Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമുഖ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും പ്രിയപ്പെട്ട ഡോക്ടർ

Author Details
Dr. Balachandran ഡോ. പി. ബാലചന്ദ്രൻ. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

കർക്കടകത്തിലെ സുഖചികിത്സ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ധർമാശുപത്രിയിലായാൽ രണ്ടുണ്ട് കാര്യം. ഏറ്റവും നല്ല ആയുർവേദ ചികിത്സ ലഭിക്കും, അതോടൊപ്പം ഡോ. പി. ബാലചന്ദ്രനോടു സാഹിത്യത്തിലെയും സംഗീതത്തിലെയും വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുകയും ചെയ്യാം. അതുകൊണ്ടാണു മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും കലാകാരന്മാരും കർക്കടകം തുടങ്ങുമ്പോഴേക്കും കോട്ടയ്ക്കലിലേക്കു പുറപ്പെടുന്നത്.

ധർമാശുപത്രിയിലെ അലോപ്പതി ഡോക്ടറാണെങ്കിലും ആയുർവേദ ചികിത്സയ്ക്കു വരുന്നവരൊക്കെ ബാലചന്ദ്രനെയാണ് അന്വേഷിക്കുക. അങ്ങനെ അദ്ദേഹം സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ഡോക്ടറായി. ‘‘ഞാൻ ചികിത്സിക്കുന്നതിൽ തൊണ്ണൂറു ശതമാനവും ഈ നാട്ടിലെ സാധാരണക്കാരാണ്. ചികിത്സിക്കുമ്പോൾ കലാകാരനെന്നോ സാധാരണക്കാരനെന്നോയില്ല. ധർമാശുപത്രിയിൽ വരുന്ന കലാകാരന്മാർ എന്നെ പ്രത്യേകം തിരക്കും. അങ്ങനെയാണു കലാകാരന്മാരുടെ ഡോക്ടർ എന്ന പേരുവന്നത്’’– ഡോക്ടർ പറയുന്നു.

ചെർപ്പുളശേരിക്കടുത്തു നെല്ലായ പുലാക്കാട്ട് വാരിയത്ത് അമ്മു വാരസ്യാരുടെയും എം.എസ്.വാരിയരുടെയും മകനു കലയോടുള്ള താൽപര്യം കിട്ടുന്നത് അച്ഛനിൽനിന്നുതന്നെ. നെടുങ്ങാടി ബാങ്കിന്റെ മാനേജരായിരുന്നു അച്ഛൻ. സംഗീതത്തോടായിരുന്നു താൽപര്യം. ചെറുപ്പത്തിൽത്തന്നെ സംഗീതത്തോട് ഇഷ്ടംകൂടാൻ അവസരം ഒട്ടേറെയുണ്ടായി. വീട്ടിലെ വലിയ ലൈബ്രറി വായനലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അമ്മയുടെയും അച്ഛന്റെയും കുടുംബത്തിൽ സാഹിത്യകാരന്മാർ ധാരാളമുണ്ടായിരുന്നു. ഇതൊക്കെ ബാലചന്ദ്രനെ സാഹിത്യതൽപരനാക്കി.

തൃശൂർ കേരളവർമ കോളജിൽ ബിരുദത്തിനു പഠിക്കുമ്പോൾ കെ.പി.നാരായണ പിഷാരടി, ഡോ. അകവൂർ നാരായണൻ, കെ.പി.ശങ്കരൻ എന്നിവരൊക്കെയായിരുന്നു ഗുരുക്കന്മാർ. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുമ്പോഴാണു സാഹിത്യത്തോടു കൂടുതൽ അടുക്കുന്നത്. സായാഹ്നങ്ങളിൽ കോഴിക്കോട്ട് സാഹിത്യപരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

അലോപ്പതി ഡോക്ടറെ ആവശ്യമുണ്ട് എന്ന പത്ര പരസ്യമാണു ബാലചന്ദ്രനെ കോട്ടയ്ക്കലിലെത്തിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിചെയ്യുന്ന സമയത്താണ് ഈ പരസ്യം കാണുന്നത്. 1924ൽ ആണ് വൈദ്യരത്നം പി.എസ്.വാരിയർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കീഴിൽ ധർമാശുപത്രി സ്ഥാപിക്കുന്നത്. മൂന്നുവർഷത്തിനുശേഷം അവിടെ അലോപ്പതി ചികിത്സ തുടങ്ങി. ബാലചന്ദ്രന്റെ അമ്മാവനായ ഡോ. പി.ആർ. വാരിയരായിരുന്നു ആദ്യത്തെ അലോപ്പതി ഡോക്ടർ. കെ.ആർ.രാഘവ വാരിയരായിരുന്നു രണ്ടാമത്തെ ഡോക്ടർ. അദ്ദേഹത്തിന്റെ പിൻഗാമിയായിട്ടാണു ബാലചന്ദ്രൻ എത്തുന്നത്. മോ‍ഡേൺ മെഡിസിൻ തുടങ്ങിയതു മുതൽ അതിന്റെ തലവനാണു ധർമാശുപത്രിയുടെ സൂപ്രണ്ട് സ്ഥാനം. 

വിശ്വാസം അതാണു പ്രധാനം

‘ചികിത്സയെക്കാൾ വിശ്വാസത്തിനാണു പ്രാധാന്യം’ ഇതാണു ഡോക്ടറുടെ പരിശോധനാമുറിയിലേക്കു കയറുമ്പോൾ ആദ്യം നമ്മുടെ കണ്ണിലുടക്കുക. അതു വായിക്കുന്നതോടെ നമ്മൾ ഡോക്ടറിൽ വിശ്വാസമർപ്പിച്ചിരിക്കും.

‘‘എം.ടി.വാസുദേവൻനായർ ചികിത്സയ്ക്കു വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ട് ഇപ്പോൾ വന്നതേയുള്ളൂ.’’ ആമുഖമായി ഡോ. ബാലചന്ദ്രൻ പറഞ്ഞു.‘‘ഡോ. സി.കെ.രാമചന്ദ്രന്റെ ചികിത്സയിൽ വാസ്വേട്ടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടൊരിക്കൽ അമ്മാവൻ പി.എ.വാരിയരോടൊപ്പം കോഴിക്കോട് ഇംപീരിയൽ ഹോട്ടലിൽവച്ചും കണ്ടു.

Dr. Balachandran ഡോ. ബാലചന്ദ്രൻ തന്റെ കൺസൽട്ടിങ് റൂമിൽ.

തൊണ്ണൂറുകളുടെ ആദ്യം തൃത്താല കേശവപ്പൊതുവാളുടെ അനുസ്മരണാർഥം നൽകുന്ന പുരസ്കാരം സമ്മാനിക്കാനെത്തിയത് എം.ടിയായിരുന്നു. ആ ചടങ്ങിൽവച്ചാണു സൗഹൃദം ഉടലെടുക്കുന്നത്. പിന്നീടു മട്ടന്നൂർ ശങ്കരൻകുട്ടിയുടെ വാദ്യകലാജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികം വെള്ളിനേഴിയിൽ ആഘോഷിച്ചപ്പോൾ ഞങ്ങൾ ഒന്നിച്ചാണു പോയത്. അപ്പോഴേക്കും വാസ്വേട്ടൻ എന്നു വിളിക്കാവുന്ന സ്വാതന്ത്ര്യം എങ്ങനെയോ കൈവന്നിരുന്നു. എം.ടി തിരക്കഥ എഴുതി ഹരികുമാർ സംവിധാനം ചെയ്ത ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം മസനഗുഡിയിൽ നടക്കുമ്പോൾ ഞാൻ പോയിരുന്നു. എന്റെ ഭാര്യ ഡോ. ഇന്ദിര ആ സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. ഡോക്ടറായിട്ടുതന്നെ. അവിടെവച്ച് എം. ടിയുടെ സാന്നിധ്യത്തിലാണു മമ്മൂട്ടിയെ പരിചയപ്പെടുന്നത്.

കലാ–സാഹിത്യരംഗത്തെ ഒട്ടേറെപ്പേരെ ചികിത്സിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ശെമ്മാങ്കുടി, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം കൃഷ്ണൻനായർ, പത്മനാഭൻ നായർ, നീലകണ്ഠൻ നമ്പീശൻ, ശങ്കരൻ എമ്പ്രാന്തിരി, ഹൈദരലി, കോട്ടയ്ക്കൽ ശിവരാമൻ, ഞെരളത്ത് രാമപ്പൊതുവാൾ, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി, കെപിഎസി സുലോചന എന്നിങ്ങനെ വലിയൊരു നിരതന്നെയുണ്ട്. ഇതിൽ മിക്കവരുടെയും സ്ഥിരം ചികിത്സകനായിരുന്നു. ദീർഘയാത്രയും രാത്രിയിലെ ഉറക്കമൊഴിക്കലും കിട്ടുന്ന ഭക്ഷണം കഴിക്കലുമൊക്കെയായി പല രോഗങ്ങൾ കലാകാരന്മാരെ പിടികൂടാറുണ്ട്. ചിലർക്കു മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ വേറെ. അതുകൊണ്ടാണു കർക്കടകത്തിൽ പലരും ഇവിടെ ചികിത്സയ്ക്കു വരുന്നത്. 

കലാമണ്ഡലം കൃഷ്ണൻനായർ

തൃശൂരിൽ പഠിക്കുന്ന സമയത്താണു കലാമണ്ഡലം കൃഷ്ണൻനായരുടെ വേഷം ആദ്യമായി കാണുന്നത്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. കോട്ടയ്ക്കൽ ഉത്സവക്കളിക്ക് അദ്ദേഹം ഇടക്കാലത്തു വിട്ടുനിന്നിരുന്നു. കോട്ടയ്ക്കലിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനു വഴിയൊരുക്കാൻ എനിക്കു സാധിച്ചുവെന്നതു സന്തോഷത്തോടെ എടുത്തുപറയേണ്ട കാര്യമാണ്. കൃഷ്ണൻനായരുടെ ചികിത്സകനും ശുശ്രൂഷകനുമാകാനുള്ള അവസരം എനിക്കുണ്ടായി.

കലാമണ്ഡലം ഗോപി

‘‘പുതിയ കുട്ടിയുണ്ട്. നല്ല ഭാവി കാണുന്നു. കൃഷ്ണൻനായർക്കു പകരം രൗദ്രഭീമനാക്കാം’’. ഇങ്ങനെ പറഞ്ഞാണു കലാമണ്ഡലം ഗോപിയെ കലാമണ്ഡലത്തിൽനിന്നു നെല്ലായയിലേക്ക് അയയ്ക്കുന്നത്. അച്ഛന്റെ നേതൃത്വത്തിൽ ടിക്കറ്റ് വച്ചു കഥകളി നടത്തുന്ന സമയം. കലാമണ്ഡലം കൃഷ്ണൻനായർ നിറഞ്ഞുനിൽക്കുന്നകാലമാണ്. അദ്ദേഹത്തിന്റെ രൗദ്രഭീമനായിരുന്നു അന്നു കേന്ദ്രവേഷം. കളിക്കു മൂന്നു ദിവസം മുൻപ് അദ്ദേഹത്തിന്റെ കത്തുവന്നു. അസൗകര്യമുണ്ട്. എത്താൻ പറ്റില്ലെന്ന്. അങ്ങനെയാണു പകരക്കാരനായി ഗോപി വരുന്നത്.

ഗോപിയെ യൗവനകാലം മുതലേ അറിയാം. പച്ചയിലെ സാത്വികതയും രൗദ്രഭീമനിലെ രൗദ്രവും ഒരേപോലെ ഭംഗിയാക്കാൻ ഗോപിക്കു കഴിയും. കോട്ടയ്ക്കലി‍ൽ വന്നതിനുശേഷമാണു ഗോപിയുമായുള്ള പരിചയം ദൃഢസൗഹൃദമാകുന്നത്. നടുവേദനയ്ക്ക് ഇവിടെ ചികിത്സിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വിളിക്കും. അകമേ പച്ചമനുഷ്യനാണു ഗോപി. നാട്യങ്ങളില്ല. 

മട്ടന്നൂർ ശങ്കരൻകുട്ടി

ഇദ്ദേഹത്തിന്റെ ആദ്യത്തെ അരങ്ങുതന്നെ കാണാൻ എനിക്കു ഭാഗ്യമുണ്ടായി. പല്ലശ്ശന പത്മനാഭ മാരാർ കോട്ടയ്ക്കൽ ഉത്സവക്കളിക്കു പതിവായിവരും. അദ്ദേഹം മരിച്ചപ്പോൾ തൽസ്ഥാനത്തേക്ക് ആര് എന്ന ആലോചന വന്നപ്പോൾ ‘‘ ശങ്കരൻ എന്നൊരു കുട്ടിയുണ്ട്. സദനത്തിൽ ചന്ദ്രന്റെ ശിഷ്യൻ. നന്നായി കൊട്ടും. അയാളെ വിളിക്കാം’’ എന്നു കുട്ടൻമാരാർ നിർദേശിച്ചു. അങ്ങനെയാണു മട്ടന്നൂർ ശങ്കരൻകുട്ടി എത്തുന്നതും കേമമായി കൊട്ടുന്നതും. ഒരു കലാകാരൻ എങ്ങനെയാകണം എന്ന തിരിച്ചറിവ് എല്ലാ അർഥത്തിലും മറ്റാരേക്കാളും മനസ്സിലാക്കി പ്രാവർത്തികമാക്കിയതു ശങ്കരൻകുട്ടിയാണ്. കലാകാരൻ ആസ്വാദകരിൽനിന്നു മാറിനിൽക്കുകയല്ല, അവരിലേക്ക് ഇറങ്ങിച്ചെല്ലുകയാണു വേണ്ടതെന്നു ശങ്കരൻകുട്ടി നേരത്തേതന്നെ തിരിച്ചറിഞ്ഞു. തായമ്പകയിലെന്നപോലെ മേളരംഗത്തും അദ്ദേഹം സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തി. അദ്ദേഹത്തെ ഒട്ടേറെ തവണ ചികിത്സിച്ചിട്ടുണ്ട്. യൂറിക് ആസിഡ് അധികമായപ്പോഴും ന്യൂമോണിയ വന്നപ്പോഴൊക്കെ ഇവിടെ കിടത്തിച്ചികിത്സ നടത്തിയിരുന്നു. 

വെൺമണി ഹരിദാസ്

കഥകളിയരങ്ങിൽ വെൺമണി ഹരിദാസ് പാടുന്നതു കേൾക്കുകതന്നെ വേണം. നിറഞ്ഞ കാലത്തിൽ അസ്തമിച്ച അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം. സൗഹൃദങ്ങൾക്ക് അദ്ദേഹം വലിയ വില കൽപിച്ചു. ആരു നിർബന്ധിച്ചാലും വഴങ്ങും. ആരാധകരുടെ നിർബന്ധത്തിനു വഴങ്ങി സ്വയം നശിക്കുകയാണെന്നു തിരിച്ചറിയുമ്പോഴേക്കും സമയം തെറ്റിയിരുന്നു. സിറോസിസായി കോട്ടയ്ക്കലിൽ ചികിത്സയിലായിരുന്നു. 

വിഷ്ണുനാരായണൻ നമ്പൂതിരി

മുൻപു വിഷ്ണുനാരായണൻ നമ്പൂതിരി ഇവിടെ ചികിത്സയ്ക്കു വന്നിരുന്നു. വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ മുറി മുഴുവൻ എഴുത്തുകാരെക്കൊണ്ടു നിറയും. വിഷ്ണുമാഷെ കാണാൻ ശിഷ്യരും വരും. പത്നി സാവിത്രി അന്തർജനവും കൂടെയുണ്ടായിരുന്നു. ലളിതജീവിതമായിരുന്നു രണ്ടുപേർക്കും. രാവിലെയും സന്ധ്യയ്ക്കും ജപം. എല്ലാത്തിനും ചിട്ടയുണ്ട്. സമചിത്തതയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈഭവം എടുത്തുപറയേണ്ടതാണ്.

അക്കിത്തം

ആകാശവാണിയിൽവച്ചാണ് അക്കിത്തത്തെ ആദ്യമായി കണ്ടത്. അദ്ദേഹത്തോടൊപ്പം എൻ.എൻ.കക്കാടും അന്ന് ആകാശവാണിയിൽ ജോലിചെയ്യുന്നുണ്ട്. ഞാൻ അച്ഛനോടൊപ്പമായിരുന്നു പോയിരുന്നത്. പിന്നീട് അദ്ദേഹം കോട്ടയ്ക്കലിൽ ചികിത്സയ്ക്കു വന്നപ്പോൾ സൗഹൃദം വലുതായി.

ശെമ്മാങ്കുടി

കർണാടക സംഗീതത്തിലെ അതികായനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ കോട്ടയ്ക്കലിൽ ചികിത്സയ്ക്കു വന്നതുമുതലാണ് അടുത്ത ബന്ധമാകുന്നത്. ആയുർവേദമായിരുന്നുവെങ്കിലും പ്രാഥമിക പരിശോധന എന്റേതായിരുന്നു. എന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെ താഴത്തെ മുറിയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭാര്യ ഡോ.ഇന്ദിര അദ്ദേഹത്തിൽനിന്നാണു സ്വാതിപദങ്ങൾ പഠിച്ചത്.

ഗായിക കെപിഎസി സുലോചനയെ ചികിത്സിക്കാനും അവസരമുണ്ടായി. പ്രമേഹവും രക്തസമ്മർദവുമായിട്ടാണ് ഇവിടെയെത്തിയത്. ചികിത്സ കഴിഞ്ഞു പോകുമ്പോൾ കായംകുളത്തെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. പക്ഷേ, പോകാനൊത്തില്ല...

ഞെരളത്ത് രാമപ്പൊതുവാൾ

ജീവിതം മുഴുവൻ അലച്ചിലായിരുന്നു ഞെരളത്തിന്. കോഴിക്കോട്ട് എത്തിയാൽ ഡോ. ഒ.എൻ.വാസുദേവന്റെ വീട്, തിരുവനന്തപുരത്ത് കാവാലത്തിന്റെ സോപാനം, പാലക്കാട്ടെത്തിയാൽ ഒളപ്പമണ്ണയുടെ വീട്, കോട്ടയ്ക്കലിലെത്തിയാൽ എന്റെ വീടും. പെട്ടെന്നാണു വന്നുകയറുക. എല്ലാമാസവും അഞ്ചാംതീയതി മരുന്നിനായി വരും. അവസാനത്തെ ആളും പോയതിനുശേഷമേ അകത്തേക്കു കയറൂ. ഇങ്ങനെ കാത്തിരിക്കേണ്ടതില്ല എന്നു പറഞ്ഞാലും കേൾക്കില്ല. വന്നാൽ‍ ചിലപ്പോൾ പാടിയിട്ടേ പോകൂ. ഭാര്യ ലക്ഷ്മിക്കുട്ടിക്കും മക്കൾക്കും മരുന്നു ചോദിക്കും.

ജീവിതത്തിലെ അവസാനഘട്ടത്തിൽ ഹൃദയസംബന്ധമായ അസുഖം കാരണം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. രണ്ടുദിവസം അവിടെ നിന്നതേയുള്ളൂ. കോട്ടയ്ക്കലിലേക്കു പോകണമെന്നു വാശിപിടിച്ച് ഇങ്ങോട്ടേക്കുതന്നെ പോന്നു. സൂത്രത്തിൽ വീണ്ടും അങ്ങോട്ടേക്കുതന്നെ അയച്ചു. അടുത്തദിവസം മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. 

തൃത്താല കേശവൻ

കലാകാരനു മരണ സർട്ടിഫിക്കറ്റ് എഴുതേണ്ട ഗതികേടും എനിക്കുണ്ടായിട്ടുണ്ട്. തൃത്താല കേശവൻ വീട്ടിൽ വന്നാൽ നേരെ നിലത്തൊരു കിടപ്പാണ്. പാലോ സംഭാരമോ ഇടയ്ക്ക് ആവശ്യപ്പെടും. കുടുംബാംഗത്തെപോലെയായിരുന്നു.

എടപ്പാൾ കുളങ്ങര ക്ഷേത്രത്തിൽ തായമ്പക കൊട്ടിക്കൊണ്ടിരിക്കേ കേശവനു ദേഹാസ്വാസ്ഥ്യം തോന്നി. മുഴുമിപ്പിക്കാതെ നേരെ ഇങ്ങോട്ടു പോന്നു. ഇവിടെ രണ്ടരമാസം കിടന്നു. ഒരുദിവസം രാവിലെ നാലുമണിക്കെഴുന്നേറ്റു. പെട്ടെന്നു ക്ഷീണിതനായി. ഞാൻ എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ആത്മമിത്രത്തിനു മരണസർട്ടിഫിക്കറ്റെഴുതുമ്പോൾ എന്റെ കൈ വിറയ്ക്കുകയായിരുന്നു’’.

‘ഡോ. ബാലചന്ദ്രനു സ്നേഹപൂർവം’ എന്ന പേരിൽ കോട്ടയ്ക്കലിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോൾ എം.ടി. വാസുദേവൻനായർ പറഞ്ഞു–‘‘കവികൾ, കലാകാരന്മാർ, എഴുത്തുകാർ, ഗായകർ എന്നിവരെപ്പറ്റി തിരക്കൊഴിഞ്ഞ കാലത്ത് ഡോ. ബാലചന്ദ്രന് ഒരു പുസ്തകമെഴുതാം. പണ്ട് പീറ്റർ ലാംബ്ലാം ഒരു പുസ്തകമെഴുതി. ‘ഭാവനയും രോഗവും’. ഓരോകാലഘട്ടത്തിലുണ്ടായ എഴുത്തുകാർ, അവരുടെ രോഗങ്ങൾ, ആ രോഗങ്ങൾ അവരുടെ എഴുത്തിനെയും ജീവിതത്തെയും എങ്ങനെ ബാധിച്ചു എന്നു വ്യക്തമാക്കുന്ന കൃതിയായിരുന്നു അത്. 

കവികളുടെ, കലാകാരന്മാരുടെ ഒക്കെ രോഗത്തെപ്പറ്റിയല്ല, അവരുടെ ജീവിതക്രമം, അവരുടെ രോഗം അവരുടെ കവിതയെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കാം എന്നൊക്കെ ചിന്തിച്ചു പുസ്തകമെഴുതാൻ ബാലചന്ദ്രനു കഴിഞ്ഞേക്കാം’’. എം.ടിയുടെ ആ വാക്കുകൾ യാഥാർഥ്യമായി. എം.ടിയുടെ വാക്കുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഡോ. ബാലചന്ദ്രൻ എഴുതി–‘ഹൃദയരാഗം’. 

കലാകാരന്മാരോടുള്ള ഹൃദയത്തിൽതൊട്ട ബന്ധമാണ് അദ്ദേഹം കുറഞ്ഞ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നത്. ചികിത്സാനുഭവവും കലാനുഭവവും ഒന്നിക്കുന്ന മുഹൂർത്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.