Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധൻ ഒരായിരം കൈകൾ നീട്ടുന്നു...

Author Details
ഫാലുൻ ദാഫാ ആർട്ട് കളക്‌ഷനിൽനിന്ന്. ഫാലുൻ ദാഫാ ആർട്ട് കളക്‌ഷനിൽനിന്ന്.

ആത്മാവു തുള്ളിത്തുളുമ്പുന്ന പ്രസന്നസംഗീതവുമായി അവർ താളമൊപ്പിച്ചു നടന്നു നീങ്ങുകയാണ്. യുഎസിലെ വാഷിങ്ടൻ ഡിസിയുടെ വേനലിൽ കുളിർമഴ പെയ്യുന്നതുപോലെ. ഏത് ഇരുൾക്കുഴിയും താണ്ടാനുള്ള ജീവിതാസക്തിയുടെ ഊർജം ദിവ്യകണങ്ങളായി ചിതറുന്നതുപോലെ. ചൈനീസ് സാധനാനുഷ്ഠാനമായ ഫാലുൻ ദാഫാ ജീവിതോപാസനയാക്കിയ, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ അയ്യായിരത്തിലേറെപ്പേർ വാഷിങ്ടൻ ഡിസിയിലെ നിരത്തുകൾ ചുറ്റി തേൻപുഴ പോലെ മന്ദമൊഴുകുന്നു.

ചൈനീസ് ടിവി ചാനലുകൾ റാലി നേതാക്കളുടെ ‘ബൈറ്റ്’ എടുക്കുന്നു. ദൃശ്യങ്ങൾ പല കോണുകളിൽനിന്നായി പകർത്താൻ ക്യാമറ കഴുത്തിൽതൂക്കി, ഏണിപ്പടികളുള്ള സ്റ്റൂളുമായി ഓടിനടക്കുന്ന മധ്യവയസ്കയായ ചൈനക്കാരി ഇടയ്ക്കിടെ നിൽക്കുന്നു. പടമെടുത്തു തൃപ്തയായി,  വീണ്ടും മുന്നോട്ടോടുന്നു. ആ ഊർജസ്വലതയും ഒന്നു കാണേണ്ടതു തന്നെ. തികച്ചും വേറിട്ട ആ സമാധാനറാലിയും സംഗീതവും ആസ്വദിച്ചു നിൽക്കുമ്പോൾ മഞ്ഞയുടുപ്പിട്ട ഒരു  ചൈനീസ് യുവതി ലഘുലേഖകളുമായി ഓടിവന്നു. കൈ തന്നു പുഞ്ചിരിയോടെ ചോദിച്ചു: ഫാലുൻ ദാഫായെപ്പറ്റി കേട്ടിട്ടുണ്ടോ?

ഫാലുൻ ദാഫാ അനുയായികൾ യുഎസ്സിൽ നടത്തിയ റാലി. ഫാലുൻ ദാഫാ അനുയായികൾ യുഎസ്സിൽ നടത്തിയ റാലി.

ബുദ്ധ, താവോ പഠനങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ടു ലീ ഹോങ്ജി എന്ന ഗുരു ഫാലുൻ ദാഫാ സ്ഥാപിച്ചത് 1992ൽ. ഫാലുൻ ഗോങ് എന്നും അറിയപ്പെടുന്ന ഇത് ചൈനയിലെ ചാങ്ചുൻ നഗരത്തിലായിരുന്നു മാസ്റ്റർ ലീ ആദ്യമായി പ്രചരിപ്പിച്ചത്.

ജുവാൻ ഫാലുൻ ആണ് ആധാരഗ്രന്ഥം. സത്യം, കരുണ, സഹനം എന്നീ മൂന്നു പ്രാപഗുണങ്ങളാണു ഫാലുൻ ദാഫാ ആശയങ്ങളുടെ അടിസ്ഥാനം. ധ്യാനവും സാധനാനുഷ്ഠാനങ്ങും ഉൾപ്പെട്ട ഇതിൽ പ്രധാനമായും  അഞ്ചു വ്യായാമങ്ങൾ. ബുദ്ധൻ ഒരായിരം കൈകൾ നീട്ടുന്നു (Buddha Stretching a Thousand Arms) എന്ന മനോഹരമായ പേരിലുള്ള ആദ്യത്തെ വ്യായാമം ശരീരത്തിലെ എല്ലാ ഊർജ വഴികളും തുറക്കാനുള്ളതാണ്.

ചൈനയുടെ ധ്യാനം; പാർട്ടിക്ക് അസ്വസ്ഥത

1998ൽ ചൈനയിൽ മാത്രം ഏഴു കോടി പേർ ഫാലുൻ ദാഫാ ജീവിതചര്യയാക്കിയിരുന്നെന്നാണു കണക്കുകൾ. ഇത്ര വലിയൊരുവിഭാഗം ആളുകൾ ഇങ്ങനെ ആത്മീയചൈതന്യം തേടുന്നതു നല്ല കാര്യമായി കാണാൻ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിനു കഴിഞ്ഞില്ല. പാർട്ടിയുടെ നോട്ടപ്പുള്ളികളുടെ കറുത്ത പുസ്തകത്തിൽ ഫാലുൻ ദാഫായും വളരെ പെട്ടെന്ന് ഇടം നേടി. പരമ്പരാഗത മൂല്യങ്ങളിലേക്കു തിരിച്ചുനടക്കുന്ന ഒരു ജനതയെ ഭരണകൂടം വേട്ടയാടുന്നതാണു പിന്നീടു കണ്ടത്. 1999 ജൂലൈ 20 ന്, ആ വേട്ടയ്ക്ക് ഔദ്യോഗിക തുടക്കമിട്ടത് അന്നത്തെ കമ്യൂണിസ്റ്റ് നേതാവ് ജിയാങ് സെമിൻ ആയിരുന്നു. 

ഇന്നും നിലയ്ക്കാതെ അവയവക്കച്ചവടം

മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുപ്രസിദ്ധി നേടിയിട്ടുള്ള ചൈനയിൽ ഫാലുൻ ദാഫാ അനുയായികൾക്കു നേരിടേണ്ടി വരുന്നത് കൊടും പീഡനങ്ങളാണെന്നു മനുഷ്യാവകാശ സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു. ഫാലുൻ ദാഫാ ശീലിക്കുന്നവരാണോ, ചൈനയിൽ അവർക്കു ജീവിതം വഴിമുട്ടി. പൊലീസ് അവരെ വീടുകളിൽ കയറി പിടിച്ചുകൊണ്ടുപോയി. ക്രൂരത നിറഞ്ഞ ക്യാംപുകളിലടച്ച് എല്ലുമുറിയെ പണിയെടുപ്പിച്ചു. ഫാലുൻ ദാഫാ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു ക്രൂര പീഡനത്തിനിരയാക്കി. മർദനമുറ താങ്ങാനാകാതെ പലരും മരിച്ചുവീണു. 3858 പേർ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. യഥാർത്ഥ സംഖ്യ ഇതിലും എത്രയോ കൂടുതലാണെന്നു വിദഗ്ധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അവയവ കച്ചവടത്തിന്റെ സാധ്യതകൾ മുതലെടുത്തു തുടങ്ങിയതും അടിച്ചമർത്തലിന്റെ ഭാഗമായാണ്. ഭരണകൂടവും  ആശുപത്രികളും അവയവ  മാഫിയകളും  ചേർന്നുള്ള കൊടും ക്രൂരതകൾ ചൈനയുടെ മുറിപ്പാടുകളായി ഇന്നും തുടരുന്നെന്നാണ് റിപ്പോർട്ടുകൾ. കമ്യൂണിസ്റ്റ് സർക്കാരിന്റെ ഇത്തരം അടിച്ചമർത്തൽതന്ത്രങ്ങളിലേക്കു ലോകശ്രദ്ധ ക്ഷണിക്കാനാണ് അമേരിക്കയിലുൾപ്പെടെ ഫാലുൻ ദാഫാ അനുയായികൾ വർഷം തോറും പടുകൂറ്റൻ പ്രകടനം നടത്തുന്നത്. 

ഇന്ത്യയിലുമുണ്ട് ഫാലുൻ ദാഫാ

ഇന്ത്യയിലും ഫാലുൻ ദാഫായ്ക്കു വേരുകളുണ്ട്. ഫാലുൻ ദാഫാ പരിശീലിക്കുന്നവരുടെ കൂട്ടായ്മകൾ മുംബൈ, നാഗ്പുർ, പുണെ, ഹൈദരാബാദ്, ബെംഗളൂരൂ, ഡൽഹി, വാരാണസി, ജംഷഡ്പൂർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ സജീവമാണ്. കേരളത്തിലുമുണ്ട്, ഈ ധ്യാനരീതിക്ക് ഒരു പിടി അനുയായികൾ.തൃശൂരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി ഭവാനി ഓടാട്ട് ജുവാൻ ഫാലുൻ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയും പൂർത്തിയാക്കിക്കഴിഞ്ഞു.