Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമരി അബൂബക്കർ; സീറയുടെ മലയാളിനാദം

Author Details
kumari-aboobucker കുമരി അബൂബക്കർ ചിത്രം: വിബി ജോബ് ∙ മനോരമ

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണു നവംബർ 20ന് (റബീഉൽ അവ്വൽ 12). മുഹമ്മദ് നബിയുടെ ജീവിതം പറയുന്ന, തമിഴിലെ ഇതിഹാസ കാവ്യമായ സീറാ പുരാണത്തിന്റെ ആധികാരിക ശബ്ദമായ മലയാളിയെക്കുറിച്ച്...

തിരുവനന്തപുരം ജില്ലയിലെ പൂവാറിനു സമീപം തെക്കെ കൊല്ലങ്കോട് നിന്നു ഇരുപത്തിയൊന്നാം വയസ്സിൽ മദ്രാസിലേക്കു വണ്ടി കയറിയതാണു അബൂബക്കർ. മനസ്സ് നിറയെ രാഗവും താളവും പൊഴിക്കുന്ന സംഗീതം. വെള്ളിത്തിരയുടെ മായാലോകത്ത് ഗായകനായി തിളങ്ങുകയായിരുന്നു സ്വപ്നം. നിയോഗം പക്ഷേ, മറ്റൊന്നായിരുന്നു. ആറു പതിറ്റാണ്ടിനിപ്പുറം അബൂബക്കർ തമിഴ്നാടിന്റെ കുമരി അബൂബക്കറാണ്. തമിഴ് സാഹിത്യത്തിൽ സവിശേഷ സ്ഥാനമുള്ള സീറാ പുരാണത്തിന്റെ ആധികാരിക ശബ്ദം. ചെന്തമിഴും പേർഷ്യനും അറബിയും മലയാളവുമെല്ലമായി ഒഴുകിപ്പരക്കുന്ന മഹാകാവ്യത്തിനു ശബ്ദം നൽകുന്ന ഗന്ധർവൻ.

എൺപതാം വയസ്സിൽ, ക്രോംപേട്ടിനു സമീപം ഹസ്തിനപുരത്തെ വീട്ടിലിരുന്നു അബൂബക്കർ ജീവിതം പറയുമ്പോൾ അതിൽ തിരുവന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രമുണ്ട്, കഥാപ്രസംഗം കേരളത്തിലെ നാട്ടിൻ പുറങ്ങളെ ഇളക്കിമറിച്ച കാലമുണ്ട്, മഴവില്ലു പോലെ പൂത്തുലയുന്ന മതസൗഹാർദത്തിന്റെ സുന്ദര നിമിഷങ്ങളുണ്ട്. കർണാടിക് സംഗീതത്തിൽ നബി ചരിതം പറയുന്ന ഗായകനെന്നാണു തമിഴകം ഈ മലയാളിയെ ആദരവോടെ വിശേഷിപ്പിക്കുന്നത്.തമിഴ്നാട്ടിലും വിദേശത്തുമായി അയ്യായിരത്തോളം വേദികൾ അബൂബക്കറിലൂടെ സീറാ പുരാണം മുഴങ്ങിക്കഴിഞ്ഞു.

സീറാ പുരാണമെന്ന മഹാകാവ്യം

അറേബ്യയിൽ നിന്നു സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനെത്തിയ കുടുംബത്തിൽ, തൂത്തുക്കുടിയിലാണു ഉമർ പുലവരുടെ ജനനം. കാലം 1642. പെരിയ പുരാണവും ഖണ്ഡ പുരാണവുമുൾപ്പെടെയുള്ള കൃതികൾക്ക് തമിഴിൽ വലിയ സ്വാധീനമുള്ള കാലം. ഇതേ മാതൃകയിൽ പ്രവാചകൻ മുഹമ്മദ് നബിയടെ ജീവിതം ആസ്പദമാക്കി എഴുതിയ മഹാകാവ്യമാണു സീറാപുരാണം. മൂന്നു ഖണ്ഡങ്ങളിലായി 5027 വരികൾ. ഈ മഹാകാവ്യത്തിലൂടെ ഉമർ പുലവർ ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുസ്ലിം കവികളിലൊരാളായി. സീറാ പുരാണമാകട്ടെ, തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയമായ ഇതിഹാസങ്ങളിലൊന്നും.

തിരുവനന്തപുരത്തെ സംഗീത വഴികൾ

മാലിക് മുഹമ്മദ്-ഐഷാ ബീവി ദമ്പതികളുടെ പത്തു മക്കളിൽ രണ്ടാമനായാണു അബൂബക്കറിന്റെ ജനനം. മൂന്നാം ക്ലാസിൽ ഔദ്യോഗിക വിദ്യാഭ്യാസം തീർന്നു. തിരുവനന്തപുരത്ത് ഗാന്ധാരി അമ്മൻ കോവിലിനു സമീപം ബന്ധുവിനൊരു കടയുണ്ടായിരുന്നു. അവിടെ ചെലവഴിച്ച കുട്ടിക്കാലമാണു അബൂബക്കറിനു ജീവിതത്തിലെ അമൂല്യമായ പാഠങ്ങൾ പകർന്നു നൽകിയത്. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അക്കാലത്ത് നടക്കുന്ന കച്ചേരികളും സംഗീത സദസ്സുകളുമെല്ലാം വലിയ താൽപര്യത്തോടെ കേട്ടു. സമീപത്തെ പുസ്തകക്കടയിൽ നിന്നു പുരാണവും ചരിത്രവുമായി ബന്ധപ്പെട്ട രസകരമായ കഥകൾ വാങ്ങി വായിച്ചു.മനസ്സിൽ നേരത്തെ തന്നെയുണ്ടായിരുന്ന സംഗീതം മെല്ലെ ഗായകനായി രൂപപ്പെട്ടത് അക്കാലത്താണ്.

കഥാപ്രസംഗം പൂത്ത കാലം

അബൂബക്കറിന്റെ കുട്ടിക്കാലം കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ കഥാപ്രസംഗം പൂത്തുലഞ്ഞ കാലമായിരുന്നു. കെ.കെ.വാദ്യാരും സാംബശിവനുമെല്ലാം കഥയും പാട്ടും സമം ചേർത്ത പ്രകടനങ്ങളിലൂടെ കേരളത്തെ ഇളക്കി മറിച്ച കാലം. ഇതിനിടെ, ചെറിയ സദസ്സുകളിൽ അബൂബക്കറും പാടാൻ തുടങ്ങിയിരുന്നു. കഥാപ്രസംഗ കമ്പം തലക്കുപിടിച്ചപ്പോഴാണ്, അമ്മാവൻ നൈനാർ മുഹമ്മദ് വൈദ്യരോട് ഒരു കഥ തയ്യാറാക്കിത്തരാൻ ആവശ്യപ്പെട്ടത്.സംഗീതത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സീറാ പുരാണത്തിലെ ഒരു ഭാഗമാണു തിരഞ്ഞെടുത്തത്. അങ്ങനെ, 12-ാം വയസ്സിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലും കന്യാകുമാരിയുൾപ്പെടെ തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും കുഞ്ഞു അബൂബക്കർ കഥാപ്രസംഗ വേദികളിൽ നിറഞ്ഞു.ഏതോ വേദിയിൽ സംഗീതഞ്ജൻ വാപ്പു കണ്ണ് ശ്രദ്ധിച്ചതാണു വഴിത്തിരിവായത്. അദ്ദേഹത്തിനും ശ്രീധര ഭട്ടതിരിപ്പാട് നാഗർകോവിൽ മുത്തയ്യ ഭാഗവതർ എന്നിവർക്കു കീഴിൽ ഏഴു വർഷം കർണാടിക് സംഗീതം അഭ്യസിച്ചു.

സിനിമാ സ്വപ്നങ്ങളുടെ മദ്രാസ്

അങ്ങനെ, തലയിൽ നിറയെ സംഗീതവുമായി നടക്കുന്ന സമയത്താണു മദ്രാസിലുള്ള സുഹൃത്ത് സിനിമയെന്ന മോഹം പകർന്നു നൽകിയത്. പ്രശസ്ത ഗായകൻ ടി.എം.സൗന്ദർരാജനെ ഇടയ്ക്കിടെ കാണാറുണ്ടെന്ന സുഹൃത്തിന്റെ വാക്കായിരുന്നു പ്രചോദനം. സിനിമയെന്ന മോഹം മരീചികയാണെന്നു മദ്രാസിലെത്തി കുറച്ചു നാളുകൾക്കകം ബോധ്യപ്പെട്ടു. സംഗീത സംവിധായകൻ ഭാസ്കരൻ മാഷുൾപ്പെടെയുളളവരെ ഇതിനായി കണ്ടുവെങ്കിലും ഭാഗ്യം തെളിഞ്ഞില്ല. ചെന്നൈയിൽ നബിദിന പരിപാടികളിലം ക്ഷേത്ര ചടങ്ങുകളിലുമെല്ലം പാടാൻ പോകുന്ന പതിവ് മുടക്കിയില്ല. ഇതിനിടെ സംസ്ഥാന പൊതുമരാമത്തു വകുപ്പിൽ രണ്ടു വർഷം ദിവസന വേതനാടിസ്ഥാനത്തിൽ ജോലിയെടുത്തു. തുടർന്ന് ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ സർജിക്കൽ ഇൻസ്ട്രുമെന്റൽ ഫിറ്ററായി ജോലി ലഭിച്ചു. അക്കാലത്ത് എകെജിയുടെ നേതൃത്വത്തിൽ നടന്ന തൊഴിൽ സമരം പാട്ടു പാടി ഉദ്ഘാടനം ചെയ്തതു ഇന്നും ആവേശമുണർത്തുന്ന ഓർമയാണ്.

കാമു ശരീഫ് എന്ന വഴികാട്ടി

ഔദ്യോഗിക ജീവിതവും അല്ലറ ചില്ലറ പാട്ടുകളുമായി മുന്നോട്ടുപോകുന്നതിനിടെയാണു ജീവിതത്തിലെ വലിയ വഴിത്തിരിവുണ്ടാകുന്നത്. എഴുപതുകളുടെ മധ്യമാണു കാലം. ചെന്നൈയിലെ പാരീസിൽ ഒരു സംഗീത വേദി. സ്വാതന്ത്ര സമര സേനാനിയും തമിഴിലെ അറിയപ്പെടുന്ന കവിയുമായ കാമു ശരീഫ് സദസ്സിലുണ്ടായിരുന്നു. കലൈഞ്ജർ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്ന കാമു ശരീഫ് തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഗാനരചയിതാവ് കൂടിയായിരുന്നു. വേദിയിൽ സീറാ പുരാണം പാടാനുണ്ടായിരുന്ന പ്രമുഖ ഗായകൻ നാഗൂർ ഹനീഫയ്ക്കു പെട്ടെന്നു പോകേണ്ടിവന്നതിനാൽ യാദൃശ്ചികമായാണു അബൂബക്കറിനു അവസരം ലഭിച്ചത്. കർണാടിക് സംഗീതത്തിന്റെ താളത്തിലുള്ള സീറാ പാരായണം കാമു ശരീഫിനു നന്നായി ബോധിച്ചു. പിറ്റേ ദിവസം വീട്ടിലെത്തി കാണണമെന്നു പറഞ്ഞാണു അദ്ദേഹം പിരിഞ്ഞത്. തമിഴ്നാട്ടിലെങ്ങും സംഗീത മഴ പെയ്യിച്ച ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.

വേദി നിറഞ്ഞ് സീറ

കാമു ശരീഫിനെ കാണാൻ പോകമ്പോൾ അബൂബക്കറിന്റെ മനസ്സിൽ പഴയ സിനിമാ മോഹം വീണ്ടും മുളപൊട്ടി. പാട്ടെഴുത്തിലെ മുടിചൂടാമന്നനായ കാമു വിചാരിച്ചാൽ തനിക്ക് മുന്നിൽ സിനിമാ വഴിതെളിയുമെന്നായിരുന്നു പ്രതീക്ഷ. ശരീഫിനു പറയാനുണ്ടായിരുന്നതു മറ്റൊന്നാണ്- ഇത്ര തമിഴ് ശുദ്ധിയോടെ സീറാ പാരായണം ാരും പാടുന്നത് കേട്ടിട്ടില്ല.സിനിമയിൽ പാടാൻ ആയിരങ്ങളുണ്ട്.ഇതാണു നിങ്ങളുടെ വഴി.

തമിഴ്നാട്ടിലെങ്ങും സീറാ പുരാണമെത്തിച്ച കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്. കഥാപ്രസംഗം ശൈലിയിൽ, അബൂബക്കർ സീറ പാടും, കാമു ശരീഫ് അത് വിവരിക്കും. ചുരുങ്ങിയ നാളുകൾക്കുള്ളിൽ കൂട്ടുകെട്ട് ഹിറ്റായി. തമിഴ്നാടിനെ മുക്കിലും മൂലയിലും സംഘം സീറാ പുരാണവുമായെത്തി. പത്ത് മുതൽ പതിനഞ്ചു ദിവസം വരെയൊക്കെ ഒരേ വേദിയിൽ പാടിയിട്ടുണ്ട്. ആയിരങ്ങളായിരുന്നു കേൾവിക്കാർ. തമിഴ്നാടിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മാത്രമല്ല, ശ്രീലങ്കയിലും മലേഷ്യയിലും സിംഗപ്പൂരിലും തുടങ്ങി വിവിധ രാജ്യങ്ങളിലും ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ ശരീഫുമായി ചേർന്നു പരിപാടി അവതരിപ്പിക്കാത്ത ഗ്രാമങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമായിരിക്കുമെന്നു അബൂബക്കർ പറയുന്നു.

ശരീഫ് മരണപ്പെട്ടെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷണപ്രകാരം ഇപ്പോഴും അബൂബക്കർ സീറ പാടുന്നുണ്ട്. ചില സദസ്സുകളിൽ പാട്ടിലും കഥാ വിവരത്തിലും ലയിച്ച് ചിലർ സ്വർണാഭരണങ്ങൾ വരെ ഊരി നൽകും. കർണാടിക് സംഗീതത്തിലുള്ള ആലാപനം കേട്ട് ഇതര മതസ്ഥർ വീടുകളിലേക്ക് ക്ഷണിച്ച് പാട്ടുപാടിച്ച അനുഭവങ്ങളും ധാരാളം. ചിദംബരത്തെ ക്ഷേത്ര നടയിൽ സർവമത സൗഹാർദ സംഗീത സദസ്സിന്റെ ഭാഗമായി സീറ ആലപിച്ചതും അതിനു ലഭിച്ച സ്വീകരണവും സുഖമുള്ള ഓർമയാണ്. മൂന്നുവർഷം മുൻപ് , അമേരിക്കൻ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയും ഓർമയിൽ തങ്ങിനിൽക്കുന്നു. കർണാടിക് സംഗീതത്തിലെ ചില രാഗങ്ങളെന്ന പോലെ, സീറാ പുരാണത്തിലെ ചില ഭാഗങ്ങൾ പാടിയാൽ മഴ പെയ്യുമെന്നു വിശ്വാസമുണ്ട്. അതുകൊണ്ട് ഇശൈ അരുവി എന്ന സ്ഥാനപ്പേരും സീറാ പ്രേമികൾ നൽകിയിട്ടുണ്ട്.

താളം മുറിയുമോ?

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സീറാ പുരാണം ഇന്ന് അതിന്റെ എല്ലാ അർഥത്തിലും പാരായണം ചെയ്യാൻ കഴിയുന്ന ഏക വ്യക്തിയാണു അബൂബക്കർ. തമിഴ്നാട്ടിലെ ഇതിഹാസ കാവ്യം നിലനിൽക്കുന്നത് ഈ മലയാളിയിലൂടെയാണെന്നു ചുരുക്കം. പുതിയ തലമുറ ഇത് പഠിക്കാൻ മുന്നോട്ടുവരാത്തതിൽ ദുഖമുണ്ട്. എന്നാൽ, തന്റെ കാലശേഷവും ആലാപനം നിലനിൽക്കണമെന്ന ലക്ഷ്യത്തോടെ സീറാ പുരാണം പൂർണമായി സിഡിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. അൻപതു മിനിറ്റ് ഒരു സിഡി നേരത്തെ പുറത്തിറക്കിയിരുന്നു. സീറയാണെന്നു വഴിയെന്നു തിരിച്ചറിഞ്ഞതോടെ മറന്നുകളഞ്ഞ സിനിമ പിന്നീട് പല തവണ അബൂബക്കറിനെ വിളിച്ചുകൊണ്ടിരുന്നു. ആ പ്രലോഭനങ്ങളോട് ഉറച്ച ശബ്ദത്തിൽ ഇല്ലെന്നു പറയാൻ ഒരു നിമിഷം പോലും വേണ്ടിവന്നിട്ടില്ല.

തമിഴിന്റെ ഇതിഹാസ കാവ്യം പാടുന്ന മലാളിയെന്നതിലൊതുക്കേണ്ടതല്ല അബൂബക്കിന്റെ വിശേഷണം. പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രം ഖരഹരപ്രിയയും ചക്രവാകവും സിന്ധു ഭൈരവിയും ശുഭ പന്തുവരാളിയുമായി കേൾവിക്കാരന്റെ മനസ്സിലേക്ക് പ്രവഹിക്കുമ്പോൾ സംഗീതത്തിനു മാത്രം സാധ്യമായ സൗഹാർദത്തിന്റെ വഴി കൂടിയാണു തുറക്കുന്നത്. ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ എത്ര മനോഹരമായ സന്ദേശമാണു അബൂബക്കർ പാടിവയ്ക്കുന്നത്.