Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്തസപര്യയ്ക്ക് ഏഴുപതിറ്റാണ്ടിന്റെ തലയെടുപ്പുമായി ധനഞ്ജയനും ശാന്തയും

Author Details
ശാന്തയും വി.പി. ധനഞ്ജയനും നൃത്താധ്യാപനത്തിൽ. ശാന്തയും വി.പി. ധനഞ്ജയനും നൃത്താധ്യാപനത്തിൽ.

വി.പി. ധനഞ്ജയനും ഭാര്യ ശാന്തയും ശാസ്ത്രഞ്ജരല്ല. ലോകമറിയുന്ന നർത്തകരാണ്. നന്നായി പഠിച്ച ശാസ്ത്രം നാട്യ ശാസ്ത്രം. എങ്കിലും, ഇരുവരും ചേർന്നൊരു ജീവിത കഥയെഴുതുകയാണെങ്കിൽ ഏറ്റവും യോജിച്ച പേരു പരീക്ഷണം എന്നായിരിക്കും. നൃത്ത ലോകം ആരാധനയോടെ ധനഞ്ജയൻസെന്നു വിളിക്കുന്ന ഈ മലയാളി ദമ്പതികളുടെ പരീക്ഷണങ്ങൾ ഭരതനാട്യ അരങ്ങുകളിലായിരുന്നു.മിത്തുകളിലും പുരാണങ്ങളിലും ചുറ്റിക്കറങ്ങിയിരുന്ന ഭരതനാട്യത്തിനു അവർ സമകാലികതയുടെ ഊർജം പകർന്നു.ചിട്ടവട്ടങ്ങളുടെ കെട്ടുപൊട്ടിക്കാതെ തന്നെ കലയെ കൂടുതൽ ജനകീയമാക്കി. ആ പരീക്ഷണങ്ങളുടെയെല്ലാം ലബോറട്ടറിയായ ഭരത കലാഞ്ജലി നൃത്ത വിദ്യാലയത്തിനു ഈ വർഷം അൻപതു തികയുന്നു.ഇരുവരുടെയും നൃത്തസപര്യയ്ക്ക് ഏഴുപതിറ്റാണ്ടിന്റെ തലയെടുപ്പ്. അപ്പോഴും, വോഡഫോൺ പരസ്യത്തിലെ മനംകവരുന്ന ദമ്പതികളായി വേഷമിട്ടും വെള്ളിത്തിരയിലേക്കു ചുവടുവച്ചും അവർ ജീവിതത്തെ പുതുമകളുടെ പരീക്ഷണശാലയാക്കുന്നു.

കലാക്ഷേത്രയെന്ന കളരി

അന്നും ഇന്നും ഇന്ത്യയിലെ നൃത്ത പഠനത്തിന്റെ പ്രഥമ മേൽവിലാസമായ ചെന്നൈ കലാക്ഷേത്രയാണു ഇരുവരുടെയും പഠന കളരി. കണ്ണൂർ പയ്യന്നൂർ വണ്ണതിൽ പുതിയ വീട്ടിൽ ധനഞ്ജയൻ 13-ാം വയസ്സിലാണു അവിടെയെത്തുന്നത്. പാലക്കാട് ചിറ്റൂരുകാരി ശാന്ത എട്ടാം വയസ്സിലും. പ്രായത്തിൽ മാത്രമല്ല, വന്ന വഴികളിലുമുണ്ടായിരുന്നു അന്തരം. പയ്യന്നൂരിലെ സാമ്പത്തികമായി അത്ര മെച്ചമെല്ലാത്ത കുടുംബത്തിൽ നിന്നു ധനഞ്ജയൻ എത്തിയതു ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ്. സ്കോളർഷിപ്പോടെയായിരുന്നു പഠനം. പാലക്കാടാണു സ്വദേശമെങ്കിലും ശാന്തയുടെ കുടുംബം മലേഷ്യയിൽ സ്ഥിര താമസമാക്കിയവർ.നൃത്തത്തിലെ മകളുടെ കഴിവുകണ്ടു കലാക്ഷേത്രയിലയയ്ക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ശാന്ത, ധനഞ്ജയന്റെ മനസ്സിൽ കയറി. ഗുരു രുക്മിണി ദേവി അരുന്തലെയ്ക്കു കീഴിൽ അവർ മികവിലേക്കു ചുവടുവച്ചു. ഒട്ടേറെ ഭരതനാട്യ വേദികളിൽ രാമനും സീതയുമായി. പിന്നീട് ജീവിതത്തിന്റെ അരങ്ങിലും പരസ്പരം കൈചേർത്തുപിടിക്കാൻ തീരുമാനിച്ചു.

ഭരതകലാഞ്ജലി പിറക്കുന്നു

പഠനത്തിനു ശേഷം ഇരുവരും കലാക്ഷേത്രയിൽ തന്നെ  അധ്യാപകരായി. പുതിയ ആശയങ്ങൾക്കൊരു വേദിയെന്ന  ചിന്തയും സാമ്പത്തിക ബാധ്യതയും കലാക്ഷേത്രയ്ക്കപ്പുറത്തേയ്ക്കു ചിന്തിക്കാൻ ധനഞ്ജയനെ പ്രേരിപ്പിച്ചു.സ്വന്തം കഴിവിലുള്ള വിശ്വാസവും ശാന്തയുടെ ഉറച്ച പിന്തുണയും മാത്രമായിരുന്നു മൂലധനം. അങ്ങനെ, ഒന്നര പതിറ്റാണ്ടു നീണ്ട കലാക്ഷേത്ര ബന്ധം അവസാനിപ്പിച്ച് 1968-ൽ ധനഞ്ജയൻ ഭരതകലാഞ്ജലി തുടങ്ങി. രണ്ടു വർഷത്തിനു ശേഷം ശാന്തയും ഒപ്പം ചേർന്നു. ഒരു വിദ്യാർഥിയുമായി  തുടങ്ങിയ സ്ഥാപനത്തിൽ ആദ്യ ചുവടുവച്ചവർ ഇന്നു ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. കഴിഞ്ഞ 50 വർഷത്തെ ഭരതനാട്യത്തിന്റെ ചരിത്രമെഴുതിയാൽ അതിൽ ആദ്യ അധ്യായമായി ഭരതകലാഞ്ജലിയുണ്ടാകും.

പരീക്ഷണങ്ങളുടെ അരങ്ങ്

നിലവിൽ വന്നു രണ്ടു വർഷത്തിനു ശേഷം 1970-ലായിരുന്നു ഭരതകലാഞ്ജലിയുടെ ആദ്യ വഴിത്തിരിവ്.  കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള നാടോടി-ക്ലാസിക്കൽ നൃത്ത രൂപങ്ങൾ സമന്വയിപ്പിച്ച ഐക്യഭാരതം നൃത്തപരിപാടി വൻ  ഹിറ്റായി. മുപ്പതു വർഷത്തിനിടെ മൂവായിരത്തിലധികം വേദികളിലാണ് ഇത് അവതരിപ്പിച്ചത്.ലഹരി മരുന്നു ഉപയോഗത്തിനെതിരായ ബോധവൽക്കരണവുമായി ഇംഗ്ലണ്ടിൽ അവതരിപ്പിച്ച ‘ഘനശ്യാമോടെ’ ഇവർ ലോകമറിയുന്ന നർത്തകരായി. പണ്ഡിറ്റ് രവി ശങ്കറിനൊപ്പം ഇംഗ്ലണ്ടിലവതരിപ്പിച്ച ഈ ഷോ വരാനിരിക്കുന്ന വലിയ വേദികളിലേക്കു ആദ്യ ചുവടായിരുന്നു. ഇന്ത്യൻ സംഗീത ലോകത്തെ കുലപതികളായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവകുമാർ ശർമ എന്നിവർക്കൊപ്പം പാരീസിൽ അവതരിപ്പിച്ച നൃത്തപരിപാടിയും വൻ ശ്രദ്ധ നേടി.റുഡ്യാർഡ് ക്ലിപ്പിങ്ങിന്റെ  ജംഗിൾ ബുക്കിനു ഭരതനാട്യ ആവിഷ്കാരം നൽകിയത്  അരങ്ങിലെ വിപ്ലവമായിരുന്നു. വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണു ഇതിനു ലഭിച്ചത്.

ശാന്തയും വി.പി. ധനഞ്ജയനും.

കുമാരനാശാന്റെ കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയം, തമിഴിലെ പ്രശസ്ത കൃതികൾ എന്നിവയ്ക്കെല്ലാം ധനഞ്ജയൻ ദമ്പതികൾ അരങ്ങിൽ നൃത്താവിഷ്കാരമൊരുക്കി. കൈയ്യടികൾക്കിടെ ശുദ്ധ കലയിൽ വെള്ളം ചേർത്തുവെന്ന വിമർശനങ്ങളും ഉയർന്നു. എല്ലാം അവർ പുതിയ ചുവടുകൾക്കുള്ള ഊർജമാക്കി. ഇന്ത്യൻ വിനോദസഞ്ചാര വകുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായതും അടുത്ത നാഴികക്കല്ലായി.അമേരിക്കയിൽ 25 വർഷത്തോളം നൃത്തപഠനത്തിനായി ഗുരുകുല സമ്പ്രദായത്തിലുള്ള അക്കാദമി നടത്തി. 

തുറന്നെടുത്ത പുതുവഴികൾ

നൃത്തം ഒരിക്കലും നിശ്ചല വസ്തുവല്ല, അത് പുഴപോലെ ഒഴുകിക്കൊണ്ടിരിക്കണം-കലാക്ഷേത്രയിലെ ഗുരു രുക്മിണി അരുന്തലെയുടെ വാക്കുകളാണു ധനഞ്ജയൻ ദമ്പതികളെ മുന്നോട്ടു നയിക്കുന്ന വെളിച്ചം. അതിന്റെ കരുത്തിൽ അവർ പുതിയ വഴികൾ തുറന്നെടുത്തപ്പോൾ പല നെറ്റികളും ചുളിഞ്ഞു. കല്യാണ പരിപാടികളിൽ ഭരതനാട്യം അവതരിപ്പിക്കാൻ ഇവർ തീരുമാനിച്ചപ്പോൾ പലരും പിറുപിറുത്തു. എം.എസ്.സുബ്ബലക്ഷമിക്കു കല്യാണ പരിപാടിയിൽ പാടാമെങ്കിൽ ഞങ്ങൾക്കു നൃത്തവും ചെയ്യാമെന്നു ധനഞ്ജയൻ ഉറക്കെത്തന്നെ പറഞ്ഞു.നൃത്തത്തിനെടുക്കുന്ന അധ്വാനത്തിനു കൃത്യമായ പ്രതിഫലം വേണമെന്നു വാശിപിടിച്ചപ്പോൾ ചെന്നൈയിലെ വരേണ്യ ഗാനസഭകൾ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി.പിന്നീട് പ്രശസ്തമായ കൃഷ്ണ ഗാനസഭ നൃത്യചൂഢാമണി അവാർഡ് നൽകി അവർ തന്നെ തെറ്റുതിരുത്തി.

വോഡഫോൺ ദമ്പതികൾ

വിമാനത്താവളങ്ങളിലും പൊതുസ്ഥലങ്ങളിലും പുതുതലമുറ ധനഞ്ജയൻ ദമ്പതികളുടെ അടുത്തേയ്ക്കു വരുന്നതു ഒരു ചോദ്യവുമായാണ്- വോഡഫോണ്‍ കപ്പിൾസല്ലേ? പിന്നെ സെൽഫിയായി, ഓട്ടോഗ്രാഫായി. കഴിഞ്ഞ സീസണിലെ ഐപിഎൽ സമയത്ത് വോഡഫോൺ ഇവരെ മോഡലാക്കി ചെയ്ത പരസ്യം സൂപ്പർ ഹിറ്റായിരുന്നു.ഗോവയിൽ രണ്ടാം മധുവിധു ആഘോഷിക്കുന്ന മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടികളോട് വീഡിയോ കോൾ വഴി ആശയ വിനിമയം നടത്തുന്നതുമായിരുന്നു പരസ്യത്തിന്റെ പ്രമേയം. നേരത്തെ നൃത്ത വേദികളിലെ താര ദമ്പതികളായ ഇവർക്കു പരസ്യത്തോടെ പുറത്തും ആരാധകരായി . ഫൊട്ടോഗ്രഫറായ മകൻ സത്യജിത്തിന്റെ സുഹൃത്തുക്കൾ വഴിയാണു പരസ്യത്തിലേക്കെത്തുന്നത്.

പരസ്യത്തിൽ തകർത്ത് അഭിനയിച്ചതോടെ സിനിമ വന്നു വിളിച്ചു. ശാന്ത, സർവം താളമയം എന്ന ചിത്രത്തിൽ അഭിനയിച്ചു. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെടുമുടി വേണുവിന്റെ ഭാര്യയുടെ വേഷമാണ്. ഗൗതം മേനോൻ സംവിധാനം ചെയ്ത വിക്രം നായകനായ ധ്രുവനക്ഷത്രം എന്ന ചിത്രത്തിൽ ധനഞ്ജയൻ അഭനയിക്കുന്നു. അമിതാഭ് ബച്ചനായി കണ്ടുവച്ചിരുന്ന വേഷമാണു ചിത്രത്തിൽ. നല്ല സിനിമകൾ വന്നാൽ നോ പറയേണ്ടെന്നാണു തീരുമാനം.

കേരളം തന്ന വേദന

ചെറുപ്പത്തിൽ നാടു വിട്ടെങ്കിലും മനസ്സിൽ തനി മലയാളികളാണു ധനഞ്ജയനും ശാന്തയും. വിശേഷ അവസരങ്ങളിലെല്ലാം കേരളീയ വേഷമണിയാനാണു ഇഷ്ടം. എന്നാൽ, കേരളം തിരിച്ചുനൽകിയതു മുറിവുകൾ മാത്രമാണ്. ജന്മനാടിനോടുള്ള ഇഷ്ടം കൊണ്ടാണു ഭാസ്കര എന്ന നൃത്തവിദ്യാലയം പയ്യന്നൂരിൽ ആരംഭിച്ചത്. സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാർഥികൾക്കു സൗജന്യപഠനമുൾപ്പെടെ പദ്ധതികളായിരുന്നു മനസ്സിൽ. നല്ല നിലയിൽ നടന്നിരുന്ന സ്ഥാപനത്തെ പിന്നീട് ചിലർ കേസ് നൽകി നശിപ്പിച്ചു.

കേരളത്തോട് തീരാത്ത ഇഷ്ടമുണ്ടെങ്കിലും അവിടെ ഒരു സംരംഭമെന്നു ചിന്തിക്കുമ്പോഴേക്കും പഴയ വേദന തികട്ടി വരും. ഭരതകലാഞ്ജലി ആരംഭിക്കുമ്പോൾ ധനഞ്ജയനു പ്രായം 29. ഇപ്പോൾ 79 വയസ്സായി. ശാന്തയ്ക്കു 75. അരങ്ങിൽ പരീക്ഷണങ്ങളുടെ മുദ്രചാർത്തിയ ഈ നാട്യാചാര്യരെ രാജ്യം 2009-ൽ പത്മഭൂഷൺ നൽകി ആദരിച്ചു. നാട്യശാസ്ത്രത്തിലെ 108 കരണങ്ങളുടെ ശിൽപം നിർമിക്കുകയാണു ഇനി മനസ്സിലുള്ള സ്വപ്നം.