Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹം

sunday-story-illustration വര: മുനാസ് സിദ്ദിഖ്

ഒന്ന്

ആശ്രമകവാടത്തിനു മുൻപിൽ ഒരു ശരണാർഥിയായി ഞാൻ നിൽപു തുടർന്നു. നേർത്ത തണുപ്പുള്ള ആ പ്രഭാതത്തിൽ ആശ്രമപരിസരം എന്നിൽ അനിർവചനീയമായ ആത്മശാന്തി നിറയ്ക്കുന്നത് ഒട്ടൊരതിശയത്തോടെ ഞാൻ അറിയുകയായിരുന്നു.

അക്ഷീണമായ എന്റെ കാത്തുനിൽപ് ഒരിക്കലും വ്യർഥമാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷയല്ല, സത്യത്തിൽ അതൊരു പ്രത്യാശയാണ്. ഒരു ശ്രമം. അല്ലെങ്കിൽ ഒരു ശ്രമംകൂടി എന്നും അതിനെ വിശേഷിപ്പിക്കാം. ഇതിനു മുൻപ് എത്രയോ തവണ ഞാൻ ഇവിടെ വന്ന് ഇതുപോലെ...

ഉള്ളിലെ കുറെ ബോധത്തിന്റെ അഥവാ പാപബോധത്തിന്റെ നോവും നീറ്റലും ഒരു ദീർഘനിശ്വാസമായി എന്നിൽനിന്നു പുറത്തുവന്നു. ഒന്നുറക്കെ പൊട്ടിക്കരയാൻ വെമ്പുമ്പോഴും എന്നിലെ ഇനിയും കെട്ടടങ്ങാത്ത അഹന്ത തലപൊക്കി. ഞാനെന്റെ മുഖം തൂവാലയാൽ മറച്ചു.

ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു – ഇല്ല, മാപ്പർഹിക്കുന്നില്ല. അറിയാം, ഒരുപക്ഷേ ഈ ശ്രമവും പരാജയപ്പെട്ടാൽ ഇനിയും ഞാനിവിടെ വരും. എന്റെ കാത്തുനിൽപ് തുടരുകതന്നെ ചെയ്യും. എനിക്കു വരാതെ വയ്യ; കാത്തുനിൽക്കാതെയും.

കർപ്പൂരത്തിന്റെയും ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും അകിലിന്റെയും സമ്മിശ്രഗന്ധം എന്റെ നാസാരന്ധ്രങ്ങളെ തട്ടിയുണർത്തി. നെറ്റിയിലും നെഞ്ചിലും ഭസ്മക്കുറിയിട്ട, കാവിയണിഞ്ഞ വൃദ്ധൻ അരികിലെത്തി.

‘‘താങ്കൾ പോയില്ല അല്ലേ? ഈ തണുപ്പിൽ ഇത്രയും നേരം ഇങ്ങനെ ഒറ്റയ്ക്ക്’’ വൃദ്ധൻ എന്നെ തുറിച്ചുനോക്കി.

ഞാൻ മെല്ലെ തലയാട്ടി. പിന്നെ ഒരു മന്ത്രം പോലെ ഉരുവിട്ടു.

‘‘എനിക്കൊന്നു കാണണം’’

വൃദ്ധൻ എന്റെ നേർക്ക് സഹതാപം നിറഞ്ഞ ഒരു നോട്ടമെറിഞ്ഞു. ഞാൻ ആവർത്തിച്ചു:

‘‘എനിക്കു കാണണം.’’

വിദൂരതയിലേക്കു കണ്ണുനട്ട് വൃദ്ധൻ പറഞ്ഞു.

‘‘എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. കാത്തുനിൽപ്പാണെന്നും. നിൽക്കേണ്ട. സമയമായില്ല എന്നാണ് ഉത്തരം. കാത്തിരിക്കൂ. ഫലമുണ്ടാകും – അല്ലെങ്കിൽ ഇനിയും കരയിക്കണോ? ആലോചിക്കൂ.’’

‘‘വേണ്ട.’’ ഞാൻ പറഞ്ഞു.

‘‘എങ്കിൽ പിന്നെ തിരിച്ചുപോകൂ’’ വൃദ്ധന്റെ കണ്ണുകളിൽ ഇപ്പോൾ സഹതാപമാണ്.

അസ്പഷ്ടമായി എന്തോ പിറുപിറുത്ത്; വാർധക്യത്താൽ വേച്ചുപോകുന്ന കാലുകളുമായി വൃദ്ധൻ നടന്നുമറഞ്ഞു.

പാപഭാരം പേറുന്ന നെഞ്ചിൽ തൊട്ടുഴിഞ്ഞ് ഞാൻ കുനിഞ്ഞ ശിരസ്സുമായി എന്റെ പുത്തൻ കാറിന്റെ ഡോർ തുറന്ന് എന്റെ ഭാരിച്ച ശരീരം കാറിന്റെ പതുപതുത്ത സീറ്റിൽ ഇറക്കിവച്ചു. പ്രക്ഷുബ്ധമായ കടൽ പോലെ എന്റെ മനസ്സിൽ നിരാശയുടെ കൂറ്റൻ തിരമാലകളിരമ്പി.

sunday-story-illustration-2 വര: മുനാസ് സിദ്ദിഖ്

രണ്ട്

കൊടും വേനലാണ്. അകത്തും പുറത്തും ഒരു നീണ്ട പകലിന്റെയും, അത്രതന്നെ നീളമേറിയ ഒരു രാത്രിയുടെയും ദീർഘയാത്രയ്ക്കൊടുവിൽ ഉൾനാടൻ ഗ്രാമത്തിലെ ചെമ്മൺ പാതയോരത്തെ നിശ്ശബ്ദതയുറങ്ങുന്ന ആശ്രമകവാടത്തിനു മുന്നിൽ വാതിൽ തുറക്കപ്പെടുന്നതും നോക്കി ​ഞാൻ കാത്തുനിൽപാണ്.

ഒരു പുലർകാലത്തിനായി ഇനിയും മണിക്കൂറുകൾ കാത്തിരിക്കേണ്ടതുണ്ട്. ഒരുപക്ഷേ, അതിനുമുൻപേ ഞാൻ വിളിക്കപ്പെടാം.

ഇപ്പോൾ പ്രത്യാശ, പ്രതീക്ഷയ്ക്കു വഴിമാറിയിരിക്കുന്നു. അഹന്തയുടെ മേൽവസ്ത്രം ഞാനെന്നേ ഉരിഞ്ഞുകളഞ്ഞിരിക്കുന്നു. ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു വെളിച്ചമേകി ബൾബുകൾ അവിടവിടെ സ്വയം എരിഞ്ഞുതീർന്നുകൊണ്ടിരിക്കുന്നു.

ആശ്രമപരിസരമാകെ ചുറ്റിക്കറങ്ങിയ നേർത്തകാറ്റ് എന്നെ അരുമയായി തഴുകിക്കടന്നുപോയി. പുറത്തെ കനത്ത ഇരുട്ട് എനിക്കു നേരെ കനത്തു കറുത്ത കരിമ്പടം വച്ചുനീട്ടി. നിറഞ്ഞുതൂവിയ മനസ്സോടെ ഞാൻ കാത്തുനിൽപ്പു തുടർന്നു. കാവിയിൽ മുങ്ങിയ വൃദ്ധരൂപം അടുത്തുവന്ന് അടക്കം പറഞ്ഞു.

‘‘വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. രണ്ടു ദിവസമായി ജലപാനം വേണ്ടെന്നു വാശി – ഇനിയും വൈകിക്കേണ്ടെന്ന് തിടുക്കപ്പെട്ടു. അതാ വിളിക്കാൻ ഏർപ്പാടാക്കിയത്. ഇവിടെ ഫോണൊന്നും പതിവില്ലെന്ന് അറിയാലോ. എത്താൻ സമയമെടുക്കുമെന്നറിയാം. ദൂരം ഒരുപാടുണ്ടല്ലോ. എന്നാലും പടികടന്നെത്തുന്നതും കാത്തുകാത്ത്’’

വൃദ്ധന്റെ ശബ്ദം നേർത്തുനേർത്തില്ലാതായി.

‘‘സ്ഥലത്തില്ലായിരുന്നു. വിളിച്ചു എന്നറിഞ്ഞപ്പോൾ ഉടനെ തിരിച്ചു. എന്നാലും മനസ്സു മാറിയല്ലോ. ഒന്നു കാണാൻ സമ്മതിച്ചല്ലോ.’’ ഞാൻ നന്ദിയോടെ വൃദ്ധനെ നോക്കി. വൃദ്ധന്റെ കണ്ണുകൾ എന്നെയുഴിഞ്ഞ് മറ്റേതോ ബിന്ദുവിൽ തറഞ്ഞുനിന്നു. അയാൾ ആവർത്തിച്ചുരുവിട്ടുകൊണ്ടിരുന്നു.

‘‘സാരല്യ... ഒന്നും സാരല്യ.... ഒന്നും നമ്മുടെ കയ്യിലല്ലല്ലോ. എല്ലാം അവിടുന്ന് തീരുമാനിക്കുന്നു... നടപ്പിലാക്കുന്നു.’’

വൃദ്ധന്റെ വാക്കുകളിൽ അതുവരെയില്ലാത്തവിധം അനുകമ്പയും അലിവും നിറയുന്നത് ഞാൻ അവിശ്വസനീയതയോടെ അറിഞ്ഞു. വൃദ്ധൻ വീണ്ടും വീണ്ടും എന്നെ നോക്കി. പിന്നെ പതിയെ പറഞ്ഞു.

‘‘ഒന്നു കാണാം. തിരിച്ചുപോകാം. ആഗ്രഹിച്ചതും അതുമാത്രം. ഞാൻ ഇവിടത്തെ ഒരാശ്രിതൻ. എന്നോട് മറിച്ചൊന്നും തോന്നരുത്. ചോദ്യങ്ങൾ ഏറെയുണ്ടാകാം. ഉത്തരങ്ങൾ പറയാൻ ഞാൻ ബാധ്യസ്ഥനല്ല. എന്റെ നിയോഗം ഇതാണ്. അരികിൽ എത്തിക്കുക എന്നതുമാത്രം. താങ്കൾക്ക് ഇനി എന്റെ കൂടെ വരാം.’’

ഒരു ചെരിഞ്ഞ നോട്ടമെറിഞ്ഞ് വൃദ്ധൻ എന്നെ അകത്തേക്കു ക്ഷണിച്ചു.

‘‘ഒന്നു കണ്ടാൽ മതിയായിരുന്നു. തെറ്റുകൾ ഏറ്റുപറഞ്ഞ് ആ കാൽക്കൽ വീഴണം. തിരികെ കൊണ്ടുപോകണം’’ ഞാൻ‌ ഇടർച്ചയോടെ പറഞ്ഞു.

വൃദ്ധൻ ഇപ്പോൾ തീർത്തും മൗനിയാണ്. അയാൾ എനിക്കു വഴികാട്ടിയായി മുന്നിൽ നടന്നു. മുറ്റവും ഒരു നീളൻവരാന്തയും കടന്ന് അൽപം വിശാലമായ ഒരു മുറിയിലേക്ക് ഞാൻ വൃദ്ധനെ അനുഗമിച്ചു. മൃദുവായ നാമജപങ്ങളാൽ മുഖരിതമായ ആ മുറിയിൽ ദുഃഖം ഘനീഭവിച്ചുകിടക്കുന്നതുപോലെ എനിക്കുതോന്നി. എന്റെ ഇന്ദ്രിയങ്ങൾ ജാഗരൂകമാകുന്നത് ഞാനറിഞ്ഞു. നെഞ്ചിൽ അപായമണി മുഴങ്ങുന്നു. വൃദ്ധൻ എനിക്കു മുന്നിൽ വേച്ചുവേച്ചു നടക്കുന്നു.

പെട്ടെന്ന് അയാൾ ഒന്നു നിന്നു. ഞാൻ ചുറ്റും നോക്കി. എന്റെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പിടയുന്നു.

ഞാൻ കണ്ടു, വീതിയേറിയ ആ മുറിയുടെ നടുവിലായി കാവി വസ്ത്രധാരികളായി, നമ്രശിരസ്കരായി ഒരുകൂട്ടം മനുഷ്യർ. അവർ നാമം ചൊല്ലി വലംവയ്ക്കുകയാണ്.

വൃദ്ധൻ എനിക്കു വഴിയൊരുക്കി ഒതുങ്ങിനിന്നു. പിന്നെ എനിക്കുമാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞു.

‘‘കാണാം. കണ്ടു തിരിച്ചുപോകാം. അതു മതി. അതിനപ്പുറം ഒന്നും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട്...’’ വൃദ്ധന്റെ വാക്കുകൾ മുറിഞ്ഞു. പറയാനുള്ളത് പറയാതെ പറയാൻ ഒരർധവിരാമം.

അതിദ്രുതം മിടിക്കുന്ന എന്റെ ഹൃദയത്തിൽ ഭയാശങ്കകളുടെ വേലിയേറ്റം. എന്റെ കൈകാലുകൾ വിറയ്ക്കുന്നു. 

ഒരാശ്രയത്തിനായി എന്റെ കണ്ണുകൾ ചുറ്റും പരതി. വൃദ്ധന്റെ ശബ്ദം എന്റെ കാതോരം... ഒരു മൃദുമന്ത്രണം പോലെ.

‘‘വിഷമം വേണ്ട. എല്ലാം പൊറുത്തുകഴിഞ്ഞിരുന്നു. എല്ലാവരോടും പൊറുത്തുകഴിഞ്ഞിരുന്നു. സാരല്യ... ഒന്നും സാരല്യ... ഉള്ളിൽ തട്ടിയ പശ്ചാത്താപം അറിയാതെ പോകില്ല. പശ്ചാത്താപത്തേക്കാൾ വലിയ പാപപരിഹാരമുണ്ടോ? അതുകൊണ്ട് ഒട്ടും സങ്കടം വേണ്ട.’’

വൃദ്ധൻ വീണ്ടും നാമജപം തുടങ്ങി. അവിടെ കൂടിനിന്നവരാരുംതന്നെ എന്റെ നേർക്ക് ഒരു ചെറുനോട്ടം പോലുമെറിഞ്ഞില്ല.

മുന്നിൽ വെറുംനിലത്ത്, വെള്ളപുതച്ച് ഒരു ശരീരം. ആരോ മുഖത്തെ തുണി മാറ്റി. ഞാൻ കണ്ടു. വീതിയേറിയ ഭസ്മക്കുറിയിട്ട നെറ്റിത്തടം. ഉറവ വറ്റിയ... താരാട്ടുറഞ്ഞ വിളർത്ത ചുണ്ടുകൾ.

ശാന്തമായുറങ്ങുകയാണ്. ഇനിയുണരാത്ത നിത്യനിദ്ര.

ആർത്തലച്ച് മുന്നോട്ടുകുതിച്ച എന്നെ ആരൊക്കെയോ പിടിച്ചൊതുക്കി പുറത്തേക്കു നടത്തി. എന്നെയൊന്നു ചേർത്തുപിടിച്ചാശ്വസിപ്പിക്കാൻ ആരും എന്റെ അരികിൽ വന്നില്ല; ആ വൃദ്ധൻ പോലും.

എനിക്കു പിന്നിൽ ആശ്രമകവാടം കൊട്ടിയടയ്ക്കപ്പെടുന്നത് പരിഭ്രാന്തമായ കണ്ണുകളോടെ ഞാൻ നോക്കിനിന്നു. ലജ്ജാഭാരവും പേറി, തളർന്ന ശരീരത്തോടെ മുന്നോട്ടുനീങ്ങവെ ഒരു മറുവിളി എന്റെ കാതുകളിൽ അമൃതവർഷമായി നിറഞ്ഞു.

‘‘മോനേ... സൂക്ഷിച്ചുനടക്ക്... വീഴല്ലേ... പതുക്കെ...ദേ... അമ്മയുടെ വിരലിൽ പിടിച്ച്... മിടുക്കൻ’’

നിറഞ്ഞുതൂവുന്ന ചിരിയുടെ മണികിലുക്കം... ഞാൻ തിരിഞ്ഞുനോക്കി. അവിടെ അപ്പോഴും അട‍ഞ്ഞുകിടക്കുന്ന ആശ്രമകവാടത്തിനു മുൻപിലെ വരാന്തയിൽ അലിവോലുന്ന നോട്ടവും, നിറഞ്ഞ ചിരിയുമായി...

ചരൽപാകിയ മുറ്റത്ത് ഞാൻ മൂർച്ഛിച്ചുവീണു. എന്റെ ബോധാബോധതലങ്ങളിലെവിടെയോ ദീനദീനം കരയുന്ന ഒരു കാക്കയുടെ നേർത്ത ചിറകടിയൊച്ച ഞാൻ കേട്ടു.