Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെയ്‌ലെയുടെ ക്ഷോഭം

Hawaii Kilauea volcano ഹവായിയിലെ കിലോയ അഗ്നിപർവതം

അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നു ജന്മം നൽകിയ നാടാണ് ഹവായ്. ഇവയിൽ ചിലത് ഇപ്പോൾ സമാധിയിലാണെങ്കിലും അഗ്നിപർവത സ്ഫോടനങ്ങൾ ഇവിടെ തുടർക്കഥയാണ്.

പർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ പേടിച്ചു പലായനം ചെയ്യുന്നതും ഹവായിയിലെ ജനങ്ങളുടെ ജീവിതചര്യകളിൽ ഒന്ന്. ചിലർ ബഹുമാനപൂർവം പർവതത്തെ നോക്കി ‘പെയ്‌ലെയ്ക്ക് അഭിവാദ്യം’ എന്നു പറഞ്ഞാണത്രേ ഓടുന്നത്. 

Hawaii Kilauea volcano കിലോയ അഗ്നിപർവതത്തിൽ നിന്ന് ലാവ് പുറത്തേക്കു തെറിക്കുന്നു

ഹവായിയിലെ ജനങ്ങളുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്നിപർവതങ്ങളുടെ അധിദേവതയാണ് പെയ്‌ലെ. പോളിനേഷ്യയിൽനിന്നു കടൽ കടന്നുവന്നു ഹവായിയിൽ താമസമുറപ്പിച്ചവരാണു പെയ്‌ലെയുടെ ഐതിഹ്യവും അവിടെയെത്തിച്ചത്.

സാഗരങ്ങളുടെ ദേവതയായ, തന്റെ മൂത്ത സഹോദരിയുടെ ഭർത്താവിനെ വശീകരിക്കാൻ പെയ്‌ലെ ശ്രമിച്ചു. സംഭവം പുറത്തായതോടെ രോഷാകുലയായ സഹോദരിയിൽനിന്നു രക്ഷനേടാൻ ഹവായിയിലേക്ക് എത്തുകയായിരുന്നു പെയ്‌ലെ. 

Hawaii Kilauea volcano കിലോയ അഗ്നിപർവതത്തിൽ നിന്നുള്ള ലാവ ഗ്രാമങ്ങളിലൂടെ കിലോമീറ്ററുകൾ താണ്ടി കടലിലേക്ക് ഒഴുകുന്നു.

ഹവായ്‌ ദ്വീപുകളിൽ തണുപ്പുമാറ്റാനായി പെ‌യ്‌ലെ ഉണ്ടാക്കിയ തീക്കുണ്ഡങ്ങൾ പിന്നീട് അഗ്നിപർവതങ്ങളായി മാറിയെന്ന് ഐതിഹ്യം. ഒട്ടേറെ അഗ്നിപർവതങ്ങൾ പെ‌‌യ്‌ലെയുടെ തീക്കുണ്ഡത്തിൽനിന്നുയർന്നെങ്കിലും തന്റെ ഇരിപ്പിടമായി പെ‌യ്‌ലെ തിരഞ്ഞെടുത്തതു കിലോയയെയാണ്. ഇപ്പോൾ ലോകം മുഴുവൻ ചർച്ചാവിഷയമായിരിക്കുന്ന ഹവായിയുടെ ഭീകരൻ അഗ്നിപർവതത്തെ. 

ദ്വീപിനെ മുക്കിയ‍ മദപ്പാട്

വലിയ ദ്വീപ് എന്നറിയപ്പെടുന്ന ഹവായ് ദ്വീപിന്റെ അഞ്ച് അഗ്നിപർവതങ്ങളിൽ മൗന ലോയയാണ് ഏറ്റവും വലുത്. സജീവമായ അഗ്നിപർവതം എന്ന പേര് ഇതിനുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്.‌ ‘ഷീൽഡ് വോൾക്കനോ’ വിഭാഗത്തിൽപെടുന്ന കിലോയയ്ക്ക് എല്ലാക്കൊല്ലവും മദപ്പാട് ബാധിക്കാറുണ്ടെങ്കിലും ഇത്തവണ അൽപം കടുത്തു. 

TOPSHOT-US-VOLCANO-HAWAII

മേയ് ആദ്യവാരത്തായിരുന്നു ആദ്യസൂചനകൾ. കിലോയയുടെ അഗ്നിമുഖങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂൺ പോലെ വീർത്തുയർന്നു. തുടർന്ന് വിസ്ഫോടനത്തോടെ ലാവാപ്രവാഹം...ഇരുമ്പുപണിക്കാരന്റെ ആലയിലെന്നപോലെ അന്തരീക്ഷത്തിൽ തീക്കനലുകൾ ചിതറി.

US-HAWAII'S-KILAUEA-VOLCANO-ERUPTS-FORCING-EVACUATIONS

ഹവായിയിലെ ജനവാസ മേഖലയായ ലെയ്‌ലാനി എസ്റ്റേറ്റ്സിന് കനത്ത നാശം സംഭവിച്ചു. മറ്റു ടൂറിസം കേന്ദ്രങ്ങൾ, റോഡുകൾ എന്നിവയൊക്കെ വിസ്ഫോടനത്തിൽ തകർന്നു. മണിക്കൂറിൽ 300 മീറ്റർ വേഗം പുലർത്തി മന്ദഗതിയിൽ വന്ന ലാവാപ്രവാഹം നാൽപതോളം വീടുകൾ മുക്കി. 2000 പേരുടെ പലായനത്തിനു കാരണമായി. വിഷവാതകത്തിന്റെ സാമീപ്യമാണ് അലോസരപ്പെടുത്തുന്ന മറ്റൊരു വിഷയം. ലേസ് എന്നറിയപ്പെടുന്ന ഈ വിഷവാതകപടലത്തിനെതിരെയുള്ള മുന്നറിയിപ്പുകൾ ഹവായിയിൽ പരക്കുകയാണ്. 

ഭൂമിക്കുള്ളിലെ തിളച്ചുമറിയുന്ന ലാവ, അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തിയശേഷം സമുദ്രത്തിലെത്തുമ്പോൾ ജലം ഇവയെ തണുപ്പിക്കും. തുടർന്നു രൂപപ്പെടുന്ന ഗ്ലാസ്തരികളും ഹൈഡ്രോക്ലോറിക് ആസിഡും വിഷവസ്തുക്കളുമടങ്ങിയ വാതകപടലമാണ് ലേസ്.‌

HAWAII-VOLCANO/

നിത്യക്ഷുഭിതനായ കിലോയ

മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ കിലോയയ്ക്ക് പ്രായമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്നു. രണ്ട് അഗ്നിമുഖങ്ങളാണ് പർവതത്തിന്.

HAWAII-VOLCANO/

നാലായിരത്തിലധികം അടി ഉയരം. ഹവായ‌ിയിലെ ഗംഭീരവും സജീവ അഗ്നിപർവതങ്ങളിൽ ലോകത്തിലെതന്നെ ഏറ്റവും വലുതുമായ മൗനലോയയുടെ നിഴലിൽ മറഞ്ഞിരുന്ന കിലോയയെപ്പറ്റി വിശദമായി പഠനം നടത്തിയതു വില്യം എല്ലിസ് എന്ന മിഷനറിയാണ്. ഇതിനു മുൻപുതന്നെ ഇവിടെ താമസമുറപ്പിച്ച പോളിനേഷ്യൻ വംശജർ അഗ്നിപർവതങ്ങളെ ആരാധിച്ചിരുന്നു. എപ്പോഴും പ്രവഹിക്കുന്നതെന്ന് അർഥമുള്ള കിലോയ എന്ന പേര് അവരാണു നൽകിയത്. 

mount-sinabong-sumatra ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള മൗണ്ട് സിനാബങ്ക് അഗ്നിപർവതം തീതുപ്പുന്നു. (2017 നവംബർ 17ലെ ചിത്രം)

1840ൽ മുപ്പത്തിയഞ്ചു കിലോമീറ്ററോളം നീളത്തിൽ ലാവ പ്രവഹിക്കത്തക്കവണ്ണം ഒരു വിസ്ഫോടനം കിലോയയിൽനിന്നുണ്ടായി. പർവതത്തിനു കിലോമീറ്ററുകൾ അകലെ താമസിക്കുന്നവർക്കു രാത്രിയിൽ പത്രം വായിക്കാൻ വെളിച്ചംപകരുന്ന രീതിയിൽ പ്രകാശതീവ്രമായിരുന്നു ആ പ്രവാഹം. തുടർന്ന് 1983 വരെയുള്ള കാലഘട്ടത്തിൽ ഇടവിട്ട സന്ദർഭങ്ങളിൽ കിലോയ തീതുപ്പി. 

ചെറിയ ഒരിടവേളയ്ക്കുശേഷം 1983 ജനുവരിയിൽ കിലോയ വീണ്ടും ലാവ പ്രവഹിപ്പിച്ചു. അന്നു മുതൽ ഇന്നു വരെ പർവതം അതിന്റെ സജീവത നഷ്ടപ്പെടുത്തിയിട്ടില്ല. 1990ൽ കിലോയയുടെ വികൃതി അതിരുകടന്നു. ഹവായിയിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ പർവതത്തിൽനിന്നുള്ള ലാവാപ്രവാഹം പൂർണമായി നശിപ്പിച്ചു. 

mount-mayon-philippines ഫിലിപ്പീൻസിലെ മൗണ്ട് മായോൺ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവ ഒഴുകുന്നു. (2018 ജനുവരി 25)

അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ

സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസറായ പോൾ സിഗാളിന്റെ അഭിപ്രായത്തിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ പ്രവചിക്കാൻ എളുപ്പമാണ്. വിചിത്രമായ വാതകപ്രസരണങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയൊക്കെ ഇതിന്റെ മുന്നോടിയായി വരാം. ചിലപ്പോഴൊക്കെ ഒന്നും സംഭവിച്ചില്ലെന്നും വരാം.

mount-merapi-indonesia ഇന്തൊനീഷ്യയിലെ മെറാപി അഗ്നിപർവതം പുകയുന്നു. (2018 മേയ് 22ലെ ചിത്രം. )

ലോകത്തിൽ അപകടസാധ്യത കൂടിയ അഗ്നിപർവതങ്ങൾ എപ്പോഴും ശക്തമായ നിരീക്ഷണത്തിലാണെന്നു സിഗാൾ പറയുന്നു. ഇന്നു ബഹിരാകാശത്തുനിന്ന് അഗ്നിപർവതങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എളുപ്പമാണ്.

എങ്കിലും അഗ്നിപർവതവിസ്ഫോടനങ്ങളുടെ തോത് മുറതെറ്റാതെ മുന്നോട്ടുപോകുകയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈ വർഷം തന്നെ ഫിലിപ്പീൻസിലെ മൗണ്ട് മായോൺ അഗ്നിപർവതവും ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള മൗണ്ട് സിനാബങ്ക് അഗ്നിപർവതവും പൊട്ടിത്തെറിച്ചിരുന്നു.