Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തെ ഉൾക്കടലിൽ മുങ്ങിയ കപ്പലുകള്‍, റെയിൽവേ ലൈൻ! ആഴങ്ങളിലെ രഹസ്യങ്ങ‌ൾ...

വര: ടി.എം. രഞ്ജിത് വര: ടി.എം. രഞ്ജിത്

1968 ഓഗസ്റ്റ്, തിരുവനന്തപുരം 

ശംഖുമുഖത്തെ ഉൾക്കടൽ, രാത്രി ഏതാണ്ട് 11 മണി. 

മീൻപിടിച്ചു നിൽക്കുകയായിരുന്നു തോമസും ജോസും. ദൂരെ കടലിൽ ഒരു ചുവന്ന പ്രകാശം. കാണക്കാണെ അത് ഉലഞ്ഞ് മെല്ലെ മുങ്ങിത്താഴുന്നു. പിന്നാലെ മറ്റൊരു പ്രകാശം പാഞ്ഞു വരുന്നു. നോക്കിനിൽക്കെ ആദ്യത്തെ പ്രകാശം കടലിൽ പൊലിഞ്ഞു. പിന്നീടറിഞ്ഞു. ആണ്ടുപോയത് ഒരു എണ്ണക്കപ്പലായിരുന്നു. രണ്ടാമത്തെ പ്രകാശം അതിലെ ജീവനക്കാരെ രക്ഷിക്കാനെത്തിയ മറ്റൊരു കപ്പലായിരുന്നു. മുങ്ങിയ കപ്പലിലെ തടികൾ പിറ്റേന്ന് മൽസ്യത്തൊഴിലാളികൾ വലിച്ചു കരയിലെത്തിച്ച് പള്ളിക്കു കാഴ്ചവച്ചു. 

1972. ജൂലൈ മാസം.                                     

മറ്റൊരു രാത്രി. 

അന്നാണ് തോമസും ജോസും മുങ്ങിയ കപ്പലിന്റെ സ്ഥാനം കണ്ടെത്തിയത്; നാലു വർഷത്തെ പ്രയത്നത്തിനു ശേഷം.  നക്ഷത്രങ്ങളുടെ സ്ഥാനവും, പകൽ ദൂരെ കരയിൽ കാണാവുന്ന മാറ്റമില്ലാത്ത അടയാളങ്ങളും ബന്ധിപ്പിച്ചാണ് സ്ഥാനം തീരുമാനിക്കുന്നത്. മൽസ്യത്തൊഴിലാളികളെ സംബന്ധിച്ച് അത് വലിയ കണ്ടുപിടിത്തമാണ്. കാരണം ഇതിനകം മൽസ്യങ്ങൾ കൂട്ടത്തോടെയെത്തി മുങ്ങിയ ആ കപ്പൽ വീടാക്കിയിട്ടുണ്ടാകും. അതിന്റെ മീതെ ചൂണ്ടയിട്ടാൽ എന്നും മീൻ കിട്ടുമെന്നറുപ്പ്. പിന്നീട് അവിടം ‘ശംഖുമുഖം കപ്പൽപാരെ’ന്ന് അറിയപ്പെട്ടു. ആ പാരിന് ഇക്കൊല്ലം 50 വയസ്സായി. 

ഇത്തരം അനുഭവങ്ങൾ അതതു പ്രദേശത്തെ മീൻപിടിത്തക്കാർക്കിടയിൽ മാത്രം പ്രചരിച്ച്, ഒന്നോ രണ്ടോ തലമുറ കഴിഞ്ഞ് കടലാഴങ്ങളിലേക്കു മറയും. അങ്ങനെ പോരെന്നു കരുതി അവ രേഖപ്പെടുത്തുകയും അതിന്റെ പിന്നാലെ സഞ്ചരിക്കുകയും ചെയ്ത ഒരാൾ തിരുവനന്തപുരം വലിയതുറ തീരത്തുണ്ട്–റോബർട്ട് പനിപ്പിള്ള. അദ്ദേഹത്തിന്റെ പ്രയത്നങ്ങളുടെ കൂടി കഥയാണിത്. 

ഇതുപോലെ നമ്മുടെ തീരക്കടലിൽ എത്ര കപ്പൽ മുങ്ങിക്കിടപ്പുണ്ടാകും? എത്ര വള്ളങ്ങൾ? തിട്ടമില്ല. റോബർട്ട് പനിപ്പിള്ള ആ ചിന്തയുടെ പിന്നാലെ നീന്തി. സ്വന്തം പിതാവും സഹോദരന്മാരുമുൾപ്പെടെ ഒരുപാടു മൽസ്യത്തൊഴിലാളികളെ കണ്ടു. അവരെ രേഖപ്പെടുത്തി. കടൽപാട്ടുകൾ കുറിച്ചെടുത്തു.‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന പേരിൽ പുസ്തകം ഇറക്കി. ഇംഗ്ലിഷ് പരിഭാഷയും പുറത്തിറക്കി. കേരളത്തിന്റെ തെക്കൻതീരത്ത്, മൽസ്യത്തൊഴിലാളികൾക്ക് അന്നമെത്തിക്കുന്ന നൂറോളം മൽസ്യ ആവാസ വ്യവസ്ഥകളുണ്ട്. അവയിൽ മുപ്പതോളം എണ്ണം രേഖപ്പെടുത്തി. എന്നോ മുങ്ങിപ്പോയ ഇരുപതോളം വള്ളങ്ങളുടെ ചിത്രമെടുത്തു. 

ആ അന്വേഷണമാണ് തിരുവനന്തപുരത്തിനും വർക്കലയ്ക്കുമിടെ അഞ്ചുതെങ്ങ് കടലിൽ മുങ്ങിക്കിടക്കുന്ന കൂറ്റൻ ഡച്ച് കപ്പലിലേക്കെത്തിയത്. 250 കൊല്ലമായി അത് മുങ്ങിക്കിടക്കുകയാണിവിടെ. നൂറ് കൊല്ലം മുൻപ് സുക്കൂറച്ചൻ എന്ന് വിളിപ്പേരുള്ള സെബാസ്റ്റ്യനാണ് ഈ കപ്പൽപാരിന്റെ സ്ഥാനം കണ്ടെത്തിയത്. 

ഇന്നുമീ കപ്പൽപാരിനെ ആശ്രയിക്കുന്ന അഞ്ചുതെങ്ങു തീരത്തെ മീൻപിടിത്തക്കാർ പാടുന്ന പാട്ടുണ്ട്്: 

സുക്കൂറച്ചൻ കണ്ടുപിടിച്ച കപ്പൽപാര് 

അതിൽ ഇരയില്ലാതെ മീൻപിടിച്ചു തെക്കന്മാര്’ 

കപ്പൽപാരിലേക്കു തെക്ക്, കന്യാകുമാരി ഭാഗത്തുനിന്നു വരെ മീൻപിടിത്തക്കാരെത്തി. ജീവനില്ലാത്ത കൃത്രിമഇരയിട്ടായിരുന്നു അവർ മീൻപിടിച്ചതെന്നു സൂചന. ഈ കപ്പൽപാരിന്റെ ചിത്രങ്ങളും വിശദാംശങ്ങളും എടുക്കാൻ റോബർട്ട് പനിപ്പിള്ള തുറമുഖവകുപ്പിനെയും പുരാവസ്തു വകുപ്പിനെയും ബന്ധപ്പെട്ടെങ്കിലും അങ്ങനൊരു കപ്പൽ മുങ്ങിക്കിടക്കുന്ന കാര്യം അവർക്ക് അറിവുണ്ടായിരുന്നില്ല.

40 മീറ്ററിനു താഴെ മുങ്ങാനുള്ള സംവിധാനവുമില്ലായിരുന്നു. പനിപ്പിള്ളയ്ക്ക് പരമ്പരാഗത അറിവല്ലാതെ സമുദ്രഗവേഷണത്തിൽ ജ്ഞാനമില്ല. എങ്കിലും തുഴഞ്ഞു. അതിനായി 18 വർഷം മുൻപ് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) അഥവാ ‘സമുദ്രജീവിതത്തിന്റെ കൂട്ടുകാർ’ എന്നൊരു സന്നദ്ധസംഘടനയുണ്ടാക്കി. പഠനം തുടങ്ങി. അതിന് ഇംഗ്ലിഷ് സ്വന്തമായി പഠിച്ചു. 

മൽസ്യത്തൊഴിലാളികളായ സുഹൃത്തുക്കളുടെ മുങ്ങൽ ടീം ഉണ്ടാക്കി. പോരാഞ്ഞ് തമിഴ്നാട്ടിൽനിന്നു ലൈസൻസുള്ള മുങ്ങൽകാരെ കൊണ്ടുവന്നു. അണ്ടർ വാട്ടർ ക്യാമറ സംഘടിപ്പിച്ചു. യാതനകൾ വലുതായിരുന്നു. ലാൻഡ് സ്കേപ്പിങ് നടത്തി കിട്ടുന്നതു മാത്രമാണ് ഉപജീവനമാർഗം. ഭാര്യ നൈനയും മകൾ രോഷ്നിയും ചേർന്നു നടത്തുന്ന ചെറിയ വസ്ത്രശാലയിലെ വരുമാനവും കൂട്ടുകാരുടെ സഹായവും തുണയായി. 

ഒടുവിൽ ആഴക്കടലിലെ ചിത്രങ്ങൾ തെളിഞ്ഞു. ഇപ്പോഴും പീരങ്കിയും ക്രെയിനുമൊക്കെ തിരിച്ചറിയാവുന്ന അഞ്ചുതെങ്ങിലെ കപ്പലിന്റെ ചിത്രമെടുത്തു. കലവ പോലുള്ള ഭീമൻ മൽസ്യങ്ങളുടെ താവളമാണ് കപ്പലിനകം. അളന്നപ്പോൾ കപ്പൽ കിടക്കുന്ന ആഴം 43 മീറ്റർ. 

പിന്നീട് ഈ കപ്പലിന്റെ ചരിത്രമന്വേഷിച്ചുള്ള ഓട്ടമായി. വർക്കലയിലെ ഒരു ക്ഷേത്രത്തിൽ നാവികർ സമ്മാനിച്ച ‘ഡച്ചുമണി’യുണ്ടെന്നു കേട്ടു. അതിലെഴുതിയ ഡച്ചു പേരുകളുമായി അന്വേഷണം തുടർന്നു. ഒടുവിൽ ഡച്ച് പുരാരേഖകൾ പ്രകാരം ആംസ്റ്റർഡാമിലെ വാർഫിൽ 1752ൽ നിർമിച്ച ഈ കപ്പൽ 1754 ജനുവരിയിൽ തിരുവിതാംകൂർ തീരത്ത് തദ്ദേശിയർ ആക്രമിച്ച് തീവച്ചു നശിപ്പിച്ചെന്ന വിവരം ലഭിച്ചു. 

രണ്ടു പതിറ്റാണ്ടത്തെ തദ്ദേശീയ കടൽഗവേഷണം എഫ്എംഎൽ സ്ഥാപകൻ റോബർട്ട് പനിപ്പിള്ളയെയും മാറ്റിമറിച്ചു. ആഴക്കടൽ ഡൈവിങ് പരിശീലിച്ചു. ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ ഉൾപ്പെടെയുള്ള കടലിൽ ഡൈവ് ചെയ്തു പവിഴപ്പുറ്റുകളെക്കുറിച്ചു പഠിച്ചു. മൽസ്യത്തൊഴിലാളികളുടെ മക്കൾക്കു സമുദ്രഗവേഷണ ഉപരിപഠനങ്ങൾക്കു പരിശീലനം നൽകി. സ്കൂബ ഡൈവിങ് ടീം ഉണ്ടാക്കി. 

കന്യാകുമാരിക്കടുത്ത് മുട്ടത്ത് മുങ്ങിപ്പോയ പാക്കിസ്ഥാൻ കപ്പലിന്റെയും ചിത്രങ്ങൾ എഫ്എംഎല്ലിന്റെ ‘അണ്ടർവാട്ടർ ടീം’ പകർത്തിയെടുത്തു. സമുദ്രശാസ്ത്രഗവേഷണങ്ങൾ, പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ അനുഭവസമ്പത്തും അറിവും ഇല്ലെങ്കിൽ പരിപൂർണമാകില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താനായിരുന്നു റോബർട്ടിന്റെ ശ്രമം. ഒടുവിൽ അംഗീകാരങ്ങളെത്തി. തിരുവനന്തപുരം ജില്ലയിൽ ജൈവവൈവിധ്യ ബോർഡ് സമുദ്ര ജൈവ റജിസ്റ്റർ ഉണ്ടാക്കിയപ്പോൾ അതിന്റെ കോഓർഡിനേറ്ററാക്കിയത് റോബർട്ടിനെയാണ്.  കഴിഞ്ഞവർഷം ന്യുയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ സമുദ്രഉച്ചകോടിയിൽ ഈ പത്താം ക്ലാസ്കാരനും ക്ഷണിതാവായി. 

ഈമാസം അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോവുകയാണ്. ലോകത്തിലെ ഏഴ് വൻരാജ്യങ്ങളായ ജി.ഏഴിന്റെ രാഷ്ട്രനേതാക്കളുടെ ഉച്ചകോടി ജൂണിൽ നടക്കുകയാണ്. അവിടെ സമുദ്രത്തെക്കുറിച്ച് എടുക്കേണ്ട നിലപാടുകൾ എന്താവണമെന്ന് തീരുമാനിക്കാൻ ഡിച്ച്ലീ ഫൗണ്ടേഷൻ നടത്തുന്ന വിദഗ്ധന്മാരുടെ ചർച്ചയിൽ ക്ഷണിതാവാണ് റോബർട്ട് പനിപ്പിള്ള. അവിടെനിന്ന് നെതർലൻഡ്സിൽ സമുദ്രഗവേഷണസമ്മേളനത്തിൽ പങ്കെടുക്കും. 

ശാസ്ത്രജ്ഞർക്കൊപ്പം സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അറിവുകൾ, പരമ്പരാഗത തിരിച്ചറിവുകളുമായി ചേർത്തുവയ്ക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നാണ് പനിപ്പിള്ള പറയുന്നത്. ഓഖി ചുഴലിക്കാറ്റിൽ മറിഞ്ഞ ബോട്ടുകളിൽ നിന്നുള്ള ഒന്നര ടൺ വരെ ഭാരമുള്ള വലകളാണ് (പിന്നീടുള്ള കടൽജീവിതത്തിൽ 600 കൊല്ലം വരെ നശിക്കാത്ത പ്രേതവലകളായി ഇവ കിടക്കും) എഫ്എംഎൽ കൂടി ഉൾപ്പെട്ട സംഘം അടുത്തിടെ മുങ്ങിത്തപ്പി കരയിലെത്തിച്ചത്. തോമസും ജോസും കണ്ടെത്തിയ ‘ശംഖുമുഖം കപ്പൽപാര്’ ഏറെ ആഴത്തിലാണ്. അതിന്റെ ചിത്രമെടുക്കുകയാണ് ഇനിയുള്ള ദൗത്യം. 

കന്യാകുമാരിക്കടുത്ത് മുട്ടത്ത് മുങ്ങിയ  പാക്കിസ്ഥാൻ കപ്പൽ കടലിനടിയിൽ കന്യാകുമാരിക്കടുത്ത് മുട്ടത്ത് മുങ്ങിയ പാക്കിസ്ഥാൻ കപ്പൽ കടലിനടിയിൽ

ഒരു രസമുള്ള കഥകൂടി പറഞ്ഞ് നിർത്താം. 

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തുകൂടി പണ്ട് ട്രെയിൻ ഓടിയിരുന്നു. ഇന്നത്തെ കടപ്പുറത്തിനു മുന്നിലെ റോഡിന്റെ സ്ഥാനത്ത് പണ്ടു റെയിൽപാളമായിരുന്നു. ചരക്കുട്രെയിൻ ശംഖുമുഖത്തുകൂടി വലിയതുറ കടൽപാലം വരെ നീണ്ടു. 1947ൽ ഒരു അത്യാഹിതമുണ്ടായി. വലിയതുറ പള്ളിയിൽ വൈകിട്ട് അഞ്ചുമണിക്കുള്ള ധ്യാനത്തിനു കൂടിയ വിശ്വാസികൾ വലിയൊരു ശബ്ദം കേട്ടു. നോക്കുമ്പോൾ വലിയതുറ പാലം കുലുങ്ങുന്നു. പിന്നത് തകരുന്നു. എസ്.എസ്.പണ്ഡിറ്റ് എന്ന കപ്പൽ ലക്ഷ്യം തെറ്റി പാലത്തിൽ ഇടിച്ചതാണ്. 

പണ്ട് കപ്പലുകൾ പാലത്തിനരികെ പുറംകടലിൽ നങ്കൂരമിടുകയായിരുന്നു പതിവ്. ചരക്കുകൾ വള്ളത്തിലാക്കി ആവി എൻജിൻ കൊണ്ടു പ്രവർത്തിക്കുന്ന ക്രെയിൻ വഴി ഗുഡ്സ് ട്രെയിനിലേക്കു മാറ്റുകയായിരുന്നു പതിവ്. വേളിയിൽ നിന്നായിരുന്നു റയിൽപാത പാലത്തിലേക്കു സ്ഥാപിച്ചിരുന്നത്. (റെയിൽപാത കൊല്ലത്തു നിന്ന് തിരുവനന്തപുരം പേട്ട വരെ ദീർഘിപ്പിച്ചതിന്റെ നൂറ്റാണ്ടു വർഷം കൂടിയാണ് 2018. ഇപ്പോഴത്തെ വലിയ തുറ പാലം, ആദ്യത്തെ പാലംതകർത്ത കപ്പലിന്റെ മുതലാളിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കി നിർമിച്ചതാണ്, 1956ൽ. )  1947ലെ ഇടിയിൽ തകർന്ന പാലത്തിൽനിന്നു വീണ ബ്രിട്ടിഷ് റെയിലിന്റെ പടവും ഏറ്റവുമൊടുവിലായി എഫ്എംഎൽ ടീം പകർത്തി. 

shipfish ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ മുങ്ങുന്ന റോബർട്ട് പനിപ്പിള്ളയ്ക്കരികിൽ ഭീമൻ മൽസ്യം

കൊട്ടിഘോഷങ്ങളില്ലാതെ പനിപ്പിള്ളയുടെ എഫ്എംഎൽ ടീം തീരത്തു കാത്തിരിക്കുകയാണ്; ഇതുപോലെ ഒരുപാടു കൗതുകങ്ങൾ കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയുമാണ്.