Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവേ, നീ പൂക്കുന്നിടം വസന്തം...

katha-akhila

പ്രസംഗമത്സര വേദികളിൽ വച്ചായിരുന്നു കണ്ടുമുട്ടലധികവും... അഞ്ചുമിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കാനുള്ളതത്രയും ഓടിത്തൊടുന്നതിന്റെ കഷ്ടപ്പാട് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവൾ മനസ്സിലാക്കിയിട്ടുണ്ടാവും. തൊട്ടുമുൻപേ വേദി വിട്ടിറങ്ങിയ മത്സരാർഥിയുടെ മുഖഭാവം എന്തോ അവളിൽ കാണാൻ കഴിഞ്ഞില്ല. 

എന്തൊക്കെയോ പറഞ്ഞുതീർത്ത് വേദി വിട്ടിറങ്ങിയപ്പോൾ അവൾ കൈകാട്ടി വിളിച്ചു. ഇനിയും അഞ്ചാറുപേർ മത്സരിക്കാനുണ്ട്. അടുത്തടുത്തിരുന്ന് അതു മുഴുവൻ ശ്രദ്ധയോടെ അവൾ കേൾക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് ഉയരുകയായിരുന്നു... എന്തെങ്കിലും ചോദിച്ചാൽ എന്താണു പറയുക? 

എന്നെക്കാളേറെ കയ്യടി വാങ്ങിക്കൂട്ടിയവൾ... പങ്കെടുത്തവയ്ക്കെല്ലാം ഒന്നാം സ്ഥാനം നേടിയവൾ... നാട്ടിലും വീട്ടിലും സ്കൂളിലും എല്ലാവരുടെയും പ്രിയപ്പെട്ടവൾ... എത്രതന്നെ കൂട്ടി വായിക്കാൻ നോക്കിയാലും ഞങ്ങളൊരിക്കലും തുല്യരാവുകയില്ലെന്ന് എന്റെയുള്ളിലെ അപകർഷബോധം പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു. 

ഒട്ടും ജാട കാണിക്കാതെ, അഹങ്കാരം ലവലേശം കലരാതെ, അവൾ ഒരുപാടുനേരം സംസാരിച്ചു. എന്തെങ്കിലും പറഞ്ഞു തെറ്റിപ്പോയാലോ എന്ന ഭയത്താൽ ഞാൻ വാക്കുകൾ ഓരോ മൂളലിൽ ഒതുക്കി. ആഗോളതാപനത്തിലും പരിസ്ഥിതി പ്രശ്നങ്ങളിലും തുടങ്ങി സംസാരം സംഗീതവും യാത്രകളും കഥകളും മഴയും കടന്ന് കൂട്ടുകാരിലും വീട്ടിലുമെത്തി നിന്നു. ‘താൻ പറഞ്ഞതത്രയും നന്നായി’ എന്നു പുഞ്ചിരിയോടെ അവൾ പറഞ്ഞപ്പോൾ എന്റെ നെഞ്ചിനുള്ളിൽ ഒരു മഞ്ഞുമല ഉരുകിത്തുടങ്ങി. ഒടുവിൽ പേരു പറഞ്ഞ് പിരിയുമ്പോൾ അവൾ ഓർമിപ്പിച്ചു: ‘അടുത്ത മത്സരത്തിനു ഫസ്റ്റ് വാങ്ങണം’. 

‘‘നോക്കാം...’’ ഞാൻ എങ്ങനെയൊ പറഞ്ഞൊപ്പിച്ചു. റിസൽറ്റ് അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും എനിക്കുറപ്പായിരുന്നു, അവൾക്കു തന്നെയാവും ഫസ്റ്റ്. 

നേരിൽ കാണുന്നതിനു മുൻപുതന്നെ ഒരുപാടു കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു അവളെ... ആതിര. കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാവർക്കുമറിയാമായിരുന്നിട്ടും തൊട്ടടുത്ത സ്കൂളിൽ പഠിച്ചിട്ടും അവളെ അറിയാതെ പോയതിൽ ഏറ്റവും കുറ്റബോധം തോന്നിയത് അവരുടെ സ്കൂൾ മാഗസിനിൽ അവളുടെ കഥ വായിച്ചപ്പോഴാണ്. വാക്കുകൾ കൊണ്ട് അവളെന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ ചെറിയ നന്ദി പ്രകാശനം നടത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ പ്രസംഗം എന്താണെന്നു പോലും അറിയാത്ത ഞാൻ അവൾക്കുവേണ്ടി പ്രസംഗിക്കാൻ പഠിച്ചു. ഒരുപാടു പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ഇടയ്ക്ക് എപ്പോഴോ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ മനസ്സിൽ പതിഞ്ഞു പോയിരുന്നു. അതുകൊണ്ടു തന്നെയാവും ഇന്നു മത്സരവേദിക്കരികിൽ വച്ച് ഒറ്റനോട്ടത്തിൽ അവളെ തിരിച്ചറിഞ്ഞത്. 

ഭയമായിരുന്നു... പരിചയപ്പെടണമെന്നു കണക്കുകൂട്ടി മനസ്സിലുറപ്പിച്ചിരുന്നെങ്കിലും എന്തോ, വേണ്ടെന്നുവച്ചു. അവളുടെ ഒരൊറ്റ നോട്ടത്തിൽ ദഹിച്ചു പോയെങ്കിലോ എന്നു ഭയന്ന് മുഖം കൊടുക്കാതെ വഴിമാറി നടന്നു. ആ അവളാണ് മത്സരം കഴിഞ്ഞയുടനെ കൈകാട്ടി വിളിച്ച് അടുത്തിരുത്തിയത്. 

റിസൽറ്റിനു കാത്തുനിൽക്കാതെയാണവൾ മടങ്ങിയത്. മൈക്കിൽ ഒന്നാം സ്ഥാനം എന്ന് അവളുടെ പേര് വിളിച്ചു പറയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരിക്കണം. അപ്പീൽ കൊടുക്കാൻ അച്ഛനും അമ്മയും ടീച്ചർമാരും നിർബന്ധിച്ചപ്പോൾ ഞാൻ ഓരോന്നു പറഞ്ഞൊഴിഞ്ഞു. അവർക്കറിയില്ലല്ലോ ഞാൻ അടുത്ത കലോൽസവത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന്. 

പഴയ സ്കൂൾ മാഗസിനുകളിൽ അവളെഴുതിയ ലേഖനങ്ങൾ, കഥകൾ, ഉപന്യാസങ്ങൾ... ഒന്നുംവിടാതെ ഞാൻ വായിച്ചെടുത്തു. അവളെ പഠിക്കാൻ ഇനിയുമേറെ സമയം വേണ്ടി വരുമെന്നറിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ തന്നെ ഞാനാ പരീക്ഷ എഴുതി. 

തൊട്ടടുത്ത വർഷം അവളില്ലാത്ത കലോത്സവവേദിയിൽ റിസൽറ്റിനു കാത്തു നിൽക്കാതെ ഞാൻ മടങ്ങി. ഒരുപാട് അന്വേഷിച്ചു, സ്കൂളിലും നാട്ടിലും വീട്ടിലുമൊക്കെ... അവർ വീട് മാറിപ്പോയെന്നു മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ... നിരാശ തോന്നിയില്ല. ഉള്ളിന്റെയുള്ളിൽ സൂചിമുന കൊണ്ടതുപോലൊരു വേദന മാത്രം!. 

എന്തിനോടൊക്കെയോ ഉള്ള വാശിയായിരുന്നു. ഒരു വേദിയും വിടാതെ എല്ലായിടത്തും പ്രസംഗിച്ചു നടന്നു. തിരഞ്ഞെടുപ്പു കാലങ്ങളിൽ രാത്രിയിൽ ഉറക്കമിളച്ചിരുന്നു പോസ്റ്ററുകൾ എഴുതിയുണ്ടാക്കി. ഉള്ളവന്റെയും ഇല്ലാത്തവന്റെയും ദുഃഖത്തിൽ ഒരുപോലെ ഇടപെടാൻ മനസ്സ് മടികാണിച്ചില്ല. എപ്പോഴോ മറ്റുള്ളവർക്കു വേണ്ടി ജീവിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ ഞാനായിത്തീർന്നതെന്നു തിരിച്ചറിഞ്ഞുതുടങ്ങിയ നിമിഷമായിരുന്നു അത്. 

കാലങ്ങൾക്കിപ്പുറം, ഇന്നലെ ഒരു സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുമ്പോൾ ഒരു മുഖം മനസ്സിലുടക്കി. 

ആതിര? 

ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞാൻ അടുത്തു ചെന്നു. ചെറിയ കുട്ടിയാണ്... പക്ഷേ, അവളുടെ അതേ മുഖം... അതേ കണ്ണുകൾ... പേര് ചോദിക്കാനായി ഞാൻ മുഖം താഴ്ത്തിയതും പ്രവർത്തകരിലാരോ പറഞ്ഞു, 

‘‘സഖാവേ, അത് സഖാവ് ആതിരയുടെ മകളാണ്. സഖാവ് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ തിരഞ്ഞെടുപ്പിനിടയിലെ സംഘർഷത്തിൽ പിറകിൽനിന്ന് തലയ്ക്കടിയേറ്റു മരിച്ച സഖാവ് ആതിരയുടെ മകൾ.’’ 

പാർട്ടിപ്രവർത്തകരെ ഗുണ്ടകൾ പിറകിൽ നിന്നാക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു അവൾ. മസ്തിഷ്ക മരണമായിരുന്നു. കണ്ണുകളടക്കം ദാനം ചെയ്താണ് അവൾ പോയതെന്നറിഞ്ഞപ്പോൾ ഞാൻ അവളുടെ മകളെ ഇറുകെ പുണർന്നു. അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാൻ ചോദിച്ചു: 

‘‘മോളുടെ പേരെന്താ?’’ 

‘‘ആമി’’– ചെറു ചിരിയോടെ അവൾ പറഞ്ഞു. എന്തോ ഒരു നനുത്ത സുഗന്ധം മൂക്കിൻതുമ്പിൽ വന്നു തൊടുന്നത് ഞാനറിഞ്ഞു. പതുക്കെ കണ്ണുകളടയ്ക്കുമ്പോൾ ഞാൻ ഹൃദയത്തിലെഴുതി, നീ പൂക്കുന്നിടം വസന്തമാണെന്ന് എനിക്കറിയാമായിരുന്നുവല്ലോ സഖാവേ...