Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി.തമ്പിയുടെ സ്വപ്ന പദ്ധതി അക്ഷരവിരോധികൾ ഇല്ലാതാക്കിയ കഥ

vijayalakshmi-thampi പി.വി.തമ്പിയുടെ ഭാര്യ വിജയലക്ഷ്മി. ചിത്രം: ആർ.എസ്. ഗോപൻ

ഏറ്റവും വലുതിനു വേണ്ടിയായിരുന്നു ആ ചെറിയ തുടക്കം. മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ നോവലിനു വേണ്ടി. എഴുത്തുകാരൻ പി.വി.തമ്പിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ മരണത്തോടെ നിലച്ചു. അദ്ദേഹത്തിന്റെ കൈപ്പടയിൽ ശേഷിച്ച കയ്യെഴുത്തുപ്രതി, വീട്ടിൽ കവർച്ചയ്ക്കു കയറിയ അക്ഷരവിരോധികൾ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു. എഴുത്തിന്റെ വലുപ്പമറിയാതെ ചില കള്ളന്മാർ മലയാള സാഹിത്യത്തോടു ചെയ്ത ആ ക്രൂരതയെക്കുറിച്ച്...

ഹോമത്തിൽ തുടങ്ങിയ എഴുത്തുമോഹം

ജീവിക്കാൻ വേണ്ടി ജോലി നേടുകയും എഴുതാൻ വേണ്ടി ജോലി കളയുകയും ചെയ്ത എഴുത്തുകാരനായിരുന്നു പി.വി.തമ്പി എന്ന പി.വാസുദേവൻ തമ്പി. പത്തൊൻപതാം വയസിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി നേടി പി.വി.തമ്പി. അധികം വൈകാതെ വിജയലക്ഷ്മിയെ വിവാഹം ചെയ്തു. അന്ന്, ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു വധു. പതിനഞ്ചു വയസു തികഞ്ഞ‍ിട്ടില്ല.

pv-thampi പി.വി. തമ്പി

ഓഫിസ് ജോലിയുടെ മടുപ്പ് മാറ്റാനാണ് തമ്പിയുടെ ഉള്ളിലെ എഴുത്തുകാരൻ ഉണർന്നത്. നാൽപതു വയസിനു ശേഷമാണ് ആദ്യ നോവൽ ഹോമം പുറത്തിറങ്ങിയത്. അതിനു വലിയ സ്വീകാര്യത ലഭിച്ചു. കുങ്കുമം അവാർഡും ലഭിച്ചു. പിന്നീട്, നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. കൃഷ്ണപ്പരുന്ത്, അവതാരം, കർമ്മബന്ധനം, ആത്മവൃത്തം, ഭ്രാന്തി, അഗ്നിരതി, അക്ഷരപൂജ, ആനന്ദഭൈരവി, കസ്തൂരി എന്നിങ്ങനെ പതിനഞ്ചോളം നോവലുകൾ. മിക്കതും ജനപ്രിയമായി.

മകളുടെ പേരിൽ ആരംഭിച്ച സ്വപ്ന പബ്ലിക്കേഷൻസ് എന്ന സ്വന്തം പ്രസിദ്ധീകരണ സംരംഭത്തിലൂടെയാണ് കൃഷ്ണപ്പരുന്ത് പുറത്തിറക്കിയതെന്ന് വിജയലക്ഷ്മി പറയുന്നു. അതു സിനിയായി. അവതാരം എന്ന നോവലും സിനിമയാക്ക‍ാനുള്ള ജോലികളെല്ലാം നടന്നെങ്കിലും പൂർത്തിയായ‍ില്ല. തമ്പി എഴുതിയ എല്ലാ നോവലും ആദ്യം വായിച്ചിരുന്നത് വിജയലക്ഷ്മിയായിരുന്നു. എല്ലാ നോവലുകളുടെയും പകർപ്പവകാശവും വിജയലക്ഷ്മിയുടെ പേരിലാണ് ചേർത്തിരുന്നത്.

വലുതിലേക്കുള്ള തുടക്കം

പി.വി. തമ്പിക്കു വിപുലമായ ഗ്രന്ഥശേഖരം ഉണ്ട്. പൊടിയടിച്ചെങ്കിലും, ഹരിപ്പാട്ടെ സ്വപ്നം എന്ന വീട്ടിൽ അവയെല്ലാം ഇപ്പോഴും ഭദ്രമായുണ്ട്. വീട്ടിലെ പ്രധാന ഹാളിെല അലമാരയിൽത്തന്നെ വിലാസിനിയുടെ ‘അവകാശികൾ’ എന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലിന്റെ നാലു ലക്കങ്ങളും കാണാം. അതിൽ നിന്നാണു മറ്റൊരു ബൃഹദ് പദ്ധതി തമ്പിയുടെ മനസിൽ കുടിയേറിയത്. അവകാശികളെ വെല്ലുന്ന, മലയാളത്തിലെ ഏറ്റവും വലിയ നോവൽ.

തമ്പിയുടെ ശ്രമങ്ങളെല്ലാം അതിനു പിന്നാലെയായി. തിരക്കിട്ട വക്കീൽപ്പണി ഗവേഷണത്തിനു വെല്ലുവിളിയായെങ്കിലും തമ്പി അക്ഷീണം തന്റെ മഹാസംരംഭത്തിനുവേണ്ടി പ്രയത്നിച്ചു. ചേരസാമ്രാജ്യത്തിന്റെ വളർച്ചയും കേരളത്തിന്റെ ഉത്ഭവവും സംബന്ധിച്ച ചരിത്രവും ഐതിഹ്യങ്ങളും ഭാവനയും കൂടിച്ചേർന്ന നോവൽ ആയിരുന്നു നോവലിന്റെ ഉള്ളടക്കമെന്ന് വിജയലക്ഷ്മി പറയുന്നു. ആദ്യ അധ്യായങ്ങൾ എഴുത‍ി. തുടർന്നുള്ളവയ്ക്കു കുറിപ്പുകൾ തയാറാക്കുകയും ചെയ്തു.

2006 ജനുവരി 30 ന്, തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി പി.വി.തമ്പി ജീവിതത്തിന്റെ പുസ്തകം മടക്കി. വിജയലക്ഷ്മി മകൾ സ്വപ്നയോടൊപ്പം ഹൈദരബാദിലേക്കു മാറി. ആയിടയ്ക്ക് ഹരിപ്പാട്ടെ വീട്ടിൽ കള്ളന്മാർ കയറി. വിലപിടിപ്പുള്ളതൊന്നും അവിടെയുണ്ടായിരുന്നില്ല. ഏതാനും ഓട്ടുവിളക്കകളും കുട്ടികളുടെ കൊലുസും മാത്രമേ കള്ളന്മാർക്കു കിട്ട‍ിയുള്ളൂ. വിലപിടിപ്പുള്ളവയ്ക്കായി തിരയുന്നതിനിടയിൽ അവർ കയ്യിൽ കിട്ടിയതെല്ലാം വാരിയിടുകയും കടലാസുകൾ വലിച്ചു കീറുകയും ചെയ്തു. ആ വീട്ടിലുള്ള, ഏറ്റവും വിലപിടിപ്പുള്ളവയാണു തങ്ങൾ നശിപ്പിക്കുന്നതെന്ന് അവർ അറിഞ്ഞില്ല.

അവർ കീറിയെറിഞ്ഞ കടലാസിന്റെ കൂട്ടത്തിൽ തമ്പി എഴുതിത്തുടങ്ങിയ ബൃഹദ് നോവലിന്റെ കയ്യെഴുത്തു പ്രതികളും ഉണ്ടായിരുന്നു. വീട് അലങ്കോലമായെന്നറിഞ്ഞ വിജയലക്ഷ്മി, നാട്ടിലെത്തുന്നതിനു മുൻപു തന്നെ വീടു വൃത്തിയാക്കാൻ നിർദേശിച്ചിരുന്നു. വൃത്തിയാക്കാനെത്തിയവർക്കും ആ കടലാസ് ശേഖരത്തിന്റെ വില മനസിലായില്ല. അവർ അതു നിസാരമായി കത്തിച്ചുകളഞ്ഞു. അങ്ങനെ ഒരധ്യായം പോലും ആർക്കും വായിക്കാനാകാതെ മലയാളത്തിലെ ബൃഹദ്നോവൽ പദ്ധതി ചാമ്പലായി.