Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.ആർ. രാജരാജവർമ: മലയാളത്തിന്റെ കൊച്ചപ്പൻ

Author Details
ar-rajarajavarmma-statue എ.ആർ. രാജരാജ വർമയുടെ സ്മൃതി മണ്ഡപത്തിനു സമീപം രത്നം രാമവർമ തമ്പുരാൻ. ചിത്രം: ജാക്സൺ ആറാട്ടുകുളം

‘കൊച്ചപ്പൻ’ കുട്ടിക്കാലത്തു നന്നായി സംസാരിച്ചില്ല. ഭാഷയിൽ വിക്കലും അവ്യക്തതയുമുണ്ടായിരുന്നു. കൊച്ചപ്പനെ പിതാവ് കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ സരസ്വതീഭജനത്തിനുകൊണ്ടുപോയി, മന്ത്രിച്ച നെയ്യ് സേവിപ്പിച്ചു. കൊച്ചപ്പനു ഭാഷ തെളിഞ്ഞുകിട്ടി. മുതിർന്നപ്പോൾ കൊച്ചപ്പൻ എ.ആർ.രാജരാജവർമയായി. നല്ല വ്യാകരണത്തിന്റെ നെയ്യ് നൽകി മലയാളത്തെ വെടിപ്പായി സംസാരിപ്പിച്ചു. കേരള പാണിനീയമെന്ന അനന്യമായ വ്യാകരണ ഗ്രന്ഥത്തിന്റെ കർത്താവായ എആർ ഓർമയായിട്ട് 18നു നൂറുവർഷം തികയും.

അസുഖത്തെ തുടർന്ന് 1918 ജൂൺ 18നു മാവേലിക്കരയിലെ ശാരദാമന്ദിരത്തിലാണു കേരളപാണിനിയെന്നറിയപ്പെട്ട എആർ അന്തരിച്ചത്. അൻപത്തഞ്ചു വർഷത്തെ ജീവിതം. അതിനിടയിൽ മലയാളത്തിനു നൽകിയത് അതുല്യമായ കുറേ രചനകളാണ്. ഇന്നും പകരമില്ലാത്തവ.

കിടങ്ങൂർ പാറ്റ്യാൽ ഇല്ലത്തു വാസുദേവൻ നമ്പൂതിരിയുടെയും ഭരണിതിരുനാൾ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1863 ഫെബ്രുവരി രണ്ടിനു ചങ്ങനാശേരി ലക്ഷ്‌മിപുരം കൊട്ടാരത്തിലാണ് എ.ആർ.രാജരാജവർമ ജനിച്ചത്. കേരളപാണിനിയെന്ന് അറിയപ്പെട്ടു. സംസ്കൃത വ്യാകരണത്തിനു പാണിനിയെന്നപോലെ മലയാളത്തിന് എആർ നൽകിയ സംഭാവനകളായിരുന്നു ബഹുമതിക്കു കാരണം.

വ്യാകരണം അത്രമേൽ കടുപ്പമായിരുന്ന കാലത്താണ് എആർ മലയാളത്തിന് അതേ വ്യാകരണംകൊണ്ടു ചിട്ടയും നിഷ്ഠയും നൽകിയത്. അദ്ദേഹം അരുതുകൾകൊണ്ട് ഭാഷയ്ക്ക് അതിരുകൾ വരച്ചില്ല. നിയമങ്ങൾകൊണ്ടു ഞെരുക്കിയില്ല. പകരം, വ്യാകരണനിഷ്ഠയിലൂടെ ഭാഷയുടെ പ്രയോഗ സാധ്യതകൾ വളർത്തിയതേയുള്ളൂ.

‘ശ്മശാന ശാസ്ത്രമായിരുന്ന വ്യാകരണത്തെ ഭാഷാസ്നേഹികളുടെ പ്രേമഭാജനമാക്കിയത് എ.ആർ.രാജരാജവർമയാണ്. ഗോകുലത്തെ രക്ഷിക്കാൻ ശ്രീകൃഷ്ണൻ ഗോവർധനം ഉയർത്തിപ്പിടിച്ചതുപോലെ ഭാഷയെ രക്ഷിക്കാൻ വ്യാകരണ ഗ്രന്ഥങ്ങളുടെ ഗോവർധനം അദ്ദേഹം ഉയർത്തിപ്പിടിച്ചു’ – ഡോ. സുകുമാർ അഴീക്കോടിന്റെ വാക്കുകളാണ്.

ചുനക്കര അച്യുതവാരിയരാണ് എആറിന്റെ ആദ്യഗുരു. കേരളവർമ കോയിത്തമ്പുരാന്റെയും ശിഷ്യനായിരുന്നു. തിരുവനന്തപുരത്തു സ്കൂൾ വിദ്യാഭ്യാസം. ഇന്റർമീഡിയറ്റിനുശേഷം ബിരുദത്തിനു രസതന്ത്രമായിരുന്നു വിഷയം. ആദ്യശ്രമത്തിൽ പരാജയം. 

അതേപ്പറ്റിയൊരു കവിതയെഴുതി: ഭംഗവിലാപം. പിന്നീടു ബിഎയും സംസ്കൃതത്തിൽ എംഎയും നേടി.

മാവേലിക്കരയിൽ സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് സംസ്കൃത പാഠശാല ഇൻസ്പെക്ടർ, സംസ്കൃത കോളജ് പ്രിൻസിപ്പൽ, തിരുവനന്തപുരം മഹാരാജാസ് കോളജ് ആക്റ്റിങ് പ്രിൻസിപ്പൽ എന്നീ ചുമതലകളും വഹിച്ചു. 1888ൽ മഹാപ്രഭ കൊച്ചുതമ്പുരാട്ടിയെ വിവാഹം കഴിച്ചു. കുറച്ചു കാലം അയ്മനത്തു താമസിച്ചിരുന്നു. 1918 ജൂണിൽ അസുഖം ബാധിച്ചു. ജൂൺ 18നു മരിച്ചു.

‘കേരളപാണിനീയ’മാണ് അദ്ദേഹത്തെ അനശ്വരനാക്കിയ കൃതി. 1896-ൽ പ്രസിദ്ധീകരിച്ചു. ഇന്നും അതുതന്നെ മലയാള വ്യാകരണത്തിന്റെ അടിസ്ഥാനഗ്രന്ഥം. ഈ പുസ്തകം വഴിയാണ് കേരളപാണിനിയെന്ന ബഹുമതിയും വന്നത്.

മലയാളം തമിഴിൽനിന്നുണ്ടായതാണെന്ന് അദ്ദേഹം സ്ഥാപിച്ചു.

മലയാളത്തിൽ കാൽപനിക കവിതയ്‌ക്കു തുടക്കമിട്ടത് അദ്ദേഹത്തിന്റെ ‘മലയവിലാസം’ എന്ന ഖണ്ഡകാവ്യമാണ് (1902). കുമാരനാശാന്റെ ‘നളിനി’ക്കെഴുതിയ അവതാരികയിലൂടെ മികച്ച വിമർശകനെന്ന പെരുമയും വന്നുചേർന്നു. പതിനേഴു വാക്യങ്ങൾ മാത്രമാണ് ആ അവതാരിക.

‘കുമാരസംഭവം, ശാകുന്തളം’ തുടങ്ങിയ കാളിദാസകൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്‌തു. ‘ഭാഷാഭൂഷണം, വൃത്തമഞ്‌ജരി, സാഹിത്യസാഹ്യം, ശബ്‌ദശോധിനി, മധ്യമവ്യാകരണം, മണിദീപിക’ എന്നീ കൃതികളും പ്രസിദ്ധമാണ്. ‘ആംഗലസാമ്രാജ്യം’ എന്ന മഹാകാവ്യമടക്കം സംസ്‌കൃതത്തിലും ഒട്ടേറെ എഴുതി. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാള സാഹിത്യത്തിൽ ചലനവും ചർച്ചയുമായ പ്രാസവാദത്തിന്റെ മുന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. കവിതയിൽ ദ്വിതീയാക്ഷരപ്രാസം ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചു.

AR-Raja-Raja-Varma എ.ആർ. രാജരാജവർമ, രത്നം രാമവർമ തമ്പുരാൻ

ആരിവിടെയീ നഷ്ടത്തെ വീട്ടാനിനി...

കേരള പാണിനിയെപ്പറ്റിയുള്ള ഓർമകൾ നിറയുന്ന ശാരദാമന്ദിരം മാവേലിക്കരയിലുണ്ട്. സാഹിത്യ പ്രവർത്തനങ്ങളിൽനിന്നുള്ള പ്രതിഫലം കൊണ്ടു മാത്രം എആർ പണിയിച്ച വീട്. ആ അക്ഷരപൂജയെ ഓർമിപ്പിച്ചാണു വീടിനു സരസ്വതീദേവിയുടെ പര്യായമായ പേരിട്ടത്. അവിടമിന്ന് എ.ആർ.രാജരാജവർമ സ്മാരകമാണ്. കെട്ടിടം സർക്കാർ ഏറ്റെടുത്തു നവീകരിച്ചു. സമീപത്ത് സരസ്വതീമണ്ഡപവും ഗ്രന്ഥശാലയുമുണ്ട്.

എആറിന്റെ കൊച്ചുമകൾ രത്നം രാമവർമ തമ്പുരാൻ (88) മുത്തച്ഛന്റെ ഓർമകൾക്കു ചാരേ വസിക്കുന്നുണ്ട്. ശാരദാമന്ദിരത്തിനു തൊട്ടടുത്ത്. എആറിന്റെ മകൾ അമ്മുക്കുട്ടിയമ്മ തമ്പുരാന്റെ മകളാണു രത്നം.

‘അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കു കിട്ടിയില്ല. എന്റെ അമ്മയ്ക്ക് എട്ടു വയസ്സുള്ളപ്പോൾത്തന്നെ മുത്തച്ഛൻ മരിച്ചു. അതിനാൽ അമ്മവഴിയും കഥകൾ കേട്ടില്ല. ജീവചരിത്രം വായിച്ചാണ് അദ്ദേഹത്തെ വിശദമായി അറിഞ്ഞത്’ – ശാരദാമന്ദിരത്തിന്റെ വളപ്പിൽ ആയാസപ്പെടാതെ നടന്നു രത്നം പറയുന്നു.

‘പണ്ടിവിടെയൊരു നാലുകെട്ടായിരുന്നു. ഇവിടെ നെല്ലുകുത്തുപുര, അവിടെ അടുക്കള, ഒരു വശത്ത് വലിയ ഊട്ടുപുര. അതൊക്കെ പൊളിച്ചു. ശാരദാമന്ദിരത്തിന്റെ പ്രധാന ഭാഗം മാത്രമേ ഇപ്പോഴുള്ളൂ. പഴയ സാധനങ്ങൾ കുറേയൊക്കെ നശിച്ചു. കുറേ കള്ളൻമാർ കൊണ്ടുപോയി’ – എആറിന്റെ സാഹിതീഭവനത്തിന്റെ ഭാഗങ്ങൾ ഓരോന്നായി ഓർമയിൽനിന്നു രത്നം ചൂണ്ടിക്കാട്ടി.

‘ശാരദാമന്ദിരം അദ്ദേഹത്തിന് അവധിക്കാല ഭവനം പോലെയായിരുന്നെന്നു കേട്ടിട്ടുണ്ട്. ഇവിടെയിരുന്നും എഴുതിയിട്ടുണ്ട്.’

എആറിന്റെ പിൻമുറക്കാരിൽ എഴുത്തിന്റെ വഴിയേ പോയവർ കുറവാണ്. മകൻ രാഘവവർമ രാജയും മകൾ ഭാഗീരഥിയമ്മ തമ്പുരാനും ചേർന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയിട്ടുണ്ട്. 

രത്നം ഏഴാം ക്ലാസുവരെയേ പഠിച്ചുള്ളൂ. സ്ത്രീകളെ അധികം പഠിപ്പിക്കാത്ത കാലമായിരുന്നു.

‘പുതിയ തലമുറയിൽ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരുമൊക്കെയുണ്ട്. ഞങ്ങൾക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല’ – മുത്തച്ഛന്റെ കൃതികൾ പാഠപുസ്തകമായി പഠിക്കാൻ കഴിയാഞ്ഞതിന്റെ നിരാശയുണ്ട് രത്നത്തിന്.

ശാരദാമന്ദിരത്തിൽ എല്ലാ വർഷവും വിദ്യാരംഭമുണ്ട്. രത്നവും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു.

‘ഹാ, തിരുമേനി, ആരിവിടെയീ നഷ്ടത്തെ വീട്ടാനിനി’ – എആറിന്റെ വിയോഗ ദുഃഖത്തിൽ കുമാരനാശാൻ എഴുതിയ ‘പ്രരോദന’ത്തിലെ വരികൾ. എആറിന്റെ സ്മൃതികുടീരത്തിൽ അതു കൊത്തിവച്ചിട്ടുണ്ട്. ആശാന്റെ ചോദ്യത്തിന് ഇന്നും ഉത്തരം എആർ എന്നു തന്നെ.