Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതനാടകം

Author Details
sudhi പത്തലായി സുധാകരൻ. ചിത്രം: പ്രശാന്ത് പട്ടൻ

സുധി എന്ന പത്തലായി സുധാകരൻ വലിയൊരു കലാകാരനായിരുന്നു. നടനും നാടക സംവിധായകനുമായിരുന്നു. തബലിസ്റ്റും ചിത്രകാരനും ചമയക്കാരനുമായിരുന്നു. അഭിനയിച്ച നാടകത്തിലെ കഥാപാത്രത്തെ അഴിച്ചുവയ്ക്കാതെ എന്നെന്നേക്കുമായി എടുത്തണിഞ്ഞു വേദിയിൽ നിന്നിറങ്ങി നടന്നതാണു സുധി. ഇന്നും കൂത്തുപറമ്പിന്റെ നഗരഹൃദയത്തിലൂടെ സുധി ആ നടപ്പു തുടരുന്നു. 23 വർഷമായുള്ള നടത്തം. 

‘സുധീ...  നിനക്കു സംഭവിച്ചതെന്താണ്...?’ 

കൂത്തുപറമ്പ് സികെജി തിയറ്റേഴ്സിന്റെ വേട്ട എന്ന നാടകം അരങ്ങിലെത്തിയിട്ടു കാൽനൂറ്റാണ്ടായി. ഡോ. ടി.പി. സുകുമാരൻ എഴുതി പി.കെ. രാഘവൻ സംവിധാനം ചെയ്ത ‘വേട്ട’ ഒരു സംഭവകഥയെ പിൻപറ്റിയുള്ളതാണ്. കണ്ണൂർ തോട്ടടയിലെ അഭയകേന്ദ്രത്തിൽ നടന്ന സംഭവം. വേട്ടയിലെ പ്രധാന കഥാപാത്രമായിരുന്നു ഗോവിന്ദൻ. മനോനില തെറ്റിയ ഗോവിന്ദനായി അഭിനയിച്ചത് പത്തലായി സുധാകരൻ എന്ന സുധിയായിരുന്നു. നാടകം അഞ്ചു വേദികൾ കയറി. പിന്നീടിങ്ങോട്ട് നാടകത്തിലെ ഗോവിന്ദനെപ്പോലെ, മുഷിഞ്ഞുപിന്നിയ വസ്ത്രങ്ങൾ ധരിച്ച്, താടിയും മുടിയും നീട്ടിവളർത്തി, സുധി കൂത്തുപറമ്പിന്റെ ആൾത്തിരക്കിൽ സ്വതന്ത്രനായ ഏകാകിയായി തുടരുകയായിരുന്നു. 

‘മനോബലമുള്ള, നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനുമായിരുന്നു അവൻ. നാടകങ്ങളുടെ രംഗപടം ഒരുക്കുന്നതിലും നടൻമാരെ ചമയമണിയിക്കുന്നതിലും അവനോളം പോരുന്നവർ അന്നില്ലായിരുന്നു. ഇപ്പോൾ സുധിക്ക് 68 വയസ്സായിക്കാണും. മലബാറിലെ പ്രസിദ്ധനായ തബലിസ്റ്റ് ഹാരിസ് ബായിയുടെ പ്രിയശിഷ്യൻ. ചാന്ദ് പാഷയുടെയും നാടക കലാകാരൻ മാണിയാറത്തു രവിയുടെയും നടൻ ശ്രീനിവാസന്റെയുമെല്ലാം ഇഷ്ടക്കാരൻ. സികെജി തിയറ്റേഴ്സിൽ ഇവരെല്ലാം ഒത്തുകൂടുന്ന അക്കാലത്തെ വൈകുന്നേരങ്ങൾ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല’.... സുധിക്കൊപ്പം നാടക വേദികളിൽ സജീവമായിരുന്ന എൻ. സുകുമാരൻ സങ്കടപ്പെട്ടു. 

വലിയ സാമ്പത്തികശേഷിയുള്ള പത്തലായി കുടുംബത്തിലെ മൂത്ത ആൺകുട്ടിയാണ് സുധി. വാഗ്ഭടാനന്ദ ഗുരുദേവന്റെ മകൾ ജാനകിയുടെയും കൂത്തുപറമ്പിൽ കമ്യൂണിസം കെട്ടിപ്പടുത്ത ധീരവിപ്ലവകാരി പത്തലായി കുഞ്ഞിക്കണ്ണന്റെയും മകൻ. കമ്യൂണിസ്റ്റ് ആശയ പ്രചാരണത്തിന്റെ പേരിൽ ജയിലിൽക്കിടന്ന സ്വാതന്ത്ര്യ സമരപ്പോരാളിയും വിപ്ലവ പ്രസംഗകനുമായിരുന്നു സുധിയുടെ അച്ഛൻ പത്തലായി കുഞ്ഞിക്കണ്ണൻ. കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് പത്തലായി കുടുംബത്തോടുള്ള ആത്മബന്ധം ചെറുതല്ല. രാഷ്ട്രീയ വിജയങ്ങളെത്തുമ്പോൾ സാക്ഷാൽ പിണറായി വിജയൻ പോലും പത്തലായിയുടെ അനുഗ്രഹം തേടിയെത്തുമായിരുന്നു. മനസ്സിൽ പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും വിപ്ലവക്കനൽ കെടാതെ സൂക്ഷിച്ചിരുന്നുവെങ്കിലും കൂത്തുപറമ്പിന്റെ തീവ്രമായ രാഷ്ട്രീയ ജീവിത പരിസരത്തൊന്നും സുധി ഉണ്ടായിരുന്നില്ല. അച്ചടക്കത്തോടും ചിട്ടവട്ടത്തോടും കൂടിയതായിരുന്നു സുധിയുടെ കുട്ടിക്കാലം. കൂത്തുപറമ്പിന്റെ കലാ–സാംസ്കാരിക മേഖലയിൽ ചുറുചുറുക്കോടെ ഇടപെട്ട സുധിക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന് ആർക്കും വ്യക്തമല്ല. 

sudhi-1

‘നരവൂർ സ്കൂളിലെ പഠനശേഷം ഞാനും ഏട്ടനും മട്ടന്നൂർ ടെക്നിക്കൽ സ്കൂളിൽ ചേർന്നു. ഞങ്ങൾ ഒന്നിച്ചാണു സ്കൂളിലേക്കുള്ള പോക്കും വരവും. അലക്കിത്തേച്ച വസ്ത്രങ്ങളേ ഏട്ടൻ ധരിക്കൂ. വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വയറിങ്, കാർപെന്ററി വർക്ക്, വെൽഡിങ്, പ്ലമിങ് തുടങ്ങിയതിലെല്ലാം മറ്റാരേക്കാൾ ഏട്ടൻ മിടുക്കു കാട്ടി. പിന്നെ തോട്ടടയിലെ ഐടിഐയിലും ഞങ്ങൾ‌ ഒരുമിച്ചു ചേർന്നു. ആ കോഴ്സ് കഴിയുമ്പോഴേക്കും ഏട്ടൻ മിടുക്കനായ മെഷീനിസ്റ്റായും മാറി’, സുധിയുടെ ഇന്നത്തെ രൂപാന്തരപ്പെടലിനെ ഉൾക്കൊള്ളാനാവാതെ മുറിവേറ്റ വാക്കുകൾ പോലെയായി അനുജൻ സുരേശൻ. 

ആരും പഠിപ്പിച്ചിട്ടല്ല സുധി ചിത്രകാരനായത്. കൂത്തുപറമ്പിലെയും പരിസരങ്ങളിലെയും ബോർഡുകളെല്ലാം സുധിയുടെ കൈപ്പടയിലായിരുന്നു. സുധി വരയ്ക്കുന്ന ചിത്രങ്ങൾ ജീവൻതുടിക്കുന്നതായിരുന്നു. ഈയടുത്തു പോലും സുധി ബോർഡുകളെഴുതി. സുധിയുടെ കഥയറിയാത്ത പുതിയ കുട്ടികൾ, മനോനില തെറ്റിയ ഒരാളോടു ചെയ്യുന്ന കുസൃതി പോലെ, സുധി നിധിപോലെ സൂക്ഷിച്ച നിറങ്ങളും  എഴുതിവച്ച ബോർഡും നശിപ്പിച്ചപ്പോൾ നിർത്തിയതാണ് വര. വിറ തുടങ്ങിയ വിരലുകൾ ഇനി വര തുടർന്നേക്കില്ല. തീരെ അവശനാണിപ്പോൾ. ആരോടും പരിഭവിച്ചിട്ടില്ലാത്ത സുധി ഇപ്പോൾ രോഷാകുലനാവാറുണ്ടെങ്കിലും തെരുവിലിറങ്ങി ക്ഷോഭിക്കാറില്ല. ഒരു ചായ പോലും ആരോടും ചോദിച്ചുവാങ്ങാറില്ല. ആർക്കു മുന്നിലും കൈനീട്ടാറില്ല. കൂത്തുപറമ്പിലെ ഒരു ഹോട്ടലിൽനിന്നു നൽകുന്ന ആഹാരവും പഴകിയ സർക്കാർ ഓഫിസിന്റെ വരാന്തയുമാണിപ്പോൾ സുധിയുടെ ജീവിതം. പേമാരിയും പൊരിവെയിലും പുതിയ കാലത്തിന്റെ കെട്ട സമീപനവും ഈ മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കുന്നു. 

‘എനിക്കു കല്യാണാലോചന വന്നപ്പോൾ ഏട്ടനും വിവാഹം ആലോചിക്കാമെന്നായി അച്ഛൻ’– സുരേശൻ ഓർത്തെടുത്തു. ‘ആദ്യം സമ്മതിച്ചതായിരുന്നു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ കല്യാണം വേണ്ടെന്നും ഉത്തരവാദിത്തങ്ങളേറ്റെടുക്കാൻ വയ്യെന്നും പറഞ്ഞ് ഏട്ടൻ പിൻവാങ്ങി. ഇളയ സഹോദരിയുടെ വിവാഹക്കാലത്തും അച്ഛൻ ഇക്കാര്യം എടുത്തിട്ടതാണ്. പക്ഷേ, ഏട്ടൻ പിടിതന്നില്ല’. 

vetta-poster ‘വേട്ട’ എന്ന നാടകത്തിന്റെ പോസ്റ്ററിൽ സുധി.

സഹോദരങ്ങളെല്ലാം വിവാഹിതരായി ജീവിതം തുടങ്ങിയതോടെ സുധി വീട്ടിൽ ചെല്ലാതായി. ചിറ്റാരിപ്പറമ്പിലെ വായനശാലയിലേക്കും സികെജി തിയറ്റേഴ്സിലേക്കുമായി സുധിയുടെ യൗവ്വനം പിൻവലിഞ്ഞു. ആരാലും സ്പർശിക്കപ്പെടാത്ത ഏകാകിയുടെ ലോകം സുധി ഇതിനകം സൃഷ്ടിച്ചു. ആരെയും അനുസരിക്കാത്ത ഒരു നിഷേധിയുടെ മട്ടും ഭാവവും വളർന്നു. കൂത്തുപറമ്പിൽ പുതിയ ബസ് സ്റ്റാൻഡ് വരുംമുൻപ് അവിടൊരു കടയുടെ തട്ടിൻപുറത്തായിരുന്നു കിടപ്പ്. സികെജി തിയറ്റേഴ്സ് ക്ഷയിച്ചപ്പോൾ അവിടെനിന്നിറങ്ങി. കൂത്തുപറമ്പിലെ കടവരാന്തകളിലും സർക്കാർ ഓഫിസ് കോലായകളിലുമാണിപ്പോൾ അന്തിയുറക്കം. തീരെ വയ്യാതായിരിക്കുന്നു. അസുഖങ്ങൾ സുധിയുടെ ശരീരത്തെ നന്നേ ക്ഷീണിപ്പിച്ചിരിക്കുന്നു. എല്ലാവരിൽ നിന്നും അകൽച്ച കൂട്ടിക്കൊണ്ടേയിരിക്കുന്ന സുധി ചികിൽസയ്ക്കൊന്നും പോകുന്നില്ല. 

നടന്നുപോകുമ്പോൾ വീണ് ഈയിടെയാണ് അരയ്ക്കു പരുക്കേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു ചികിൽസ. 

‘ഞാനാണ് ഏട്ടന്റെ കൂടെ ആശുപത്രിയിലുണ്ടായിരുന്നത്. കട്ടിലിൽ ഒന്നനങ്ങാൻപോലും കഴിയാതിരുന്ന ഏട്ടൻ നാലു മാസത്തോളം എന്റെ വീട്ടിൽ ഞങ്ങൾക്കൊപ്പം കഴിഞ്ഞു. ഒരു ദിവസം പൊടുന്നനെ കൂത്തുപറമ്പിലേക്കിറങ്ങിപ്പോവുകയായിരുന്നു. 

‘ഞാൻ നിന്നെ എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു എന്നു കരുതിയാണു പോന്നത്’ ഏട്ടൻ മറുപടി പറഞ്ഞതിങ്ങനെയാണ്’ – സുരേശൻ പറഞ്ഞു. 

പത്തലായി സുധാകരൻ എന്ന സുധിയെ കാണാൻ കൂത്തുപറമ്പിൽ കാലത്തെത്തുമ്പോൾ സർക്കാർ ഓഫിസ് വരാന്തയിൽ തീരെ വയ്യാതെ മലർന്നുകിടക്കുകയായിരുന്നു. ചലിക്കാൻ പോലുമാകാത്ത ദുരവസ്ഥയിലായിരുന്നു സുധിയപ്പോൾ. പിന്നെ വരൂ എന്നു വിരലുകൾകൊണ്ടറിയിച്ചു. നീണ്ടുവളർന്ന മുടിയും താടിയും വിറങ്ങലിച്ച കണ്ണുകളും ഗോവിന്ദൻ എന്ന കഥാപാത്രത്തെ ഓർമിപ്പിച്ചു. ഉച്ചയ്ക്കു ചെന്നപ്പോഴും സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ഒടുവിൽ ഏറെ കഷ്ടപ്പെട്ടു സുധി സംസാരിച്ചതിങ്ങനെ... 

‘നാ‍ടകത്തിൽ ഞാൻ ജീവിച്ചിട്ടില്ല. നാടകത്തിനായി പക്ഷേ, ജീവിച്ചിരുന്നു. നാലു നാടകങ്ങൾ സംവിധാനം ചെയ്തു. ചിലതിൽ അഭിനയിച്ചു. ചിലരെയെല്ലാം അഭിനയിപ്പിച്ചു. വേട്ട എന്ന നാടകത്തിലെ ഭ്രാന്തൻവേഷം ഒരു നിമിത്തം മാത്രമായിരുന്നു. ഈ ജീവിതം എന്റെ തീർച്ചപ്പെടുത്തലുകളിൽ നിന്നുണ്ടായതാണ്. ആരെയും കുറ്റപ്പെടുത്താൻ ഞാനില്ല. ഇഷ്ടത്തോടെയുള്ള ചിട്ടപ്പെടുത്തലുകളിൽ എനിക്കു വിശ്വാസം പോരാ. കെട്ടുപാടുകൾ പണ്ടേ എനിക്കിഷ്ടമല്ല. പിന്നെ, ഇഷ്ടം..... (നീണ്ട മൗനം... കണ്ണുകളിൽ നേർത്ത വിഷാദം...). 

ഇഷ്ടം... അതിൽ ഇനിയെന്തു പ്രസക്തി’.... 

പത്രങ്ങളെല്ലാം പതിവായി വായിക്കാൻ ശ്രമിക്കുന്ന സുധിയോട് രാഷ്ട്രീയത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഒന്നമർത്തി മൂളി. പൊടുന്നനെ എഴുന്നേറ്റു, ഒന്നു നോക്കുക പോലും ചെയ്യാതെ ബലഹീനമെങ്കിലും ഉറച്ച കാൽവയ്പ്പുകളോടെ നടന്നകന്നു. ആ കാൽവയ്പ്പിൽ കടുത്ത പ്രതിഷേധവും ദുഃഖവുമുണ്ടായിരുന്നു. 

‘ഇഷ്ടം’കൊണ്ടു മുറിവേറ്റിട്ടാണോ സുധി മൗനംകൊണ്ടു കലഹിക്കുന്നത്. സമ്പന്നമായ ജീവിത സാഹചര്യം ഉപേക്ഷിച്ച് ഭ്രാന്തന്റെ വേഷമിട്ട് അലയുന്നതിനു പിന്നിൽ നഷ്ടപ്രണയത്തോടുള്ള പ്രതിഷേധമോ മറ്റോ ഉണ്ടോ...?. ആർക്കറിയാം...? 

കാലം എത്രമേൽ ക്ലാവുപിടിപ്പിച്ചാലും കൂത്തുപറമ്പിന്റെ ഹൃദയം സുധിയെന്ന വ്യഥയാർന്ന ചെറുമുറിവിന്റെ പേരിൽ പിടയും, തീർച്ച.