Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.എൻ. പിള്ളയ്ക്ക് ജന്മശതാബ്ദി; ചങ്കൂറ്റം, നൂറാം സ്റ്റേജിൽ

Author Details
NN Pillai എൻ.എൻ. പിള്ള വിവിധ ഭാവങ്ങളിൽ

എൻ.എൻ. പിള്ളയ്ക്ക് ജീവിതത്തിലെ ആദ്യത്തെ വലിയ സമ്മാനം നൽകിയതു നേതാജി സുഭാഷ് ചന്ദ്രബോസാണ്. ഐഎൻഎ മുദ്രയുള്ള ഒരു പഴ്സും മൃദുവായൊരു ഷേക്ക് ഹാൻഡും. എൻ.എൻ.പിള്ള അന്ന് ഐഎൻഎ പ്രൊപ്പഗൻഡ വിഭാഗത്തിലെ ജോലിക്കാരനാണ്.  നേതാജി ആത്മരക്ഷാർഥം മലയയിലെ കാടുകൾ മുറിഞ്ഞും വരഞ്ഞും പിന്നിട്ടെത്തിയ കാലം.  ഇഷ്ടമില്ലാത്തവർക്കു പിരിഞ്ഞുപോകാമെന്നു നേതാജി സഹയോദ്ധാക്കളോടു പറഞ്ഞ ക്ഷീണസന്ദർഭം കൂടിയാണത്.

അപ്പോഴും ധീരത നനഞ്ഞുപോകാത്ത സമരഭടൻമാർക്കു വേണ്ടി എൻ.എൻ.പിള്ള എഴുതിയ ‘കുർബാനി’ നാടകം അരങ്ങേറുകയാണ്. മുൻനിരയിൽ നേതാജിയുണ്ട്. കർട്ടൻ വീണതും പടയിലെ സമർഥയോദ്ധാവായി  പിള്ള നേതാജിക്കു മുൻപിൽ നിന്നു, സമ്മാനിതനായി.  

കഠിനപാതകൾ താണ്ടുന്ന നേതാവിന്റെ  കരങ്ങൾ ഇത്ര മൃദുവോ എന്ന് അദ്ദേഹം  അതിശയിച്ചു. (വളർന്നു തടിച്ച ആ ദേഹത്തിന് ഒരിക്കലും ചേരാത്ത, ഒരു കൊഴു കൊഴുത്ത കുട്ടിയുടെ കൈപ്പത്തി, അത്രകണ്ടു മാർദവവും- കാലമേറെ കഴിഞ്ഞ് ആത്മകഥയിൽ പിള്ള എഴുതി) 

ആ പഴ്സും മലയയിലെ കൂട്ടുകാരി അച്ഛനു സമ്മാനിച്ച അലങ്കാരത്തുന്നലുള്ള തൂവാലയും കണ്ട ഓർമയുണ്ട് മകൻ വിജയരാഘവന്. പക്ഷേ, അച്ഛനിൽനിന്നു സമ്മാനങ്ങളൊന്നും കിട്ടിയതോർക്കുന്നില്ല. ഓർമയിലാകെ തിണർത്തും കല്ലിച്ചും കിടക്കുന്നതു നേർക്കുനേരെ അച്ഛൻ അരങ്ങേറ്റിയ ജീവിതാനുഭവങ്ങളാണ്. 

ഒരു മഴക്കാല വൈകുന്നേരത്ത് നനഞ്ഞു കുതിർന്ന് സ്കൂളിൽനിന്നു വിജയരാഘവൻ വീട്ടിലെത്തുമ്പോൾ രംഗം ഇങ്ങനെ:

അച്ഛനും   സ്നേഹിതരും അവർക്കു മുൻപിൽ കടുംനിറത്തില്‍ എന്തോ ഒന്നും. അതിന്റെ മണം ആകെ പരന്ന വീടിന്റെ ഉമ്മറവാതിൽക്കൽ അവരെത്തന്നെ നോക്കിനിൽക്കേ അച്ഛൻ ചോദിച്ചു: 

‘എന്താടാ വേണോ...?’

സ്നേഹിതരുടെയും അമ്മയുടെയും നിഷേധവാക്കൊന്നും കാൽ കാശിനു വക വയ്ക്കാതെ സ്റ്റീൽ ഗ്ലാസിൽ അരിഷ്ടമണമിറ്റുന്ന ചാരായം ഒഴിച്ച് അച്ഛൻ മകനു നീട്ടുകയാണ് ‘കുട്ടൻ കുടിച്ചോ...’ അകം പൊള്ളി അതു കുടിച്ചുതീരും മുൻപേ വീണ്ടും ചോദിച്ചു: 

‘ഇനി വേണോ?’ വേണമെന്നു പറഞ്ഞതും വീണ്ടും ഗ്ലാസിന്റെ അടിമട്ടു നനഞ്ഞു. 

പിന്നൊന്നും ഓർമയില്ല. മനം തിക്കുന്ന ഛർദിമണവുമായി പനയോലപ്പായയിൽ നിന്നു പിറ്റേപ്പുലർച്ചെ തല പൊക്കുമ്പോ അച്ഛനൊരു വൻമരമായി മുന്നിലുണ്ട്. ‘മനസ്സിലായോ, മദ്യപാനം സുഖമുള്ള ഏർപ്പാടല്ല.’ തലയ്ക്കു മേലേ അച്ഛന്റെ തീ നിറച്ച ഡയലോഗ്. 

വാക്കുകളിൽ അത്യുഷ്ണം നിറയ്ക്കുന്ന ഈ സിദ്ധിവിശേഷം  എൻ.എൻ.പിള്ളയ്ക്കു സ്വന്തമായത് എങ്ങനെയാവും. 

‘വായിച്ചുകൊണ്ടിരിക്കുന്ന അച്ഛനാണ് മിക്കപ്പോഴും കൺമുൻപിൽ. ലഡ്ജർ ബുക്കിലാണ് എഴുത്ത്. തിരുത്താനുള്ള ഇടം ഇടതുവശത്ത് ഒഴിച്ചിടും. ജീവിതത്തിലും അങ്ങനെതന്നെ. അധികം തിരുത്ത് വേണ്ടിവരാറില്ലെന്നു മാത്രം.–   വിജയരാഘവൻ പറയുന്നു.

പാർവത്യാര്‍ ഉദ്യോഗസ്ഥനായ അച്ഛനൊപ്പം പലദിക്കിലായി പിന്നിട്ടതാണ് എൻ.എൻ. പിള്ളയുടെ കുട്ടിക്കാലം. 

സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പരീക്ഷ അസ്സലായി തോറ്റു.  കാവാലം സ്കൂളിൽ ഗീത പഠിപ്പിച്ച കേശവപിള്ള സാറും കോളജിൽ ഷേക്സ്പിയറെയും മിൽറ്റണെയും മുഖാമുഖം കാട്ടിത്തന്ന ടി.ആർ.സുബ്രഹ്മണ്യയ്യരും വെള്ളക്കാരി മിസിസ് ലീയും തോൽവികളെ വലിച്ചെറിയാൻ പഠിപ്പിച്ച ഗുരുക്കൻമാരെന്നു പിള്ള പിന്നീട് എഴുതി. പിന്നെ തോറ്റത്, സാഹിത്യപ്രവർത്തക സഹകരണ  സംഘം തിരഞ്ഞെടുപ്പിലാണ്. കുറച്ചു മാന്യൻമാരു വന്ന് കൈ പിടിച്ചു. ഞാനങ്ങു നിന്നു കൊടുത്തു, ഇനിയില്ല. പിള്ള ഭരതവാക്യം കുറിച്ചു. 

പരീക്ഷയിൽ തോറ്റ മകനോട് എൻ.എൻ.പിള്ള ക്ഷമിച്ചില്ല. ആ കഥ വിജയരാഘവൻ പറയും

‘പത്താം ക്ലാസിൽ ഞാൻ തോറ്റപ്പോൾ അച്ഛന്റെ വിധംമാറി.  രണ്ടുമൂന്നു മാസം നീയിനി കോട്ടയത്ത് എസ്എൻവി ഹോട്ടലിൽ (ഇപ്പോഴത്തെ ആനന്ദമന്ദിരം) പോയിനിൽക്ക്.  ഇല തുടയ്ക്കാനും പാത്രം കഴുകാനുമാണ്. അല്ലാതെ മാനേജരാവാനല്ല.’  കണ്ണു നിറഞ്ഞ് ലോകത്തിലെ ഏറ്റവും പരാജിതനായി അച്ഛനു മുൻപിൽ ഞാൻ നിന്നു.  ഭാഗ്യത്തിനു കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് പഠിക്കാനൊരു അവസരം ഒത്തുവന്നു. അത് അച്ഛനു താൽപര്യമായി. അങ്ങനെ ആ ശിക്ഷയിൽനിന്നു ഞാൻ കരകേറി.

NN-Pillai-Memorial ഒളശയിലെ വീട്ടുമുറ്റത്ത് എൻ.എൻ.പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ മക്കൾ രേണുക, സുലോചന, വിജയരാഘവൻ എന്നിവരും വിജയരാഘവന്റെ പേരക്കുട്ടി അദ്രിത് നാരായണനും. ചിത്രം: റിജോ ജോസഫ്

 മറ്റൊരു ദിവസം ഒരു ക്ഷമപറച്ചിലുമായി അച്ഛൻ വരികയാണ്. ‘മറ്റുള്ളവരുടെ കത്ത് വായിക്കുന്നത് മര്യാദയല്ല. ഞാനതു ചെയ്തു’. കൂട്ടുകാരി എനിക്കയച്ച പ്രേമലേഖനമാണു കയ്യിൽ. അതൊരു മറുപടിക്കത്താണ്. ഞാനാ കുട്ടിക്ക് കത്തയച്ചതല്ല. കൂട്ടുകാരാരോ പറ്റിച്ച പണിയാണ്. ഞാൻ നാണംകെട്ടു, കരച്ചിലായി. ‘മണ്ടാ കരയുന്നോ ഈ പ്രായത്തിൽ ഇതൊക്കെ ഇല്ലെങ്കിലെന്ത്’ അത്ര നിസ്സാരതയോടെ അച്ഛനത് വിട്ടുകളഞ്ഞു. ഇങ്ങനെ ചില ജീവിതപാഠങ്ങൾ അച്ഛനിൽ നിന്ന് എനിക്കു മാത്രമല്ല.  

തൊടുപുഴയിൽ ഒരിക്കൽ നാടകം കളിക്കാൻ പോയതാണ്. ഗ്രീൻറൂമിൽ മേക്കപ്പിലാണ് എല്ലാവരും.  വാതിൽ  തുറന്ന് സ്ഥലം എസ്ഐ കയറിവരുന്നു. ഇതെന്താ പുകിലെന്ന് അച്ഛൻ പാളി നോക്കി. അത്യാരാധനയോടെ ആ മനുഷ്യൻ  അച്ഛനെ തൊഴുതു. ‘ഇരുന്നാട്ടെ...’ കസേര നീക്കിയിട്ട് അച്ഛൻ പറഞ്ഞു. പോക്കറ്റിൽ നിന്ന് ഒരു ഇൻലെൻഡ് എടുത്ത് അദ്ദേഹം  ചോദിച്ചു. ‘ഇത് സാറിനോർമയുണ്ടോ...’ പാതിതുറന്ന ആ കത്തിൽ തോക്കിൽ വെടിയുണ്ട തിരുകിവച്ച പോലെ അച്ഛന്റെ കയ്യക്ഷരം. ഈ കത്താണ് എനിക്കെന്റെ ജീവിതം തിരികെത്തന്നത്. 

ആത്മഹത്യയിലേക്കു വീണുപോകുമായിരുന്ന അദ്ദേഹത്തെ ജീവിതത്തിലേക്കു വലിച്ചേറ്റിയ ആ വരികൾക്കു നന്ദി പറയാൻ വന്നതാണ്. അച്ഛന്റെ വാക്കുകൾക്ക്, പ്രയോഗങ്ങൾക്ക് അത്തരമൊരു കാന്തശക്തിയുണ്ടായിരുന്നു. മലയ ജീവിതം കൊടുത്തതാണത്.  

സിഎംഎസിൽ നിന്ന് തോറ്റമ്പി  രണ്ടു ജോടി ഉടുപ്പും 80 രൂപയും ഒരു തകരപ്പെട്ടിയുമായി കപ്പലേറി പെനാംഗിലെത്തുമ്പോൾ   ഒരൊറ്റ ഈടുവയ്പേ പിള്ളയ്ക്കുണ്ടായിരുന്നുള്ളൂ. നട്ടെല്ലു നിവർത്തി തിരികെയെത്തുമെന്നു കൂട്ടുകാരി ചിന്നമ്മയ്ക്കു കൊടുത്ത വാക്ക്. 

പ്രതീക്ഷാഭരിതമായിരുന്നില്ല ആ നാളുകൾ. കടലിൽ ചാടാനൊരുങ്ങി. സിംഗപ്പൂർ ജനറൽ പോസ്റ്റ് ഓഫിസ് കെട്ടിടത്തിൽനിന്ന് ചാടാനാഞ്ഞു. കാലുറയ്ക്കാതെ പിന്നാക്കം നീങ്ങി. തിരികെ നടന്നെത്തിയതു കെ.എസ്.പിള്ളയുടെ കേരളബന്ധു പത്രത്തിന്റെ ഓഫിസിൽ. അവിടെ പത്രപ്രവർത്തകനായി ജീവിതം തുടങ്ങി. കീർത്തികേട്ട നടൻ പോൾമുനിയുടെ മുൻപിൽ അഭിമുഖകാരനായി എത്തി.  

‘ സുമുഖനും മധ്യവയസ്കനുമായ ഒരിടത്തരം അമേരിക്കക്കാരൻ.’  പിള്ള ആ ഓർമ അത്ര അനായാസം പങ്കിട്ടതിങ്ങനെ.  

എസ്റ്റേറ്റ് കണ്ടക്ടറായും ഡിസ്പെൻസറി നടത്തിപ്പുകാരനായും പിന്നീട് ഐഎൻഎ ഭടനായും എത്രയോ വേഷങ്ങൾ. എട്ടാംകൊല്ലം തിരിച്ചെത്തി ചിന്നമ്മയെ താലി കെട്ടിയെങ്കിലും ജീവിതം വരിഞ്ഞുമുറുക്കിയ ഇല്ലായ്മകളിലൂടെയാണു പിള്ള നടന്നത്. സ്റ്റേറ്റ് കോൺഗ്രസ് ഝടിതിയിൽ ചാടി എഴുന്നേൽക്കുന്ന കാലം. തിരുവിതാംകൂറിലെ ഐഎൻഎ സെക്രട്ടറിയായി കൊടിപിടിച്ചു നടന്നു. ഉച്ചത്തിൽ പ്രസംഗിച്ചു. 1947ൽ ഭാര്യയും മകളുമൊത്തു വീണ്ടും മലയയിലേക്കു പോയി. ആറുകൊല്ലം തികയുമ്പൊ തിരികെപ്പോന്നു. തിരിച്ചെത്തിയതും ലഹരിയുടെ കുത്തൊഴുക്കിലേക്കാണു പതിച്ചത്.  ആലപ്പുഴയിലെ ഹോട്ടലും കൊല്ലം പോളയത്തോട്ടിലെ തടിമില്ലും പൊളിഞ്ഞു പാളീസായി. വിശ്വകേരളം പത്രം നടത്താനൊരുങ്ങി അമ്പേ പരാജയമായി.  ഭാര്യയുടെ അവസാന സ്വർണമാലയും വിറ്റുതീർന്നതും പിള്ളയുടെ ‘മനുഷ്യൻ ’ എന്ന ആദ്യനാടകം അരങ്ങു കണ്ടു.  

കടം കേറി നാടകസംഘം ‘ അടുത്ത രംഗത്തോടെ അവസാനിക്കും ’ എന്നു തോന്നിയ കാലത്ത് കുടുംബത്തെ പിള്ള അരങ്ങിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഭാര്യ ചിന്നമ്മയും സഹോദരി ഓമനയും പെൺമക്കൾ സുലോചനയും രേണുകയും മകൻ വിജയരാഘവനും വേഷമിട്ടു. 

‘മോൾക്കിതൊക്കെ പറ്റും. നീ ധൈര്യമായി ഡയലോഗ് പറയ്. പതുക്കെയാ കഥാപാത്രമായ് മാറും... അച്ഛന്റെ വാക്കുകൾ മകൾ സുലോചന ഓർക്കുന്നു. 64ൽ പ്രേതലോകം നാടകത്തിലാണു സുലോചനയുടെ അരങ്ങേറ്റം. ക്രോസ്ബെൽറ്റും കാപാലികയും; എണ്ണിതീരാത്തത്ര വേദികൾ. 

ഒരിക്കലൊരു വേദിയിൽ സുലോചനയ്ക്കു വേഷമിടാനായില്ല. കാണികളുടെ മുറുമുറുപ്പേറി. ഉയരാത്തെ കർട്ടനു പിന്നിൽ നിന്ന് അറിയിപ്പുണ്ടായി ‘സുലോചനയ്ക്കു പകരം ഇന്ന് ഇളയമകൾ രേണുക അഭിനയിക്കും. മെയ്ക്കപ്പിന് അഞ്ച് മിനിറ്റ് നേരം തരണം. കയ്യടി ഉയരുന്നു. രേണുക അരങ്ങിലെത്തുന്നു.  ആ ഓർമകളിൽ  രേണുകയുടെ  കണ്ണു നിറയുന്നു. 

കുടുംബാഭിനയക്കൂട്ടത്തിൽ സഹോദരി ഓമനയാണ് എൻ.എൻ.പിള്ളയെ നടുക്കിക്കളഞ്ഞത്.  ക്രോസ്ബെൽറ്റ് നാടകത്തിൽ  സമസ്തം തളർന്ന ശേഖരപ്പണിക്കരാണു പിള്ള. ഭാര്യ പട്ടാളം ഭവാനിയായി ഓമനയും. സാറേ അങ്ങേരെവിടെയാ കിടക്കുന്നേന്നു കണ്ടോ അങ്ങേരു വലത്താ, ഞാനെടത്താ. ഒന്നിനു ജീവനില്ല. ഒന്നിനു വെളിവില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുകാലത്തെ മുറിവുകളറിയുന്നവർ ഭവാനിയുടെ ഈ പറച്ചിലിന്റെ ഊറ്റം ഓർമിച്ചറിയും. 

 അമ്പലപ്പുഴയിൽ ഒരിക്കൽ  നാടകത്തിന്റെ ഗ്രീൻറൂമിലേക്കു തോർത്തുമുണ്ട് തോളിലിട്ട് വെറ്റിലച്ചവയുമായി തകഴിച്ചേട്ടൻ, പിള്ളയെ കാണാനെത്തുമ്പോൾ വിജയരാഘവനും അവിടെയുണ്ട്. ആ അനുഭവം വിജയരാഘവനു പറയാനുണ്ട്.

അച്ഛൻ മെയ്ക്കപ്പിടുകയാണ്. ഞങ്ങൾ സംഘാംഗങ്ങളൊപ്പമുണ്ട്. അച്ഛൻ ‘അര ഗ്ലാസ്’ പകർന്നു മുന്നിൽവച്ചു. പിന്നിരുപേരും രാഷ്ട്രീയമായി, സാഹിത്യമായി.. അച്ഛനെ കെട്ടിപ്പിടിച്ച് തകഴിച്ചേട്ടൻ പറഞ്ഞു: ‘എടാ നിന്റെ ആത്മകഥ വായിച്ചിട്ടെനിക്ക് നിന്നോട് അസൂയയാ... നിന്റെ അനുഭവങ്ങളുടെ മുന്നിൽ ഞാനാര്...’

എതിർപ്പുകളോടു സമരമുഖനായി ഉറച്ചുനിന്ന പിള്ള  പലപ്പോഴും തോൽവി പറഞ്ഞത്  രോഗങ്ങളോട്.  കാൽപത്തിയെ അസഹ്യമാംവിധം നോവിക്കുന്ന ഗൗട്ട്  എന്ന അസുഖമുണ്ടായി. നാടകയാത്രയ്ക്കിടയിലെ അപകടങ്ങൾ അദ്ദേഹത്തെ തളർത്തി. പതറിപ്പോയത് ഭാര്യ ചിന്നമ്മയുടെ മരണത്തോടെ. പുസ്തകങ്ങളുടെയും മദ്യക്കുപ്പികളുടെയും അരികെ തനിച്ചിരുന്നു. 

‘അക്കാലത്താണു ഗോഡ്ഫാദർ സിനിമയുടെ സ്ക്രിപ്റ്റുമായി സിദ്ദീഖും ലാലും വരുന്നത്.ലവലേശം താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ  സിദ്ദീഖും ലാലും കഥ പറഞ്ഞുതുടങ്ങിയതോടെ അച്ഛൻ അവശത വിട്ട് ഉണർന്നു. കട്ടിലിൽ നിവർന്നിരുന്നു. ആ കുടുംബകലഹക്കഥയിൽ രസം പിടിച്ചു.

 ‘ആട്ടെ, നിങ്ങളുടെ സിനിമയ്ക്കെന്തിനാ എന്നെ ഇപ്പൊ ആവശ്യം.?

‘സാറിന്റ ഈ സ്റ്റേജ് വാല്യൂ തന്നെ.’ സിദ്ദീഖിന്റെ മറുപടിയിലെ സത്യസന്ധത അച്ഛനു ബോധിച്ചു.   കോൾഷീറ്റിൽ ഒപ്പിട്ടതോടെ  അച്ഛൻ ഒരുതുള്ളി തൊടില്ലെന്നായി. 

സാഹസികതകളിൽ നിത്യയൗവനം സൂക്ഷിച്ച,  ചില ഉത്തമവാശികളിൽ മുറുകെപ്പിടിച്ച എൻ.എൻ.പിള്ളയ്ക്ക് മരണത്തോട് ഒരു കാണാക്കരാറുണ്ടായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കെ ജീവിതം അരങ്ങിൽ ഉപേക്ഷിച്ചുപോകണം. ആ അന്ത്യയാത്രാനേരം അങ്ങനെയായിരുന്നില്ലെങ്കിലും വിജയരാഘവനത് ഓർക്കുന്നുണ്ട്. 

‘ഡയലോഗ് പറയുമ്പോലൊരു ഗാംഭീര്യം ആ മുഖത്തു കണ്ടു, വല്ലാതെ ബദ്ധപ്പെട്ട് കൈകളുയർത്തി, വാക്കുകൾ മുറിഞ്ഞു...’ 

കോട്ടയം നാഗമ്പടത്തിന്റെ ചേരിജീവിതം പറയുന്ന ഓവർബ്രിജ് നാടകമെഴുതിത്തുടങ്ങിയ നാളുകളിലാണു മരണം; ജീവിതം പാലം കടന്നുപോയ പോലെ. 

മതി, ഞാൻ ഇങ്ങനെ ഉപസംഹരിക്കുകയാണ്. ഞാനല്ലാതെ എനിക്ക് മറ്റൊരു ഗുരുവില്ല. ഈശ്വരനുമില്ല. എന്റെ അന്ത്യശ്വാസത്തിൽപോലും.  രക്ഷിക്കണേ എന്ന അഭ്യർഥനയുമായി ഞാനാരുടെ മുന്നിലും കൈകൂപ്പി നിൽക്കില്ല. ഞാൻ എന്നോടല്ലാതെ ആരോട് അഭ്യർഥിക്കാൻ. ആരുമില്ല (വഴി വെട്ടിയവന്റെ വീറ്, എൻ.എൻ.പിള്ള)