Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഷ്പൻ ഇന്നും ജീവിക്കുന്നു; പാർട്ടിക്കു വേണ്ടി മാത്രം

Manikkoth-Pushpan-Koothuparamba-firing പുഷ്പൻ

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവർ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവർക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ....’

കൂത്തുപറമ്പ് വെടിവയ്പിന്റെ ഒരു വാർഷികദിനത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി പുഷ്പനു സമ്മാനിച്ച ഫലകത്തിലെ വരികൾ. ചൊക്ലി മേനപ്രത്തെ വീടിന്റെ അലമാരയിൽ ഇപ്പോഴുമുണ്ടാകണം ഈ ഫലകം. അവശതയുടെ കിടക്കയിൽ ഇരുപത്തിനാലാണ്ടു തികയ്ക്കുകയാണു പുഷ്പൻ. പകരം വയ്ക്കാൻ കേരളത്തിലെ പാർട്ടിക്കു പുഷ്പനെക്കാൾ വലിയ വൈകാരിക പ്രതീകമില്ല. വീണുപോയിട്ടും വെളിച്ചം മങ്ങിയില്ലെന്നതു നേര്. പക്ഷേ, പാർട്ടിക്കുവേണ്ടി നിശബ്ദനായിട്ടുണ്ട്, പലവട്ടം. തന്റെ സഹനത്തിന്റെ കരുത്തും സാഹസികതയുടെ ആവേശവും കാത്തുസൂക്ഷിക്കുമെന്നു പറഞ്ഞവർ അതിൽനിന്നു വ്യതിചലിച്ചപ്പോഴെല്ലാം പുറമേ നിശബ്ദനായിരുന്നു പുഷ്പൻ.

ചെറുകുടലിൽ സങ്കീർണമായ ശസ്ത്രക്രിയ, ആഴ്ചകൾ നീണ്ട ആശുപത്രിവാസം. ദേഹപീഡകൾ പുഷ്പനെ വിട്ടൊഴിയുന്നതേയില്ല. 25-ാം കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണു സംഘടനയും പാർട്ടിയും. രക്തസാക്ഷിത്വദിനാചരണ വേദികളിൽ ഇക്കുറി പുഷ്പന്റെ സാന്നിധ്യമുണ്ടാകുമോ എന്നുറപ്പില്ല. ഇരുപത്തിനാലാണ്ട് മലർന്നു മാത്രം കിടന്ന ശരീരത്തിൽ കഴിഞ്ഞിട്ടും, പണ്ട് നിറതോക്കിനു മുൻപിലേക്ക് എടുത്തുചാടിയിടത്തു തന്നെയാണു മനസ്സ്. പക്ഷേ, അകത്തും പുറത്തും വേദന പേറുന്ന ശരീരം ചെറുയാത്രയ്ക്കുപോലും പുഷ്പനെ അനുവദിക്കുന്നില്ല.

കൂത്തുപറമ്പിൽ സംഭവിച്ചത്

1994 നവംബർ 25 ഒരു വെള്ളിയാഴ്ചയായിരുന്നു. മനുഷ്യന്റെ ചോര പടർന്നൊഴുകി മണ്ണു കറുത്ത വെള്ളി!

സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ടു മന്ത്രിമാരെ വഴിയിൽ തടയാൻ ഡിവൈഎഫ്‌ഐ പരിപാടിയിട്ടിരിക്കുന്ന സമയം. കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവൻ. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ. രാമകൃഷ്‌ണൻ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നു പിൻവാങ്ങുന്നു. പിൻമാറാതെ രാഘവൻ. കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ. പകൽ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്. തിരിച്ചു കല്ലേറ്. ചിതറി ഓടിയവർക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺഹാളിലേക്ക്. മന്ത്രി ഹാളിൽ കയറുന്നതിനിടയിൽ റോഡിൽ വെടിവയ്‌പു തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാർജ്. പലരും അടിയേറ്റു വീണു.

പൊലീസുകാർ ഒരുക്കിയ വലയത്തിനുളളിൽനിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്‌ഘാടനം ചെയ്‌ത എംവിആർ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്‌പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടർന്ന വെടിവയ്‌പിനൊടുവിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു വീണു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരുക്കേറ്റു.

അവിചാരിതമായി തോക്കിനു മുൻപിൽ

കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോൾ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു.
കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്കു തളർന്നു. അന്നു കിടപ്പിലായതാണു പുഷ്പൻ. പാർട്ടിയുടെ വലയത്തിൽ, പ്രവർത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. ബ്രാഞ്ച് സെക്രട്ടറി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ അക്കൂട്ടത്തിലുണ്ട്.

പുഷ്പനെ മറന്ന രാഷ്ട്രീയാലിംഗനങ്ങൾ

‘സ്മരണകളിരമ്പും രണ സ്മാരകങ്ങളേ’ എന്നു കണ്ണൂരിലെ സഖാക്കൾ പാടുന്നത് കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളെയും പുഷ്പനെയുംകൂടിയോർത്താണ്. എന്നാൽ സൗകര്യപ്രദമായി കൂത്തുപറമ്പ് സ്മരണകൾ മറന്നിട്ടുമുണ്ടു കണ്ണൂരിലെ പാർട്ടി. പാർട്ടി ഭരണകാലത്ത് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോഴോ, പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം പിടിച്ചപ്പോഴോ മാത്രമല്ലത്. കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടി പ്രതിസ്ഥാനത്തു നിർത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്തതു കേരളം കണ്ടു. അദ്ദേഹത്തിന്റെ മകനു നിയമസഭാ സീറ്റും സമ്മാനിച്ചു. പാർട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പൻ ഒരെതിർശബ്ദവും ഉയർത്തിയില്ല. 24 വർഷത്തെ കിടപ്പുജീവിതത്തിന്റെ സഹനമാകാം മനസ്സിനെ പാകപ്പെടുത്തിയത്. കൂത്തുപറമ്പ് സംഭവത്തെ രാഷ്ട്രീയമായി കൈവിട്ടെങ്കിലും പാർട്ടിവേദികളിൽ പുഷ്പനിന്നും ആഘോഷിക്കപ്പെടുക തന്നെയാണ്.