Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വത്മീകം

image വര: ടി.എം. രഞ്ജിത്

മനുഷ്യർ ഒഴികെയുള്ള ജീവികളെല്ലാം മിണ്ടാപ്രാണികളാണെന്ന് പറഞ്ഞുനടക്കുന്ന നിങ്ങൾ മനുഷ്യരോടുള്ള സാക്ഷ്യപ്പെടുത്തലാണീ കഥ. ഞാൻ കണ്ട കഥ. ഞാൻ ഈ വീട്ടിൽ വന്നിട്ട് ദിവസങ്ങൾ പിന്നുട്ടു കഴിഞ്ഞിരിക്കുന്നു. ഈ വീട്ടിലെ മനുഷ്യരെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല, പക്ഷേ ചിലപ്പോഴൊക്കെ അവരിലേക്ക് എന്റെ ശ്രദ്ധ പാളിയിരുന്നു. ആ വീട്ടിൽ ശാന്തശീലനായിക്കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ പെട്ടെന്നുള്ള ഭാവമാറ്റമാണ് അവരുടെ കാര്യങ്ങളിലേക്ക് എത്തിനോക്കാൻ എന്നെ കൂടുതലായി പ്രേരിപ്പിച്ചത്. അയാൾ ചില്ലുമേശ എടുത്തു തറയിൽ ശക്തിയായി അടിച്ചപ്പോൾ അതിലൊരു ചില്ല് എന്റെ ശരീരത്തെ പോറലേൽപ്പിക്കാതെ കടന്നുപോയി. പരിഭ്രാന്തനായ ഞാൻ തടിയുരുപ്പടിയിൽ തീർത്ത സുഷിരത്തിൽ അഭയം പ്രാപിച്ചു. പിന്നെ കുറെ സമയം അയാൾ നിശബ്ദനായിരുന്നു. പിന്നീടുള്ള കുരെ ദിവസങ്ങൾ അയാൾ‌ നിറമുള്ള ദ്രാവകം മാത്രം കുടിച്ച് ബോധമില്ലാതെ കിടന്നു.

ദിവസങ്ങൾക്കുശേഷം അയാൾ സ്വബോധത്തോടെ കണ്ണുതുറന്നപ്പോൾ ഞാൻ അയാളുടെ മുമ്പിൽ ചെന്നു നിന്നു എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. അയാൾ എന്നെ ശ്രദ്ധിക്കാതെ (ഞാൻ വെറും കീടമല്ലേ) വീണ്ടും വലിയ കുപ്പിയിൽ നിറച്ചിരുന്ന ദ്രാവകം ഗ്ളാസ്സിലേക്കു പകർന്ന് ഒറ്റവലിക്കകത്താക്കി വീണ്ടും ഉറങ്ങാനായിക്കിടന്നു. ആ ഗൃഹനാഥന്റെ ഈ അവസ്ഥയ്ക്കു മുമ്പുള്ള ദിവസങ്ങളെപ്പറ്റി ഞാൻ ചിന്തിച്ചു കുറച്ചു നാളുകൾ‌ക്ക് മുമ്പ് അയാളും ഭാര്യയും സന്തോഷത്തോടെ ആ മുറ്റത്തിരിക്കുന്നതു കാണാറുണ്ടായിരുന്നു. അന്ന് അവർ പരസ്പരം സൊറപറഞ്ഞിരുന്ന് കുടിച്ചിരുന്ന ചായയ്ക്ക് ഇന്ന് അയാൾ കുടിക്കുന്ന ദ്രാവകത്തെക്കാൾ ലഹരിയുണ്ടായിരുന്നു. ഒരു ദിവസം ഞാനിരിക്കുന്ന സുഷിരത്തിന് വലുപ്പം കൂട്ടിക്കൊണ്ടിരുന്നപ്പോൾ പതിവിനു വിപരീതമായി അവിടെ നിറയെ ആളുകളെക്കണ്ട് ഞാൻ പരിഭ്രാന്തനായി. അയാളുടെ കൂടെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ സ്ത്രീയെ ഹാളിനു നടുവിലായി പൂക്കളാൽ അലങ്കരിച്ച പെട്ടിയിൽ കിടത്തിയിരുന്നു. ഊന്നുവടിയുടെ സഹായത്താൽപോലും എഴുനേൽക്കാൻ കഴിയാത്ത അവസ്ഥയിൽ അയാൾ വേദനയോടെ അതിനടുത്തിരുന്നു. പുരുഷൻമാർ കരയുന്നത് നാണക്കേടായി കാണുന്ന മനുഷ്യർക്കിടയിൽ അയാൾ തന്റെ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അത് തടയണയിട്ടു നിർത്താൻ കഴിയുന്നതായിരുന്നുല്ല. അന്നുരാത്രിതന്നെ അവിടം ശൂന്യമായി. മക്കളും മരുമക്കളും ഉൾപ്പെടെ എല്ലാവരും അയാളെ തനിച്ചാക്കിപ്പോയി.

അന്നുരാത്രി ഞാനും അയാളും മാത്രമായി ആ വീട്ടിൽ..എന്റെ സാന്നിദ്ധ്യം അറിയാത്തതുകൊണ്ടാവണം ആ രാത്രി അയാൾ വേണ്ടുവോളം കരഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ. ഇതെല്ലാം കണ്ടു പകച്ച് ഞാൻ സുഷിരത്തിൽ ഒതുങ്ങിയിരുന്നു. ആ മനുഷ്യന്റെ വേദനയിൽ സമാശ്വസമായി എത്തണം എന്നെനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മനുഷ്യർക്കും ഞങ്ങൾക്കുമിടയിലെ മതിലിന്റെ ഉയരം വളരെ വലുതായിരുന്നു. പതുക്കെപ്പതുക്കെ അയാൾ മൂകനായി. പിന്നീടുള്ള അയാളുടെ ജീവിതം നിറമുള്ള ദ്രാവകത്തെ കേന്ദ്രീകരിച്ചായിരുന്നു. ആ ഒരു മുറിക്കുള്ളിലായി അയാളുടെ ജീവിതം ഒതുങ്ങി. വല്ലപ്പോഴും വരുന്ന പോസ്റ്റുമാൻ മാത്രമായിരുന്നു അയാളെ അന്വേഷിച്ചുവരുന്ന ഏക വ്യക്തി. എന്റെ ഓർമ്മയിൽ അയാളുടെ ജീവിതം ഒരു നൊമ്പരമായി അവശേഷിച്ചു. കുപ്പി നിലത്തെറിയുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. വീട് നിറയെ പല വർണത്തിലുള്ള കുപ്പിച്ചില്ലുകളാൽ അലംകൃതമായിരുന്നു. പക്ഷേ അതിൽ ഏതു ദേഹത്തു തറച്ചാലും ചുവന്ന ചോര തന്നെ. ഇങ്ങനെയൊക്കെ ആലോചിക്കുമ്പോൾ ഞാനൊരു സാത്വികന്റെ കുപ്പായം അണിയുന്നതുപോലെ തോന്നി.

എന്തൊക്കെയോ ചിന്തിച്ച് കാടു കയറുന്നതിനിടയിൽ അയാളുടെ കാര്യം ഞാൻ പാടേ മറന്നു. സുഷിരത്തിനു വെളിയിൽ വന്നപ്പോൾ അയാൾ അവിടെ കാലുകൾ നീട്ടിവച്ചുറങ്ങുന്നു. പിന്നീട് രണ്ടു ദിവസം ആ ഉറക്കം നീണ്ടു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ഉറങ്ങുന്ന ആളിന്റെ ദേഹത്തുനിന്നും ദുർഗന്ധം വമിക്കുന്നതുപോലെ തോന്നി. ശരീരത്തെ നശിക്കാൻ വിടാതെ അതിനു കവചം തീർത്ത് ഇത്രയും കാലം കാത്തു സൂക്ഷിച്ച ആത്മാവ് ശരീരത്തെ വിട്ടുപോയതായി എനിക്കു മനസ്സിലായി. അദ്ദേഹത്തിന്റെ ശരീരം അങ്ങനെ അനാഥമായിക്കിടക്കാൻ ഞങ്ങൾ അനുവദിച്ചില്ല. ഞങ്ങൾ കൂട്ടമായി അദ്ദേഹത്തിനു ചുറ്റും ഒരു കവചം തീർക്കാൻ തീരുമാനിച്ചു. ഞങ്ങൾക്കു പറ്റുന്ന തരത്തിൽ ഒത്തൊരുമയോടെ ഞങ്ങളതു ചെയ്തുതീർത്തു.

ദിവസങ്ങൾക്കുശേഷം ആ വീട്ടിൽ എത്തിയ ഏക മനുഷ്യജീവി ആ പോസ്റ്റുമാനായിരുന്നു. അയാളുടെ നിലവിളി എന്നെ ഞെട്ടിച്ചു. കാതടപ്പിക്കുന്ന ശബ്ദത്തിൽ അയാൾ കൂവി, പരവശനായി വരാന്തയിലിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആളുകൾ കൂട്ടംകൂട്ടമായി ആ വീട്ടിലേക്കെത്തി. ഹാളിൽ ഉണ്ടായിരുന്ന ഡോക്ടർമാരോടും നക്ഷത്രങ്ങൾ തോളത്തുപതിച്ച പൊലീസുകാരോടും ​ഞാൻ ഉറക്കെപ്പറഞ്ഞു ‘‘ഇതു ദുർമ്മരണമല്ല, ഒറ്റപ്പെടലിൽ നിന്നുണ്ടായ മരണമാണ്’’ എന്റെ വാക്കുകൾ കേൾക്കാൻ മനുഷ്യർക്കാവില്ലല്ലോ. ഇങ്ങനെ എത്രയെത്ര മരണങ്ങളും കൊലപാതകങ്ങളും രഹസ്യങ്ങളും ഞങ്ങളെപ്പോലെയുള്ളവർ കണ്ടിരിക്കുന്നു.

വളരെ തിരക്കുപിടിച്ച് മക്കൾ എത്തി, അയാളുടെ ശരീരം പെട്ടിയിലാക്കി മണ്ണിട്ടുമൂടി മക്കൾ യാത്രയായി. വീണ്ടും പഴയ മൂകമായ അന്തരീക്ഷത്തിലേക്ക് വീടെത്തിച്ചേർന്നു. നിഗൂഢ മനസ്സിനുടമകളായ മനുഷ്യരെ മനസിലാക്കാൻ കഴിയാതെ ഞാൻ കുഴങ്ങി. നിങ്ങളുടെ പ്രവർത്തികളുടെ സാക്ഷി ഞങ്ങളും ദൈവവും മാത്രമാണല്ലോ.