Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റിലിടറാത്ത വിളക്കുമരം; രാഷ്ട്രീയത്തിലെ അതികായന് ഇന്ന് ജന്മശതാബ്ദി

Author Details
baby-john-sketch വര: അജിൻ കെ.കെ.

അറബിക്കടലിനോരത്ത്, അടുക്കിക്കെട്ടിയ കടൽഭിത്തിക്കൊരു പേരുണ്ടായിരുന്നു - േ=ബബി ജോൺ. കാറ്റിലും കോളിലുംനിന്നു ചവറയെ കാത്തുസൂക്ഷിച്ചു നീണ്ടുനിവർന്നങ്ങനെ നിന്ന കരിങ്കൽക്കെട്ട്. തിരമാലകളിൽ ആടിയുലയാതെ, കടൽച്ചുഴികളിൽ നിലതെറ്റാതെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ചവറ എന്ന വലിയ ഗ്രാമത്തെ അടയാളപ്പെടുത്തിയ വിളക്കുമരത്തിനും ബേബി ജോൺ എന്നു പേര്. 

ബേബി ജോണിനെ വാക്യത്തിൽ പ്രയോഗിച്ചാലും ഉപമിച്ചാലും കരിമണൽ കടന്നുവരുന്നത് ആരുടെയും കുറ്റമല്ല. കടൽ കോരിവച്ച കരിമണലിൽ പിച്ചവച്ച നേതാവ് കേരള രാഷ്ട്രീയത്തിന്റെ തലപ്പൊക്കമായിരുന്നു. ആറടിയിലേറെയുള്ള ആ ഔന്നത്യത്തിനു ഇന്ന് ജന്മശതാബ്ദി. 

അതാണു മഹാകവി ഒഎൻവി എഴുതിയത്: ‘‘‘മനുഷ്യാവകാശം’ എന്ന പദം ഞാൻ ആദ്യമായി കേട്ടതും ഈ കറുത്ത മണ്ണിൽ കുങ്കുമം വിതറിയ ഒരു സായംസന്ധ്യയിലാണ്. ഒന്നുമറിയാത്തപോലെ ഇന്നുമൊഴുകുന്ന ഈ തോടിന്റെ മറുകരയുള്ളൊരു മൊട്ടപ്പറമ്പിൽ ഒരു ചുവന്ന കൊടിയുടെ കീഴിൽ നിന്നു സംസാരിച്ചിരുന്ന അവരുടെ മുഖങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു - കണ്ണന്തോടത്തിന്റെ (കണ്ണന്തോടത്തു ജനാർദനൻ നായർ), ശ്രീകണ്ഠൻ ചേട്ടന്റെ (എൻ.ശ്രീകണ്ഠൻ നായർ), ബേബി ജോണിന്റെ... അവരെ ആരെല്ലാം മറന്നാലും ഈ മൺതരികൾ മറക്കില്ല.’’ 

baby-statue നീണ്ടകരയിലെ ബേബി ജോൺ സ്മാരകത്തിനു മുന്നിൽ ഭാര്യ അന്നമ്മയും മകൻ ഷിബു ബേബി ജോണും. ചിത്രം: തോമസ് മാത്യൂ ∙ മനോരമ

നാടിന്റെ സ്വന്തം ബേബി സാർ 

ആദ്യം പഠിച്ച നീണ്ടകരയിലെ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പിന്നീട് അധ്യാപകനായി ചെന്ന ബേബി ജോണിന് അങ്ങനെയാണ് ആ പേരു കിട്ടിയത് – ‘ബേബി സാർ’. പിന്നെ അതു പാർട്ടിയിലെ വിളിപ്പേരായി; ചവറയുടെയും. 

ചവറയെ ഏറ്റവും കൂടുതൽ കാലം നിയമസഭയിൽ പ്രതിനിധീകരിച്ച ബേബി ജോണിനു തൊഴിലാളികളെ വിട്ടൊരു കളിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ ‘ലേബർ ഫീൽഡ്’. അതേക്കുറിച്ചു തോപ്പിൽ ഭാസി എഴുതി: ‘‘ചവറയിലെ ചില യുവാക്കൾ ആർഎസ്പിയുമായി അഭിപ്രായവ്യത്യാസത്തിലാണെന്നു ഞങ്ങൾ അറിഞ്ഞു. അതുപയോഗപ്പെടുത്തി ചവറയിലെ തൊഴിലാളികൾക്കിടയിൽ സംഘടനയുണ്ടാക്കാൻ തീരുമാനിച്ചു. തൊഴിലാളികളെ ഒറ്റയ്ക്കും ചെറു ഗ്രൂപ്പുകളായും കണ്ടു സംസാരിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായം - ബേബി സാറിന്റെ യൂണിയൻവിട്ടു ഞങ്ങൾ മറ്റൊന്നിൽ ചേരില്ല. ഞങ്ങൾക്കു വേഗം മനസ്സിലായി. ആർഎസ്പിയല്ല, ബേബി ജോൺ ആണു പ്രശ്നം. ബേബി ജോൺ കമ്മിറ്റി കൂടി പ്രസംഗിച്ചിട്ടു പോകുന്ന ട്രേഡ് യൂണിയൻ േനതാവല്ല. ഓരോ തൊഴിലാളിയുടെയും ദൈനംദിന പ്രശ്നങ്ങളിൽപോലും ഇടപെട്ട് അവരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച ആളാണെന്നു ബോധ്യപ്പെട്ടു.’’ 

സ്വകാര്യ കമ്പനികൾ കുത്തകയാക്കി വച്ചിരുന്ന കരിമണൽ ഉൾപ്പെടെയുള്ള ധാതുസമ്പത്ത് ഇവിടെത്തന്നെ വേർതിരിച്ച് ഉൽപന്നങ്ങളാക്കി തൊഴിലവസരങ്ങൾ വർധിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചതു ബേബി ജോൺ ആണ്. 1200 കോടി രൂപ ചെലവിൽ ചവറയിൽ ടൈറ്റാനിയം കോംപ്ലക്സ് (കെഎംഎംഎൽ) സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി നേടിയെടുത്തത് അതിന്റെ ഫലം. 

M.K. Muneer

മുനീർ പാടി, ബേബി ആടി 

1991ൽ കെ.കരുണാകരൻ മുഖ്യമന്ത്രി. കല്ലായിപ്പുഴയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സബ്മിഷൻ ഉന്നയിക്കവേ ഡോ. എം.കെ.മുനീർ നിയമസഭയിൽ പാട്ടു പാടി: ‘‘പതിനാലാം രാവുദിച്ചതു മാനത്തോ, കല്ലായിക്കടവത്തോ...’’ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ സി.എച്ച്.മുഹമ്മദ് കോയയുടെ മകന്റെ പാട്ടു കേട്ട്, പ്രതിപക്ഷ നിരയിൽനിന്നു ചാടിയെണീറ്റു ബേബി ജോൺ ഡാൻസ് കളിച്ചു മുനീറിനെ പ്രോത്സാഹിപ്പിച്ചു. കരുണാകരനുപോലും ചിരിയടക്കാനായില്ല. പിറ്റേന്നു പത്രങ്ങൾ എഴുതി: ‘‘മുനീർ പാടി, ബേബി ആടി...’’ 

nk-premachandran

നാലു പതിറ്റാണ്ടോളം നിയമസഭാംഗവും അതിൽ മൂന്നു പതിറ്റാണ്ടോളം മന്ത്രിയുമായിരുന്ന ബേബി ജോൺ സഭയിലെ തുടക്കക്കാർക്കു തുണയായിരുന്നു; ധൈര്യവും. മുന്നണി സംവിധാനത്തിന്റെ പരീക്ഷണങ്ങളിൽ നയതന്ത്രജ്ഞതയുടെ അനന്തസാധ്യതകൾ കാട്ടിക്കൊടുത്തപ്പോൾ കേരള കിസിഞ്ജർ എന്ന പേരു വീണു. ‘‘കോൺഗ്രസുമായി ബന്ധമുണ്ടായിരുന്ന 1969-80 കാലത്താണ് ആർഎസ്പി ഏറ്റവും പുഷ്പിച്ചത്. കോൺഗ്രസും സിപിഐയും ആർഎസ്പിയും മുസ്‌ലിം ലീഗുമൊക്കെ ഉൾപ്പെടുന്ന ആ മുന്നണിയുടെ സാധ്യതകൾ ഏറ്റവുമാദ്യം തിരിച്ചറിഞ്ഞതും മറ്റാരുമായിരുന്നില്ല.’’ - എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാക്കുകൾ. 

aryadan-muhammed

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ 

‘‘ഞാൻ മലപ്പുറം ഡിസിസി പ്രസിഡന്റായിരിക്കുന്ന കാലം. ജില്ലയിൽ കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ പൊരിഞ്ഞ പോര്. പരിഹരിക്കാൻ അന്നത്തെ മുന്നണി ഏകോപനസമിതി മൂന്നംഗ ഉപസമിതിയെ മലപ്പുറത്തേക്കു വിട്ടു. കെപിസിസി പ്രസിഡന്റ് കെ.കെ.വിശ്വനാഥൻ, ബേബി ജോൺ, വെളിയം ഭാർഗവൻ എന്നിവരടങ്ങുന്ന സമിതി ചർച്ച വിളിച്ചു. കോൺഗ്രസിൽനിന്നു ഞാൻ. മറുഭാഗത്ത് ഉമർ ബാഫഖി തങ്ങളും യു.എ.ബീരാനും. ഇരുകൂട്ടരും ആവോളം വാദിച്ചു. 555 സിഗരറ്റ് ഒരെണ്ണം വലിച്ചുതീരുന്ന സമയംകൊണ്ടു പ്രശ്നം പരിഹരിച്ച് ആൾ ചവറയ്ക്കു മടങ്ങി.’’ - മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വാക്കുകളിൽ ആവേശം. 

‘‘നായനാർ മന്ത്രിസഭയിൽ ഞാനും ആർ.ബാലകൃഷ്ണപിള്ളയും മന്ത്രിമാർ. പിള്ളയ്ക്കു വൈദ്യുതി വകുപ്പ്. കർശനക്കാരനെന്നു പേരുകേട്ട ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കെതിരെ പരാതി കിട്ടിയപ്പോൾ മുഖ്യമന്ത്രി നായനാർ അയാളെ സസ്പെൻഡ് ചെയ്തു. വിഷയം മന്ത്രിസഭയിൽ വന്നു. ക്രമപ്രശ്നവുമായി എഴുന്നേറ്റതു ബേബി ജോൺ. ഓരോ വകുപ്പിന്റെയും തലവൻ അതിന്റെ മന്ത്രിയാണ്. മന്ത്രിക്കല്ലാതെ ഇത്തരം തീരുമാനമെടുക്കാൻ അധികാരമില്ല. ‘Chief Minister is first among the equals...' ബേബി ജോണിന്റെ വാക്കുകൾക്കു മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ അധികാരത്തെ ബേബി ജോൺ നിർവചിച്ചതു സർക്കാർ രേഖകളിലുണ്ട്.’’ 

06-nayanar-half-clr

നായനാർക്ക് ഒരുമ്മ 

മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുമായുള്ള ബന്ധത്തിൽ ബേബി ജോണിനു ‘ബേബി ഹാജി’ എന്ന പേരു വീണതും ചരിത്രം. ‘‘പാർട്ടിക്കകത്തുള്ള ആളായിരുന്നു ഞങ്ങൾക്ക് അദ്ദേഹം. കോഴിക്കോട് ലീഗ് ഹൗസിൽ പാർട്ടി യോഗം ചേരുമ്പോൾ അതിൽ വന്നിരിക്കാൻ അവകാശമുള്ള പുറത്തുനിന്നുള്ള ഏക ആൾ. ഒരിക്കൽ അദ്ദേഹം കോഴിക്കോട്ടു വന്നപ്പോൾ ബാപ്പ ലീഗ് ഹൗസിൽ യോഗത്തിലായിരുന്നു. അദ്ദേഹം യോഗഹാളിലേക്കു വന്ന് ഒറ്റ ഇരിപ്പ്. ലീഗ് വിട്ട് ഒരു വിഭാഗം അഖിലേന്ത്യാ ലീഗ് ഉണ്ടാക്കുന്ന കാലമാണത്. ഒത്തുതീർപ്പ് ചർച്ചയ്ക്കുള്ള വരവാണ്. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടായിരുന്നു.’’ - മുനീർ പറയുന്നു. 

ആർഎസ്പി ഇടതുമുന്നണിയിലെത്തിയപ്പോഴും ബേബി ജോൺ ആയിരുന്നു മുന്നണിയുടെ നെടുംതൂണുകളിലൊന്ന്. ഇ.കെ.നായനാരുമായി ഉണ്ടായിരുന്ന ആത്മബന്ധം അത്രമാത്രം ആഴത്തിലുള്ളതായിരുന്നു. ‘‘കിടപ്പിലായപ്പോൾ ഒരു ദിവസം നായനാർ സന്ദർശിക്കാനെത്തി. എന്താണു കൊടുക്കുക എന്നു ഞാൻ പപ്പാച്ചനോടു ചോദിച്ചു. കരിക്കോ അതോ ചായയോ? പപ്പാച്ചൻ ആംഗ്യരൂപത്തിൽ പറഞ്ഞു: ‘വരട്ടെ, ഞാൻ ഒരു ഉമ്മ കൊടുക്കും.’ നായനാർ മടങ്ങാൻനേരം പപ്പാച്ചനല്ല ഉമ്മ കൊടുത്തത്. പപ്പാച്ചനെ കെട്ടിപ്പിടിച്ചു നായനാർ ഉമ്മ കൊടുത്തു.’’ - ഓർമയുടെ ആഴങ്ങളിൽ ഭാര്യ അന്നമ്മ ഓർത്തു. 

ബേബി ജോൺ ആരോഗ്യത്തോടെ ഉണ്ടായിരുന്നെങ്കിൽ ആർഎസ്പി പിളരുമായിരുന്നോയെന്നും പിന്നീട് ഇടതുമുന്നണി വിടുമായിരുന്നോയെന്നും ചോദിക്കുന്നവരുണ്ട്. ബേബി ജോൺ ഉണ്ടായിരുന്നെങ്കിൽ ആർഎസ്പിയെ അവഗണിക്കാൻ ധൈര്യമുണ്ടാകില്ലായിരുന്നുവെന്നു പറയുന്നവർ സിപിഎമ്മിലാണ് ഏറെ. ‘‘പപ്പാച്ചൻ കിടപ്പിലായിരുന്ന കാലത്താണ് 1999ൽ പാർട്ടി പിളരുന്നത്. സംസാരിക്കാൻ കഴിയുമായിരുന്നില്ലെങ്കിലും അദ്ദേഹം എല്ലാം അറിയുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിനു വേദന തോന്നാത്തവിധം ഞാൻ പിളർപ്പിന്റെ കാര്യം പറഞ്ഞു. ആ മുഖഭാവം വല്ലാതെ മാറി. ഭയങ്കര ദേഷ്യം മുഖത്തു കണ്ടു. അവ്യക്തമായ ഭാഷയിൽ ‘പറ്റില്ല’ എന്നു പറഞ്ഞതു ഞാൻ കേട്ടു.’’ - മകൻ മുൻമന്ത്രി ഷിബു ബേബി ജോൺ പറയുന്നു. 

ചത്തതു സരസനെങ്കിൽ കൊന്നതു ബേബി ജോൺ 

കവലകൾതോറും സരസന്റെ ഫോട്ടോ വച്ചു കഞ്ഞിവീഴ്ത്ത് നടത്തി കോൺഗ്രസുകാർ വോട്ടുപിടിച്ച കാലം. ചവറ ഐആർഇ ജീവനക്കാരനായിരുന്ന സരസൻ ഒരു ദിവസം അപ്രത്യക്ഷനായി. ആർഎസ്പി യൂണിയൻ പ്രവർത്തകനായിരുന്ന സരസൻ ഉദ്യോഗക്കയറ്റത്തെ തുടർന്ന് ഐഎൻടിയുസി നേതൃത്വത്തിലുള്ള യൂണിയനിൽ ചേർന്നു. 1980കളുടെ തുടക്കത്തിലാണു സംഭവം. 

പിന്നീടു കഥ ഇങ്ങനെ പരന്നു: ‘‘സരസനെ ജീപ്പ് കയറ്റിക്കൊന്നു. മൃതദേഹം വാനിൽ ബേബി ജോണിന്റെ നീണ്ടകരയിലെ ഐസ് ഫാക്ടറിയിലെത്തിച്ചു വെട്ടിനുറുക്കി കടലിൽ താഴ്ത്തി തിമിംഗലങ്ങൾക്കു തീറ്റയായി നൽകി.’’ ആർഎസ്പി എന്ന കൊച്ചു പ്രസ്ഥാനത്തിന്റെയും അതിന്റെ അമരക്കാരനായ ബേബി ജോണിന്റെയും നിലനിൽപുതന്നെ അപകടത്തിലാക്കി സരസൻ സംഭവം കേരളമാകെ അലയടിച്ചു. 

അന്വേഷണത്തിന്റെ പേരിൽ പൊലീസിന്റെ പീഡനങ്ങളേറ്റുവാങ്ങിയ ആർഎസ്പി നേതാവ് ചവറ വാസുപിള്ള ഉൾപ്പെടെ എത്രയോപേർ ഇന്നും ചവറയിലുണ്ട്. സരസൻ സമസ്യയായി നിൽക്കുമ്പോഴാണ് 1982ലെ തിരഞ്ഞെടുപ്പ്. ആർഎസ്പി കുടുംബങ്ങളിലെ സ്ത്രീകൾപോലും സരസന്റെ ‘ഘാതകർ’ക്കെതിരെ വോട്ടുപിടിക്കാനിറങ്ങി. ബേബി ജോൺ പതറി; പക്ഷേ, വീഴ്ത്താനായില്ല. 621 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും നിയമസഭ കണ്ടു. ‘കടലിൽ താഴ്ത്തപ്പെട്ട’ സരസനെ അഞ്ചു വർഷം കഴിഞ്ഞ് അന്വേഷണസംഘം കണ്ടെത്തി. അന്വേഷണസംഘത്തലവൻ ഈ വിവരം ആദ്യം അറിയിച്ചതു ബേബി ജോണിനെ ആയിരുന്നു. കേട്ടപാടെ ബേബി ജോൺ പറഞ്ഞു: ‘‘എനിക്കറിയാം, അവനെ ആരും കൊന്നിട്ടില്ലെന്ന്.’’ ബേബി ജോണിന് അത്ര ഉറപ്പായിരുന്നു. കൊല്ലത്തെ ടെലിഫോൺ എക്സ്ചേഞ്ചിലെ ജീവനക്കാരുടെ സഹായത്തോടെ ഫോൺ കോളുകൾ നിരീക്ഷിക്കാൻ ബേബി ജോൺ പ്രത്യേകം ചട്ടംകെട്ടിയിരുന്നു. സരസൻ ജീവിച്ചിരിപ്പുണ്ടെന്ന് അങ്ങനെ ആദ്യം കണ്ടെത്തിയതും മറ്റാരുമായിരുന്നില്ല!!! 

Shibu Baby John

കരുതലുള്ള കാരണവർ 

‘‘ഞാൻ രാഷ്ട്രീയത്തിലിറങ്ങുന്നതിനോടു പപ്പാച്ചന് ആദ്യം അത്ര താൽപര്യമായിരുന്നില്ല. കിടപ്പായപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ സജീവമായി. എന്റെ ഓരോ പ്രവർത്തനവും പപ്പാച്ചൻ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉറപ്പായിരുന്നു.’’ - ഷിബുവിന്റെ വാക്കുകൾ. 

‘‘ഞാൻ അന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്. പാർട്ടി പ്രവർത്തനത്തിനൊപ്പം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അത്യാവശ്യം പ്രാക്ടീസുമൊക്കെയായി കഴിയുന്നു. 1994 കാലം. ബേബി സാർ എന്നെ എംഎൽഎ ഹോസ്റ്റലിലേക്കു വിളിപ്പിച്ചു. കണ്ടപാടെ അദ്ദേഹം പറഞ്ഞു: ‘കൊല്ലത്തു വക്കീലോഫിസ് തുറക്കണം.’ അറച്ചുനിന്നപ്പോൾ ശാസനം: ‘പറയുന്നതു കേട്ടാൽ മതി.’ 1996ലാണു ഞാൻ അറിയുന്നത്, കൊല്ലം ലോക്സഭാ സീറ്റിൽ എന്നെ സ്ഥാനാർഥിയാക്കാനുള്ള ദീർഘവീക്ഷണമായിരുന്നു അതെന്ന്.’’ - പ്രേമചന്ദ്രൻ ഓർത്തു. 

പപ്പാച്ചൻ പ്രാർഥിച്ചു 

‘‘പപ്പാച്ചൻ കിടപ്പിലായ കാലം ഞങ്ങൾക്ക് ഒരുമിച്ചു പ്രാർഥിക്കാൻ കിട്ടിയ സമയമായിരുന്നു. പപ്പാച്ചൻ കട്ടിലിൽ കിടക്കുമ്പോൾ ഞാൻ അടുത്തിരുന്നു കുരിശിന്റെ വഴി വായിക്കും. കേൾക്കുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. വായനയ്ക്കിടയിൽ എനിക്കൊന്നു തെറ്റിയാൽ, അദ്ദേഹം കൈ നീട്ടി തോണ്ടും. 10-ാമത്തെ സ്ഥലം വായിച്ചോ എന്ന് ആംഗ്യത്തിൽ ചോദിക്കും. എനിക്കതു വല്ലാത്ത അത്ഭുതമായിരുന്നു. 

അവസാനകാലത്ത്, സങ്കീർത്തനം 91-ാം അധ്യായം ഞാൻ പകർത്തിയെഴുതി പപ്പാച്ചന്റെ പോക്കറ്റിലിട്ടുകൊടുത്തു: ‘അവിടുന്നു നിന്നെ വേടന്റെ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും രക്ഷിക്കും. തന്റെ തൂവലുകൾ കൊണ്ടു അവിടുന്നു നിന്നെ മറച്ചുകൊള്ളും. അവിടുത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും...’ അതൊരു ധൈര്യമായി എനിക്കു തോന്നിയിരുന്നു.’’ - ബേബി ജോണിന്റെ പ്രിയപ്പെട്ട ഓമന(വിളിപ്പേര്)യുടെ വാക്കുകളിൽ നനവൂറി. പാർട്ടിയുടെ പേരിൽ പള്ളിയിൽനിന്നു പുറത്താക്കപ്പെട്ട ബേബി ജോണിന്, കന്യാസ്ത്രീയാവാൻ കൊതിച്ച അന്നമ്മയെ ഭാര്യയായി കിട്ടിയതു ചരിത്രമാണല്ലോ. 

ബേബി ജോൺ  - ജീവിതരേഖ

കൊല്ലം നീണ്ടകര വയലിൽ ബംഗ്ലാവിൽ സെബാസ്റ്റ്യൻ ജോണിന്റെയും മേരിയുടെയും 12 മക്കളിൽ മൂത്തയാളായി 1917 ഒക്ടോബർ 28നു ജനനം. സഹോദരങ്ങളെല്ലാം ചെറുപ്പത്തിലേ മരിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീടു സ്റ്റേറ്റ് കോൺഗ്രസിൽ സജീവം. പലതവണ ജയിൽവാസം. പിന്നീടു കെഎസ്പിയിലൂടെ വന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി മുതൽ ജനറൽ സെക്രട്ടറി വരെയായി. പാളയംകോട്ട സെന്റ് സേവ്യേഴ്സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ പഠിപ്പുമുടക്കു സമരത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ബേബി ജോൺ, പിന്നീടു തേവര സേക്രഡ് ഹാർട്ട് കോളജിലെത്തിയപ്പോഴും വീര്യത്തിനു കുറവൊന്നുമുണ്ടായില്ല. സ്കൂൾ ഉദ്ഘാടനത്തിനെത്തിയ സർ സി.പി.രാമസ്വാമി അയ്യരുടെ കാർ തടഞ്ഞ ബേബി ജോണും സംഘവും സിപി ഇരുന്ന വേദിയിലേക്കു കല്ലെറിയുകയും ചെയ്തു. പാലക്കാട് വിക്ടോറിയ കോളജിലായി പിന്നീടു പഠനം. സിപിയെ വെട്ടിയശേഷം പാലക്കാട്ടേക്കു രക്ഷപ്പെട്ട കെ.സി.എസ്.മണിയെ ഒളിസങ്കേതത്തിലെത്തിച്ചതും ബേബി ജോൺ. കരിമണൽ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടിയ കൊല്ലം ചവറ ലഹളക്കേസിലെ ഒന്നാം പ്രതിയും ബേബി ജോൺ ആയിരുന്നു. ആ കേസിൽ തനിക്കുവേണ്ടി കോടതിയിൽ വാദിച്ചതും അതേ ഒന്നാം പ്രതി! 

സി.അച്യുതമേനോൻ, കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ, ഇ.കെ.നായനാർ എന്നീ മുഖ്യമന്ത്രിമാരോടൊപ്പം ഏഴു മന്ത്രിസഭകളിൽ അംഗമായി. റവന്യു, തൊഴിൽ, വിദ്യാഭ്യാസം, സഹകരണം, ജലസേചനം, എക്സൈസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 1997ൽ രോഗബാധിതനായി. 10 വർഷത്തിനുശേഷം, 2008 ജനുവരി 29ന് അന്തരിച്ചു.