Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി തുടങ്ങുകയാണ്

football

ജോസാന്റിക്ക് പനി വന്നു. കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലിൽ ജർമനി ബ്രസീലിനെ 7–1 നു തോൽപിച്ചപ്പോൾ മുതലാണ് കൂടെക്കൂടെ പനി വരാൻ തുടങ്ങിയതെന്നു ജോസാന്റി ഓർക്കുന്നു. അതുവരെ പനി ഒരു ശല്യമല്ലായിരുന്നു.

‘‘ഇങ്ങേർക്കിത് എന്തിന്റെ കേടാണ്... എങ്ങാണ്ട് ആരോ തോറ്റൂന്ന് കരുതി ഇങ്ങനെ സങ്കടപ്പെടാൻ പാടുണ്ടോ... ജയിച്ചാലും തോറ്റാലും അവന്മാർക്ക് കൊള്ളാം... നുമ്മക്കെന്താണ്...’’

ദെലീമ ജോസാന്റിയെ കുറ്റപ്പെടുത്തി. അതുപറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലെടീ ഇറച്ചി വെട്ടുകാരൻ ചൗരോന്റെ മോളെ എന്നു പറയണമെന്നുണ്ടായിരുന്നു ജോസാന്റിക്ക്. നിനക്കറിയാമോ ബ്രസീലാണ് എന്റെ രാജ്യം ഫുട്ബോളാണ് എന്റെ മതം എന്നും പറയണമെന്നുണ്ടായിരുന്നു. സ്വന്തം രാജ്യം തോറ്റാൽ പനി വരാതിരിക്കുമോടീ വിവരദോഷി എന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷേ ജോസാന്റി ഒന്നും പറഞ്ഞില്ല. ദെലീമ കൊടുത്ത കട്ടൻ ചായയും കുടിച്ച് കട്ടിലിൽ ചുരുണ്ടുകൂടി കിടന്നു.

ഉച്ചയായപ്പോൾ പനി കുറഞ്ഞു. എൻട്രൻസ് ട്യൂഷനു പോയി മകൻ തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ.

‘‘ലോകകപ്പ് വരേണ്’’ ദെലീമ മകനോടു പറഞ്ഞു.

‘‘ഇനി എന്തൊക്കെയാണ് അന്തോണീസ് പുണ്യാളാ സംഭവിക്കാൻ പോണത്’’

‘‘അമ്മച്ചി പേടിക്കണ്ട’’ മകൻ ദെലീമയെ സമാധാനിപ്പിച്ചു.

‘‘അതിനുള്ള വഴി ഞാൻ കണ്ടുവെച്ചിട്ടുണ്ട്.’’

ജോസാന്റിക്ക് വടുതലയിലെ പഴയ മൈതാനം ഓർമ വന്നു. വേനലവധിക്ക് മൈതാനത്തു ഫുട്ബോൾ ടൂർണമെന്റ് തുടങ്ങും. ജോസാന്റി ഫോർവേഡായിരുന്നു. ഇടതു വിങ്ങിലൂടെ ജോസാന്റി കുതിക്കുമ്പോൾ മൈതാനത്തിന്റെ ആരവം പള്ളി മണിയേക്കാൾ ഉച്ചത്തിലാവും. എത്രയെത്ര മികച്ച ഗോളുകളാണ് താൻ അടിച്ചിട്ടുള്ളതെന്ന് ജോസാന്റി നെടുവീർപ്പോടെ ഓർക്കുന്നു. ഡോൺബോസ്കോയിലെ റെക്ടറച്ചൻ ഒരിക്കൽ ജോസാന്റിയോട് പറഞ്ഞതാണ്–

sunday-story-image

‘‘ജോസാന്റി ഈ കളി നിലനിർ‌ത്തിയാൽ നിനക്ക് പോലീസിൽ ജോലി കിട്ടും.’’

പന്തു കളിക്കാരെല്ലാം കൂട്ടത്തോടെ പോലീസിൽ ചേരുന്ന കാലമായിരുന്നു അത്. പന്തുകളിയെ സ്നേഹിക്കുന്ന മേധാവി പോലീസിന്റെ തലപ്പത്തിരുന്ന് രാജ്യം ഭരിച്ച കാലം.

പക്ഷേ, ജോസാന്റിക്കതിനു കഴിഞ്ഞില്ല.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ വാർക്കപ്പണിക്കു പോയ ജോസാന്റി പണി മറന്ന് മൈതാനം ആസ്വദിച്ചിരുന്നതും തിങ്ങിയാർക്കുന്ന ആരവങ്ങൾക്കു നടുവിലൂടെ ഇന്ത്യൻ കുപ്പായമണിഞ്ഞ് ഹംഗറിയുടെ ഗോൾ മുഖത്തേക്ക് ആഞ്ഞു നിറയൊഴിച്ചതും.

അതു മാത്രമോർമയുണ്ട് ജോസാന്റിക്ക്.

കണ്ണു തുറക്കുമ്പോൾ ഏതോ ആശുപത്രിയുടെ മരുന്നു മണക്കുന്ന മുറിയിൽ തനിച്ച്.

‘‘നീ എന്താണാ കാണിച്ചത്...?’’ കാണാൻ വന്ന വർഗീസ് ചോദിച്ചു.

‘‘വാർക്കപ്പലകമേ കൂടി നീയെന്തിനാണ് ഓടാൻ പോയത്.’’

‘‘അവനെടയ്ക്കീ പ്‌രാന്താണല്ലാ... എല്ലാം ഗ്രൗണ്ടാണെന്ന് തോന്നുന്ന പ്‌രാന്ത്.’’

മേസ്തിരി പോപ്പൻ ചെറുചിരിയോടെ കുറ്റപ്പെടുത്തി.

അതോടെ മൈതാനങ്ങൾ അകന്നുപോയെന്നും ജീവിതം അകന്നു പോയെന്നും ജോസാന്റി തിരിച്ചറിഞ്ഞു. നട്ടെല്ലിനാണ് പൊട്ടൽ. അതുകൊണ്ട് ഇനിയുള്ള കാലം ഒരേ കിടപ്പു കിടക്കേണ്ടിവരുമെന്നും അറിഞ്ഞു. തന്റെ കുതിപ്പുകൾക്ക് കയ്യടിച്ചവർ ചെറിയൊരു സംഭാവന തന്ന് പിരിഞ്ഞുപോയെന്നും അറിഞ്ഞു.

ഇപ്പോഴും മനസ്സിലാവാത്ത ഒരേ ഒരു അത്ഭുതമാണ് ആകെ നടന്നത്, ദെലീമ തന്നെ കെട്ടാൻ തയ്യാറായത്.

‘‘ഞാൻ നിങ്ങളെയാണ് സ്നേഹിച്ചത്... നിങ്ങടെ ശരീരത്തെയല്ല.’’

ദെലീമയുടെ വരവ് ജോസാന്റിയുടെ ജീവിതത്തിൽ ഒരു മഴവിൽ കിക്ക് പോലെ മനോഹരമായിരുന്നുവെന്ന് കല്യാണത്തിന്റന്ന് അനുമോദിക്കാൻ എത്തിയ റെക്ടറച്ചൻ പറഞ്ഞു. കർത്താവിനോളം വലിയ പന്തുകളിക്കാരൻ വേറെയില്ല. ലോകമാകുന്ന ഈ വലിയ മൈതാനത്ത് ജീസസ് ക്രൈസ്റ്റ് എത്ര സങ്കീർണങ്ങളായ കോർണറുകളാണ് ഗോളാക്കുന്നത്.

ദെലീമ വിമലാലയത്തിൽ ജേലിക്കു പോയി. ദെലീമയുടെ ശമ്പളം ജോസാന്റിയുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നിറച്ചു.

‘‘അനാഥനായിപ്പോയതിന്റെ സങ്കടം മാറിയതെന്നാന്നറിയാമോ ദെലി.’’

മഴമാത്രം പെയ്യുന്ന ഒരു രാത്രി ജോസാന്റി ദെലീമയുടെ കാതിൽ പറഞ്ഞു–

‘‘ആദ്യകുർബാന കൈക്കൊള്ളപ്പാടിന് പള്ളിപ്പടിയിൽ വച്ച് നീയെന്നെ പാളിനോക്കിയപ്പാ.’’

ദെലീമ ചിരിച്ചു. ജോസാന്റിയും ചിരിച്ചു.

‘‘ഫുട്ബോൾ സത്യമാണ്. അതുകൊണ്ടാണ് ഫുട്ബോളിനെ സ്നേഹിച്ച എനിക്ക് നിന്റെ സ്നേഹം കിട്ടിയത്.’’

എത്ര പെട്ടെന്നാണ് കാലം കടന്നുപോയതെന്ന് ജോസാന്റി ഓർക്കുന്നു. ഒരു മകൻ പിറന്നതും അവൻ വളർന്നതും എത്ര പെട്ടെന്നാണ്. വിമലാലയത്തിലെ സിസ്റ്റർമാർ ഇടയ്ക്കിടക്ക് വീടു കാണാൻ വരുമ്പോൾ നൽകാറുള്ള സ്നേഹസേനയും വാഴനാരു കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങളും അവന് പ്രിയപ്പെട്ടതായതും എൻജിനീയറാകണമെന്ന് മോഹിച്ചതും എൻട്രൻസിനു ചേർന്നതും എത്ര പെട്ടെന്നാണ്.

പക്ഷേ, ഇപ്പോൾ അവനും ജോസാന്റിയോട് പരിഭവമാണ്.

‘‘അപ്പനെന്തിനാണ് പത്രത്തിലെ ഈ സ്പോർട്സ് പേജിങ്ങനെ അരിച്ചുപെറുക്കി വായിക്കുന്നത്. കണ്ണിനു സ്ട്രെയിൻ കൊടുക്കരുതെന്ന് ഡോക്ടർമാര് പറഞ്ഞത് ഓർക്കുന്നില്ലേ. ഇനി കണ്ണിന്റെ കാഴ്ചകൂടി പോണം, അപ്പഴേ പഠിക്കൂ.’’

കാഴ്ച മങ്ങുന്നു എന്ന സത്യം ജോസാന്റിയെ സ്പർശിച്ചു.

കാഴ്ചയില്ലെങ്കിൽ തന്നെ എന്തിനു കൊള്ളാം. ചലനമില്ല, കാഴ്ചയില്ല. ജോസാന്റി മരിച്ചു. വടുതല സെന്റ് ആന്റണീസ് പള്ളിയിലെ സെമിത്തേരിയിൽ താൻ മണ്ണായി മാറും. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു തന്നെ മടങ്ങുന്നു.

‘‘ലോകകപ്പ് വര്വേല്ലേ മോനെ, അതിന്റെ വാർത്തകള് വായിക്കേണ്ടേ.’’

ഇത്തവണ ലോകകപ്പിൽ മഞ്ഞ കാനറികൾ മുത്തമിടുമെന്ന് ജോസാന്റി ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ തവണത്തെ പരാജയങ്ങൾക്ക് കണക്കു തീർക്കും. ബ്രസീൽ തന്റെ രാജ്യമാണ്. ഫുട്ബോൾ മതവും.

എന്നാൽ ഇടയ്ക്കിടെ വരുന്ന പനി ശരീരം തളർത്തുന്നു. ഇപ്പോൾ നാലു കൊല്ലമായി. ബ്രസീൽ കളിക്കാനിറങ്ങുമ്പോൾ പനി മൂർഛിക്കുമെന്ന് ജോസാന്റിക്കറിയാം. അതുതന്നെയാണ് ദെലീമയുടെയും മകന്റെയും പേടി.

‘‘അവലക്ഷണമാണ് ആ പനി, അതു നിയന്ത്രിക്കണം’’ ദെലീമയോട് പലരും പറയുന്നു.

അവർക്കങ്ങനെ പറയാം. പക്ഷേ, തന്റെ രാജ്യം? തന്റെ മതം?

കൊന്ത ചൊല്ലുമ്പോൾ ദെലീമയോട് ജോസാന്റി ചോദിച്ചു. ‘‘ഇപ്പോ കള്ളം പറയാൻ പാടില്ല... നിങ്ങളെന്താണ് പ്ലാൻ ചെയ്തേക്കണത്?’’

‘‘എന്ത്?’’

‘‘അല്ല, ലോകകപ്പ് വരുമ്പഴേയ്’’

‘‘അതെങ്ങനെ എനിക്കറിയാം, എല്ലാം അവനേ അറിയൂ.’’

മകൻ എൻട്രൻസ് പുസ്തകങ്ങൾ പഠിക്കുന്നു. വലിയ തടിച്ച പുസ്തകങ്ങൾ. അവന് എൻജിനീയറാവണം.

‘‘മകനേ’’ ജോസാന്റി വിളിച്ചു.

‘‘കേബിള് കട്ട് ചെയ്യാനും മറ്റും പരിപാടിയിട്ടിട്ടുണ്ടാ. ഉണ്ടെങ്കി അവസാനത്തെ ഒപ്പീസു ചെല്ലാൻ അച്ചനെ വിളിക്കേണ്ടിവരും നിനക്ക്. നിനക്കറിയാമാ ഈ ഫുട്ബോളില്ലായിരുന്നെങ്കി, ലോകകപ്പില്ലായിരുന്നെങ്കി മോന്റപ്പൻ ഇത്രേം കാലം ജിവിച്ചിരിക്കില്ലായിരുന്നു.’’

ജോസാന്റി കരഞ്ഞു. മകൻ എഴുന്നേറ്റു വന്ന് അപ്പന്റെ നെറ്റിയിൽ ചുംബിച്ചു. ദൂരെ മൈതാനത്ത് വിസിൽ മുഴങ്ങി.

കളി തുടങ്ങുകയാണ്. ജോസാന്റിക്ക് വീണ്ടും പനി വന്നു.