Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷം പന്താടി..!

Author Details
Neymar, Messi, Ronaldo നെയ്മറും മെസ്സിയും റൊണാൾഡോയും 2015ലെ ഫിഫ ബലോൻ ദ് ഓർ പുരസ്കാര ചടങ്ങിനു മുൻപ് ഫൊട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. ഗെറ്റി ഇമേജസ്

അമ്മ!

ലോക ഫുട്ബോൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ഒരു ഡോക്ടറുണ്ട്. അജ്ഞാതനായ അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോളർ ഉണ്ടാകുമായിരുന്നില്ല. 1984ൽ റൊണാൾഡോയെ അമ്മ മരിയ ഡൊളോറസ് ഗർഭം ധരിച്ചിരിക്കുന്ന സമയം. ഒരു കുഞ്ഞ് വേണം എന്ന് അവർ തീരെ ആഗ്രഹിക്കാത്ത സമയമായിരുന്നു അത്. അതു കൊണ്ടു തന്നെ ഗർഭം അലസിപ്പിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഡോക്ടറോടു പറഞ്ഞപ്പോൾ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പോർച്ചുഗലിലെ അന്നത്തെ അബോർഷൻ നിയമങ്ങൾ കർക്കശമായിരുന്നു എന്നതായിരുന്നു കാരണം. ഡോക്ടർ പറഞ്ഞതു കേൾക്കാതെ അമ്മ സ്വന്തം നിലയ്ക്ക് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും റൊണാൾഡോയുടെ ജന്മം തടയാനായില്ല. ‘‘ഞാൻ ആവോളം ബീയർ കുടിച്ചു. ഗർഭപാത്രം കുലുങ്ങും വിധം തുളളിച്ചാടി’’– 2004ൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ മരിയ ഡൊളോറസ് പറഞ്ഞു. തന്നെ ജനനത്തിനു മുൻപേ ഇല്ലാതാക്കാൻ ശ്രമിച്ച കഥ കേട്ടപ്പോൾ ക്രിസ്റ്റ്യാനോ അമ്മയെ കളിയാക്കി: ഇപ്പോൾ ഞാനില്ലെങ്കിൽ കാണാമായിരുന്നു..നമ്മളെങ്ങനെ ജീവിക്കും! മദ്യപാനത്തിന് അടിമയായിരുന്ന അച്ഛൻ ജോസ് ഡിനിസ് അവെയ്‌രോ റൊണാൾഡോയുടെ 20–ാം വയസ്സിൽ തന്നെ മരണപ്പെട്ടിരുന്നു. 

Cristiano-with-Mother-Maria റൊണാൾഡോ അമ്മ മരിയ ‍ഡൊളോറസിനൊപ്പം

അമ്മൂമ്മ! 

സെലിയ ഒളിവേര കുചിറ്റിനി– കരിയറിൽ മെസ്സി നേടിയ ഗോളുകളെല്ലാം ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച കൈകളിലൂടെ തേടിപ്പോകുന്നത് അവരെയാണ്. സ്കൂളിലേക്കെന്ന പോലെ മെസ്സിയെ കുട്ടിക്കാലത്ത് മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് കൊണ്ടു പോയ അമ്മൂമ്മ. 1998ൽ, താൻ ലോകമറിയുന്ന താരമാകുന്നതിന് മുൻപ് മരിച്ചു പോയ അമ്മൂമ്മയ്ക്കാണ് മെസ്സി തന്റെ ഗോളുകളെല്ലാം ആകാശത്തേക്കു വിരൽ ചൂണ്ടി സമർപ്പിക്കുന്നത്. റൊസാരിയോയിൽ കളിച്ചു വളർന്ന മെസ്സിയെയും കുടുംബത്തിലെ മറ്റു കുട്ടികളെയും പരിശീലനത്തിനും മൽസരങ്ങൾക്കും കൊണ്ടു പോയിരുന്നത് സെലിയ ആയിരുന്നു. മെസ്സിക്ക് ഒരു ഫുട്ബോൾ ബൂട്ട് വാങ്ങിക്കൊടുക്കാൻ കുടുംബത്തിലെ മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിച്ചതും അവർ തന്നെ. മെസ്സി എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അമ്മൂമ്മ നൽകുന്ന ശിക്ഷയിങ്ങനെ: ഇന്ന് ഫുട്ബോൾ പ്രാക്ടീസ് ഇല്ല! ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിച്ചു തുടങ്ങിയ മെസ്സിക്ക് അതിലും വലിയ ശിക്ഷയുണ്ടോ..? 

messi-celebration അമ്മൂമ്മയ്ക്ക് സമർപ്പണമായി മെസ്സിയുടെ ഗോൾ ആഘോഷം

പെങ്ങൾ!

നെയ്മറുടെ കയ്യിൽ ഒരു മുഖം പച്ച കുത്തിയിട്ടുണ്ട്– അമ്മയുടേതോ കാമുകിയുടേതോ അല്ല, സഹോദരി റാഫെല്ല ബെക്റാന്റേത് ആണത്. റാഫെല്ലയുമായി ഇഴയടുപ്പമുള്ള ബന്ധമാണ് നെയ്മർക്കുള്ളത്. ജീവിതത്തിൽ മാനസികമായി തിരിച്ചടികൾ നേരിടുമ്പോഴെല്ലാം നെയ്മർ ആശ്രയിക്കാറുള്ളത് സഹോദരിയെയാണ്. സഹോദരനോടുള്ള സ്നേഹമായി റാഫെല്ലയും ഒരു കാര്യം ചെയ്തിട്ടുണ്ട്– നെയ്മറുടെ കണ്ണുകൾ തന്റെ കയ്യിൽ ടാറ്റൂ ചെയ്തു! എല്ലാ വർഷവും സഹോദരിയുടെ ജന്മദിനം ആഘോഷിക്കാൻ കളിത്തിരക്കുകൾക്കിടയിലും അൽഭുതകരമായി നെയ്മറിന് അവസരം കിട്ടാറുണ്ട്. 2015ലും 2016ലും സഹോദരിയുടെ ജന്മദിനമായ മാർച്ച് 11ന് നെയ്മർ കളിയിൽ നിന്നുള്ള സസ്പെൻഷനിലായിരുന്നു. 2017ൽ പരുക്കു മൂലം പുറത്തായതിനാൽ നെയ്മർക്ക് സഹോദരിയുടെ അടുത്തെത്താൻ അവസരം കിട്ടി. ഈ വർഷം ജന്മദിനാഘോഷം നഷ്ടമാകും എന്നു കരുതിയിരിക്കെ ഫെബ്രുവരി 25ന് ഫ്രഞ്ച് ക്ലബ് മാഴ്സെയ്ക്കെതിരെയുള്ള മൽസരത്തിനിടെ നെയ്മർക്കു വീണ്ടും പരുക്കേറ്റു! 

Neymar-with-sister-Rafella നെയ്മറും സഹോദരി റാഫെല്ലയും

റൊണാൾഡോയുടെ സുനാമിക്കുട്ടി

പോർചുഗീസ് ക്ലബ് സ്പോർട്ടിങിന്റെ അണ്ടർ–19 ടീം താരമായ മാർട്ടുനിസിനെ ലോകമറിയുന്നത് റൊണാൾഡോയുടെ ദത്തുപുത്രൻ എന്ന നിലയിലാണ്. 2004ൽ ഇന്ത്യൻ മഹാസമുദ്രതീരങ്ങളെ തുടച്ചു തീർത്ത സുനാമിയിൽ നിന്നു രക്ഷപ്പെട്ട ഇന്തൊനീഷ്യൻ ബാലനാണ് മാർട്ടുനിസ്. സുനാമി ആഞ്ഞടിക്കുമ്പോൾ മൈതാനത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു ഏഴു വയസ്സുകാരനായ മാർട്ടുനിസ്. ദുരന്തത്തിൽ അവന് അമ്മയെയും സഹോദരിയെയും നഷ്ടമായി. ഒരു സോഫയിൽ അള്ളിപ്പിടിച്ചു കിടന്നാണ് മാർട്ടുനിസ് രക്ഷപ്പെട്ടത്. പോർചുഗൽ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ് കിടക്കുന്ന രീതിയിലാണ് മാർട്ടുനിസിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. മാർട്ടുനിസിന്റെ ചിത്രം ചർച്ചയായതോടെ 2005ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്തൊനീഷ്യയിൽ പോയി അവനെ നേരിൽ കണ്ടു. മാർട്ടുനിസിന്റെ വിദ്യാഭ്യാസ ചിലവുകൾ അതിനു ശേഷം വഹിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. റൊണാൾഡോയുടെ വഴി പിന്തുടർന്ന് മാർട്ടുനിസ് സ്പോർട്ടിങ് ക്ലബിന്റെ ഫുട്ബോൾ അക്കാദമിയിൽ ഇടം പിടിച്ചു. 

Cristiano-with-Martunis മാർട്ടുനിസിന് റൊണാൾഡോ ജഴ്സി സമ്മാനിക്കുന്നു

ഞാൻ മെസ്സിയുടെ സീറ്റിലാണോ ?

കഴിഞ്ഞ വർഷം ബാർസിലോന ക്ലബ് ക്രിസ്മസ് വിശേഷമായി ലോകത്തോടു പങ്കുവച്ചത് നുജീൻ എന്ന കൊച്ചു പെൺകുട്ടിയുടെ കഥയാണ്. യുദ്ധം തകർത്തു കളഞ്ഞ സിറിയയിൽ നിന്ന് ജർമനിയിലേക്കു പലായനം ചെയ്തവരാണ് നുജീനും സഹോദരി നസ്റീനും. നുജീന്റെ ആ യാത്ര തന്നെ ഇതിഹാസ സമാനമായിരുന്നു. സെറിബ്രൽ പാൾസി രോഗം മൂലം വീൽചെയറിൽ ഒതുങ്ങിപ്പോയ നുജീൻ 5,600 കിലോമീറ്ററോളം സ‍ഞ്ചരിച്ചാണ് കുടുംബത്തോടൊപ്പം ജർമൻ നഗരമായ കോളോനിലെത്തിയത്. അതിന്റെ ഓർമയ്ക്കായി ഒരു പുസ്തകവും രചിച്ചു: ‘‘നുജീൻ: യുദ്ധം തകർത്ത സിറിയയിൽ നിന്ന് ഒരു പെൺകുട്ടിയുടെ അതുല്യ യാത്ര’’. എന്നാൽ നുജീന്റെ സ്വപ്നയാത്ര അവിടെ തീർന്നില്ല. ബാർസിലോന ക്ലബിനോടും മെസ്സിയോടുമുള്ള ഇഷ്ടം പലരോടും പങ്കുവച്ച നുജീനെത്തേടി ഒരു സുപ്രഭാതത്തിൽ ബാർസയുടെ ടീം ബസ് കോളൊനിലെത്തി. അമ്പരന്നു പോയ നുജീനെയും കൂട്ടി അവർ ബാർസിലോനയിലേക്കു യാത്ര തിരിച്ചു. പതിനെട്ടു മണിക്കൂർ നീണ്ട യാത്രയ്ക്കിടെ നുജീൻ ചോദിച്ചു. ‘‘ഞാൻ മെസ്സിയുടെ സീറ്റിലാണോ ഇരിക്കുന്നത്..!

Messi-with-Nujin-and-Nasrin നുജീൻ നൂകാംപിൽ മെസ്സിക്കൊപ്പം

ഒടുവിൽ ബാർസയുടെ ഹോം ഗ്രൗണ്ടായ നൂകാംപിൽ നുജീനെ കാത്തിരുന്നത് മെസ്സി, പിക്വെ, റാകിട്ടിച്ച് എന്നിവരടക്കമുള്ള താരങ്ങൾ. നുജീൻ എന്നെഴുതിയ ബാർസിലോന ജഴ്സി പിക്വെ സമ്മാനിച്ചപ്പോൾ എന്തെന്നില്ലാതെ നുജീൻ വിഷാദവതിയായി. ആന്ദ്രെ ഇനിയേസ്റ്റ കവിളിൽ ഉമ്മ വച്ചപ്പോൾ അലെപ്പോയിലെ അഭയാർഥി ക്യാംപിൽ നിന്ന് ബാർസയുടെ വിശിഷ്ടാതിഥിയായി എത്തിയ ആ പതിനെട്ടുകാരിയുടെ കണ്ണു തുളുമ്പി...ചെറുപ്പം തൊട്ടേ ടിവിയിൽ കണ്ടാരാധിക്കുന്ന മെസ്സിയെ നേരിട്ടു കണ്ടപ്പോൾ നുജീൻ പറഞ്ഞതിങ്ങനെ– ‘‘കുഞ്ഞുമുഖമൊക്കെ പോയി മെസ്സി വലിയ ആളായി..!’’ 

അന സെലിബ്രിറ്റിയായി!

അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒരു കൗമാരത്താരത്തിന്റെ തുടിപ്പുകളെല്ലാം നെയ്മറുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാണാം. എന്നാൽ കഴിഞ്ഞ വർഷം അന ക്ലാര എന്ന കുട്ടിയെ പുണർന്നു നിൽക്കുന്ന ചിത്രം നെയ്മർ പങ്കുവച്ചു. അപൂർവമായ ഹച്ചിൻസൺ–ഗിൽഫോർഡ് സിൻഡ്രോം ബാധിച്ച പെൺകുട്ടിയായിരുന്നു അന. നെയ്മറെ കാണാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞ് എട്ടു വയസ്സുകാരിയായ അന ഒരു വിഡിയോ പങ്കു വച്ചിരുന്നു. അതിനുള്ള മറുപടിയായി നെയ്മർ നേരിട്ട് അനയെ കാണാൻ ചെന്നു. ലോകഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരം എന്ന  തന്റെ പകിട്ട് മറ്റുള്ളവർക്കു സന്തോഷമാക്കാൻ ശ്രദ്ധിക്കാറുണ്ട് നെയ്മറും. ബ്രസീലിയൻ സഹതാരമായ നെനെയ്ക്കൊപ്പം എല്ലാ വർഷവും നെനെയുടെ ജന്മസ്ഥലമായ ജുൻഡിയായിൽ ചാരിറ്റി ഫുട്ബോൾ മൽസരം സംഘടിപ്പിക്കാറുണ്ട് നെയ്മർ. 

Neymar-with-Ana-Clara നെയ്മർ അനയ്ക്ക് ടീ ഷർട്ട് സമ്മാനിക്കുന്നു

869 ദിവസം!

മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും മക്കൾ തമ്മിൽ രസകരമായ ഒരു യാദൃശ്ചികതയുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയർ ജനിച്ച് 869 ദിവസങ്ങൾക്കു ശേഷമാണ് മെസ്സിയുടെ ആദ്യ മകനായ തിയാഗോ ജനിക്കുന്നത്. റൊണാൾഡോയും മെസ്സിയും തമ്മിലുള്ള പ്രായവ്യത്യാസവും കൃത്യം 869 ദിവസം! മകന്റെ അമ്മയാരാണെന്നത് റൊണാൾഡോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ പങ്കാളിയായ ജോർജിന റോഡ്രിഗിസിൽ റൊണാൾഡോയ്ക്ക് ഒരു മകൻ ഈയിടെ ജനിച്ചു: മാറ്റിയോ റൊണാൾഡോ. ഇതു കൂടാതെ രണ്ട് ഇരട്ടപ്പെൺകുട്ടികളും റൊണാൾഡോയ്ക്കുണ്ട്. അലാന മാർട്ടിനയും ഇവ മരിയയും. മെസ്സിക്കും മാറ്റിയോ എന്ന മകനുണ്ട്. പിന്നെ ഈയിടെ പിറന്ന സിറോയും. ഡേവി ലൂക്ക എന്നൊരു മകനാണ്  നെയ്മർക്കുള്ളത്. തന്റെ പത്തൊൻപതാം വയസ്സിലാണ് നെയ്മർ അച്ഛനായത്. മകന്റെ ജനന സമയത്തുള്ള തൂക്കം സൂചിപ്പിച്ച് ‘2.8 കിലോഗ്രാം സന്തോഷം’ എന്നാണ് ലൂക്കയുടെ ജനനത്തെ നെയ്മർ വിശേഷിപ്പിച്ചത്.

കാളപ്പോരുകാരൻ ബോഡിഗാർഡ്

കരിമ്പൂച്ചകളെപ്പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാക്കുന്ന രണ്ടു പേരുണ്ട്. പഴയ കാളപ്പോരുകാരൻ നുനോ മാർക്കോസും ആയോധന വിദഗ്ധൻ ഗോൺസാലോ സൽഗാദോയും. കഴിഞ്ഞ മാസം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ വേളയിൽ റൊണാൾഡോയെ ഇരുവശങ്ങളിലും നിന്ന് കാത്തത് ഇരുവരുമാണ്. ലോകകപ്പിലും റൊണാൾഡോയുടെ സുരക്ഷാ ചുമതല ഇവർക്കു തന്നെ.

marcos നുനോ മാർക്കോസ്

‘റൊണാൾഡോ ഡ്യൂട്ടി’ ഇല്ലാത്ത സമയങ്ങളിൽ മാർക്കോസിന് മറ്റൊരു ജോലിയുണ്ട്. പോർചുഗൽ തലസ്ഥാനമായ ലിസ്ബണിന് 70 മൈൽ അകലെയുള്ള ചാമുസ്ക പട്ടണത്തിൽ കാളപ്പോര് മൽസരം സംഘടിപ്പിക്കുന്ന ഗ്രൂപ്പിന്റെ തലവൻ. കാളയെ കൊമ്പിനു കുത്തിപ്പിടിക്കുന്ന ‘ഫൊർക്കാഡോ’ വിഭാഗത്തിൽ പെട്ടയാളാണ് മാർക്കോസ്. നമ്മുടെ വള്ളംകളിയിലെ അമരക്കാരെപ്പോലെ ഗ്രൂപ്പിനു നേതൃത്വം നൽകുന്നവരാണ് ഫൊർക്കാഡോകൾ.. സൽഗാദോ മുൻ ബോക്സിങ് ചാംപ്യനാണ്. ലിസ്ബണിൽ മുൻ ചാരപ്രവർത്തകൻ നടത്തുന്ന സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും.  

russie-world-cup-mascot