Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലര പതിറ്റാണ്ടിന്റെ സംഗീതജീവിതവുമായ് ആലപ്പി രംഗനാഥ്

90-Aleppy-Ranganath-dc

യേശുനാഥനെ വരവേൽക്കാൻ പതിഞ്ഞ ഈണമല്ല, ആ ഘോഷത്തിന്റെ ചടുലതയാണു വേണ്ടതെന്ന ആലപ്പി രംഗനാഥിന്റെ തിരിച്ചറിവാണ് ‘ഓശാനാ... ഓശാനാ’ എന്ന ഗാനം പതിറ്റാണ്ടുകൾക്കു ശേഷവും മലയാളിയുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ കുരുത്തോലയാകുന്നത്. ജീസസ് എന്ന സിനിമയിലെ ആ ഗാനത്തിനുശേഷം നാലര പതിറ്റാണ്ടു പിന്നിടുമ്പോഴും സംഗീത ശാസ്‌ത്രത്തെക്കുറിച്ചു ഒട്ടേറെ പ്രാമാണിക ഗ്രന്ഥങ്ങൾ ആഴത്തിൽ പഠിക്കുന്നതിന്റെ തിരക്കിലാണ് രംഗനാഥ്.

‘സ്വാമി സംഗീതമാലപിക്കും’ എന്നുള്ള അയ്യപ്പഭക്തിഗാനത്തിലൂടെ മലയാളികളുടെ നെഞ്ചിൽ കൂടൊരുക്കിയ രംഗനാഥ്, ബൈബിളിലെ ഇതിവൃത്തങ്ങൾ അടിസ്ഥാനപ്പെടുത്തി അടുത്തയിടെ 10 കീർത്തനങ്ങൾ രചിച്ചു. അതും കർണാടക സംഗീതത്തിൽ. കൂടാതെ ബിലഹരി രാഗത്തിലും ആദി താളത്തിലും അധിഷ്ഠിതമാക്കി ‘കരുണാ സാഗര’ എന്ന വർണവും ഒരുക്കി. 

ബൈബിളിനെ അടിസ്ഥാനമാക്കി ഒരു വർണം രചിക്കപ്പെടുന്നത് ഇതാദ്യമെന്നാണു രംഗനാഥ് പറയുന്നത്. മികച്ച പിന്നണിയും സംഗീതജ്ഞരും ചേർന്നു റെക്കോർഡിങ് പൂർത്തിയാക്കി. അമൃതവർഷിണി രാഗത്തിൽ ജഗന്നായക സ്മരണം എന്നതാണ് ബൈബിളിനെ ആസ്പദമാക്കിയുള്ള ആദ്യ കീർത്തനം. സദാപി തിരുശരണം (രാഗം–ഖരഹര പ്രിയ), തൃപ്പാദാംബുജം (ശങ്കരാഭരണം), ശ്രീയേശുപാദുമാം (തോടി), കാൽവരീശ്വരം (സരസ്വതി രാഗം), ഭജേ യേശുദേവം (കാപ്പി), പാലയമാം (പന്തുവരാളി), ഭജ ഭജ തി (ഹംസാനന്ദി), ശ്രീയേശുനാഥം (മായാ മാധവ ഗൗള) എന്നിവയാണ് മറ്റു കീർത്തനങ്ങൾ. ഇതുകൂടാതെ അമൃതവർഷിണി രാഗത്തിൽ ലോകാധിനാഥം എന്ന ധ്യാന ശ്ലോകവും രചിച്ചു. ഇതിനു മുൻപ് ശ്രീയേശു സുപ്രഭാതവും എഴുതി ഈണമിട്ടു. പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും ആസ്പദമാക്കി പരുമല സ്മൃതി കീർത്തനാഷ്ടകം രചിച്ചു. 

ജനപ്രിയമായ തുടക്കം

മലയാള ചലച്ചിത്ര സംഗീതരംഗം ബാബുരാജും ദേവരാജനും ദക്ഷിണാമൂർത്തിയുമൊക്കെ അടക്കിവാണിരുന്ന വേളയിലാണ് ആലപ്പി രംഗനാഥ് എന്ന പുതുമുഖ സംഗീത സംവിധായകന്റെ തുടക്കം. 1973ൽ പുറത്തിറങ്ങിയ ജീസസിലെ ‘ഓശാനാ... ഓശാനാ’ എന്ന ഗാനം ജയചന്ദ്രനും പി.ലീലയും ചേർന്നാണു പാടിയത്. അ ന്നു മുതൽ സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രംഗനാഥ് ആഘോഷപ്പൊലിമകളില്ലാതെ നാലര പതിറ്റാണ്ടിനിപ്പുറവും സംഗീതം ജീവിതമുദ്രയായി ചേർത്തുവയ്ക്കുന്നു. 42 നാടകങ്ങൾ; 25 നൃത്തനാടകങ്ങൾ, എഴുതി സംവിധാനം ചെയ്‌തു. ഈണമിട്ട ഗാനങ്ങളിൽ ഏറെയും രചിച്ചത് അദ്ദേഹം തന്നെ. ഇവയിൽ 252 ഗാനങ്ങൾ യേശുദാസാണു പാടിയത്. 

സംഗീതം പൈതൃകം 

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. സംഗീതം പൈതൃകമായി കിട്ടി. അച്‌ഛന്റെ കർശനമായ ചിട്ടയിലായിരുന്നു ബാല്യം. മൃദംഗം, സംഗീതം, നൃത്തം എല്ലാം പഠിച്ചു. നൃത്തവും സംഗീതവും വാദ്യോപകരണങ്ങളുമെല്ലാം ഒരേ പോലെ വശം. 1968ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് ഇളയച്‌ഛന്റെ വീട്ടിലേക്കു താമസം മാറ്റി. കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്‌സ് ക്ലബ്ബിന്റെ നാടകത്തിനു പാട്ടെഴുതി സംഗീതം നൽകുമ്പോൾ 19 വയസ്സ്. 

ചലച്ചിത്ര പിന്നണി – സംഗീതം പഠിക്കണമെന്ന മോഹമായി. അച്‌ഛന്റെ ഒരു ശിഷ്യയുടെ ശുപാർശക്കത്തുമായി മദ്രാസിലെത്തി നടൻ സത്യനെ കണ്ടു. സത്യൻമാഷ് ബാബുരാജിനെ പരിചയപ്പെടുത്തി. ഹാർമോണിയം, തബല, നൃത്തം എല്ലാം അവിടെ ചെയ്തു കാണിച്ചു. പിന്നെ സരസ്വതി എന്ന ചിത്രത്തിൽ എൽ.ആർ. ഈശ്വരിയുടെ പാട്ടിനു ഹാർമോണിയം വായിച്ചു. സിനിമയിൽ ഹരിശ്രീ കുറിച്ചു. തുറക്കാത്ത വാതിൽ എന്ന സിനിമയിൽ കെ. രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന ഗാനത്തിനു ബുൾ ബുൾ വായിക്കാനും അവസരം കിട്ടി. 

തിരികെ നാട്ടിൽ 

അച്ഛന്റെ മരണത്തോടെ മദ്രാസിൽനിന്നു രംഗനാഥിനു തിരികെ നാട്ടിലേക്കു പോരേണ്ടി വന്നു. തിരുവനന്തപുരത്ത് യേശുദാസിന്റെ ഉടമസ്ഥതയിൽ തരംഗിണി സ്‌റ്റുഡിയോയുടെ ആരംഭകാലത്ത് സ്‌ക്രിപ്‌റ്റ് സ്‌ക്രൂട്ടിനൈസിങ് ഓഫിസറായി നിയമിതനായി. അയ്യപ്പനെക്കുറിച്ചുള്ള ഗാനങ്ങളുടെ രചനയും ഈണവും ഉൾപ്പെടെ കസെറ്റ് ചെയ്യാൻ രംഗനാഥിനെ ചുമതലപ്പെടുത്തി. 1982ൽ പുറത്തിറങ്ങിയ ‘സ്വാമിസംഗീതം’ കസെറ്റിലെ വൃശ്‌ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, സ്വാമി സംഗീതമാലപിക്കും, ശബരീ ഗിരിനാഥാ തുടങ്ങി കസെറ്റിലെ 12 ഗാനങ്ങളും ഹിറ്റായി. ഈ ഗാനങ്ങളുടെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളും പരക്കെ സ്വീകരിക്കപ്പെട്ടു. തരംഗിണിക്കുവേണ്ടി 25ലേറെ കസെറ്റുകൾ ചെയ്തു. 

ഇതിനിടെ പൂച്ചയ്‌ക്ക് ഒരു മൂക്കുത്തി സിനിമയുടെ പശ്ചാത്തല സംഗീതവും പപ്പൻ പ്രിയപ്പെട്ട പപ്പനിലെ പാട്ടുകളും ചെയ്‌തു. ആരാന്റെ മുല്ല കൊച്ചുമുല്ലയുടെ സംഗീത സംവിധാനവും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 20 സിനിമകളിൽ ഗാനങ്ങൾക്ക് ഈണമിട്ടു. അമ്പാടി തന്നിലൊരുണ്ണി, ധനുർവേദം തുടങ്ങിയ സിനിമകൾ സം വിധാനം ചെയ്‌തു. അമ്പാടിതന്നിലൊരുണ്ണിയുടെ റീ റെക്കോർഡിങ്ങിന് കീ ബോർഡ് വായിച്ചത് എ.ആർ. റഹ്‌മാനാണ്. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദർശനുവേണ്ടി പരമ്പരയും സംവിധാനം ചെയ്‌തു. ഇടയ്ക്ക് ഏഴുവർഷം ന്യൂമുംബൈ വിദ്യാപീഠത്തിൽ സംഗീത–നൃത്ത–മൃദംഗം അധ്യാപകനുമായി. 

സംഗീത ചക്രവർത്തിമാരായ ഇളയരാജയെയും എം.എസ്. വിശ്വനാഥനെയും കൊണ്ടു സ്വയമെഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടിക്കാൻ കഴിഞ്ഞ രംഗനാഥിനെ തേടി സംഗീതനാടക അക്കാദമിയുടേത് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളെത്തി. ഏറ്റുമാനൂരിലാണു ഇപ്പോൾ താമസം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, ശങ്കരാചാര്യർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരെക്കുറിച്ചു കർണാടക സംഗീത കൃതികൾ രചിക്കുന്നതിനുള്ള ഗവേഷണത്തിലാണ്.