പാട്ടു പോലൊരു കൂട്ട്

Hari-Rafeeq-Ahmed
SHARE

മലയാളത്തിന്റെ സിനിമാഗാന ചരിത്രത്തെ വളർത്തിയത് രണ്ട് സ്കൂളുകളാണ്. വയലാർ സ്കൂളും പി.ഭാസ്കരൻ സ്കൂളും. എന്നാൽ, ഇന്ന് ഈ രംഗത്ത് പ്രബലമായി നിൽക്കുന്നത് കുന്നംകുളത്തിനടുത്തുള്ള അക്കിക്കാവ് ടി.എം.ഹൈസ്കൂളാണ്. കഴിഞ്ഞ കുറച്ചുവർഷമായി മലയാളി ഏറ്റുപാടുന്ന പാട്ടുകളിൽ മുക്കാൽപങ്കും എഴുതിയത് ഇവിടെ പഠിച്ചിറങ്ങിയ രണ്ടു വിദ്യാർഥികളാണ്. റഫീക്ക് അഹമ്മദും ബി.കെ. ഹരിനാരായണനും. ഗാനരചയിതാക്കളിലെ രണ്ട് സൂപ്പർ താരങ്ങളും അയൽവാസികൾ. ഒരു പാട്ടുമൂളുന്ന സമയംകൊണ്ട് ഒരു വീട്ടിൽനിന്ന് മറ്റേ വീട്ടിലെത്താം. 

∙ പാട്ടെഴുതുമ്പോൾ കവിതയിൽ കിട്ടുന്ന സ്വാതന്ത്ര്യം കിട്ടാറുണ്ടോ?

റഫീക്ക്∙ കവിതയെയും പാട്ടിനെയും രണ്ടായി കാണണം. എനിക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം കവിത എഴുതിയാൽ മതി. സിനിമ അങ്ങനെയല്ല, അതൊരു സംഘകലയാണ്. പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യമേ പറ്റൂ. മറ്റൊന്ന്, ഞാനായിട്ടുനിന്നുകൊണ്ടല്ല പാട്ടുകൾ എഴുതുന്നത്; കഥാപാത്രമായി മാറിക്കൊണ്ടാണ്. അവിടെ എനിക്ക് കാമുകനും കാമുകിയും ഭക്തനും നിരീശ്വരവാദിയും ഒക്കെ ആകാനുള്ള സ്വാതന്ത്ര്യം കൂടിയുണ്ട്. ഈ സ്വാതന്ത്ര്യം പലപ്പോഴും കവിതയിൽ കിട്ടിയെന്നു വരില്ല. 

ഹരി∙ പാട്ടെഴുത്തും ഒരുതരത്തിൽ അഭിനയം പോലെയാണ്. സിനിമയിൽ ഒരു നടൻ പറയുന്ന സംഭാഷണങ്ങൾക്ക് അയാളുടെ ജീവിതവുമായി ബന്ധമുണ്ടാകണമെന്നില്ല. എഴുത്തുകാരന്റെ മനോവിചാരമനുസരിച്ചല്ല, കഥാപാത്രത്തിന്റെ മനോവിചാരം അനുസരിച്ചാണ് പാട്ട് എഴുതുന്നത്. 

∙ മറ്റുള്ളവരുടെ ഇടപെടൽകൊണ്ട് ഭംഗിയായിത്തീർന്ന പാട്ടുകളും ഇല്ലേ?

റഫീക്ക്∙ ഇടപെടൽ എന്ന് പറയാൻ പറ്റില്ല. ഞാൻ തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് രമേശ് നാരായണൻ  വിളിക്കുന്നത്. ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലേക്ക് 3 പാട്ടുകൾ വേണം. പെട്ടെന്ന് തൃശൂരെത്തണം. അങ്ങനെ പറ്റാവുന്ന വേഗത്തിൽ അവിടെയെത്തി. സംവിധായകൻ സലിം അഹമ്മദും ഉണ്ട്. വേഗം എഴുതണം എന്ന് രണ്ടുപേരും ധൃതി കൂട്ടി. ഞാനാണെങ്കിൽ വളരെ ക്ഷീണിച്ചുമാണ്. അങ്ങനെ എടുത്തുതരാൻ പോക്കറ്റി‍ൽ പാട്ടൊന്നും കിടപ്പില്ലെന്ന് തമാശയായി പറഞ്ഞു. ഏതായാലും കുളിച്ച് ഫ്രഷ് ആയി ഞങ്ങൾ ഇരുന്നു. ഒറ്റ രാത്രികൊണ്ട് പാട്ടുകൾ റെഡി. 

ഹരി∙ 1983 എന്ന സിനിമയിൽ നായകന്റെ സ്കൂൾ കാലഘട്ടം ഓർമിക്കുന്ന ഒരു പാട്ടുവേണം. നഷ്ടപ്രണയമാണ് വിഷയം. രണ്ടുദിവസം കിണഞ്ഞു പരിശ്രമിച്ചിട്ടും പല്ലവിയല്ലാതെ ഒന്നും എഴുതാൻ പറ്റുന്നില്ല. ഗോപീസുന്ദറാണ് സംഗീതം. അദ്ദേഹം എന്നെ കാര്യമായി സഹായിക്കുന്നുണ്ട്. ഇതിനിടയിൽ സംവിധായകൻ വീണ്ടും വന്നു. സ്കൂളിന്റെ പരിസരത്തെക്കുറിച്ച് വർണിച്ചു തന്നിട്ടു പറഞ്ഞു. ‘‘ഏതെങ്കിലും ഒരു കിളിയെ അഭിസംബോധന ചെയ്തോ മറ്റോ അങ്ങു തുടങ്ങിക്കോ...’’ അങ്ങനെ ഞാൻ വീണ്ടും എഴുതാനിരുന്നു ‘‘കൂട്ടുകാരിക്കുരുവീ...’’ എന്നൊരു തുടക്കംമാത്രം കിട്ടി. പക്ഷേ, ബാക്കി എഴുതാൻ പറ്റുന്നില്ല. വീണ്ടും ഗോപിച്ചേട്ടൻ ഇടപെട്ടു. ഏതെങ്കിലും ഒരു വാക്കിന്റെ പ്രാസത്തിനൊപ്പിച്ച് ഒന്നു പിടിച്ചുനോക്കാൻ പറഞ്ഞു. അങ്ങനെ ‘‘ഈ’’എന്ന പ്രാസം പിടിച്ചു. 

കൂട്ടുകാരിക്കുരുവീ

ഇളംകാറ്റിലാടി വരുനീ

കൂട്ടുകൂടു കിണുങ്ങി,

മിഴിപ്പീലിമെല്ലെ തഴുകീ...

എന്ന് എഴുതിത്തീർത്തു. ബാക്കി പെട്ടെന്നു വന്നു. സംവിധായകൻ വീണ്ടും വന്നപ്പോൾ പാട്ട് കാണിച്ചു. കൂട്ടുകാരിക്കുരുവീ എന്ന തുടക്കംമാത്രം അദ്ദേഹത്തിന് ഇഷ്ടമായില്ല. അതൊന്നു മാറ്റണമെന്നു പറഞ്ഞു. അങ്ങനെയാണ് ‘‘ഓലഞ്ഞാലിക്കുരുവി’’ ഉണ്ടായത്. 

∙ വളരെ എളുപ്പത്തിൽ ഉണ്ടായ രചനകളും ഇല്ലേ...?

റഫീക്ക്∙ ‘പവിയേട്ടന്റെ മധുരച്ചൂരൽ’ എന്ന സിനിമയുടെ സംഗീത സംവിധായകൻ സി.രഘുനാഥ് മ്യൂസിക് എനിക്ക് വാട്സാപ്പിൽ അയച്ചുതരികയായിരുന്നു. ഫോണിൽത്തന്നെ ടൈപ്പ് ചെയ്ത് ഞാൻ അയച്ചുകൊടുത്തതാണ് അതിലെ ‘‘അനുരാഗനീല നദി നീന്തി നീന്തി’’ എന്നഗാനം. കുട്ടനാടൻ ബ്ലോഗിലെ പാട്ടുകളും ഇങ്ങനെ അയച്ചുകൊടുത്തതാണ്. രണ്ടിലും സംഗീതസംവിധായകരുമായി കണ്ടുമുട്ടിയിട്ടുപോലുമില്ല. 

ഹരി∙ ശോഭ മാളിൽ ‘കിസ്മത്’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഗോപീസുന്ദർ ചേട്ടന്റെ ഫോൺ വരുന്നത്. പെട്ടെന്നൊരു പാട്ട് വേണം. ട്യൂൺ ഫോണിൽ അയച്ചിട്ടുണ്ട്. സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഗോപിച്ചേട്ടന്റെ അടുത്തുണ്ട്. വരികളിൽ എവിടെയെങ്കിലും ‘‘മുരുകാ’’ എന്നൊരു പ്രയോഗം ഉണ്ടാവണം. അത്രേയുള്ളു നിർദേശം. മ്യൂസിക് കേൾക്കാനായി ഞാൻ തിയറ്ററിനു പുറത്തേക്കിറങ്ങി. പക്ഷേ, നടക്കുന്നില്ല. അത്രയ്ക്ക് ബഹളമാണ് എല്ലായിടത്തും. ഒരുവിധത്തിൽ ഒരു കെട്ടിടത്തിന്റെ മൂലയ്ക്ക് കയറിനിന്നാണ് മ്യൂസിക് കേട്ടത്. പിന്നെ അവിടെത്തന്നെ നിന്ന് ഫോണിൽ നാലുവരി എഴുതി. അതാണു പുലിമുരുകനിലെ ടൈറ്റിൽ സോങ്.

‘‘മുരുകാ മുരുകാ പുലിമുരുകാ...’’

∙ ഹരിയുടെ രചനകളൽ റഫീക്കിന് ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതാണ്...?

എസ്ര എന്ന സിനിമയിലെ 

‘‘ലൈലാകമേ...പൂ ചൂടുമോ......

വിടവാങ്ങുമീ രാത്രിതൻ വാതിലിൽ....

ആകാശമേ നീർ പെയ്യുമോ

പ്രണയാർദ്രമീ ശാഖിയിൽ....’’

എന്ന വരികൾ വളരെ ഇഷ്ടമാണ്. നടന്നുപരിചയിച്ച വഴികളിൽനിന്നു മാറിക്കൊണ്ടുള്ള ഒരു പുതുക്കൽ ഇതിലുണ്ട്. 

ഹരി∙ പുതുക്കൽ അത്യാവശ്യമാണ്. സിനിമ ആകെ മാറിയെങ്കിലും പാട്ടുകളിൽ നമുക്ക് ഇപ്പോഴും പുളിയിലക്കരമുണ്ടും കതിരിട്ടപാടവും വേണമെന്ന് വാശി പിടിക്കരുത്. നഗരഹൃദയത്തിലെ അംബരചുംബിയായ ഫ്ലാറ്റിന്റെ മുകൾനിലയിലെ ബാൽഗണിയിൽ ത്രീ ഫോർത്ത് പാന്റ്സും ടീ ഷർട്ടുമിട്ട് കയ്യിലൊരു പെഗ്ഗും പിടിച്ചു നിൽക്കുന്ന നായകനെക്കൊണ്ട് ‘‘സുമംഗലീ നീ ഓർമിക്കുമോ......’’ എന്ന് പാടിക്കാനാവില്ല. കാലം മാറി, അയാളുടെ അനുഭവവും ജീവിതവും മാറിപ്പോയി. ആ പരിസരത്തുനിന്നുകൊണ്ടല്ലേ നമ്മൾ എഴുതേണ്ടത്. 

റഫീക്ക്∙ ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിനുവേണ്ടി എഴുതാൻ ചെന്നപ്പോൾ കഥ നടക്കുന്ന മലയോര ഗ്രാമത്തെപ്പറ്റി ലാൽ ജോസ് നല്ലൊരു ചിത്രംതന്നിരുന്നു. അതുകൊണ്ട് പാട്ടിലെവിടെയെങ്കിലും റബർ മരം കൊണ്ടുവരണമെന്ന് എനിക്കു തോന്നി. സാധാരണ ചെമ്പകം, അശോകം, ഇലഞ്ഞി, കൊന്ന തുടങ്ങിയ മരങ്ങൾക്കു മാത്രമാണ് കവിതയിൽ പ്രവേശനമുള്ളത്. പക്ഷേ, തോഴീ എന്ന പാട്ടിൽ ‘‘മുറിവുകളിൽ പാഴ്മരുവിനു പോലും പ്രണയമാം നീർത്തുള്ളിയൂറി’’ എന്നെഴുതിക്കൊണ്ട് റബർ മരത്തെ ഞാൻ പാട്ടിലാക്കി. ‘റൺബേബി റൺ’ എന്നചിത്രത്തിലെ ആറ്റുമണൽ പായയിൽ എന്ന ഗാനത്തിന്റെ സിറ്റ്വേഷൻ പറഞ്ഞുതന്നത് തിരക്കഥാകൃത്ത് സച്ചിയാണ്. രണ്ട് ന്യൂജനറേഷൻ ജേണലിസ്റ്റുകളാണ് നായികാനായകന്മാർ. പക്ഷേ, അവരുടെ പ്രണയം ഒരു ഫോക്ക് ഗാനം പോലെ ആയാലോ എന്നൊരു ആശയം ഞാൻ മുന്നോട്ടുവച്ചു. ആ വൈരുധ്യത്തിന്റെ സൗന്ദര്യം സച്ചിക്കു മനസ്സിലായി. രതീഷ് വേഗ വളരെ മനോഹരമായി അത് കംപോസ് ചെയ്തു. ആറിന്റെ തീരമോ തോണിയോ ഒന്നുമില്ലാതെ നഗരത്തിന്റെ ആഡംബരത്തിൽനിന്നുകൊണ്ടുതന്നെ ജോഷി സാർ  അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്തു. ചേർച്ചയില്ലാത്തതിന്റെ ചേർച്ച പ്രേക്ഷകരും ആസ്വദിച്ചു.  

∙ മോശമായ അനുഭവങ്ങളും ഉണ്ടായിട്ടില്ലേ...?

റഫീക്ക്∙ ഒരിക്കൽ ഒരു സംവിധായകൻ എനിക്ക് സിറ്റ്വേഷൻ പറഞ്ഞുതന്നിട്ട് പറഞ്ഞു. ഇതിലെ നായകൻ ഒരു ഗുണ്ടയാണ്. അതുകൊണ്ട് പാട്ടിൽ ഒട്ടും കവിതവേണ്ട. അപ്പോൾ ഞാൻ ചോദിച്ചു. ആരാണ് നായകൻ. അത് സൂപ്പർ താരമാണ്. ആരാണ് തിരക്കഥാകൃത്ത്. അത് വളരെ പേരുകേട്ട ഒരാളാണ്. അങ്ങനെ എല്ലാവരും മികച്ചവരാണ്. പാട്ടുമാത്രം മോശം മതി. ആ പാട്ട് എനിക്കങ്ങനെ എഴുതേണ്ടി വന്നു. 

ഹരി∙ കവിത ഒട്ടും വേണ്ട എന്ന് എന്നോടും പലരും പറയാറുണ്ട്. മനസ്സിലാകാത്ത ഭാഷ വേണ്ട എന്നാവും അവർ ഉദ്ദേശിക്കുന്നത്. 

∙ റഫീക്കിന്റെ രചനകളിൽ ഹരിയെ സ്വാധീനിച്ച ഗാനങ്ങൾ?

ഗർഷോമിലെ ‘പറയാൻ മറന്ന പരിഭവങ്ങൾ’, സൂഫി പറഞ്ഞ കഥയിലെ ‘തെക്കിനക്കോലായ ചുമരിന്മേൽ’, ഞാൻ എന്ന സിനിമയിലെ ‘ശ്രീപദം മെല്ലെ....’ അങ്ങനെ പറയാൻ ഒരുപാട് പാട്ടുകൾ ഉണ്ട്. 

∙ അക്കിക്കാവിൽ പാട്ടെഴുത്തുകാരെ സൃഷ്ടിക്കുന്ന ഫാക്ടറി വല്ലതും ഉണ്ടോ?

റഫീക്ക്∙ നല്ലൊരു സ്കൂളുണ്ട്. പക്ഷേ, അവിടെ പാട്ടെഴുത്തൊന്നും പഠിപ്പിക്കുന്നില്ല. സ്കൂളിനു പുറത്ത് വായനശാലകളും ക്ലബ്ബുകളും ഒക്കെ സജീവം. ബി.ടി.വി. നാരായണന്റെ നേതൃത്വത്തിൽ ബോധനവേദി എന്നൊരു സാംസ്കാരിക സംഘടനയുണ്ടായിരുന്നു. ഞാനൊക്കെ അതിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. പോരാത്തതിന് സി.വി.ശ്രീരാമൻ, മാധവൻ അയ്യപ്പത്ത്, വി.കെ.ശ്രീരാമൻ, ഐപ്പ് പാറമേൽ തുടങ്ങിയ സാഹിത്യകാരന്മാരുടെ നാടുകൂടിയാണിത്. 

ഹരി∙ എന്റെ ബന്ധുവാണ് ഈ ബി.ടി.വി. നാരായണൻ. ബോധനവേദിക്ക് ഒരു ബാലവേദിയുണ്ടായിരുന്നു. അതിലൂടെയാണ് ഞാൻ വളർന്നുവന്നത്. വീട്ടിലാണെങ്കിൽ ചെറിയച്ഛന്മാർ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലിപ്പഠിപ്പിക്കും. കൃഷ്ണൻ ചെറിയച്ഛൻ കൊണ്ടുവന്നിരുന്ന പുസ്തകങ്ങളാണ് ആദ്യം വായിച്ചുതുടങ്ങുന്നത്. അദ്ദേഹം റഫീക്കയുടെ അടുത്ത സുഹൃത്താണ്. ഞാനോർക്കുന്നുണ്ട്, കുന്നംകുളം റോയൽ ഹോസ്പിറ്റലിൽ ചെറിയമ്മ മോനെ പ്രസവിച്ചു കിടക്കുമ്പോൾ റഫീക്ക അവിടെ വന്നിരുന്നു; രക്തം നൽകാനായി. അന്നാണ് റഫീക്കയെ ആദ്യമായി കാണുന്നത്.

റഫീക്ക്∙ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ അങ്ങനെയൊരു രക്തബന്ധംകൂടിയുണ്ട്. 

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ഇരുവരും പുറത്തേക്കിറങ്ങുമ്പോൾ അകത്തെ മുറിയിൽനിന്ന് പാട്ട് കേൾക്കാം. 

‘‘കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ

കണ്ണോടു കണ്ണോരം ചേരുന്നു നാം

പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും

വാർമേഘത്തെല്ലായി മാറുന്നു നാം’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA