Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയമ്മയുടെ സ്നേഹമാണിക്യം

Author Details
chalil-manikkam-monkey1 കുരങ്ങൻമാർക്ക് തീറ്റ കൊടുക്കുന്ന മാണിക്യം ചിത്രം: രാഹുൽ ആർ.പട്ടം

 ‘പപ്പീ...’ സ്‌നേഹത്തിൽ ചാലിച്ച വിളി കേട്ടതും ഇടയിലക്കാട്ടുകാവിന്റെ ശാന്തത ഭേദിച്ച് ഇളക്കം. കായൽക്കാറ്റിലെന്നപോലെ മരത്തലപ്പുകൾ ആടിയുലഞ്ഞു. ചെറുചില്ലകളിലൂടെ ഊർന്നിറങ്ങി വന്ന ഇരുപതുപേർക്കും അത് അമ്മവിളിയാണ്. വയറുനിറച്ചു കഴിക്കാൻ അന്നവുമായി തേടിവരുന്നൊരു അമ്മയുണ്ട് ആ വിളിക്കപ്പുറം – ചാലിൽ മാണിക്കം. സ്‌നേഹത്തിന്റെ ഈ ഇഴയടുപ്പത്തിനു കാൽനൂറ്റാണ്ടിന്റെ പിരിയാബന്ധം. 

കാസർകോട് തൃക്കരിപ്പൂരിനടുത്തു വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാടുദ്വീപ്. നാലുവശവും കവ്വായിക്കായലാൽ ചുറ്റപ്പെട്ട തുരുത്ത്. കായലിന്റെയും തൊട്ടുചേർന്നുള്ള അറബിക്കടലിന്റെയും ലവണത്തള്ളിച്ചയ്‌ക്കിടയിൽ ദ്വീപുവാസികൾക്കു തെളിനീരിന്റെ ഉറവിടമാണ് 12 ഏക്കർ വിസ്‌തൃതിയുള്ള ഇടയിലക്കാട്ടുകാവ്. മനുഷ്യരോട് ഇണക്കമുള്ള വാനരൻമാരാണ് ഇടയിലക്കാട്ടുകാവിന്റെ പെരുമയേറ്റുന്നത്. 

ചിരിയറിഞ്ഞ വിശപ്പ് 

മാണിക്കത്തിന്റെ അമ്മ ചാലിൽ ചിരിയാണ് ഇടയിലക്കാട്ടുകാവിലെ വാനരൻമാരുടെ വിശപ്പിന്റെ വിളി ആദ്യം കേട്ടത്. ഭക്ഷണമില്ലാതെ വാനരൻമാർ ചത്തൊടുങ്ങുന്നതു കണ്ടപ്പോൾ കണ്ണടച്ചുപോകാൻ അവർക്കായില്ല. വീട്ടുകാർക്ക് ഒരുക്കുന്ന ചോറിലൊരു ഭാഗവുമായി വാനരൻമാരെ തേടി കാവിലേക്കെത്തുന്നതു ചിരി പതിവാക്കി. ഇലയിൽ ചോറു വിളമ്പി വച്ചാലും കഴിക്കാൻ വാനരൻമാർക്ക് ആദ്യം ആശങ്കയായിരുന്നു. ഓരോ ഉരുളയിലും സ്‌നേഹത്തിന്റെ അമ്മരുചി തിരിച്ചറിഞ്ഞതോടെ അവർക്കു ചിരി ജീവന്റെ കാവലാളായി, ദശാബ്ദത്തോളം. 

ചിരിയുടെ പ്രായാധിക്യത്തോടെ അറ്റുപോയെന്ന് ഏവരും കരുതിയ ആ സ്‌നേഹച്ചങ്ങലയിൽ മകൾ മാണിക്കം കണ്ണിയായി. ചിരിയുടെകാലത്തു വാനരൻമാർക്കുള്ള അന്നദാനത്തിനു തൂശനിലയുടെ അകലമുണ്ടായിരുന്നെങ്കിൽ മാണിക്കമെത്തിയതോടെ കൈവെള്ളയിൽനിന്നു വാങ്ങുന്ന അടുപ്പമായി. അൻപതാം വയസ്സിൽ തുടങ്ങിയ മഹാദാനം എഴുപത്തിയാറിന്റെ നിറവിലും മാണിക്കം തുടരുന്നു. 

മുടക്കില്ല, അന്നമുറപ്പ് 

തൊഴിലുറപ്പു പദ്ധതി തൊഴിലാളിയായ മാണിക്കം ദിവസവും വൈകിട്ടു പണികഴിഞ്ഞെത്തിയാൽ ആദ്യം പോകുക ഇടയിലക്കാട്ടുകാവിലേക്കാണ്. ഒക്കത്തിറുക്കിയ പാത്രത്തിൽ ഉപ്പുചേർക്കാത്ത ചോറുമായി അവരെത്തുന്നതു കാത്തിരിക്കുന്നുണ്ടാകും വാനരൻമാർ. മാണിക്കത്തിന്റെ വരവ് അൽപം വൈകിയാൽ വാനരൻമാർക്ക് ആശങ്കയാണ്. കൂട്ടത്തിലെ മുതിർന്നവർ മാണിക്കത്തെ തേടി കാവിനുപുറത്തു വഴിക്കണ്ണുമായി നിൽക്കും. പപ്പീ എന്നു നീട്ടിവിളിച്ചുള്ള ആ വരവറിയുമ്പോഴേ കാവിൽ ആഹ്ലാദത്തിന്റെ വേലിയേറ്റമാകും. 

വാനരക്കൂട്ടത്തിലെ എല്ലാവരും മാണിക്കത്തിനു പപ്പിയാണ്. തൊഴിലുറപ്പു പദ്ധതിയിലെ ചെറിയ വരുമാനത്തിൽനിന്നാണു മാണിക്കം വാനരൻമാർക്കു ഭക്ഷണം കരുതുന്നത്. നാട്ടുകാരും കാവിലെ സന്ദർശകരും നൽകുന്ന സഹായവും വാനരൻമാരുടെ വിശപ്പടക്കാൻ മാറ്റിവയ്‌ക്കുന്നു. ഉപ്പുചേർക്കാത്ത ചോറു നൽകുന്നതു കാശു ലാഭിക്കാനല്ല; വാനരൻമാർ കുലമറ്റുപോകരുതെന്ന ആഗ്രഹത്തിലാണ്. ഉപ്പടങ്ങിയ ഭക്ഷണം ഇവയുടെ പ്രജനനത്തെ ബാധിക്കുമെന്നു തൃശൂർ മൃഗശാലയിൽനിന്നുള്ള സംഘമാണു മുന്നറിയിപ്പു നൽകിയത്. ചില ദിവസങ്ങളിൽ ശർക്കര ചേർത്ത ചോറും പഴങ്ങളും നിലക്കടലയുമൊക്കെയായി വാനരൻമാർക്കു രുചിവൈവിധ്യം ഒരുക്കാറുണ്ടു മാണിക്കം. 

അഞ്ചല്ല, അഞ്ചുമടങ്ങ് 

വിശപ്പുകൊണ്ടു ചത്തൊടുങ്ങി ഇടയിലക്കാട്ടുകാവിലെ വാനരൻമാരുടെ എണ്ണം അഞ്ചായി ചുരുങ്ങിയപ്പോഴാണു ഭക്ഷണവുമായി ചിരി കാവുകയറിയത്. ചിരിയുടെ പിൻഗാമിയായി മാണിക്കം ദൗത്യമേറ്റെടുത്തതോടെ വാനരൻമാരുടെ എണ്ണം അഞ്ചുമടങ്ങു പിന്നിട്ടു മുപ്പതിലേറെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം 10 വാനരൻമാർ ദുരൂഹസാഹചര്യത്തിൽ ചത്തതു മാണിക്കത്തിന്റെ മനസ്സിൽ ഇന്നും നൊമ്പരമാണ്. സാമൂഹികവിരുദ്ധർ വിഷം നൽകിയെന്ന് ആരോപണമുയർന്നെങ്കിലും തുടരന്വേഷണം എങ്ങുമെത്തിയില്ല. 

അന്നു തളർന്നുപോയ മാണിക്കത്തിനു കരുത്തായത് ഇടയിലക്കാട് നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി പി.വേണുഗോപാലനും പ്രവർത്തകരും നാട്ടുകാരുമാണ്. ഇന്നു മാണിക്കം വാനരൻമാരുടെ വിശപ്പടക്കുമ്പോൾ കാവിനും ജൈവവൈവിധ്യത്തിനും നാട്ടുകാർ സംരക്ഷണമൊരുക്കുന്നു. ഗ്രന്ഥാലയത്തിലെ ബാലവേദി പ്രവർത്തകർ കാവിലെ പ്ലാസ്റ്റിക് മാലിന്യം കൃത്യമായ ഇടവേളകളിൽ നീക്കുന്നു. 

ഓണക്കാലത്തു ചോറ്, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കക്കിരി, വാഴപ്പഴം, പപ്പായ, പൈനാപ്പിൾ, പേരയ്‌ക്ക, ചക്കപ്പഴം തുടങ്ങിയവയൊക്കെ ചേർന്ന സദ്യ വാനരൻമാർക്കു വാഴയിലയിൽ വിളമ്പി നൽകുന്നതു പത്തു വർഷം പിന്നിട്ടു. വാനരൻമാർ സദ്യ ആസ്വദിക്കുമ്പോൾ ഓണപ്പാട്ടുകൾ പാടിയും പൂക്കുലകൾ വീശിയും നാട്ടു കൂട്ടം ആഘോഷത്തിൽ പങ്കുചേരും; എല്ലാറ്റിനും മേൽനോട്ടവുമായി മാണിക്കവും. വാനരൻമാരോടുള്ള മാണിക്കത്തിന്റെ സ്‌നേഹം നിറഞ്ഞുതുളുമ്പുന്നു; കവ്വായിക്കായലിലെ വേലിയേറ്റം പോലെ, അറബിക്കടലിലെ തിരയിളക്കംപോലെ. 

കൗതുകങ്ങൾക്ക് ഇടയിലൊരു കാട് 

ആദ്യകാലത്തു ദ്വീപു മുഴുവൻ ഇടതൂർന്നു വളർന്ന കാടായിരുന്നതിനാൽ ഇടയില്ലാക്കാട് എന്നറിയപ്പെട്ടെന്നും പിന്നീട് ഇതിനു രൂപാന്തരം വന്ന് ഇടയിലക്കാടായി മാറിയെന്നുമാണു സ്ഥലനാമ ഉൽപത്തിയെപ്പറ്റി ഒരു അഭിപ്രായം. മാടക്കാൽ, ഇടയിലക്കാട്, തെക്കേക്കാട് എന്നീ തുരുത്തുകൾ കൊടുംവനമായിരുന്നുവെന്നും ഇതിൽ മറ്റു രണ്ടു തുരുത്തുകളുടെ ഇടയിലുള്ള കാടെന്ന നിലയിലാണ് ഇടയിലക്കാട് എന്ന ദേശനാമം വന്നതെന്നും മറുവാദം. 

നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടെ വാനരക്കൂട്ടം എങ്ങനെയെത്തിയെന്നതിനു കൃത്യമായ ഉത്തരമില്ല. ആദ്യകാലത്ത് ഇടയിലക്കാട് മറ്റു കരകളുമായി ബന്ധമുള്ള നിലയിലായിരുന്നുവെന്നും അങ്ങനെയാണു വാനരൻമാർ എത്തിയതെന്നുമാണ് ഒരു വിശ്വാസം. ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാകാമെന്നും അഭിപ്രായമുണ്ട്.