Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കൊറിയൻ സ്‌നേഹഗാഥ

രാജീവ്  നായർ
Author Details
Unni-Nair 1. ഉണ്ണിനായർ 2. ഉണ്ണിനായർ ഭാര്യ ഡോ. വിമല നായരോടൊപ്പം,

കൊറിയൻ മണ്ണിലെ യുദ്ധത്തിന്റെ, സമാധാനത്തിന്റെയും വാർത്തകൾ ടിവിയിൽ തെളിയുമ്പോൾ അമേരിക്കയിലുള്ള ഡോ. പാർവതി മോഹന്റെ മനസ്സോടിയെത്തും, ആറായിരം മൈലുകൾക്കപ്പുറം തെക്കൻ കൊറിയയിലെ പച്ചപ്പുനിറഞ്ഞ കൊച്ചു കുന്നിൻമുകളിലേക്ക്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. പാലക്കാട്ടുകാരനായ കേണൽ ഉണ്ണിനായരും തൃശൂരുകാരിയായ ഡോ. വിമല നായരും മരണത്തിനപ്പുറം കൊറിയൻ മണ്ണിൽ ഒന്നാകുന്നത് അതിവൈകാരികത നിറഞ്ഞ നോവലിന്റെ കഥാതന്തു പോലെയാണ്. 

Unni-Nayar-family കൊറിയൻ യുദ്ധത്തിന്റെ അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി കേണല്‍ ഉണ്ണി നായരുടെ സ്മരണാര്‍ഥം അമേരിക്കയിലെ ഇന്ത്യന്‍ എംബസി 2000ല്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഡോ. വിമലാ നായരും ഡോ. പാര്‍വതി മോഹനും ഇന്ത്യന്‍ അംബാസഡര്‍ നരേഷ് ചന്ദ്രയ്ക്കും ദക്ഷിണകൊറിയന്‍ അധികൃതര്‍ക്കുമൊപ്പം.

ഡോ. പാർവതിയുടെ പിതാവ് പാലക്കാട് പറളിയിലെ പ്രശസ്തമായ മനയ്ക്കമ്പാട്ട് കുടുംബാംഗമായിരുന്ന ഉണ്ണിനായർ, കൊറിയൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഐക്യരാഷ്ട്ര സംഘടന അയച്ച നിരീക്ഷണസംഘത്തിലെ ഇന്ത്യൻ പ്രതിനിധിയായാണ് ദക്ഷിണകൊറിയയിലെത്തുന്നത്. മറാഠ ലൈറ്റ് ഇൻഫൻട്രിയിൽ കമ്മിഷൻഡ് ഓഫിസറായിരുന്ന അദ്ദേഹം യുദ്ധമുഖത്തെ റിപ്പോർട്ടുകൾ തയാറാക്കാനുള്ള യാത്രയ്ക്കിടയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. 1950 ഓഗസ്റ്റ് 12നുണ്ടായ ദുരന്തത്തിൽ രണ്ടു വിദേശമാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു. 

യുദ്ധം തുടരുന്ന സാഹചര്യത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാൻ കഴിയാതിരുന്നതിനാൽ സ്യുസോങ് ഗൂവിനു സമീപത്തുള്ള ബോമിയോ ഡോങ് മലനിരകളിലാണ് ഉണ്ണിനായരുടെ ഭൗതികശരീരം അടക്കം ചെയ്തത്. ഡിസംബറിൽ ഡെഗൂ ഭരണകൂടം സമീപത്തെ കുന്നിൽമുകളിൽ മനോഹരമായ സ്മാരകം പടുത്തുയർത്തി. ഉണ്ണിനായരുടെ സ്മരണാർഥം ദക്ഷിണകൊറിയൻ സർക്കാർ ഡേഗുവിലെ സ്യുസോങ് ഗൂവിൽ പച്ചപ്പുനിറഞ്ഞ ചെറുകുന്നിൽ ഒരുക്കിയിരിക്കുന്ന കുടീരം ദേശീയ സ്മാരകമാണ്. അദ്ദേഹത്തിന്റെ പത്‌നി ഡോ. വിമല നായരുടെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നതും ഇവിടെത്തന്നെ. 

യുദ്ധത്തിനിടെ മരിച്ച 18 പേരിൽ ഏക ഇന്ത്യക്കാരനാണ് ഉണ്ണിനായർ. സ്മാരകത്തിലേക്കുള്ള വഴിയിൽ, കാടിനു നടുവിലൂടെ കടന്നുചെല്ലുമ്പോൾ അദ്ദേഹത്തിന്റെ പേരും ചരിത്രവും ആലേഖനം ചെയ്ത സ്തൂപം കാണാം. വഴിയരികിൽ സ്മാരകത്തിലേക്കുള്ള വഴി സൂചിപ്പിക്കുന്ന മാപ്പും ചെറുബെഞ്ചുകളും. വിജ്ഞാനം, പുരോഗതി, ഇന്ത്യയുമായുള്ള അടുത്ത ബന്ധം എന്നിവയുടെ പ്രതീകമായി, ദേശീയ സ്മാരകമായാണ് ദക്ഷിണകൊറിയൻ സർക്കാർ ഈ സ്ഥലത്തെ പരിപാലിക്കുന്നത്. കൊറിയകളെ തമ്മിൽ വേർതിരിക്കുന്ന ‘ഡീമിലിട്ടറൈസ്ഡ് സോണിൽ’ കൊറിയൻ ജേണലിസ്റ്റ് അസോസിയേഷൻ സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തിലും അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. 

കൊറിയയെ കീഴടക്കിയ സ്‌നേഹസുഗന്ധം... ‌

പ്രശസ്ത ആർട്ടിസ്റ്റ് ഡോ. അമ്പാടി രാമപൊതുവാളിന്റെ മകളായിരുന്നു ഉണ്ണിനായരുടെ ഭാര്യ ഡോ. വിമല നായർ. ഉണ്ണിക്കൊപ്പമുള്ള ദാമ്പത്യത്തിന് ഏറെ ദൈർഘ്യമുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമകളിലാണ് വിമല നായർ അവസാന നിമിഷം വരെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. 

1967ലാണ് വിമല ആദ്യമായി കൊറിയൻ മണ്ണിലെ പ്രിയതമന്റെ സ്മാരകത്തിലെത്തുന്നത്. തുടർന്ന് പലവട്ടം ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്കും ബന്ധുക്കൾക്കും മകൾക്കും ഒപ്പം അവർ സ്മാരകത്തിലെത്തി. ഒരു ഇന്ത്യൻ വനിത മരണത്തിനപ്പുറവും തന്റെ പ്രിയനോടു കാട്ടുന്ന തീവ്രസ്‌നേഹം കൊറിയൻ അധികൃതരുടെ മനസ്സുലച്ചു. 1996ൽ സ്യുസോങ് ഗൂ പ്രാദേശിക ഭരണകൂടം ഉണ്ണിനായർ സ്മാരകം നവീകരിക്കാനും എല്ലാ വർഷവും അദ്ദേഹത്തിനു സ്മരണാഞ്ജലി അർപ്പിക്കാനും തീരുമാനിച്ചു. 2003ൽ ഇവിടം ദേശീയ സ്മാരകമായി കൊറിയൻ മന്ത്രാലയം പ്രഖ്യാപിച്ചു. 

unni-gazatte

അമ്മയെ അച്ഛനോട് ചേർത്തു മകൾ 

ഡോ. പാർവതി മോഹന് അച്ഛനെ കണ്ട് ഓർമയില്ലെങ്കിലും കേട്ടും വായിച്ചും അറിഞ്ഞ കഥകൾ പകർന്നുനൽകിയതു വീരനായക പരിവേഷം. പാർവതിക്കു രണ്ടു വയസ്സുള്ളപ്പോഴാണ് കേണൽ ഉണ്ണിനായർ മരിച്ചത്. 1974ൽ അമ്മയ്‌ക്കൊപ്പമാണ് കൊറിയയിൽ അച്ഛനുറങ്ങുന്ന മണ്ണിലേക്ക് ആദ്യമായി പോകുന്നത്. പിന്നീടു വർഷങ്ങൾക്കു ശേഷം 2012ൽ വീണ്ടുമെത്തുമ്പോൾ മകൾ ഒറ്റയ്ക്കായിരുന്നു. അമ്മയുടെ ചിതാഭസ്മം അടങ്ങിയ പേ‌ടകം ഡോ. പാർവതി നെഞ്ചോടു ചേർത്തിരുന്നു. 

‘‘ജീവിച്ചിരുന്നപ്പോൾ ഏറെനാൾ അദ്ദേഹത്തിനൊപ്പമിരിക്കാൻ കഴിഞ്ഞില്ല, മരണത്തിനപ്പുറമെങ്കിലും എന്റെ ആത്മാവ് അദ്ദേഹത്തിനൊപ്പമാകട്ടെ...’’ 

തൃശൂരിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. വിമല നായരുടെ അന്ത്യാഭിലാഷം ആയിരുന്നു ഇത്. 94–ാം വയസ്സിൽ തൃശൂരിലാണ് വിമല നായർ അന്തരിച്ചത്. ആയുഷ്‌കാലം മുഴുവൻ അച്ഛന്റെ ഓർമകളിൽ ജീവിച്ചിരുന്ന അമ്മയുടെ തീവ്രസ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴമറിഞ്ഞിരുന്ന മകൾ ഡോ. പാർവതിക്കു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. 2012 ഓഗസ്റ്റ് 24നാണ് അമ്മയുടെ ചിതാഭസ്മവുമായി പാർവതി ദക്ഷിണകൊറിയയിലെത്തുന്നത്. ആറു പതിറ്റാണ്ടുകൾക്കിപ്പുറവും കൊറിയൻ ജനത പിതാവിനോടു കാട്ടുന്ന ആദരവിന്റെയും സ്‌നേഹത്തിന്റെയും ആഴം അന്നു പാർവതി അറിഞ്ഞു. സൈനികവേഷത്തിലുള്ള അച്ഛന്റെ കൈകോർത്തുപിടിച്ച് അമ്മ നിൽക്കുന്ന മനോഹരചിത്രം സ്മാരകശിലയ്ക്കു മുന്നിൽവച്ചു നിറമനസ്സോടെ ആ മകൾ മടങ്ങി. 

unni-nehru

പറളിയിൽ നിന്നു നെഹ്റുവിന്റെ മനസ്സോളം 

നൈസർഗികമായ കഴിവുകൾക്കൊപ്പം രക്തത്തിലലിഞ്ഞ സാഹസികത കൂടി ചേർത്തുവച്ചതോടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ മനസ്സിൽ വരെ ഇടംപിടിക്കാൻ കേണൽ എം.കെ. ഉണ്ണി നായർക്കു കഴിഞ്ഞിരുന്നു. ജീവനെടുക്കാവുന്ന അപകടങ്ങൾ പോലും വകവയ്ക്കാതെ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കാട്ടിയിരുന്ന സാഹസികതയാണ് അദ്ദേഹത്തെ ഉന്നതിയിലെത്തിച്ചതും ഒടുവിൽ അകാലത്തിൽ ഉയിരെടുത്തതും. 

1911 ഏപ്രിൽ 22ന് പാലക്കാട്ട് പറളിയിലാണ് ഉണ്ണിനായരുടെ ജനനം. അച്ഛൻ നാരായണമംഗലം ദാമോദരൻ നമ്പൂതിരി. അമ്മ മനയ്ക്കമ്പാട്ട് അമ്മുക്കുട്ടി വയ്യൻകരമ്മ. എം. കേശവനുണ്ണിനായർ എന്നായിരുന്നു പൂർണ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. പിന്നീട് മദ്രാസിലെ ‘ദ് മെറി മാഗസിൻ’ എന്ന ഹാസ്യവാരികയിൽ ജോലി ആരംഭിച്ചു. തുടർന്ന് ‘ദ് മെയിൽ’ എന്ന പത്രത്തിലേക്കു മാറിയെങ്കിലും ‘മെറി’യിൽ എഴുത്തു തുടർന്നു. ‘ദ് സ്‌റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പരമ്പര നിത്യജീവിതത്തിലെ സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ അർഥഗർഭമായി അവതരിപ്പിക്കുന്നതായിരുന്നു. 

ഇംഗ്ലിഷിൽ പ്രാവീണ്യമുണ്ടായിരുന്ന ഉണ്ണിനായർ വിവിധ ഇന്ത്യൻ മാധ്യമങ്ങളിൽ നടത്തിയ ചലച്ചിത്ര നിരൂപണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലത്തെ മലബാർ ജീവിതത്തിന്റെ നേർചിത്രം വരച്ചിടുന്ന ‘മൈ മലബാർ’ എന്ന പുസ്തകവും അദ്ദേഹം രചിച്ചു. പിന്നീട് കൊൽക്കത്തയിൽ ‘സ്‌റ്റേറ്റ്‌സ്മാനി’ൽ ജോലി ചെയ്യുമ്പോഴാണ് ഇന്ത്യൻ ആർമി റിസർവ് ഓഫ് ഓഫിസേഴ്‌സിൽ (ഐഎആർഒ) കമ്മിഷൻഡ് ഓഫിസറാകുന്നത്. 

UNNI-SMARAKAM

കർമകുശലതകൊണ്ടു ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഉണ്ണിനായർ ഉയർന്നു. യുദ്ധമുഖത്തു തടസ്സമേതുമില്ലാതെ കടന്നുചെന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി സൈന്യം അദ്ദേഹത്തിനു കേണൽ പദവി നൽകി. ‌രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മറാഠ ലൈറ്റ് ഇൻഫൻട്രിയിൽ കമ്മിഷൻഡ് ഓഫിസറായി നിയമിതനായ അദ്ദേഹത്തെ ബർമയിലേക്ക് (ഇപ്പോഴത്തെ മ്യാൻമർ) അയച്ചു. 

യുദ്ധമുഖത്തെ സ്പന്ദനങ്ങൾ തൊട്ടറിയാൻ കൊടുംവനത്തിലൂടെ സൈനികർക്കൊപ്പം സാഹസികമായി മുന്നേറുകയെന്ന ദൗത്യം യാതൊരു ഭീതിയും കൂടാതെ അദ്ദേഹം ഏറ്റെടുത്തു. സംഘർഷഭൂമികളിൽ പാതയോരത്തിരുന്നു സ്വന്തം ടൈപ്റൈറ്ററിൽ റിപ്പോർട്ടുകൾ തയാറാക്കിയാണ് അദ്ദേഹം അയച്ചിരുന്നത്. 

കലാപഭൂമികളിൽ കാലിടറാതെ 

ഇന്ത്യൻ സൈന്യത്തിനൊപ്പം മെഡിറ്ററേനിയൻ കടന്ന് ഇറ്റലി വരെ അദ്ദേഹം സഞ്ചരിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ശേഷം ആംഡ് ഫോഴ്‌സസ് ഇൻഫർമേഷൻ ഓഫിസറായി ഉണ്ണിനായർ നിയമിക്കപ്പെട്ടു. വിവരശേഖരണത്തിനായി കലാപമേഖലകളിൽ അദ്ദേഹം നേരിട്ടെത്തി. ഈ സമയത്താണ് ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ വാഷിങ്ടനി‌ലെ ഇന്ത്യൻ എംബസിയിൽ പബ്ലിക് റിലേഷൻസ് ഓഫിസറായി നിയമിക്കുന്നത്. ഭാര്യയ്ക്കും രണ്ടുവയസ്സുള്ള മകൾക്കുമൊപ്പം അമേരിക്കയിൽ സുഖകരമായ ജീവിതം നയിക്കുമ്പോഴാണ് കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. 

unni-korea

ഉണ്ണിനായരുടെ ഉള്ളിലെ സാഹസികനായ സൈനികൻ ഉണർന്നു. പ്രത്യാഘാതങ്ങൾ വകവയ്ക്കാതെ കൊറിയയിലേക്കു പോകാൻ സ്വമേധയാ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

കൊറിയയിലെ സാഹചര്യങ്ങൾ ഏറെ കൃത്യതയോടെ അധികൃതരെ ബോധ്യപ്പെടുത്താൻ ഉണ്ണിനായർ തയാറാക്കിയ റിപ്പോർട്ടുകൾക്കു കഴിഞ്ഞിരുന്നു. എന്നാൽ 1950 ഓഗസ്റ്റ് 12ന് വായ്ഗ്വാനിലെ യുദ്ധമേഖലയിലൂടെ രണ്ടു സഹപ്രവർത്തകർക്കൊപ്പം ജീപ്പോടിച്ചുപോകുമ്പോൾ കുഴിബോംബിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുക്കുകയായിരുന്നു. 

ബ്രിട്ടിഷ് മാധ്യമപ്രവർത്തകനായ ക്രിസ്റ്റഫർ ബക്ലി, ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനായ ഇയാൻ മോറിസൺ എന്നിവരാണ് ഉണ്ണിനായർക്കൊപ്പം കൊല്ലപ്പെട്ടത്. മുപ്പത്തിയൊൻപതാം വയസ്സിൽ ഉണ്ണിനായർക്കുണ്ടായ ദുര്യോഗത്തിന്റെ വാർത്ത ലോകമാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. 1950 ഓഗസ്റ്റ് 13നു പുറത്തിറങ്ങിയ അസാധാരണ ഇന്ത്യൻ ഗസറ്റിൽ കറുത്ത ബോർഡറുള്ള പേജിലാണ് ഉണ്ണിനായരുടെ മരണവാർത്ത പ്രസിദ്ധീകരിച്ചത്.