Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണണം ഈ കല്ലഴക്; ശിലായുഗത്തിന്റെ പ്രാചീന സൗന്ദര്യം...

STONEHENGE സ്റ്റോൺഹെൻജ്

മരണത്തിന്റെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞൊരു നിഗൂഢഗന്ധം സ്റ്റോൺഹെൻജിനുണ്ട്. ഓരോ ചുവടിലും ദുരൂഹതകൾ പതിയിരിക്കുന്ന ഡ്രാക്കുളയുടെ കോട്ടപോലെ നിഗൂഢതകളുടെയും അന്ധവിശ്വാസങ്ങളുടെയും നൂറുനൂറുകഥകളുമായി ഒരു പുരാവസ്തു സങ്കേതം... 

ആധുനിക ചിന്തയുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സ്വപ്നഭൂമി എന്നു വിശേഷിപ്പിക്കാവുന്ന ലണ്ടനിൽനിന്ന് 140 കിലോമീറ്റർ മാത്രം അകലെ ശിലായുഗത്തിന്റെ പ്രാചീന സൗന്ദര്യമണിഞ്ഞു നിൽക്കുകയാണ് സ്റ്റോൺഹെൻജിന്റെ പഴമ. 

മധ്യകാലഘട്ടത്തിലെ സപ്താദ്ഭുതങ്ങളിൽ ഒന്നായി ചരിത്രത്തിൽ ഇടം പിടിച്ച ഈ താഴ്‌വരയുടെ രഹസ്യങ്ങൾ തേടി എത്തുന്നത് പ്രതിവർഷം 10 ലക്ഷത്തോളം സഞ്ചാരികൾ. 

ലണ്ടൻ മഹാനഗരത്തിനു തെക്കുപടിഞ്ഞാറ് വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് സ്റ്റോൺഹെൻജ്. സലിസ്ബ്രി താഴ്‌വരയിൽ ഈവൻ നദീതീരത്ത് 26 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന നൂറുകണക്കിനു ശവക്കല്ലറകളുടെയും കുടിലുകളുടെയും ശേഷിപ്പുകൾ. കുന്നിൻമുകളിലെ മൈതാനത്ത് അറുപതോളം ഭീമൻ കൽത്തൂണുകൾ വൃത്താകൃതിയിൽ നാട്ടിനിർത്തിയിരിക്കുന്ന തുറന്ന മണ്ഡപത്തിലേക്ക് അദ്ഭുതത്തോടെ കണ്ണുമിഴിക്കുന്ന ലോകസഞ്ചാരികൾ. 

വസ്തുതകളെക്കാൾ കെട്ടുകഥകൾക്കാണ് സ്‌റ്റോൺഹെൻജിൽ കൂടുതൽ പ്രചാരമുള്ളത്. ഇത് എന്തിനുവേണ്ടി ആരുനിർമിച്ചു എന്നോ എത്രകാലം ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നോ ഗവേഷകർക്ക് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഒക്ടോബർ ഇംഗ്ലണ്ടിൽ തണുപ്പു തുടങ്ങുന്ന കാലമാണ്. ഈംസ്ബെറിയുടെ ആകാശത്തു സൂര്യനെ മറച്ച് മഴമേഘങ്ങൾ. ലണ്ടന്റെ നഗരത്തിരക്കിൽ നിന്ന് കാലത്തിന്റെ പൗരാണികമായ മുഖമുദ്രകൾ തേടുന്ന സഞ്ചാരികളാണ് ഏറെയും. 

കൽമണ്ഡപത്തിന്റെ പുറംചുറ്റിൽ വൃത്താകൃതിയിലും അതിനകത്തു കുതിരലാടത്തിന്റെ ആകൃതിയിലും നാട്ടിനിർത്തിയിരിക്കുന്ന പലതരം ചിത്രപ്പണികളോടു കൂടിയ കരിങ്കൽ തൂണുകൾ ആണ്‌ സ്മാരക കഥകളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രബിന്ദു. 25 ടൺ വരെ ഭാരമുള്ള ഇവയിൽ ഒരിനം കല്ലുകൾ 200 മൈൽ ദൂരെ വെയിൽസിൽ മാത്രം കാണുന്നവയാണ്. 4 മീറ്റർ ഉയരവും 2 മീറ്റർ വണ്ണവുമുള്ള ഈ നീലക്കല്ലുകൾ (bluestones) ചക്രങ്ങളോ വാഹനങ്ങളോ കണ്ടുപിടിക്കുന്നതിനും മുൻപ് എങ്ങനെ ഇവിടെ എത്തിച്ചു എന്നത് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നു. ഈവൻ നദിയിലൂടെ കൂറ്റൻ ചങ്ങാടത്തിൽ എത്തിച്ചശേഷം താഴെനിന്ന് ഒരു മൈൽ ഉരുളൻ തടികൾ പാകിയ ട്രാക്കിലൂടെ വലിച്ചു കയറ്റിയിട്ടുണ്ടാകാം എന്നാണു നിഗമനം. 

People perform yoga at Stonehenge സ്റ്റോൺഹെൻജിൽ യോഗാപരിശീലനം നടത്തുന്നവർ

‘‘ഈ ജോലി എളുപ്പമാക്കാൻ ഉരുളൻ തടികൾക്കു മുകളിൽ ഗ്രീസ്‌ പോലെ മൃഗക്കൊഴുപ്പ് ഒഴിച്ചുകാണണം. മണ്ണിൽ കുഴിയെടുത്ത് ഇവ ഉയർത്തിനിർത്തുന്നതിനും മറ്റു നിർമാണ ജോലികൾക്കും മാനിന്റെ കൊമ്പു കൊണ്ടു നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ചിരിക്കാം’’– കൽമണ്ഡപത്തിന്റെ നടുവിലിരുന്ന് ടൂറിസ്റ്റ് ഗൈഡ് റിക് ജോൺസ് വിശദീകരിച്ചു. 20 വർഷമായി ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്യുന്ന എഴുപത്തിയഞ്ചുകാരൻ നേരത്തേ സ്റ്റാൻഫഡിൽ പത്രപ്രവർത്തകനായിരുന്നു. 

സങ്കീർണമായ ക്ഷേത്രഗണിത മാതൃകയിൽ തീർത്ത കൽമണ്ഡപം അക്കാലത്തെ വാനനിരീക്ഷണ കേന്ദ്രമായിരുന്നു എന്നും പറക്കും തളിക പോലെയുള്ള അന്യഗ്രഹ വാഹനങ്ങളുടെ ലാൻഡിങ് സ്റ്റേഷൻ ആയിരുന്നു എന്നും വാദിക്കുന്നവർ ഗവേഷകരിലും ഉണ്ട്. ഗ്രീഷ്മ സംക്രമ ദിവസത്തെ സൂര്യോദയവും ശൈത്യ സംക്രമത്തിലെ അസ്തമയവും കാണാൻ ഇപ്പോഴും ഇവിടെ ആയിരങ്ങൾ എത്താറുണ്ട്. മുൻപ് ഈ ദിവസങ്ങളിൽ ഇവിടെ മൃഗബലി നടത്തിയിരുന്ന ഒരു ഗോത്രവിഭാഗം താഴ്‌വരയിൽ താമസിച്ചിരുന്നു. 

കൽമണ്ഡപത്തിൽനിന്ന് 3 കിലോമീറ്റർ ദൂരെ ഡ്യുറിങ്ടണിൽ 2007ൽ നടത്തിയ ഉദ്ഖനനത്തിൽ 8 കുടിലുകളുടെ അവശിഷ്ടങ്ങൾ കണ്ടത്തിയിരുന്നു. ഇവയുടെ തറ കളിമണ്ണുകൊണ്ടു മിനുക്കിയവ ആയിരുന്നു. രണ്ടെണ്ണത്തിനു പ്രത്യേക വേലിക്കെട്ടുകളും കിടങ്ങുകളും ഉണ്ടായിരുന്നു. ഇവ ഗ്രാമമുഖ്യന്റെയോ പുരോഹിതന്റെയോ വസതി ആണെന്ന് ഒരുവിഭാഗം ഗവേഷകർ അനുമാനിക്കുന്നു. ‘ആത്മാവിന്റെ ഭവനങ്ങൾ’ ആയിരുന്നു അവയെന്നും അവിടെ പ്രേതാരാധന നടന്നിരുന്നെന്നുമാണ് വേറൊരു നിഗമനം. താഴ്‌വരയിലാകെ ഇത്തരം നൂറുകണക്കിനു കുടിലുകൾ ഉണ്ടാകാം എന്നതിൽ ഗവേഷകരെല്ലാം ഏകാഭിപ്രായക്കാരാണ്. 

കൽമണ്ഡപം പണ്ട് കഴുമരമായിരുന്നു എന്നു കരുതുന്നവരുണ്ട്. ആത്മാവിനെ ഇവിടെ കുടിയിരുത്തിയതിന്റെ ശേഷിപ്പാണ് ചില കല്ലുകളിലെ വിചിത്ര രൂപങ്ങൾ എന്ന് ട്രുപ്, പേഗൻ എന്നീ ഗോത്ര വിഭാഗങ്ങൾ വിശ്വസിച്ചുവരുന്നു. ഇംഗ്ലണ്ട് കീഴടക്കിയ ജർമൻ വംശജർ (സാക്‌സൺസ്) നൂറുകണക്കിന് പ്രഭുക്കന്മാരെ ഇവിടെ വച്ചു കൊലചെയ്തതായും പഠനങ്ങളിൽ കാണാം. ബക്കിങ്ഹാമിലെ ആദ്യത്തെ ഡ്യൂക്ക് ആയിരുന്ന ജോർജ് വില്ലേഴ്‌സ് നിധിതേടി 1620 ൽ ഇവിടെ ഖനനം നടത്തിയതായി രേഖകളിലുണ്ടെന്ന് ജോൺസ് പറഞ്ഞു. 

നവരസങ്ങൾ അഭിനയിച്ച് ജോൺസ് വിവരണം തുടരുന്നതിനിടെ മഴ ചാറാൻ തുടങ്ങി. 

1882ൽ പ്രദേശിക ഭരണസമിതി ഇവിടം സംരക്ഷിതമേഖല ആക്കി. എന്നാൽ 1897ൽ പട്ടാള ബാരക് സ്ഥാപിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചതോടെ ഒന്നാം ലോകയുദ്ധം തുടങ്ങുമ്പോഴേക്കും ഈ മേഖല സർവസജ്ജമായ സൈനികത്താവളമാക്കിയിരുന്നു. ബ്രിട്ടന്റെ എതിരാളികൾ താവളം ആക്രമിച്ചപ്പോൾ പൗരാണിക കേന്ദ്രത്തിന്റെ ചില ഭാഗങ്ങളും തകർന്നടിഞ്ഞു. 

യുദ്ധത്തിനു ശേഷം ചരിത്രകാരന്മാരും പൗരപ്രമുഖരും നടത്തിയ പ്രചാരണത്തെത്തുടർന്നാണ് സ്റ്റോൺഹെൻജിനെ പൊതുസ്വത്തായി നിലനിർത്താനും കൂടുതൽ പര്യവേഷണം നടത്താനും സർക്കാർ നിർബന്ധിതരായത്. രണ്ടാം ലോകയുദ്ധത്തിന്റെ നിർണായകഘട്ടത്തിൽ സഖ്യസേന ഫ്രാൻസിലെ നോർമാൻഡി തീരത്ത് ഇറങ്ങാൻ പരിശീലനം നടത്തിയത് സ്റ്റോൺഹെൻജിനു കുറച്ചകലെയുള്ള ഇംബർ ഗ്രാമത്തിലെ ജനങ്ങളെ ഒഴിപ്പിച്ച ശേഷമാണ്. 

ആളുകൾ ഇനിയും തിരിച്ചെത്താത്ത ഇംബറിലെ പുല്ലുനിറഞ്ഞ മൈതാനത്തിനു പുറത്ത് ജോൺസ് വാഹനം നിർത്തി. സഖ്യസേന നോർമാൻഡിയിൽ ഇറങ്ങിയില്ലായിരുന്നെങ്കിൽ ഹിറ്റ്ലർ ബ്രിട്ടണും കീഴടക്കുമായിരുന്നുവെന്ന് ഓർമിപ്പിച്ചു. 

1986ൽ യുനെസ്‌കോ സ്റ്റോൺഹെൻജിനെ സംരക്ഷിത പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ലോകമെങ്ങുനിന്നുമുള്ള വിനോദസഞ്ചാരികൾ നിഗൂഢതയുടെ പൊരുളുതേടി ഈംസ്‌ബെറിയിലേക്കു വന്നുതുടങ്ങി. ഇവിടെനിന്നു പലപ്പോഴായി ലഭിച്ച ശേഷിപ്പുകളും മനുഷ്യാവശിഷ്ടങ്ങളും കൽമണ്ഡപത്തിനു താഴെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ ഒരു അസ്ഥികൂടത്തിൽ നിന്നു പുനർരൂപം നൽകിയ പുരുഷൻ ബി.സി. 3630-3360 കാലത്തു ജീവിച്ചിരുന്നതാണെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

സ്റ്റോൺഹെൻജിലെ സായാഹ്നത്തിന് സ്വർണനിറമാണ്. കാറ്റുവീശാൻ തുടങ്ങിയതോടെ തണുപ്പ് കൂടിവരുന്നു. സഞ്ചാരികൾ ഒരു പകലിന്റെ കാഴ്ചയൊതുക്കി മടങ്ങുകയാണ്. ആത്മാക്കളുറങ്ങട്ടെ... 

നമുക്കു മടങ്ങാം...