Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളച്ചവെയിലിന്റെ സായന്തനം; പുതുശ്ശേരി രാമചന്ദ്രൻ തൊണ്ണൂറിന്റെ നിറവിൽ

Author Details
puthussery-ramachandran വര: അജിൻ കെ.കെ.

പുതുശ്ശേരി രാമചന്ദ്രന്റെ അമ്മ ജാനകിയമ്മ പറഞ്ഞ ‘കൊച്ചു കൊച്ചു’ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ ആമുഖം. അതിൽ അമ്മ പറയുന്നു: എന്റെ അമ്മ പെറ്റ അഞ്ച് ആങ്ങളമാരെക്കാളും വല്യമ്മയുടെ മകൻ രാഘവന് (കമ്യൂണിസ്റ്റ് നേതാവ് പുതുപ്പള്ളി രാഘവൻ) ആയിരുന്നു എന്നോട് കൂടുതൽ അടുപ്പവും സ്നേഹവും. ഒരു വയസ്സിന് എന്നെക്കാൾ ഇളപ്പം.

പിന്നെ ഇങ്ങനെ കുറിപ്പ് അവസാനിക്കുന്നു: ‘‘എന്റെ മകൻ ചന്ദ്രൻ (പുതുശ്ശേരി രാമചന്ദ്രൻ) നല്ലതുപോലെ പഠിച്ച് സ്കോളർഷിപ്പോടെ ജയിച്ചു വന്നതാണ്. അവനെ കമ്യൂണിസ്റ്റാക്കി, പഠിത്തം ഇടയ്ക്കു മുടങ്ങാൻ കാരണം അവന്റെ അമ്മാവൻ രാഘവനാണെന്ന് ഞങ്ങളുടെ വീട്ടുകാരെല്ലാം പഴിക്കുമായിരുന്നു. കൊല്ലത്തു കോളജിൽ പഠിക്കാൻ പോയ ചന്ദ്രൻ ലോക്കപ്പിൽ കിടന്നു തല്ലുകൊണ്ട് ശിക്ഷയും വാങ്ങി ആശുപത്രി ചികിൽസയിലാണെന്നറിഞ്ഞപ്പോഴും ഞാൻ രാഘവനെ പഴിപറഞ്ഞില്ല. രാഘവൻ വന്നില്ലായിരുന്നെങ്കിലും ഇവരൊക്കെ ഒരിക്കൽ കമ്യൂണിസ്റ്റുകാരാവാതിരിക്കില്ലല്ലോ. അങ്ങനെ ഒരു കാലമായിരുന്നു അത്.’’

ഓരോ നാടിനും ഓരോ കപ്പിത്താൻമാർ ഉണ്ടായിരിക്കും. വള്ളികുന്നത്തിന് അതു പുതുപ്പള്ളി രാഘവൻ ആയിരുന്നു. അതുകൊണ്ട് രാമചന്ദ്രൻ ഉൾപ്പെടെ അവിടത്തെ യുവാക്കൾക്ക് ഗാന്ധിയൻമാരും പിന്നീട് പുതിയ ചേരിയായ കമ്യൂണിസ്റ്റും ആവാതിരിക്കാൻ പറ്റില്ലായിരുന്നു. പോയിടത്തെല്ലാം വിപ്ലവം നയിച്ച് തല്ലും ജയിലും നേടി സായുജ്യം കൊണ്ട പുതുപ്പള്ളി രാഘവൻ വള്ളികുന്നത്തെ മാറ്റിമറിച്ചു. പുതുശ്ശേരി രാമചന്ദ്രന്റെ അപ്പച്ചിയുടെ മകനായ തോപ്പിൽ ഭാസിയെയും പുതുപ്പള്ളി കമ്യൂണിസ്റ്റാക്കി. പിന്നെ ഭാസി സ്വന്തം അച്ഛനെയും കമ്യൂണിസ്റ്റാക്കി. ഈ കഥയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന വിപ്ലവനാടകം! 

സെപ്റ്റംബർ 23ന് നവതിയിലെത്തുന്ന പുതുശ്ശേരി രാമചന്ദ്രന്റെ യാത്രകളുടെയും വഞ്ചിപ്പായ ചലിപ്പിച്ചത് ഈ കാറ്റായിരുന്നു. ‘തിളച്ച് മണ്ണിൽ കാൽനടയായി’ എന്നാണ് ആ യാത്രയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് (ആത്മകഥയുടെ പേര്). രാഷ്ട്രീയത്തട്ടു വിട്ട് കവിതയുടെയും ഭാഷാശാസ്ത്രത്തിന്റെയും രംഗവേദിയിലേക്കു കടന്നപ്പോഴും പുതുശ്ശേരിയുടെ വഴി ഇതുതന്നെയായിരുന്നു. കൊച്ചുന്നാളിൽ എഴുതിയ ആദ്യ കവിതയിലെ വരി ഇങ്ങനെയായിരുന്നു: ‘‘ഞെട്ടിയുണർന്നെഴുന്നേൽക്കൂ യുവാക്കളെ, പട്ടിണിയത്രേ പരമദുഃഖം.’’ ഈ പ്രത്യയശാസ്ത്രം പുതുശ്ശേരി ഒരിക്കലും വെട്ടിക്കളഞ്ഞില്ല. 

അക്ഷരലോകത്തേക്ക്

പഠിത്തം പകുതിക്കു നിർത്തി ശൂരനാട്ടെ കലാപഭൂമിയിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സെക്രട്ടറിയായി നടന്ന പുതുശ്ശേരി രാമചന്ദ്രൻ പിന്നെയും അക്ഷരലോകത്തേക്കു വരാൻ ഒരു നിമിത്തമുണ്ടായി–അധ്യാപകനും കമ്യൂണിസ്‌റ്റ് സൈദ്ധാന്തികനുമായ എം.എസ്.ദേവദാസ്. മലയാളഭാഷയുടെ ഭാവിക്കുവേണ്ടി ക്ഷീണിക്കാത്ത പടയാളിയായി നല്ല പോർ പൊരുതിയ കവിയെ സൃഷ്‌ടിച്ചതും ആ നിമിത്തമാണ്.

കൊല്ലം എസ്‌എൻ കോളജിൽ സയൻസ് പഠനം കഴിഞ്ഞ് പാർട്ടിക്കാരുടെ നിർബന്ധത്തിനു വഴങ്ങി പുതുശ്ശേരി വള്ളികുന്നം ശൂരനാട് ഭാഗത്തെ സെക്രട്ടറി പദം ഏറ്റെടുത്ത് സമ്പൂർണ പാർട്ടി പ്രവർത്തകനാകുന്നു. അന്നു പന്തളം കോളജിലെ കമ്യൂണിസ്‌റ്റ് വിദ്യാർഥി നേതാവായിരുന്നു ‍മുൻ ആരോഗ്യമന്ത്രി അടൂർ പ്രകാശിന്റെ അച്‌ഛൻ അടൂർ കുഞ്ഞിരാമൻ. അദ്ദേഹത്തെ കോളജിൽനിന്നു പുറത്താക്കിയതിൽ പ്രതിഷേധിക്കാൻ പുതുശ്ശേരി ശൂരനാട്ടുനിന്നു പന്തളത്തുപോയി. പ്രസംഗം കേട്ടിരുന്നവരിൽ എം.എസ്.ദേവദാസും ഉണ്ടായിരുന്നു.

ദേവദാസാണു പ്രസംഗവേദിയിയിൽനിന്നു പിടിച്ചിറക്കി പുതുശ്ശേരിയോടു വീണ്ടും പഠിക്കാൻ നിർബന്ധിച്ചത്. ദേവദാസും കോളജിൽനിന്നു പുറത്താക്കപ്പെട്ടിരുന്നു, അധ്യാപകൻ എന്ന പദവിയിലിരിക്കെയാണെന്നു മാത്രം. എം.പി.പോളിന്റെ മാതൃകയിൽ ട്യൂട്ടോറിയൽ കോളജ് നടത്തുകയായിരുന്നു അദ്ദേഹം. പിന്നെ പുതുശ്ശേരി യൂണിവേഴ്‌സിറ്റി കോളജിൽ മലയാള പഠനം തുടങ്ങി. ഒന്നാം റാങ്കോടെ വിജയം. അധ്യാപനപർവം, കാവ്യലോക സഞ്ചാരം, ഭാഷാ ഗവേഷണ തപസ്യ, മലയാളത്തിന്റെ മഹത്വം പ്രഘോഷിച്ചുള്ള നിരന്തരശ്രമങ്ങൾ... പിന്നീടു നാം കണ്ട പുതുശ്ശേരി ഇങ്ങനെയൊക്കെ!.

എന്നാലും പുതുശ്ശേരി ഓമനിക്കുന്ന നൊസ്‌റ്റാൾജിയ പഴയ പാർട്ടി പ്രവർത്തനം തന്നെ. വള്ളികുന്നത്തു സംസ്‌കൃതസ്‌കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ 14–ാം വയസ്സിൽ സ്വാതന്ത്യ്രപൂർവ കാലത്തു കോൺഗ്രസ് രാഷ്‌ട്രീയത്തിൽ മുങ്ങി അദ്ദേഹം. സ്വന്തം അധ്യാപകൻ തന്നെ ഒന്നാന്തരം വിപ്ലവകാരി–പിന്നീട് കെപിഎസിയുടെ ജീവനാഡിയായിത്തീർന്ന കേശവൻ പോറ്റി. സീനിയർമാരായി കാമ്പിശ്ശേരിയും തോപ്പിൽ ഭാസിയും. കൈകൊണ്ടെഴുതി ‘ഭാരതതൊഴിലാളി’എന്നൊരു മാസികയും ഇറക്കി. ഉണരുവിൻ... എന്ന കവിത 15–ാം വയസ്സിൽ താൻ സബ് എഡിറ്ററായ ‘ഭാരതതൊഴിലാളി’ മാസികയിൽ പ്രസിദ്ധീകരിച്ചു. ഇതേ മാസികയുടെ ഓണപ്പതിപ്പിൽ അച്ചടിക്കപ്പെട്ട ആദ്യ കവിതയും വന്നു, അടുത്ത വർഷം. വള്ളത്തോളും ചങ്ങമ്പുഴയും തിക്കുറിശ്ശി സുകുമാരൻനായരും ഒക്കെയായിരുന്നു സഹകവികൾ. കാമ്പിശ്ശേരിയുടെ മിടുക്കുകൊണ്ടാണ് ഈ മഹാരഥന്മാർ ‘ഭാരതതൊഴിലാളി’യിൽ എഴുതിയത്. വരി എണ്ണി കാശുവാങ്ങുന്ന വള്ളത്തോൾ പകുതി പൈസ വിപ്ലവകാരികൾക്കു മടക്കിക്കൊടുത്ത കഥയും പുതുശ്ശേരി ഓർക്കുന്നു.

ഇതിനിടെ കോൺഗ്രസ് പ്രവർത്തനം നടത്തി തോവാളയിലെ ജയിലിൽ എത്തിപ്പെട്ട കാമ്പിശ്ശേരി തിരിച്ചുവന്നപ്പോൾ രക്‌തത്തിൽ കമ്യൂണിസത്തിന്റെ അളവ് കൂടിയിരുന്നു. പുതുശ്ശേരിയും ഭാസിയും ഒപ്പം കൂടി. 1948 വരെ ഗാന്ധിത്തൊപ്പിയിട്ടു പള്ളിക്കൂടത്തിൽ പോയ പുതുശ്ശേരിയും കൂട്ടുകാരും പ്രധാനമന്ത്രിയായി വന്ന പട്ടം താണുപിള്ള പുന്നപ്ര വയലാർ പ്രതികളെ ഇറക്കിവിടാൻ മടിച്ചപ്പോൾ കോൺഗ്രസിനോടു സലാം പറഞ്ഞു. പിന്നത്തെ ചുവന്ന രാഷ്ട്രീയവും കൊണ്ടാണു കൊല്ലം എസ്‌എൻ കോളജിൽ സയൻസ് പഠിക്കാൻ ചെല്ലുന്നത്.

വിദ്യാർഥി ഫെഡറേഷൻ എസ്‌എൻ കോളജിൽ കത്തിപ്പിടിച്ചു. ആർഎസ്‌പിയുടെ സംഘടനയായിരുന്നു എതിര്. ഒ.മാധവനും പുതുശ്ശേരിയും തിരുനെല്ലൂർ കരുണാകരനുമൊക്കെ ഗംഭീര വിജയം നേടി. അങ്ങനെയിരിക്കെയാണു കലാപത്തിലേക്കു ശൂരനാട് പൊട്ടിത്തെറിക്കുന്നത്. മീൻപിടിക്കാനുള്ള ചാലുകൾ ലേലത്തിൽ കൊടുത്തതിൽ പ്രതിഷേധിച്ചുള്ള ഗ്രാമീണ കൂട്ടായ്‌മയുടെ നടുവിലേക്ക് ഒരു രാത്രി പൊലീസുകാർ ചെന്നു. ഇരുട്ടത്തായിരുന്നു സംഘർഷം. വെട്ടം വീണപ്പോൾ കണ്ടു, മാവേലിക്കര ഇൻസ്‌പെക്‌ടർ ഉൾപ്പെടെ അഞ്ചു പൊലീസുകാരുടെ മൃതദേഹങ്ങൾ. 1950 ജനുവരി ഒന്നിനു പാർട്ടി നിരോധിച്ചു. മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ള, ശൂരനാട് എന്നൊരു നാട് ഇനി വേണ്ട എന്നു പ്രഖ്യാപിച്ചു. പിന്നെ വേട്ടക്കാരും ഇരകളും മാത്രമെ ശൂരനാട്ട് ഉണ്ടായുള്ളൂ. പഠിത്തം മുടങ്ങിയ പുതുശ്ശേരിയോട് അമ്മ പറഞ്ഞു; ഇങ്ങോട്ടു വരണ്ട. കൊല്ലത്ത് ഏതെങ്കിലും ഹോട്ടലിൽ താമസിച്ചുകൊള്ളുക. 

രാഷ്ട്രീയതീക്ഷ്ണതയിലേക്ക്

മകൻ നാട്ടുരാഷ്‌ട്രീയത്തിന്റെ പകയിലും ചോരയിലും മുങ്ങുമെന്ന് അമ്മ പേടിച്ചു. 51 മാർച്ചിലെ പരീക്ഷയും അതിനു മുൻപുണ്ടായ ലോക്കപ്പ് വാസവും ഒക്കെ കഴിഞ്ഞ് മകൻ വീട്ടിൽ പോകുകതന്നെ ചെയ്‌തു. ഒരു രാത്രി ശങ്കരനാരായണൻ തമ്പിയും തോപ്പിൽ ഭാസിയും വന്ന് അമ്മയോട് അപേക്ഷിച്ചു: എല്ലാവരും ഒളിവിലും ജയിലിലും ഒക്കെയാണ്. കേസ് നടത്താൻ പോലും ആളില്ല. ഞങ്ങളൊക്കെ തൂങ്ങും. കേസ് നടത്തിപ്പു മാത്രമാണു പണി, മകനെ വിട്ടുതരണം.

അങ്ങനെ പുതുശ്ശേരി രാമചന്ദ്രൻ കലാപത്തിലും ഭയത്തിലും ആണ്ടുനിന്ന ഒരു നാടിന്റെ പാർട്ടി സെക്രട്ടറിയായി. ഇപ്രകാരം രാഷ്‌ട്രീയത്തിന്റെ തീക്ഷ്‌ണതയിലേക്ക് ഇറങ്ങിയ ആ നേരമാണ് തന്റെ ജീവിതത്തിലെ സ്വർണനിമിഷമെന്ന് ഈ നവതിവേളയിൽ അദ്ദേഹം പറയുന്നു.

സൗഹൃദങ്ങളെല്ലാം ഇങ്ങനെ എഴുത്തും രാഷ്‌ട്രീയവും കൂടിക്കലർന്ന വഴികളിലൂടെയാണു പുതുശ്ശേരിയിലേക്കു വന്നത്. രണദിവെ സിദ്ധാന്തത്തിൽ കമ്യൂണിസ്‌റ്റ് പാർട്ടി രാജ്യമാസകലം തകർന്നുപോയ കാലത്താണു നാഗർകോവിലിലെ ജയിൽ ആശുപത്രിയിൽ നിന്നു വയറിളക്കം എന്ന വ്യാജേന അവസരമുണ്ടാക്കി എം.എൻ.ഗോവിന്ദൻനായർ പാതിരാത്രി ജയിൽ ചാടുന്നത്. പാർട്ടിക്കു ശ്വാസം കൊടുക്കാനായി അദ്ദേഹം ഇരുട്ടിന്റെ മറവിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ വയലാർ രാമവർമയുടെ വീട്ടിൽ പാർട്ടി ക്ലാസെടുക്കാൻ അദ്ദേഹം എത്തി. വയലാർ അന്നു പാർട്ടിയിൽ ഉറച്ചുകഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ ഉറപ്പിച്ചുനിർത്താൻ കൂടിയാണ് അവിടെ മീറ്റിങ് വച്ചത്. ക്ലാസും കഴിഞ്ഞു പുന്നപ്രവയലാർ ഭൂമിയിൽ കൊണ്ടുപോയി പ്രവർത്തകർക്ക് ആവേശവും പകർന്നശേഷം എംഎൻ സ്‌ഥലംവിട്ടു. എന്നാൽ വയലാറും അദ്ദേഹത്തിന്റെ അമ്മയുംകൂടി പുതുശ്ശേരിയെ അന്നു വിട്ടില്ല. ആ രാത്രി പുതുശ്ശേരിക്കു പിന്നീടൊരിക്കലും മറക്കാനായില്ല.

ഊണും കഴിച്ച് ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോൾ വയലാറിന്റെ വീട്ടിൽ കൂട്ടനിലവിളി. അമ്മ നിശ്‌ചലയായി കിടക്കുന്നു. കയ്യും കാലുമൊക്കെ മരവിച്ചിരിക്കുന്നു. പുതുശ്ശരിയും സഹായിയും കൂടി കടത്തുകടന്ന് ചേർത്തല വരെ ഓടി, ഒരു ഡോക്‌ടറെ കണ്ടെത്താൻ.

പരിചയമുള്ളവരൊന്നും സ്‌ഥലത്തില്ല. ഒടുവിൽ ഒരു ആയുർവേദ ഡോക്‌ടറെ കിട്ടി. ഡോക്‌ടറും തിരിച്ച് അവർക്കൊപ്പം ഓടി. ഓട്ടങ്ങൾക്കു ഫലമുണ്ടായി. അമ്മ രക്ഷപ്പെട്ടു. പിന്നെ ഒരാഴ്‌ച അമ്മയുടെ നിർബന്ധത്തിൽ ആ വീട്ടിൽ താമസിച്ചു. വയലാർ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. പിന്നെ വീണ്ടും പഠനനാളുകളിലേക്ക്. ആദ്യ കവിതാ പുസ്‌തകമായ ‘ഗ്രാമീണ ഗായകന്’ അവതാരിക എഴുതിയ എസ്.ഗുപ്‌തൻനായരാണു സയൻസ് പഠിക്കാനുള്ള മോഹം തിരുത്തി പുതുശ്ശേരിയെ മലയാളത്തിലേക്കു നയിച്ചത്.

പാർട്ടിക്കാരനായതു കൊണ്ട് അപേക്ഷ നിരസിച്ച കോളജ് അധികാരികളെക്കണ്ട് ആ അഭിപ്രായം തിരുത്തിച്ച് ഫീസും കയ്യിൽനിന്നു കൊടുത്ത് അഡ്‌മിഷൻ വാങ്ങിക്കൊടുത്തത് മാതൃതുല്യയായ അധ്യാപിക കോന്നിയൂർ മീനാക്ഷിയമ്മ. സംസ്‌കൃതപഠനവും വീണ്ടും ഇംഗ്ലിഷ് സ്‌കൂൾ പഠനവും പാർട്ടിപ്രവർത്തനവും ഒക്കെ കഴിഞ്ഞ് എത്തിയതിനാൽ തന്നെക്കാൾ ഇളയ ഒ.എൻ.വി.കുറുപ്പിന്റെ ജൂനിയറായിട്ടാണ് എംഎ പഠനം. 1954ൽ തിരുനെല്ലൂർ കരുണാകരന് ഒന്നാം റാങ്ക്. 55ൽ ഒഎൻവി ഒന്നാം റാങ്കോടെ പാസായി. 56ൽ പുതുശ്ശേരിക്കും ഒന്നാം റാങ്ക്. പിന്നീട് കവിതയുടെയും അധ്യാപനത്തിന്റെയും വഴികളിൽ ഇവർ ഒരുമിച്ചായി.

എസ്‌എൻ കോളജ് പഠനകാലത്തു തങ്ങൾ വല്ലാതെ വിമർശിച്ച മാനേജർ ആർ.ശങ്കർ തന്നെയാണു പുതുശ്ശേരിക്ക് അധ്യാപകജോലി നൽകുന്നത്. ഒന്നാം റാങ്കായിട്ടും പഴയ പശ്‌ചാത്തലം വച്ച് മൂന്നുതവണ അപേക്ഷ തള്ളി, കോളജ് മാനേജ്‌മെന്റ്. ഒടുവിൽ ശങ്കർ ഇടപെടുകയായിരുന്നു. ഇതിനിടെ ജനയുഗം വാരികയിൽ പുതുശ്ശേരി ഒരു ആക്ഷേപഹാസ്യ കവിത എഴുതി ‘ഒന്നാമതായി ജയിക്കാതിരിക്കണേ’എന്ന്. അതു വായിച്ച സി.അച്യുതമേനോൻ നേരേ ജനയുഗത്തിൽ വന്ന് ജോലിചെയ്യാൻ ക്ഷണിച്ചു. പിൽക്കാലം എസ്‌എൻ കോളജിൽ നിന്നു മാറിയശേഷം കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രഫസറും ഓറിയന്റൽ സ്‌റ്റഡീസ് ഡീനും ആയാണു പുതുശ്ശേരി വിരമിച്ചത്.

കവിതയിൽ വിപ്ലവവും കാൽപനികതയും ഒരുപോലെ നിറച്ചു അദ്ദേഹം. ‘ഗ്രാമീണഗായകൻ’ എന്ന ആദ്യസമാഹാരത്തിൽ ചങ്ങമ്പുഴയെ വിമർശിച്ച് ‘വിഷാദാത്മക ഗായകനോട്’ എന്നും ‘കുയിലിനോട്’ എന്നും കവിതകൾ എഴുതിയ അദ്ദേഹം ചങ്ങമ്പുഴ മരിച്ചപ്പോൾ അതേ സമാഹാരത്തിൽ തന്നെ വിലപിച്ചുകൊണ്ട് ‘മുറയിട്ടു കേഴുക താവകസംഗീത മുരളി തകർന്നുപോയ് കേരളമേ’ എന്നും എഴുതി. ചന്ദനത്തോപ്പ് വെടിവയ്‌പിൽ തൊഴിലാളികൾ മരിച്ചപ്പോൾ ഭരണത്തിലിരുന്ന കമ്യൂണിസ്‌റ്റ് പാർട്ടിയോട് ‘തീ പെയ്യരുതേ മഴമുകിലേ’ എന്നു കവിതയിലൂടെ ആവശ്യപ്പെട്ടു. ടിയനൻമെൻ ചത്വരത്തിൽ ചൈനീസ് ഭരണകൂടം പ്രതിഷേധക്കാരെ വകവരുത്തിയപ്പോൾ ‘മൂങ്ങയും പാണൻമാരും’ എന്ന വിമർശന കവിതയെഴുതി.

മറ്റു ഭാഷകളിലേക്കും

‘ആവുന്നത്ര ഉച്ചത്തിൽ’ എന്ന പ്രശസ്‌തസമാഹാരം പുതുശ്ശേരിയുടെ ഇടം മലയാള കവിതയിൽ ഉറപ്പിച്ചു. പിന്നീട് എൺപതുകളിൽ ‘ആഗ്നേയസ്വാഹ, ഈ വീട്ടിൽ ആരുമില്ലേ’ തുടങ്ങിയ സമാഹാരങ്ങളിലൂടെ എഴുത്ത് ഊർജസ്വലമാക്കി. അധ്യാപനത്തോടൊപ്പം ഭാഷാ ഗവേഷണത്തിലേക്കു കടന്ന പുതുശ്ശേരി മലയാളത്തെയും മറ്റു ഭാരതീയ ഭാഷകളെയും അടുപ്പിച്ചു; പ്രത്യേകിച്ചു തമിഴുമായി. ഇളംകുളം കുഞ്ഞൻപിള്ളയുടെ ശിഷ്യനായി ശാസനപഠനങ്ങളിലേക്കിറങ്ങി. കുലശേഖര ആൾവാരുടെ പെരുമാൾ തിരുമൊഴി വിവർത്തനത്തിനു കേന്ദസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വള്ളത്തോൾ, ആശാൻ പുരസ്‌കാരങ്ങൾ ഉൾപ്പെടെ അംഗീകാരങ്ങൾ ഒട്ടേറെ എത്തി.

ആദ്യത്തെ ലോകമലയാള സമ്മേളനത്തിന്റെ അമരക്കാരനായി പുതുശ്ശേരി മലയാളത്തിനു വേണ്ടിയുള്ള തന്റെ വാദങ്ങൾ ലോകത്തിനു മുന്നിൽ വച്ചു. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്ത പോരാട്ടത്തിന്റെ ബുദ്ധികേന്ദ്രം ഈ കവിയായിരുന്നല്ലോ. ഇങ്ങനെയാണ് തന്റെ ജീവിതത്തെ പുതുശ്ശേരി ഓർക്കുന്നത്: ‘‘കൗമാരം തൊട്ട് എത്ര മടകളിലാണ്, പുലിമടകളിലാണ് ചെന്നു പെട്ടത്! ചില്ലറപ്പരുക്കുകളോടെ, ചിലപ്പോൾ ഉളുക്കുകളോടെ രക്ഷപ്പെട്ടത്! എന്റെ ജീവിതത്തെപ്പറ്റി ആലോചിക്കുന്തോറും എനിക്ക് അദ്ഭുതമാണ്. പുഴു ഇഴഞ്ഞ് അക്ഷരമായതുപോലെ ഒരദ്ഭുതം.’’