Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാ‌ഴ്ച

story

ചരിത്രാവബോ‌ധം ഫാഷിസത്തെക്കുറിച്ചുള്ള അക്കാദമിക ജ്ഞാനം, ഹൈന്ദവതത്വങ്ങൾ ഉയർത്തിപ്പിടിച്ച വിമർശനം എന്നിവയായിരുന്നു തർക്കശേഷിക്കുമപ്പുറം യൂണിവേഴ്സിറ്റി പ്രഫസറായ വിവേക് രാജിനെ 

കഠ്‍വ സംഭവചർച്ചകളിൽ താരമാക്കി മാറ്റിയത്. നാട്ടിലെ ചാനലുകളിൽ മാത്രമല്ല ദേശീയചാനലുകളുടെ പാതിരാ സംവാദത്തിൽ കൂടി അയാൾ ഓടിയോടി പങ്കെടുത്തു. അതെ, രാജ്യം നേരിടുന്ന അന്ധകാരത്തെപ്രതി ടിവി സ്ക്രീനുകളിൽ ക്ഷോഭിക്കുമ്പോഴും മനസ്സിനകത്ത് വിജയാവേശം ആർത്തുകൊണ്ട് –‘ഇക്കുറി ഏതായാലും അനിൽ തോട്ടമ്പ്രത്തെ കടത്തിവെട്ടുക തന്നെ ചെയ്തു. കഠ്‍വ സംഭവത്തിന്റെ വംശഹത്യാ സിദ്ധാന്തത്തിൽ മാത്രം അവൻ ഊന്നിയപ്പോൾ കുറ്റകൃത്യത്തിന്റെ വർഗീയവത്കരണം, ഹൈന്ദവതയുടെ വികൃതവൽക്കരണം തുടങ്ങി പല മേഖലകളിലും താൻ കത്തിക്കയറിയല്ലോ.’ 

അവസാന ചാനൽ ചർച്ചയും ക​ഴിഞ്ഞ് ‌ടിവിക്കാരുടെ കാറിൽ വീട്ടിലേക്കു മടങ്ങവേ വിവേക് രാജിന്റെ മനസ്സ് സ്ഖലിച്ചു. സ്ക്രീനിലെ കുരുക്ഷേത്ര യുദ്ധങ്ങളിൽ അനിൽ കോട്ടമ്പ്രമായിരുന്നു അയാളെ എപ്പോഴും ഭീതിപ്പെടുത്തുന്ന കർണൻ. 

‘കഭീക്കഭീ മെരെ ദിൽ മെ ഖയാല് ആത്താഹൈ.’ 

ചാനൽ വണ്ടിയിലെ സുജായി ഡ്രൈവറുടെ സാന്നിധ്യംപോലും മറന്ന് പഴയ കോളജ് പ്രണയകാലത്തെ പാട്ടയാൾ പാടിപ്പോയി. 

ടാർറോഡിൽനിന്നു കോളനി വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോൾ വരാന്തയിൽ മാത്രമേ വ‌െളിച്ചം കാണാനുള്ളു. ഡ്രോയിങ് റൂമിൽ ഇരുട്ട്, ഡൈനിങ് റൂമിൽ ഇരു‌ട്ട്. മുകളിലെ ബെഡ് റൂമിലാകട്ടെ ഇരുട്ടിനു തുല്യമായ സീറോ വാട്ടിന്റെ മുനിച്ചിൽ. 

‘എന്ത് ഗീത കിടന്നോ? സാധാരണ ടിവി പെർഫോമൻസിനെപ്പറ്റി അഭിപ്രായം പറയാൻ ഡ്രോയിങ് റൂമിൽത്തന്നെ കാണുമല്ലോ.’ 

വീട്ടിനടുത്ത ബാലവാടിയിലെ ടീച്ചർ മാത്രമാണെങ്കിലും ഭാര്യയുടെ വകതിരിവിനെപ്പ​​റ്റി അയാൾക്ക് നല്ല മതിപ്പാണ്. കോളിങ് ബെല്ലടിച്ച് കർട്ടന്റെ അർധസുതാര്യതയിലൂടെ നോക്കിയപ്പോൾ മകൾ വിനീത കിടക്കുന്ന മുറിയിൽ നിന്നാണ് ഗീതയുടെ നിഴൽരൂപം കോണിയിറങ്ങി വരുന്നതെന്നു 

വ്യക്തമായി. 

‘എന്തേ, നേരത്തെ പോയി കിടന്ന്? മോളക്ക് വയ്യായ വല്ലതുണ്ടോ?’ 

വാതിലിന്റെ ബോൾട്ട് കീഴോട്ട് വലിക്കുന്ന ശബ്ദത്തെ കീഴ്പ്പെടുത്തി അയാൾ ചോദിച്ചു. 

‘ഒന്നുമില്ല.’ 

നിരുത്സാഹത്തിൽ, എന്നാൽ ബാലവാടി ടീച്ചറുടെ ആരുറപ്പോടെ അവൾ പ്രതികരിച്ചു. ശ്ശൊ, അബോധപൂർവം വിവേക് തല ചൊറിഞ്ഞ് ഉമിനീരിറക്കിപ്പോയി. 

‘ചർച്ചകളൊന്നും കണ്ടില്ലേ? ഇന്നെനിക്ക് അസ്സലായി ചെയ്യാൻ കഴിഞ്ഞു. അനിൽ കോട്ടമ്പ്രയെല്ലാം അരുക്കിലായി.’ 

മിടുക്ക് വീണ്ടെടുക്കാനെന്നവണ്ണം അയാളുടെ വാക്കുകൾ കുതറി. പിറകെ ദൃഷ്ടികൾ പിടഞ്ഞ് ചെന്നപ്പോൾ കരയുമ്പോഴോ ജലദോഷമടിക്കുമ്പോ​ഴോ സംഭവിക്കുന്ന പോലെ ഗീതയുടെ മൂക്കും കവിളും ചുവന്നു തുടുത്തിരിക്കുന്നു. 

‘എന്താ, കോൾഡുണ്ടോ?’ 

ബുദ്ധിജീവിക്കും അക്കാദമിക് പണ്ഡിതനും അകത്തുള്ള മണ്ടൻ വീണ്ടും മുഖം കാണിച്ചു. 

‘എന്താ, നിങ്ങൾ ആണുങ്ങൾക്ക് ഒന്നും കാണാനുള്ള കഴിവില്ലേ?’ 

ശബ്ദം ചിതറിച്ചു കൊണ്ട് അവൾ ചോദിച്ചു. 

‘എന്ത് കാണാൻ?’ 

വിവേക് അസ്ഥിരപ്പെട്ടു. 

‘അല്ലാ, ഇയാൾക്ക് ആ കു​റ്റകൃത്യത്തിന്റെ വർഗീയവൽക്കരണം കാണാൻ കഴിഞ്ഞു. ക്ഷേത്രക്കൊലയിൽ സംഭവിച്ച ഹൈന്ദവതത്വങ്ങളുടെ ലംഘനം കാണാൻ കഴിഞ്ഞു. ഹിന്ദു–മുസ്‌ലിം വൈരുധ്യത്തെ തിരസ്കരിക്കുന്ന ഇന്ത്യയുടെ യഥാർഥ ചരിത്രം കാണാൻ കഴിഞ്ഞു. എന്നാൽ ആ പെൺകുട്ടിക്കും നമ്മുടെ മോൾക്കും ഒരേ പ്രായമാണെന്ന കാര്യം കാണാൻ കഴി‍ഞ്ഞോ?’ 

പെട്ടെന്ന് വാക്കുകൾ അക്ഷരച്ചിറ തകർത്ത് സ്വരത്തിനൊരു കലമ്പൽ ഗീതയ്ക്കുണ്ടായി. എന്നിട്ടും വാചകങ്ങൾ മാടിയൊപ്പിച്ച് അവൾ പറഞ്ഞു. 

‘കൊലപാതകത്തിനു മാസങ്ങൾക്കു മുൻപ് എടുത്ത ആ പെൺകുട്ടിയുടെ ഫോട്ടോ വിവേകേട്ടൻ കണ്ടോ? കൊല്ലപ്പെട്ട് കിടക്കുന്നതിന്റെ ചിത്രവും വിവേകേട്ടൻ കണ്ടോ? എട്ടുമാസം മുൻപെടുത്ത ഫോട്ടോയിൽ അതേ പുള്ളിക്കുപ്പായം തന്നെയാണ് മരിച്ചു കിടക്കുമ്പോ​ഴും അവൾ ഇട്ടിരിക്കുന്നതെന്നു കണ്ടോ? അതു കണ്ടപ്പോൾ എന്റെ ചങ്ക് പൊട്ടിപ്പോയി. പാവം, പാവം. ആ ഒരൊറ്റ ഉടുപ്പ് മാത്രമായിരിക്കും അവൾ തിരുമ്പിയുണക്കി വീണ്ടും വീണ്ടും ഇട്ടിരുന്നത്.’ 

അതോടെ ഗീതയുടെ അതിഭയങ്കരമായ സങ്കടക്കരച്ചിൽ മൂന്നു ബെഡ് റൂമുകളിൽ അലമാരകളിൽ നിറയെ ഉടുപുടവകളുള്ള ആ വീട്ടിൽ അലയടിച്ചു. ജനൽക്കർട്ടനുകളും സിഎഫ്എൽ. വെളിച്ചവും ഞെട്ടിവിറച്ചു. മനുഷ്യവിധി പച്ചയ്ക്കു ദർശിച്ച പോലെ വല്ലാത്ത കദനക്കോള് വിവേകിനെയും ബാധിച്ചു. സ്വയം കരച്ചിലടക്കുമ്പോഴും കോളനിവീട്ടുകാർ ഓടിയെത്തുമെന്നു പറഞ്ഞ് ഗീതയെ നിയന്ത്രിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ അവളുടെ രോദനം ഇന്ത്യയിലെ മുഴുവൻ സ്ത്രീകണ്ഠങ്ങളും ഏറ്റുപിടിക്കുന്ന പോലെ – വേദനയോ, ദുഃഖമോ എന്ന് വ്യവച്ഛേദിക്കാനാകാത്ത കുത്തിപ്പറിയിൽ വിവേകിന്റെ കാലുകൾ ഓടം പാഞ്ഞു. ഡോയിങ് റൂമിൽനിന്നു ഡൈനിങ് റൂമിലേക്ക്, ഡൈനിങ് റൂമിൽ നിന്ന് ബെഡ് റൂമിലേക്ക് – പിന്നെ തിരിച്ചും. എത്ര ശ്രമിച്ചി‌ട്ടും നിൽക്കാനാകുന്നില്ല. ഈ രാജ്യത്തൊരി‌ടത്തും സ്വസ്​ഥതയുടെ ചവിട്ടടി പുരുഷനു കിട്ടുകയില്ലേ? 

ഒടുവിൽ സ്വന്തം മകളു‌ടെ അ‌ടുത്ത്ചെന്ന് അയാൾ വിങ്ങിപ്പൊട്ടിനിന്നു. മെല്ലെ സമീപത്തു കി‌ടന്ന് ആ മു‌ടിയിഴകളിലൂടെ വിരലോടിച്ചു. എട്ടു വയസ്സിന് ഒരുമാസം മാത്രം ഇളപ്പുള്ള നെ​റ്റിത്ത‌ടം, നക്ഷത്ര കണ്ണുകൾ, പൊ‌ട്ടിച്ചുണ്ട്, കതിർക്കഴുത്ത്, പാവം പി‌ടിച്ച ഉടൽ. തേങ്ങലിനുപോലും ഇടവേള നൽകാതെ മകളിലേക്ക് ആ അച്ഛൻ നിരന്തരം കണ്ണീരൊഴുക്കി. 

യൂണിവേഴ്സിറ്റിയിൽ ഒരു ഓപ്പൻ ഡിഫൻസ് ഉണ്ടായിരുന്നതിനാൽ രാവിലെ എട്ടുമണിക്ക് തന്നെ വിവേക് വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഗീതയുടെയും വിനീതയുടെയും കരുവാളിച്ച മുഖങ്ങളും അതിനെ പൊതിയുന്ന കഠ്‍വ പെൺകുട്ടിയുടെ നിഴൽരൂപവും വിടാതെ പിൻതുടർന്നു. ചാനലുകളുടെ ചെകുത്താൻ ബാധയെ ഒഴിപ്പിച്ചതിനാൽ വൈകുന്നേരം പതിവിലും നേരത്തേ വീട്ടിലേക്കു ഞെട്ടറ്റ് വീഴാൻ കഴിഞ്ഞു. 

‘ഓ, അമ്മയും മകളും എങ്ങോട്ടോ പുറപ്പെ‌ടാനുള്ള ഒരുക്കത്തിലാണല്ലോ.’ 

‘കഠ്‍വ ചേച്ചിയുടെ ഓർമക്കായി എന്റെ പഴയ ഉടുപ്പുകൾ കൊടുക്കാൻ പോകയാണ്.’ 

വിവേകിനെ കണ്ടപാടെ വിനീത ഉണർത്തിച്ചു. 

‘അതെ, ദാറുൽ ഹുദാ യത്തീം ഖാനയിലേക്കു പോകുകയാണ്.’ 

ഗീത വിശദീകരിച്ചു. 

‘മോൾടെ പഴയ ഉടുപ്പുകൾ മാത്രമല്ല, പുതിയ ഉടുപ്പുകളും നമുക്ക് കൊടുക്കാം. മോൾക്ക് അച്ഛൻ വേറെ വാങ്ങിത്തരാം.’ 

അലമാരയിൽ നിന്ന് ഫ്രോക്കുകളും, ജീ‍ൻസുകളും, സ്കേർട്ട് അൻഡ് ടോപ്പുകളും വലിച്ചെടുത്ത് പഴയ ഉടുപ്പുകൾ വച്ച ബാഗിലേക്ക് അയാൾ ഉന്തിക്കയറ്റി. തൽക്കാലം അണിയാനായി ഗീതയുടെ അനിയൻ ഗൾഫിൽ നിന്നു കൊണ്ടുവന്ന പൂമ്പാറ്റക്കുപ്പായം വിനീത അപ്പോൾ തിരഞ്ഞെ‌ടുത്തു. 

നല്ല നീളവും ത‌ടിയുമുള്ള കു‌ട്ടിയായിരുന്നല്ലോ വിനീതാ വിവേക്. അതിനാൽ ദാറുൾ ഹുദാ യത്തീം ഖാനയിലെ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് അവളു‌ടെ പഴയതും പുതിയതുമായ ഉടുപ്പുകൾ പാകമായി. വേഷം മാറി ചേർച്ച പരിശോധിപ്പിക്കാൻ ഓരോരോ മക്കളും മുതിർന്നവർ കൂ‌ടിനിൽക്കുന്ന ഗെസ്റ്റ് റൂമിലേക്ക് പമ്മിയെത്തി. കണക്കെടുപ്പിലെ പിശകുകൊണ്ടോ മറ്റോ വസ്ത്രവിതരണത്തിനു വിളിച്ചു വരുത്തിയിരുന്ന അനാഥകുട്ടികളിൽ ഒരുവൾക്ക് കുപ്പായം തികഞ്ഞിരുന്നില്ല. തിരിച്ചും മറിച്ചും എ​ണ്ണി തെറ്റ് കണ്ടുപി‌ടിക്കാൻ അനാഥാലയ അധികൃതർ ശ്രമിക്കുമ്പോൾ വിവേക് ഒച്ചയുയർത്തിപ്പറഞ്ഞു. 

‘സാരമില്ല, ഉടുപ്പുകി‌‌ട്ടാത്ത കുട്ടിക്ക് മോൾ ഇട്ട ബട്ടർഫ്ളൈ ഫ്രോക്ക് അഴിച്ചുകൊ‌ടുക്കാം.’ 

തുടർന്ന് വിനീതയുടെ കുപ്പായം വലിച്ചൂരി മുന്നിൽ നിൽക്കുന്ന അപര്യാപ്തയ്ക്ക് അയാൾ വസ്ത്രദാനം നടത്തി. അതോ‌ടെ ജട്ടി മാത്രം ബാക്കിയായ അവളു‌ടെ ശരീരത്തിൽനിന്ന് നിഷ്കളങ്കമായൊരു പരിപാവനത്വം വെട്ടിത്തിളങ്ങി. വിനീതയെ മാറി മാറി ഒക്കത്തെടുത്ത് വിവേകും ഗീതയും റെഡിമെയ്ഡ് ഷോപ്പിലേക്കു നടക്കുമ്പോൾ യത്തീംഖാന ഭാരവാഹികളും വഴിപോക്കരുമടക്കം സകല പുരുഷന്മാരും കാമമുക്തമായൊരു പിതൃത്വഭാവത്തോടെ ആ കാഴ്ച കൺപാർത്ത് നിന്നു.