Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോനേ, നിനക്കുവേണ്ടി ഞാനൊന്നും ചെയ്തില്ല, ല്ലേ...

Vayalar-Rama-Varma

‘എല്ലാരും പാടത്ത് 

സ്വർണം വിതച്ചു... 

ഏനെന്റെ പാടത്ത് 

സ്വപ്നം വിതച്ചു...’ 

എല്ലാവർക്കും നൂറുമേനി വയലാറിനെ വിളഞ്ഞുകിട്ടി. എനിക്കിന്നു വരെ, ഈ തൊണ്ണൂറാം ജൻമദിനത്തിൽ വരെ കിട്ടിയത് തൊണ്ണൂറുമേനി. തൊണ്ണൂറുമേനിയും വയലാർ. പത്തുമേനിയുള്ള അച്ഛന്റെ ഓർമക്കതിരുകൾ കൊയ്യാൻ കഴിയാതെ ബാക്കി.

നിറകണ്ണുകളോടെ നൂറുമേനി കൊയ്തവർക്കിടയിലൂടെ നടക്കുമ്പോഴൊക്കെ ഞാനെന്നോടുതന്നെ ചോദിക്കും: ‘മൂന്നു പിടികൂടി വാരിയിട്ടാൽ, പത്തുമേനി കൂടി കിട്ടിയാൽ, നിന്റെ പറ നിറയുമോ?’ ഇനിയൊരു ജൻമമുണ്ടായാൽ, മൂന്നു കാലവുമറിയാവുന്ന വയലാറെന്ന അച്ഛന്റെ മകനാകാൻ ഞാനുണ്ടാകും. എന്റെ ഭാര്യയെയും മോളെയും വയലാറിനെയൊന്നു കാണിച്ചുകൊടുക്കാനും കഴിയും.

അച്ഛൻ പിറന്ന നാളിൽ നീയും ഞാനും നമ്മിൽ ഒത്തിരിപ്പേരും ഉണ്ടായിരുന്നില്ല. ഇന്നു നാമെല്ലാവരുമുണ്ട്. പക്ഷേ, അച്ഛനില്ല. നാദം ശൂന്യതയിങ്കലാദ്യമമൃതം വർഷിച്ച നാൾ വന്നെങ്കിൽ... 

1956ൽ ‘കൂടപ്പിറപ്പി’നു വേണ്ടി വയലാർ പാട്ടെഴുതിയപ്പോൾ അമ്മാലുവും (മുത്തശ്ശിയമ്മയെ അച്ഛൻ വിളിക്കുന്ന പേര്) ചന്ദ്രമതിയും (ഈയടുത്തു യാത്ര പറഞ്ഞു) വയലാറും മാത്രം. വിധി ക്രൂരനോ വിപ്ലവകാരിയോ ഞങ്ങളോടു കരുണ കാണിച്ച ദയാനിധിയോ? ചന്ദ്രമതിയമ്മയുടെ ഗർഭപാത്രപ്പാടം നികത്തിയതെന്തിനാവാം? 1959ൽ ചന്ദ്രമതിയമ്മ രാഘവപ്പറമ്പിലിൽനിന്നു സ്വന്തം ഗൃഹത്തിലേക്കു യാത്രപോയി. തിരികെ എത്തിയത് 2018 മാർച്ചിലാണ്. ക്ഷണമില്ലാതെ, ഔദ്യോഗിക ബഹുമതിയൊന്നുമില്ലാതെ...

Vayalar-Rama-Varma-and-Vayalar-Saratchandra-Varma അച്ഛനോടൊപ്പം കുട്ടിക്കാലത്ത് വയലാർ ശരത്ചന്ദ്രവർമ.

ചന്ദ്രമതിയമ്മ പോയശേഷം ഗുരുവായൂരമ്പലത്തിലെ വിവാഹരേഖയോടെ ഈ വീടു കയറിയതു ഭാരതിയെന്ന ഞങ്ങളുടെ അമ്മ. ഇന്ദ്രധനുസ്സിന്റെ തീരത്തിരുന്ന് 1975 മുതലുള്ള തുലാവർഷ മഴത്തുള്ളികളിൽ കണ്ണുനീർ ചാലിച്ചവൾ. നാലുവട്ടം വയലാറിന് പിതൃപദവി പുരസ്കാരം സമ്മാനിച്ചവൾ. കലാകാരൻമാരുടെ ആശ്രിതർക്കുള്ള ചലച്ചിത്ര അക്കാദമിയുടെ കൈനീട്ടം മാസംതോറും ലഭിക്കുന്നവൾ. എല്ലാത്തിനും ഉപരിയായി വയലാറിന്റെ മക്കളുടെ അമ്മയെന്നഭിമാനിക്കുന്നവൾ. വിശേഷപ്പെട്ട ദിവസങ്ങളിൽ ചന്ദ്രേയി (ചന്ദ്രമതി) വരുമ്പോഴൊക്കെ കളങ്കമില്ലാതെ സ്വീകരിച്ചിരുന്നവൾ.

ഈ തൊണ്ണൂറാം ജൻമനാളിൽ ഒറ്റയ്ക്കിരുന്നു വയലാർ ഗാനങ്ങൾ കേൾക്കുന്നു. തൊണ്ണൂറിന്റെ കൂടെ ലളിതമായ ശതാഭിഷേകം (84 വയസ്സ്) ആഘോഷത്തിന് ഒരുങ്ങിയിരിക്കുന്നു. ഇന്ദുലേഖയും യമുനയും അച്ഛന്റെ ഗാനങ്ങളുടെ ഭാഗമായി ഗായകരിലൂടെ മലയാളികളിലെത്തുന്നു. സിന്ധുവെന്ന ഇളയവൾ പാട്ടിൽ തന്റെ പേരു ചേർക്കാത്തതിൽ പിണക്കമോടെ കഴിയുന്നു. ഇവരോടൊപ്പം ആദ്യത്തെ കൺമണിയായി പിറന്ന ഞാൻ‌ അച്ഛനെന്നെ താലോലിച്ചിണ്ടുണ്ടെന്ന് അമ്മ പറയുന്നതനുസരിച്ചു സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു.

എനിക്കമ്മ പ്രാണൻ ചുരത്തിത്തന്നുകൊണ്ടിരുന്ന അമ്മിഞ്ഞപ്പാൽ വരെ അച്ഛൻ പങ്കിട്ടെടുത്തിട്ടുള്ളതായും ഞാനറിഞ്ഞു. എന്റെ പതിനഞ്ചു വയസ്സുവരെയുള്ള കാലയളവിൽ ഒരുവട്ടം മാത്രമേ ആ തലോടൽ തൂലിക അനുഭവിച്ചതുപോലെ ആസ്വദിച്ചിട്ടുള്ളൂ. ‘നെല്ലി’ലെ ഗാനങ്ങൾ പിറവിയെടുക്കുന്ന സമയത്ത് കൂടെക്കൊണ്ടുപോയി അടുത്തിരുത്തി ഉത്തരവാദിത്തബോധം ചൊല്ലിത്തന്നപ്പോൾ മാത്രമായിരുന്നു അത്.

ഒടുവിലത്തെ കൂടിക്കാഴ്ച 1975 ഒക്ടോബർ 22 നായിരുന്നു. ചേർത്തല ഗ്രീൻ ഗാർഡൻസ് ആശുപത്രിയിലെ രോഗശയ്യയിൽ വച്ച്. ക്ഷീണിച്ച നരച്ച താടിയുള്ള രൂപം ഒന്നെന്നെ നോക്കി. ‘അറബിക്കടലല ഞെട്ടിയുണർന്നു, ഗിരികൂടങ്ങൾ ഞടുങ്ങി’ എന്ന മട്ടിലൊരു വാചകം. ‘മോനേ നിനക്കുവേണ്ടി ഞാൻ ഇതുവരെ ഒന്നും ചെയ്തില്ല; ല്ലേ?’. ബാക്കി പറഞ്ഞതൊന്നും കേൾക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല. വാത്സല്യത്തിന്റെ ഇരട്ടിമധുരം വിളമ്പിയത് യാത്രാമൊഴി ചൊല്ലിനിടെ. പിന്നെ നോക്കിനിന്നെങ്കിലും തിരിഞ്ഞുനോക്കിയില്ല, മിണ്ടിയുമില്ല. അഞ്ചുനാൾ കഴിഞ്ഞ് അച്ഛൻ ഞങ്ങളെ വിട്ടുപോയി. മൃത്യുവിന്റെ ഗുഹയിലെ രക്തപുഷ്പമായി മാറി.

Vayalar-Saratchandra-Varma-old-photo ‘നെല്ലി’ന്റെ ചിത്രീകരണത്തിനിടെ വയനാട്ടിലെ തിരുനെല്ലിയിൽ രാമു കാര്യാട്ട്, ബാലു മഹേന്ദ്ര, സലിൽ ചൗധരി എന്നിവർക്കൊപ്പം വയലാർ രാമവർമ. സമീപം ശരത്ചന്ദ്രവർമ. വയലാറിന്റെ മരണത്തിന് അൽപകാലം മുൻപുള്ള ചിത്രം.

അമ്മ കണ്ട വയലാറിന് തീരെ ഭംഗിയില്ലായിരുന്നു. കറുത്ത്, കുറുകി മെലിഞ്ഞ രൂപം. ചേരാത്ത ഖദർ വേഷം. എണ്ണയൊഴുകിയൊലിക്കുന്ന തലമുടി, അതും കുടുമ. ചേച്ചിയെ പലവട്ടം പിൻതിരിപ്പിക്കാൻ ശ്രമിച്ച അമ്മതന്നെ വയലാറിന്റെ താലിരൂപിണിയായി. ഒരു കാറിൽമാത്രം കൊള്ളാവുന്നത്ര പേരാണു പങ്കെടുത്തത്... കൂട്ടിത്തിലൊരാൾ എൽ.പി.ആർ.വർമ എന്ന വല്യച്ഛൻ. ഈണമിടാനേൽപിച്ച ഗാനം അദ്ദേഹം കാറിലിരുന്ന് എല്ലാവരും കേൾക്കെ പാടി. വയലാറിന്റെ വരികൾ പ്രവചനമായതുപോലെ അമ്മയ്ക്കു തോന്നി. ആ വരികളിങ്ങനെ: 

‘പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ 

കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ...’

ചന്ദ്രേയി പ്രസവിച്ചിരുന്നെങ്കിൽ ഈ വരികൾ വെറുമൊരു പാട്ടു മാത്രമാകുമായിരുന്നു, അമ്മയ്ക്ക്. ‘വരമരുളുക വനദുർഗേ’യെന്ന പാട്ട് അറിയുംവിധം പാടി അച്ഛന്റെ കൂട്ടുകാരിയായി. മുത്തശ്ശിയമ്മയ്ക്കുവേണ്ടി അച്ഛനു കത്തെഴുതുന്നത് അമ്മയാണ്. ഇൻലെൻഡിന്റെ അവസാനം എഴുതാൻ അമ്മയ്ക്ക് അവസരം കിട്ടുമ്പോഴൊക്കെ ‘മൈ ഡിയർ’ എന്ന പേരില്ലാത്ത സംബോധനയും ‘സ്വീറ്റ് കിസ്’ തുടങ്ങിയ പ്രണയാലങ്കാര പദങ്ങളുമൊക്കെ ചേർക്കാറുണ്ട്.

തന്നോടുള്ള സ്നേഹം മകൻ മറ്റൊരു സ്ത്രീക്ക് പങ്കുവയ്ക്കുമ്പോൾ, അകാലവൈധവ്യം വന്ന മുത്തശ്ശിയമ്മയുടെ വിദ്വേഷങ്ങൾക്കിടയിലും സഹനസീതയായി നിന്ന് കുടുംബകലഹമെന്ന യുദ്ധത്തിന്റെ തീയടുപ്പ് അമ്മ ഊതിത്തെളിച്ചില്ല. കണവനായ അച്ഛനും മാതൃഭക്തനായ മൗനിയായിരുന്നു. വാളു വിറ്റു വീണ വാങ്ങിച്ച കവി മുനിയാകുന്ന കാണ്ഡം.

Vayalar Saratchandra Varma വയലാർ ശരത്ചന്ദ്രവർമ

അച്ഛന്റെ പ്രസിദ്ധിയുടെ അവകാശി എന്റെ നേരെ ഇളയവൾ ഇന്ദുലേഖയുടെ കുത്തകയായിരുന്നു... അവളന്നേ കവിതയെഴുതുമായിരുന്നു. അച്ഛന്റെ മരണം വരെ. ഇപ്പോൾ വീണ്ടും എഴുതിത്തുടങ്ങി. യമുനയും സിന്ധുവുമൊക്കെ അച്ഛന്റെ പിറന്നാൾ സദ്യകൾ എന്നെക്കാൾ വളരെക്കൂടുതൽ ഉണ്ടവരാണ്. ‘വാ’ എന്നു വല്ലപ്പോഴും വിളിച്ചാൽ ഭയത്തോടെയടുത്തു ചെല്ലാറുള്ള എനിക്ക് പച്ചമുളകുടച്ച, തൈരിൽ കുതിർത്ത ചോറുരുള തരുമായിരുന്നു. എരിവിന്റെ കണ്ണുനീരിലും ഒരു ഏങ്ങലടിയോടെ ഞാനതു രുചിയോടെ കഴിക്കുമായിരുന്നു. അതിൽ കുടുതൽ ഉരുളകൾ പിണ്ഡമാക്കുക എന്നതായിരുന്നു കടിഞ്ഞൂലായ എന്റെ പുത്രധർമം. (പുത് എന്ന നരകത്തിൽനിന്നു പിതാവിനെ മോചിപ്പിക്കുന്നവനാണ് പുത്രൻ).

എല്ലാ പിറന്നാളിലും, എവിടെയാണെങ്കിലും മുത്തശ്ശിയമ്മയുടെ അരികിലെത്തി ബാലരാമവർമയാകുമച്ഛൻ. കുളിച്ച്, കണ്ണെഴുതി, ദശപുഷ്പങ്ങൾ അനുസരണയോടെ ചൂടി സദ്യയുണ്ണും. ഒരിക്കൽ മാത്രമാ പതിവു തെറ്റി. 1975 ലെ മീനഭരണിനാൾ അച്ഛനെത്തിയില്ല. പിന്നീടൊരിക്കലും അതുണ്ടായില്ല. 

‘എങ്ങുപോയ് എങ്ങുപോയ് പടിചാരാതെയെന്റെയച്ഛൻ 

ഒന്നുമേ ഒന്നുമേ ഉരിയാടാതെയെന്റെയച്ഛൻ 

ഒരുക്കങ്ങളൊന്നുമില്ലാതെ, എനിക്കിന്നൊരുമ്മ തരാതെ 

ഏകനായ് ദൂരെ... ദൂരെ...’ 

അച്ഛാ, അങ്ങെനിക്കെല്ലാം തന്നു; തൊണ്ണൂറാം പിറന്നാളിലും ആ ചോറുരുളയൊഴികെ.