പാർട്ടി പരാജയപ്പെട്ടു. പാർട്ടി ആസ്ഥാനത്തു ക്യാമറയുമായി ചെന്നു. ഒറ്റയ്ക്കിരുന്ന് എന്തോ എഴുതുകയായിരുന്നു ഇഎംഎസ്. ഞാൻ ചിത്രങ്ങളെടുത്തപ്പോഴും ഒരു ഭാവവ്യത്യാസവുമില്ല. സങ്കടമോ സന്തോഷമോ മുഖത്തില്ല. ഒന്നു മുഖമുയർത്തി നോക്കുകമാത്രം ചെയ്തു. ക്യാമറയ്ക്കു മുന്നിൽ തടസ്സങ്ങൾ പറഞ്ഞില്ല, അഭിനയവുമില്ല. യാഥാർഥ്യത്തിന്റെ പച്ചമുഖം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതൊരു ഹരമായി പിന്നീടങ്ങോട്ട്. രാഷ്ട്രീയനേതാവോ സൈദ്ധ്യാന്തികനോ എന്നതിനെക്കാൾ ആ വ്യക്തിയിലേക്കു ശ്രദ്ധ പതിപ്പിക്കാൻ ശ്രമിച്ചു. കേരളം കാതോർക്കുന്ന ഇഎംഎസ് എന്ന അസാധാരണ വ്യക്തിത്വത്തെ ചിത്രപഠന വിഷയമാക്കാ‍ൻ തീരുമാനിച്ചു. 

ems-elankulam ഏലംകുളം മനയിൽ ബന്ധുക്കളോടൊപ്പം

എല്ലാം പാർട്ടിക്ക്

ഒരിക്കൽ അദ്ദേഹത്തിന്റെ തിരുവനന്തപുരം കിഴക്കേ തമ്പാനൂരിലെ വാടകവീട്ടിൽ ചിത്രങ്ങൾ എടുത്തുനിൽക്കുകയായിരുന്നു. ഒരു വാരികയുടെ പ്രതിനിധി എത്തി ഒരു കവർ നീട്ടി. കവറിൽ എന്താണെന്നു ചോദിച്ചു. കഴിഞ്ഞ ലക്കത്തിലെ ലേഖനത്തിനുള്ള പ്രതിഫലമെന്നു മറുപടി. കൈനീട്ടി വാങ്ങി അടുത്ത് എഴുതിക്കൊണ്ടിരുന്ന വേണുവിനു കൈമാറിയിട്ടു പറഞ്ഞു: ‘പാർട്ടി ഓഫിസിൽ ഏൽപിക്കണം.’ ഇഎംഎസിന്റെ ഭാര്യ ആര്യ അന്തർജനം അടുത്തു നിൽപുണ്ടായിരുന്നു. 

‘അതെനിക്കു തരാമോ?’ അന്തർജനം ചോദിച്ചു. 

‘എന്തിനാ?’ – ചോദ്യം 

‘എനിക്കൊരു സെറ്റും മുണ്ടും നേര്യതും വാങ്ങാനാ’ – ഉത്തരം. 

‘‘ഈ വർഷം പാ‍ർട്ടി സാരി വാങ്ങി തന്നതല്ലേ?’ വീണ്ടും ചോദ്യം. 

‘അതെ തന്നു’ – മറുപടി. 

വീണ്ടും ചോദ്യം വന്നു. 

‘ഇതു വേണോ, പാർട്ടി ഓഫിസിൽനിന്നുള്ളതു മതിയോ?’ 

ഇഎംഎസിന്റെ ശബ്ദം കനത്തിരുന്നു. 

‘പാർട്ടി ഓഫിസീന്നു മതി’ – ഉടനെ മറുപടി അന്തർജനത്തിൽനിന്നു വന്നു. 

ആ വിഷയം അവിടെ അവസാനിച്ചു. വേണു ആ കവറിൽ ഉണ്ടായിരുന്ന പണം പാർട്ടി ഓഫിസിൽ എത്തിച്ചു. 

പിന്നീടു വേണു എന്നോടു പറഞ്ഞു: ‘പാർട്ടി ഒരു വർഷത്തിൽ രണ്ടു മുണ്ടും ഷർട്ടും ഇഎംഎസിനും, രണ്ടു ജോടി സാരി ഭാര്യയ്ക്കും കൃത്യമായി എത്തിച്ചുകൊടുക്കും. വീട്ടുവാടക ഉൾപ്പെടെയുള്ള ചെലവുകൾ പാർട്ടിയാണു വഹിക്കുന്നത്’ . 

ഇഎംഎസിന്റെ 1987ലെ തിരഞ്ഞെടുപ്പു പ്രചാരണ യാത്ര മുതൽ വേണു കൂടെ സഹായിയായി ഉണ്ട് – എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ലേഖനങ്ങൾ, പ്രസ്താവനകൾ, ഗ്രന്ഥരചന ഉൾപ്പെടെയുള്ളവയുടെ എഴുത്തുജോലി വേണുവാണു നിർവഹിക്കുന്നത്. ഇഎംഎസ് പറഞ്ഞുകൊടുക്കും. 

ഇഎംഎസിനെപ്പറ്റി ചിത്രപഠനം നടത്താൻ ഞാൻ തീരുമാനിക്കുമ്പോൾ അദ്ദേഹം രാഷ്ട്രീയജീവിതത്തിൽനിന്നു ഏതാണ്ടു വിരമിച്ചുതുടങ്ങിയിരുന്നു. എന്നാൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിരന്തരം ഇടപെടുന്നുണ്ടായിരുന്നു. 

1991ൽ മദ്രാസ് പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു തിരുവനന്തപുരത്തെ വാടകവീട്ടിൽ താമസമാക്കിയതോടെയാണ് എന്റെ ആവശ്യങ്ങൾ പറഞ്ഞത്. എന്റെ ക്യാമറയ്ക്കുവേണ്ടി വന്നവഴിയേ തിരിഞ്ഞൊന്നു നടക്കാൻ. ഒരു തടസ്സവും പറഞ്ഞില്ല.

കിട്ടുന്ന സമയമൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ചെലവഴിക്കാൻ ശ്രമിച്ചു. പുത്രൻ ഇ.എം. ശ്രീധരന് എന്നോടു പ്രത്യേക സ്നേഹമുണ്ടായിരുന്നു. ഭാര്യ ആര്യ അന്തർജനം, പുത്രിമാരായ ഡോ. മാലതി, ഇ.എം. രാധ, ഇളയപുത്രൻ ശശി ഇവരെയൊക്കെയും പരിചയപ്പെടാൻ അവസരം കിട്ടി. മൂന്നു വർഷത്തിലേറെയെടുത്തു ഇഎംഎസ് എന്ന രാഷ്ട്രീയാചാര്യന് എന്നിൽ പൂ‍ർണവിശ്വാസം തോന്നാൻ. ഇഎം എന്നോ, സഖാവേ എന്നോ വിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി. 

EMS-CROWD

ഏലംകുളം മനയിലേക്ക്

ഇഎംഎസ് ഡോക്യുമെന്റേഷനു കുറെ യാത്രകൾ വേണ്ടിവന്നു. ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച ഏലംകുളം മനയിലേക്കു പോകാമോ എന്നു ഞാൻ ചോദിച്ചു. മറുപടി കൃത്യമായിരുന്നു. ‘പോകാമല്ലോ. എന്നു വേണം?’

ems-rally ഇ.കെ. നായനാർ, ഹർകിഷൻ സിങ് സുർജിത് എന്നിവർക്കൊപ്പം

25 വർഷങ്ങൾക്കുശേഷമാണ് ഇഎംഎസ് തന്റെ തറവാട്ടിൽ വീണ്ടും കാൽകുത്തുന്നത്. തിരുവനന്തപുരത്തുനിന്നു വേണുവും സാരഥി വസന്തനും (വസന്തൻ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഡ്രൈവറാണ്). അന്നു ദൃശ്യമാധ്യമ പ്രവർത്തകരിൽ ഒന്നുരണ്ടുപേർ കൂടെ വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇഎംഎസ് മറുപടി കൊടുത്തു. ‘ഈ യാത്ര ജയചന്ദ്രനുവേണ്ടി മാത്രമാണ്’. എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. 

ഏലംകുളം മനയിൽ അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടു. മൂന്നുമണിക്കൂറിലേറെ അവരുമായി ചെലവഴിച്ചിട്ടായിരുന്നു മടക്കം. പിന്നെയൊരവസരത്തിൽ, രണ്ടുതവണ മുഖ്യമന്ത്രിയായി കേരളം ഭരിച്ച സെക്രട്ടേറിയറ്റിലേക്കു കടന്നുചെന്നു, ചിത്രങ്ങൾക്കുവേണ്ടി മാത്രം. ഇഎംഎസിന്റെ വിശ്രമജീവിതം ചിത്രീകരിക്കാനായി സായാഹ്ന സൂര്യനെ സാക്ഷിയാക്കാൻ കോവളം വിഴിഞ്ഞം കടൽത്തീരത്തെത്തി, ഭാര്യ ആര്യ അന്തർജനത്തിനോടൊപ്പം. 

ദീർഘദൂര യാത്രകളിലൊക്കെ പലപ്പോഴും ഞാനും കൂടിയിരുന്നു. ഇടയ്ക്കൊക്കെ രാഷ്ട്രീയം വിട്ടുള്ള എന്റെ ചോദ്യങ്ങൾക്കു കൃത്യതയോടെ, സ്നേഹവായ്പോടെ മറുപടിയും തന്നിരുന്നു. 

‘എന്തുകൊണ്ടൊരു കമ്യൂണിസ്റ്റായി?’ എന്ന ചോദ്യത്തിനുള്ള മറുപടിയായി നിസ്സഹകര പ്രസ്ഥാനത്തിന്റെ ഭാഗമായതും ഇര്‍വിൻ സന്ധിയെത്തുടർന്ന് ഉപ്പുസത്യഗ്രഹം ഗാന്ധിജി പെട്ടെന്നുനിർത്തിവച്ചപ്പോൾ നിരാശ തോന്നിയതും ഗാന്ധിസത്തിൽ നിന്ന് സോഷ്യലിസത്തിലേക്കു തിരിഞ്ഞതുമായ കഥകൾ പറഞ്ഞു. വടകരയിലെ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് പരിചയപ്പെട്ട പി. കൃഷ്ണപിള്ളയുമായുണ്ടായ സവിശേഷ ബന്ധം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി നിർണയിച്ച ചരിത്രനിമിഷമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തോന്നി.

വായനയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി കോളജ് ലൈബ്രറിയിലെ ഒട്ടുമുക്കാൽ പുസ്തകങ്ങളും വായിച്ച കാലത്തെപ്പറ്റി പറഞ്ഞു. അടുത്തിടപഴകുന്ന സുഹൃത്തുക്കൾ ജീവിതത്തിൽ ഉണ്ടോ എന്ന ചോദിച്ചപ്പോൾ മിസ്റ്റർ മേനോൻ എന്നു വിളിക്കുന്ന കൊൽക്കത്തയിലെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ ചങ്ങാതിയെപ്പറ്റി പറഞ്ഞു. 

രാഷ്ട്രീയഭേദമില്ലാതെ

EMS-WRITING എഴുത്തും വായനയുമായി വീട്ടിൽ

ഞാനെടുത്ത ഇഎംഎസ് ചിത്രങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവയുടെ ഒരു പ്രദർശനം 1997ൽ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ നടത്തിയിരുന്നു. മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം. മാത്യു എത്തിയാണ് അതിനു തുടക്കം കുറിച്ചത്. വേദിയിൽ എ.കെ.ആന്റണി, പി.കെ.വാസുദേവൻനായർ, ഇ.കെ.നായനാർ, സുകുമാർ അഴീക്കോട് തുടങ്ങിയവർ ഇഎംഎസ് എന്ന വ്യക്തിക്കുവേണ്ടി രാഷ്ട്രീയഭേദമില്ലാതെ അണിനിരന്നു. ഇഎംഎസും ഭാര്യ ആര്യ അന്തർജനവും സദസ്സിലും. 

1998 മാർച്ച് 19ന് 89–ാം വയസ്സിൽ ഇഎംഎസ് ചരിത്രത്തിന്റെ ഭാഗമായപ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. വാജ്പേയി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ദിവസം. അന്ന് സത്യപ്രതിജ്ഞ ചെയ്ത ആഭ്യന്തര മന്ത്രി എൽ.കെ. അഡ്വാനിയോടൊപ്പം എന്തോ നിയോഗംപോലെ സന്ധ്യയ്ക്ക് ഞാനും തിരുവനന്തപുരത്ത് എത്തി. തൈക്കാടു ശാന്തികവാടത്തിലെ അഗ്നിനാളങ്ങൾ ഇഎംഎസിനെ ഏറ്റെടുക്കുന്ന ദൃശ്യം അവസാനമായി ക്യാമറയിൽ പകർത്തി. അഗ്നി അഗ്നിയിൽ വിലയം പ്രാപിക്കുന്ന ചിത്രം.

EMS