Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കിൽ കനലുണ്ടെങ്കിൽ കെടുത്താൻ ആർക്കു പറ്റും? - തസ്‍‍വീർ എന്ന ഉയർപ്പ് മരത്തിന്റെ കഥ

Author Details
Tazveer Muhammed തസ്‍‍വീർ മുഹമ്മദ് ഫുട്ബോൾ കളിക്കിടെ. ചിത്രം: റിജോ ജോസഫ്

വളർന്നു പന്തലിച്ചൊരു മരം. അതു പൂമണം പരത്തിനിൽക്കുമ്പോൾ മൂർച്ചയേറിയ മഴുവുമായി എത്തിയൊരാൾ ചുവടോടെ വെട്ടിമാറ്റുന്നു, നഷ്ടമായ തണലിനെ ഓർത്തു നാട്ടുകാർ പരിതപിക്കുന്നു, ചേക്കേറാനുള്ള ചില്ലകളെയോർത്തു കിളികൾ കരയുന്നു. വീണ്ടും വേനൽ മാറി, കുളിരായി, മഴ വന്നു മരക്കുറ്റി നനഞ്ഞു, അതിൽ ജീവൻ തുളുമ്പുന്ന ഒരു നാമ്പ് തളിർത്തുയർന്നു; ഒന്നല്ല, പത്തല്ല, നൂറുകണക്കിനു പുതുനാമ്പുകൾ കരുത്തോടെ ഉയർന്നുവന്നു. 

ഇങ്ങനെ ആർത്തലച്ചു വളർന്ന ഒരു ചെറുമരക്കാഴ്ചയാണ് ചങ്ങനാശേരി സ്വദേശി തസ്‍‍വീർ മുഹമ്മദ്! 

ഫ്ലാഷ്ബാക്ക്..

കൂട്ടുകാരും നാട്ടുകാരും ഒക്കെ ചേർന്ന് ആസ്വാദ്യകരമായിരുന്നു പഠനശേഷമുള്ള തസ്‍വിയുടെ ജീവിതം. ഫാഷൻ വസ്ത്രങ്ങളും മോഡലിങ്ങും സ്വന്തമായി റെഡിമെയ്ഡ് ഷോപ്പും ഫുട്ബോൾ കളിയും യാത്രകളും. 2013 നവംബർ 17ന് തസ്‍വിയുടെ ജന്മദിനമായിരുന്നു. 19നു ബെംഗളൂരുവിൽ മോഡൽഷൂട്ടുണ്ട്, 18നു കേരളത്തിൽ ഹർത്താലും. 17നു രാത്രി സുഹൃത്ത് സനൂപിനൊപ്പം ബൈക്കിൽ യാത്ര തിരിച്ചു. രാവിലെ ബെംഗളൂരു– ഹൊസൂർ റോഡിൽ കൃഷ്ണഗിരിയിൽവച്ച് ഇടറോഡിൽനിന്നു പാഞ്ഞുകയറിയ ബസ് ഇടിച്ചു തെറിപ്പിച്ചപ്പോൾ റോഡിൽ പരന്നൊഴുകിയ ചോരയ്ക്കൊപ്പം ഒരുപാടു സ്വപ്നങ്ങളുമുണ്ടായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സനൂപിനെക്കാൾ വലിയ പരുക്കുകളോടെ അനങ്ങാനാവാതെ തെസ്‍വി കിടന്നു. വലതുകയ്യും ഇടതുകാലും ഒടിഞ്ഞു തകർന്നു, വലതുകാലിൽ ആഴത്തിൽ മുറിവുമുണ്ട്. 40 കിലോമീറ്റർ അകലെയുള്ള സ്പർശ് ആശുപത്രിയിലെത്തിക്കുന്നതു വെല്ലുവിളിയായതിനാൽ സമീപത്തുള്ള അശോക ആശുപത്രിയിലേക്കു മാറ്റി. ബെംഗളൂരുവിൽനിന്നും നാട്ടിൽനിന്നും എത്തിയ കൂട്ടുകാരും ബന്ധുക്കളും കണ്ടത് ഇടതുകാലും വലതുകയ്യും ശരീരത്തിന്റെ പല ഭാഗങ്ങളും പൊതിഞ്ഞുകെട്ടിയ നിലയിലുള്ള തസ്‍വിയെയാണ്. എല്ലു നുറുങ്ങുന്ന വേദനയ്ക്കിടെ പക്ഷേ, ഡോക്ടറുടെ വാക്കുകൾ തസ്‍വിക്കു പ്രതീക്ഷ നൽകി: ‘‘മൂന്നു മാസത്തിനുള്ളിൽ നിനക്ക് ഫു‍ട്ബോൾ കളിക്കാൻ പറ്റും.’’

വലതുകാലിലെ ‍ഞരമ്പു മുറിഞ്ഞുണ്ടായ മുറിവിൽനിന്ന്  ഒലിച്ചിറങ്ങിപ്പൊയ രക്തത്തിനു പകരം കൂട്ടുകാരുടെയും നാട്ടുകാരുടെയും ആശുപത്രി ജീവനക്കാരുടെയും 23 കുപ്പി രക്തം ശരീരത്തിൽ ഒഴുകിത്തുടങ്ങി. 4 ശസ്ത്രക്രിയകൾ കഴിഞ്ഞു. പക്ഷേ, വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. എഴുന്നേൽപ്പിച്ചു നടത്തും എന്നു പറഞ്ഞ ഡോക്ടർ ഒരാഴ്ചയ്ക്കുശേഷം പറഞ്ഞ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി: വലതുകാലിലെ തുടയിലെ മുറിവിൽ അണുബാധയാണ്, കാൽ മുറിച്ചുമാറ്റേണ്ടി വരും. വേദനത്തിരയിൽ മുങ്ങുമ്പോളും തസ്‍വിയുടെ കണ്ണുകൾ സങ്കടച്ചാലായില്ല, കരയാൻപോലും ആവാതെ അവൻ കിടന്നു. അവനുവേണ്ടി കരഞ്ഞതു മുഴുവൻ കൂട്ടുകാരായിരുന്നു. 

തസ്‍വിയുടെ മെഡിക്കൽ റെക്കോഡുകളുമായി കൂട്ടുകാർ പല ആശുപത്രികളിലേക്കും ഓടി. പക്ഷേ, നിരാശയായിരുന്നു ഫലം. 

Tazveer Muhammed

മോഡലിങ്ങും ഫുട്ബോളും സ്വപ്നംകണ്ടു നടന്നയാളുടെ തായ്‍വേര് ഒടുവിൽ ബെംഗളൂരു ഹോസ്മറ്റ് ആശുപത്രിയിൽവച്ച് അറുത്തുമാറ്റി. തകർന്നുപോയ സമയം. മുറിഞ്ഞ കാലു മൂടിയിട്ടിരിക്കുന്നതു പോലെ തലയും ഷീറ്റുകൊണ്ടു മൂടിയാണു കിടക്കുന്നത്; മറ്റുള്ളവരെ കാണാതിരിക്കാൻ. ബെംഗളൂരുവിൽനിന്നു കോട്ടയം മാതാ ആശുപത്രിയിലേക്കു കൊണ്ടുവന്നു. 3 മാസം കിടന്ന കിടപ്പ്. ചെറുതും വലുതുമായി 13 ശസ്ത്രക്രിയകൾ. പിന്നെ ജീവിതം വീൽചെയറിലേക്കു മാറി. 

കൂട്ട്...

അപകടമുണ്ടായ കാലംമുതൽ കൂട്ടുകാർ തസ്‍വിക്ക് ഒരു കൂടു തീർക്കുകയായിരുന്നു; സ്നേഹത്തിന്റെയും കരുതലിന്റെയും കൂട്. 

ഒരു നിമിഷം പോലുമൊഴിയാതെ അവർ ഒപ്പം നിന്നു. പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻപോലും അവരായിരുന്നു സഹായത്തിന്. അപകടത്തെപ്പറ്റിയും നഷ്ടമായ കാലിനെപ്പറ്റിയും അവർ ഒരക്ഷരംപോലും സംസാരിച്ചില്ല. പഴയതുപോലെ മോഡലിങ്ങും റെഡിമെയ്ഡ് ഷോപ്പും ഫുട്ബോൾ കളിയും യാത്രകളുമൊക്കെയുള്ള തസ്‍‍വിയെയായിരുന്നു അവർക്കു വേണ്ടത്. അതിനായി ഉൗണും ഉറക്കവും അവർ ഉപേക്ഷിച്ചു. 4 മാസത്തിനുശേഷം തസ്‍വിയെ വീൽചെയറിൽ ഇരുത്തിയാണ് അവർ സിനിമയ്ക്കുപോലും പോയത്. 

Tazveer Muhammed

കൂട്ടുവെട്ടിയവർ...

എപ്പോഴും ചിരിച്ചിരുന്ന, സംസാരിച്ചിരുന്ന പലരും തസ്‍വി രോഗക്കിടക്കയിലായപ്പോൾ വിട്ടുപോയി. ‘‘എന്നെയല്ല, എന്റെ വലതുകാൽ ഇഷ്ടപ്പെട്ടവരെല്ലാം എന്നെ വിട്ടുപോയി’’ എന്നാണ് അതേപ്പറ്റി തസ്‍വി പറയുന്നത്. രോഗക്കിടക്കയിൽ കാണാൻ വരുന്നവരുടെ സഹതാപം നിറഞ്ഞ വാക്കുകളാണ് തന്നെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്നു തസ്‍വി. 

ക്ലൈമാക്സ്

നഷ്ടമായ ഒരു കാലിനു പകരം, 11 മാസത്തിനു ശേഷം 2 കാലുകളാണു ക്രച്ചസിന്റെ രൂപത്തിൽ ഡോക്ടർ കയ്യിൽ പിടിച്ചു കൊടുത്തത്. പുത്തൻ കാലിൽ കുത്തിനടക്കാനും നടപ്പിന്റെ താളം കണ്ടെത്താനും ദിവസങ്ങളെടുത്തു. നടത്താനും കൂടെ നടക്കാനും ഒട്ടേറെ പേരെത്തി. ഒരു കാലു പോയവനു നൂറുകാലുകൾ കൂട്ടായി.

Tazveer Muhammed

അതുവരെ വീൽചെയറിലിരുന്ന് ആളുകളെ കണ്ടിരുന്ന തസ്‍വിക്ക് തന്റെ കാഴ്ചയിൽ മറ്റുള്ളവരെല്ലാം വലുതായാണ് തോന്നിയിരുന്നത്. പുതുജന്മത്തിൽ ക്രച്ചസിൽ കുത്തിയുയർന്നപ്പോൾ അതു മറിച്ചായി. ക്രച്ചസിൽ ഒന്നിൽ സൂപ്പർമാന്റെയും മറ്റേതിൽ ബാറ്റ്സ്മാന്റെയും സ്റ്റിക്കർ പതിച്ചു. രണ്ടു സൂപ്പർഹീറോസിനിടയിൽ മറ്റൊരു സൂപ്പർ ഹീറോയാണു താൻ എന്ന ചിന്ത മനസ്സിൽ നിറച്ചു. സനൂപിനൊപ്പം വീണ്ടും ബൈക്കിൽ കയറി. അങ്ങനെ സ്വപ്നങ്ങൾ ഒന്നൊന്നായി എത്തിപ്പിടിക്കാൻ തുടങ്ങി. 

കൂട്ടുകാരെ ആശ്രയിച്ചു മാത്രം മുന്നോട്ടു നീങ്ങുന്ന ജീവിതത്തിൽനിന്ന് ഒരു ബ്രേക്ക് എടുക്കാനാണ് കോഴിക്കോട്ടേക്കു തനിച്ചൊരു യാത്രയ്ക്ക് തസ്‍വി തയാറായത്. ബന്ധുക്കളും കൂട്ടുകാരും എതിരു നിന്നെങ്കിലും യാത്ര മുടങ്ങിയില്ല. ആ യാത്രയിൽ മനസ്സൊരുക്കുകയായിരുന്നു; ഒപ്പം കാലും. പരാശ്രയത്തിൽനിന്നു സ്വാശ്രയത്തിലേക്കുള്ള യാത്രയുടെ തുടക്കം. ആ യാത്രയ്ക്കിടെ വയനാടൻ ചുരം നടന്നിറങ്ങുമ്പോഴാണ് ആദ്യമായി വീണത്. ഒന്നു പേടിച്ചു. പക്ഷേ, വർധിത ധൈര്യത്തോടെ ചാടിയെണീറ്റു. ആ വീഴ്ചയാണു തന്നെ പിടിച്ചുയർത്തിയതെന്നു തസ്‍വി. വീണാലും വീണ്ടും എണീക്കാമെന്നും, വീണാൽ ഇത്രയേ ഉള്ളൂ എന്നും മനസ്സിലായി. 

Tazveer Muhammed

സുഹൃത്ത് ഷാനുവാണ് വീണ്ടും മോഡലിങ്ങിലേക്കു കൈപിടിച്ചു കയറ്റിയത്. പിന്നെ തുടർച്ചയായ ഷൂട്ടുകൾ. ഒരു സ്വപ്നംകൂടി കയ്യെത്തിപ്പിടിച്ചു. 

ചങ്ങനാശേരിയിലെ സുഹൃത്തുക്കളിൽ ചിലർ ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. ഒരു സ്വപ്നംകൂടി തന്റെ നേരെ പുഞ്ചിരിച്ചു വരുന്നതായി തസ്‍വിക്കു തോന്നി. ബുള്ളറ്റ് ട്രെയിനിൽ കയറ്റിവിട്ട് തസ്‍വിയും സുഹൃത്തും ഡൽഹിയിൽനിന്ന് യാത്രയിൽ ചേർന്നു. 15 ദിവസം നീണ്ട യാത്ര, ആത്മവിശ്വാസത്തിന്റെ മഞ്ഞുമല കീഴടക്കി തസ്‍വി മടങ്ങി.

വീണ്ടും സ്വപ്നമെത്തി, സിനിമയുടെ രൂപത്തിൽ. ‘ആഭാസം’ എന്ന സിനിമയിൽ അഭിനയിച്ചു. അതിനിടെ കോളജ് യൂണിയന്റെയും കടകളുടെയും ഉദ്ഘാടനം പോലുള്ള ഒട്ടേറെ പരിപാടികൾ. തസ്‍വിയുടെ വാക്കുകൾ ആഘോഷമാക്കി സമൂഹമാധ്യമങ്ങളിൽ യുവത. ഇൻസ്റ്റഗ്രാമിൽ 367000ത്തിൽ അധികം ഫോളോവേഴ്സ്. ഫെയ്സ്ബുക് മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയിലെ ആറ് യൂത്ത് െഎക്കണുകളിൽ ഒരാൾ... ആശകൾ അതിരില്ലാതെ പറക്കുന്നു.

Tazveer Muhammed

വാഗമണ്ണിൽ പാരാഗ്ലൈഡിങ് നടത്തി. പിന്നെ, പാരാഗ്ലൈഡിങ്ങിന്റെ ഒഫിഷ്യൽ വിഡിയോയ്ക്കുവേണ്ടി പറന്നു. മാനം മുട്ടെ പറക്കണം എന്ന ഒരു സ്വപ്നംകൂടി പറന്നുപിടിച്ചു. 

വലതുകാൽ ഇല്ലാതെ നടൻ, മോട്ടിവേറ്റർ, ഇൻഫ്ലുവൻസർ, മോഡൽ, സ്റ്റൈലിസ്റ്റ്, ഫുട്ബോൾ പ്ലെയർ, ട്രാവലർ ഒക്കെയാണിപ്പോൾ തസ്‍വി. ഇനിയും എത്രയോ സ്വപ്നങ്ങൾ വെള്ളച്ചിറകു വിരിച്ചു പറക്കുന്നുണ്ടാവും തസ്‌വിയുടെ അടുത്തേക്ക്. ഉണങ്ങിയെരിയുമായിരുന്ന മരക്കുറ്റിയിൽനിന്നു പൊട്ടിമുളച്ച നാമ്പുകൾ വളർന്നുയരുകയാണ്. ഇനിയുമതു പൂക്കും കായ്ക്കും. അതിൽ കിളികൾ കൂടണയും. അതൊരു പുതുമരമാകും; ഉയിർപ്പിന്റെ മരം.

Tazveer Muhammed
Tazveer Muhammed
Tazveer Muhammed
Tazveer Muhammed