Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കേരളത്തിനൊപ്പം’ പർവതമുകളിലേക്ക്; പക്ഷേ, കാത്തിരുന്നത്...

EVEREST പ്രളയത്തിലകപ്പെട്ട കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂനം പർവതത്തിനു മുകളിൽ ബാനറുമായി പ്രീതം മേനോൻ.

‘കേരളത്തിനൊപ്പം, മലയാളിക്കൊപ്പം’ എന്നെഴുതിയ പതാക യൂനം പർവതത്തിന്റെ നെറുകയിൽ നാട്ടിയശേഷം പ്രീതം മേനോൻ മനസ്സിലുറപ്പിച്ചു: വൈകിട്ടു മണാലിയിൽ തിരിച്ചെത്തിയിട്ടു വേണം വയറുനിറയെ റൊട്ടിയും മട്ടനും കഴിച്ചു ക്ഷീണം മാറ്റാൻ. പക്ഷേ, അന്നു വൈകിട്ടു പ്രീതം മണാലിയിലെത്തിയില്ല. പിറ്റേന്നും അതിന്റെ പിറ്റേന്നുമെത്തിയില്ല. മണാലി പ്രളയത്തിൽ മുങ്ങിയെന്നും പർവത മേഖലകളെല്ലാം കനത്ത മഞ്ഞുവീഴ്ചയിൽ ഒറ്റപ്പെട്ടെന്നുമുള്ള വാർത്തയറിഞ്ഞു ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച സുഹൃത്തുക്കൾക്കൊന്നും അഞ്ചുദിവസത്തേക്കു പ്രീതത്തെ കിട്ടിയില്ല. 

അഞ്ചാം ദിവസം വൈകിട്ട് അവശനിലയിൽ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററിൽ പ്രീതം മണാലിയിലെത്തി. എന്തുപറ്റിയെന്നാരാഞ്ഞ സുഹൃത്തുക്കളോടു സൈനികരിലൊരാൾ പറഞ്ഞു, ‘‘സൂരജ്താലിൽനിന്ന് 5000 അടി താഴെയുള്ള ഞങ്ങളുടെ ക്യാംപിലേക്ക് ഈ മനുഷ്യൻ കൊടുംമഞ്ഞിലൂടെ നടന്നെത്തിയതാണ്. അഞ്ഞൂറോളം പേർ മലമുകളിൽ കുടുങ്ങിക്കിടക്കുന്ന വിവരം അപ്പോഴാണു ഞങ്ങളറിഞ്ഞത്. കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ അവരുടെ ജീവൻ അപകടത്തിലായേനെ...’’ 

താൻ ചെയ്തതു വലിയ രക്ഷാപ്രവർത്തനമാണെന്നൊന്നും പ്രീതം മേനോനു തോന്നിയില്ല. കാരണം, ഒരു മാസത്തിനിടെ അയാൾ നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നു അത്! 

അനിശ്ചിതത്വത്തിന്റെ കയറ്റിറക്കങ്ങൾ 

 ഓഗസ്റ്റ് 16: രാവിലെ 5.30 

തൃശൂർ വിയ്യൂരിലെ വീട്ടിൽ സുഖനിദ്രയിലായിരുന്നു പ്രീതം മേനോൻ. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടുണരുമ്പോഴാണു വീട‌‍ിനുള്ളിൽ വെള്ളം കയറിയെന്നു മനസ്സിലായത്. ചീമ, മുൾഖില, സ്റ്റോക്ക് കാംഗ്രി തുടങ്ങിയ പർവതങ്ങൾ കീഴടക്കിയ ആരോഹകനാണെങ്കിലും അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു ‍മുന്നിൽ ഒന്നുവിറച്ചു. ഒരുമണിക്കൂറിനുള്ളിൽ വെള്ളം മേശപ്പൊക്കത്തിലെത്തി. സമീപവീടുകളിൽനിന്നു നിലവിളി ഉയരുന്നു. അയൽവാസികളായ യുവാക്കൾക്കൊപ്പം പ്രീതവും രക്ഷാപ്രവർത്തനത്തിനിറങ്ങി. വയോധികരെയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥാനങ്ങളിലെത്ത‍ിക്കാനും ഭക്ഷണവും വെള്ളവുമെത്തിക്കാനും ദിവസങ്ങളോളം അലഞ്ഞു. പ്രളയം കഴിഞ്ഞതിനുശേഷം മറ്റൊരു ദൗത്യം കൂടി അയാൾ മനസ്സിലുറപ്പിച്ചു: കേരളത്തിനു പുറംലോകത്തിന്റെ സഹായം നേടിക്കൊടുക്കാൻ തന്നെക്കൊണ്ടാവുന്ന എന്തെങ്കിലും ചെയ്യണം. അതിന‌‍ു പ്രീതം കണ്ടെത്തിയ വഴിയായിരുന്നു ഹിമാചൽ പ്രദേശിലെ 20,000 അടി ഉയരമുള്ള യൂനം പർവതം. 

Preetham പ്രീതം മേനോൻ

 സെപ്റ്റംബർ 16: രാവിലെ 10.20 

തന്റെ വീടു വെള്ളത്തിൽ മുങ്ങിയതിനു കൃത്യം ഒരുമാസം തികയുന്ന ദിവസം പ്രീതം ഹിമാചലിലേക്കു പുറപ്പെട്ടു. വിമാനമാർഗം ഡൽഹിയിലേക്കും അവിടെനിന്നു റോഡ് മാർഗം മണാലിയിലേക്കുമായിരുന്നു യാത്ര. 20നു മണാലിയിൽനിന്നു സഹ പർവതാരോഹകൻ ഷേർസിങ് താക്കൂറിനൊപ്പം ജീപ്പ് മാർഗം യൂനത്തിലേക്കുള്ള യാത്ര തുടങ്ങി. 

മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും കാലാവസ്ഥ അനുകൂലം. തെളിഞ്ഞ അന്തരീക്ഷം. മണാലി – ലേ പാതയിലെ ജിസ്പയിൽ അന്നു രാത്രി തങ്ങിയശേഷം 21നു പുലർച്ചെ അഞ്ചുമണിയോടെ ഇരുവരും ബേസ് ക്യാംപ് ലക്ഷ്യമിട്ടു നടന്നുതുടങ്ങി. 17,050 അടി ഉയരെ ബേസ് ക്യാംപിൽ എത്തുമ്പോൾ രാവിലെ എട്ടുമണി കഴിഞ്ഞിരുന്നു. 20,100 അടി ഉയരത്തിലാണു പർവത മുകളറ്റം. 

പതിനൊന്നു മണിയോടെ പർവതത്തിനു മുകളിലെത്തി. കേരളത്തിനൊപ്പമെന്ന പതാക നാട്ടി. ഏതാനും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ പർവതത്തിന്റെ സ്വഭാവം മാറിയിരുന്നു. മഴയേക്കാൾ ശക്തിയിൽ മഞ്ഞു കനത്തുപെയ്യുന്നു. ബേസ് ക്യാംപും പിന്നിട്ട് ഉച്ചയ്ക്കു രണ്ടരയോടെ മണാലി – ലേ പാതയ്ക്കരികിലെത്തി. മഞ്ഞുവീഴ്ചയുടെ തീവ്രത ബോധ്യപ്പെട്ടത് അപ്പോഴാണ്. റോഡ് രണ്ടടി കനത്തിൽ മഞ്ഞുപുതഞ്ഞു കിടക്കുന്നു. ഏതെങ്കിലും ട്രക്കിനു കൈകാട്ടി മണാലിയിലെത്താം എന്ന പ്രതീക്ഷയോടെ നടപ്പു തുടങ്ങി. 

സെപ്റ്റംബർ 21: വൈകിട്ട് 3.00 

ഭരത്പുരിൽ ഒരു ധാബയ്ക്കരികിൽ നാലു ബൈക്ക് സഞ്ചാരികൾ തണുത്തു മരവിച്ചു നിൽക്കുന്നതു കണ്ടു പ്രീതവും ഷേർസിങ്ങും അവർക്കരികിലെത്തി. പരിചയപ്പെട്ടപ്പോൾ യുവാക്കൾ പറഞ്ഞു, ‘ഞങ്ങൾ കേരളത്തിൽ നിന്നാണ്, കോഴിക്കോട് വേദവ്യാസ കോളജിലെ വിദ്യാർഥികളാണ്.’ (മണാലിയിലെ പ്രളയത്തിൽ ഇവരെ കാണാതായെന്ന വാർത്ത വരുന്നതു പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്!) വിഷ്ണു, അക്ഷയ്, കണ്ണൻ, വിഷ്ണു എന്നീ യുവാക്കൾക്കൊപ്പം പ്രീതം ട്രക്ക് പ്രതീക്ഷിച്ചു നിൽക്കുമ്പോൾ വീണ്ടുമെത്തി, രണ്ടു മലയാളി സഞ്ചാരികൾ. വയനാട്ടുകാരായ അലക്സാണ്ടറും എബിയും. അതുവഴിവന്ന ട്രക്കിൽ ബൈക്കുകൾ കയറ്റി എട്ടംഗ സംഘം മണാലി ദിശയിലേക്കു നീങ്ങി. ഒരുമണിക്കൂർ മാത്രമേ വണ്ടി നീങ്ങിയുള്ളൂ. സമുദ്രനിരപ്പിൽനിന്നു 16,020 അടി ഉയരെ സൂരജ്താലിൽ വാഹനങ്ങൾ കുടുങ്ങി. എഴുപതോളം വണ്ടികളിലായി അഞ്ഞൂറോളം പേർ. പകൽ സമയത്തു മൈനസ് 10 ആണു താപനില. രാത്രിയിൽ മൈനസ് 25 വരെയും. സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ അന്നു മുഴുവൻ എല്ലാവരും കാത്തുനിന്നു. മണാലിയാകെ പ്രളയത്തിൽ ഒറ്റപ്പെടുകയാണെന്നറിയാതെ... 

bike-water ബൈക്കിന്റെ എൻജിൻ ചൂടാക്കി മഞ്ഞ് വെള്ളമാക്കി മാറ്റുന്ന പ്രീതം മേനോൻ.

സെപ്റ്റംബർ 22: രാവിലെ 8.00 

മഞ്ഞുവീഴ്ച കനത്തുവരുന്നു. വിശപ്പും ദാഹവും മൂലം എല്ലാവരും ക്ഷീണിച്ചു തുടങ്ങുന്നു. പുറംലോകത്തെ വിവരമറിയിക്കാൻ ഒരു നിവൃത്തിയുമില്ല. ഫോണുകൾക്കു റേഞ്ച് ഇല്ലാത്ത ഭാഗമാണിവിടം. പർവതാരോഹണം കഴിഞ്ഞെത്തിയതിന്റെ ക്ഷീണംമൂലം പ്രീതവും ഷേർസിങ്ങും തളർന്നു തുടങ്ങിയിരുന്നു. കയ്യിൽ കരുതിയ വെള്ളം ഐസ് ആയി മാറിയ‍ിരുന്നു. ആ രൂപത്തിൽ വെള്ളം കുടിക്കാൻ ശ്രമിച്ചാൽ ശരീരോഷ്മാവു കുറഞ്ഞ് ഹൈപ്പോതെർമിയ അടക്കമുള്ള രോഗങ്ങൾ പിടികൂടിയേക്കാം. നിരാശരായില്ല, ഐസ് ആയി മാറിയ വെള്ളം സ്റ്റീൽ കപ്പിലാക്കി ട്രക്കുകളുടെയും കാറുകളുടെയും എൻജിൻ ഓൺ ചെയ്ത് ചൂട‍ാക്കി കുടിക്കാൻ തുടങ്ങി. ഇത്രവലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് ഒരു നേരത്തിനപ്പുറത്തേക്ക് ആരും ഭക്ഷണം കരുതിയിരുന്നില്ല. ചിലരുടെ ബാഗുകളിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങൾ വീതിച്ചു കഴിച്ചു. 

സെപ്റ്റംബർ 23: രാവിലെ 7.30 

മൂന്നാംദിവസം ഭക്ഷണവും വെള്ളവും ആവശ്യത്തിനു ലഭിക്കാതെ പലരിലും നിർജലീകരണ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചുണ്ടുകൾ വരണ്ടു, മൂത്രത്തിനു കടുംമഞ്ഞ നിറമായി, തലവേദനയും കണ്ണുവേദനയും തുടങ്ങി. തങ്ങൾ കുടുങ്ങിയതിന് 5000 അടി താഴെ പാറ്റ്സ്യൂവിൽ സൈന്യത്തിന്റെ ക്യാംപ് ഉണ്ടെന്നു ട്രക്ക് ഡ്രൈവർമാരിലൊരാൾ പറഞ്ഞതോടെ പ്രതീക്ഷയേറി. പക്ഷേ, അവരെ എങ്ങനെ വിവരമറിയിക്കും? അവിടെ വരെ എങ്ങനെ എത്തിപ്പെടും? മഞ്ഞുവീഴ്ചയുടെ തോത് കൂടിക്കൊണ്ടിരിക്കുന്നു. മഞ്ഞ് അട്ടിയായി ട്രക്കുകളുടെ ടയറിനു മുകളിലെത്തി. വഴി കാണാനില്ല. നടന്നു പോകാമെന്ന ആലോചനപോലും അപകടകരമായ അവസ്ഥ. മൂന്നാം ദിവസം രാത്രി കടന്നിട്ടും സഹായവ‍ുമായി ആരുമെത്തിയില്ല. 

സെപ്റ്റംബർ 24: പുലർച്ചെ 4.00 

രോമക്കുപ്പായമോ കമ്പിളി വസ്ത്രങ്ങളോ ഇല്ലാതെ ജാക്കറ്റ് മാത്രം ധരിച്ചു യാത്ര പുറപ്പെട്ടവരുടെ ആരോഗ്യസ്ഥിതി അപകടകരമായി. അതുവരെയില്ലാത്തൊരു നിരാശ എല്ലാവരിലേക്കും പടർന്നു തുടങ്ങി. ചിലരിൽ തലവേദനയും ഛർദിയും കാണപ്പെട്ടു. ലക്ഷണംകണ്ട് എഎംഎസ് (അക്യൂട്ട് മൗണ്ടെയ്ൻ സിക്നസ്) എന്ന രോഗം പിടിപെട്ടതാണോയെന്നു സംശയം ഉണർന്നതോടെ ആശങ്കയായി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞു മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണത്. റോഡിൽ നാലടി ഉയരത്തിൽ വരെ മഞ്ഞ് അട്ടിയായി. നാലാം ദിവസം രാത്രിയായിട്ടും രക്ഷയുടെ കരങ്ങൾ കാണാഞ്ഞപ്പോൾ പ്രീതം തീരുമാനിച്ചു, മരണം കാത്തു കിടക്കുന്നതിനേക്കാൾ ഭേദം രക്ഷയുടെ കച്ചിത്തുരുമ്പിൽ പിടിച്ചു കയറുന്നതാണ്. 

tanker മണാലി – ലേ പാതയിൽ സൂരജ്താലിൽ മഞ്ഞുവീഴ്ചയിൽ അകപ്പെട്ട ടാങ്കറിനു സമീപം പ്രീതം മേനോന്‍.

സെപ്റ്റംബർ 25: രാവിലെ 6.00 

പാറ്റ്സ്യൂവിലെ സൈനിക ക്യാംപ് ലക്ഷ്യമിട്ടു പ്രീതവും ഷേർസിങ്ങും നടന്നുതുടങ്ങി. മണാലി ജില്ലക്കാരായ മൂന്നു യുവാക്കളെയും ഒപ്പം കൂട്ടി. വഴി കാണാത്തതിനാൽ ഐസ് ആക്സ് അടക്കമുള്ള പർവതാരോഹണ ഉപകരണങ്ങൾ ഉപകാരപ്പെട്ടു. ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ട‍ി. മൂന്നുമണിക്കൂർ നടപ്പിനൊടുവിൽ സിങ്സിങ് ബാർ എന്ന സ്ഥലത്ത് ഒരു ബിഹാറി തൊഴിലാളി ക്യാംപ് കണ്ടെത്തി. അതിർത്തി പാതക‍ളുടെ അറ്റകുറ്റപ്പണിക്കായി എത്തിയവരായിരുന്നു അവർ. കനത്ത മഞ്ഞുവീഴ്ചയിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു അവരും. അവിടെയെത്തി അൽപം വിശ്രമിച്ചു. താഴേക്കു നടന്നു പോകാനാണു ശ്രമമെന്നു മനസ്സിലായപ്പോൾ അവരും വിലക്കി. അവശനിലയിലായ യുവാക്കൾ ക്യാംപിൽ വിശ്രമിക്കാൻ തീരുമാനിച്ചപ്പോൾ പ്രീതവും ഷേർസിങ്ങും തനിച്ചു യാത്ര തുടർന്നു. 

മണിക്കൂറുകൾ പിന്നിട്ടു പാറ്റ്സ്യൂവിലെത്തി. ആദ്യം കണ്ട സൈനികനോടു വിവരം പറഞ്ഞു. സൂരജ്താലിൽനിന്നു നടന്നെത്തിയവരാണെന്നു കണ്ടു സൈനികൻ അമ്പരന്നു. 

സൈനിക ഹെലിക്കോപ്റ്ററിൽ പ്രീതത്തെയും ഷേർസിങ്ങിനെയും മണാലിയിലെ ആശുപത്രിയിലെത്തിച്ചു. മലയാളികളടക്കം സൂരജ്താലിൽ കുടുങ്ങിയവരെ സൈനിക വാഹനങ്ങളിൽ താഴെയെത്തിച്ചു. ആളപായങ്ങളൊന്നുമുണ്ടായില്ല. അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടല്ലോ, ഭാഗ്യം എന്നു നെടുവീർപ്പിട്ട സുഹൃത്തുക്കളോടു പ്രീതം പറഞ്ഞു, ‘‘ഇതിലും വലിയൊരപകടത്തിൽനിന്ന് ഒരു നാട് ഒന്നടങ്കം രക്ഷപ്പെടുന്നതു കണ്ടിട്ടാണ് ഞാൻ മണാലിയിലേക്കു വന്നത്. പിന്നെന്തിനു പേടിക്കണം?’’