ADVERTISEMENT

അവളുടെ കഥ തുടങ്ങേണ്ടത് ഒരു നഷ്ടപ്പെടലിൽ നിന്നാണ്. നിറയെ മുറികളുള്ളൊരു വീട്, അകത്തൊരു ഊഞ്ഞാൽ, തൊട്ടടുത്ത് അമ്പലം, തൊടിയിൽ പശുക്കൾ, ചാണകം പതിപ്പിച്ച ചുമരുകൾ, വീട്ടുമുറ്റത്തു വിറകുകെട്ടുകൾ... ഈ ഓർമത്തുണ്ടുകൾ കോർത്തെടുക്കുമ്പോൾ ഒരു വലിയ വീടു തെളിയും. അവിടെ സ്നേഹം വിതറുന്ന കുറെ മനുഷ്യർ നിറയും. അതിൽ അവളുടെ അച്ഛനുണ്ടായിരുന്നു, അമ്മയും ഏട്ടനുമെല്ലാമുണ്ടായിരുന്നു. സ്വന്തം സ്ഥലപ്പേരു പോലും തെളിച്ചുപറയാൻ കഴിയാത്ത ഏഴാം വയസ്സിൽ അവൾക്കതെല്ലാം നഷ്ടപ്പെട്ടു. അവൾ അനാഥയായി– ഝാൻസിയിലെ ധീരവനിതയുടെ പേരു മാത്രമുള്ളൊരു പാവം, കോഴിക്കോട്ടുകാരി ലക്ഷ്മി ബായി. 

തുടങ്ങിയതു നഷ്ടപ്പെടലിൽ നിന്നാണെങ്കിലും ഇതു തിരിച്ചുകിട്ടലിന്റെ കണ്ണീർനനവുള്ള കഥയാണ്. പക്ഷേ, അതിനു ലക്ഷ്‌മിക്കു നൽകേണ്ടിവന്നത് ആയുസ്സിലെ 53 വർഷങ്ങളാണ്, അച്ഛനെയും അമ്മയെയുമാണ്, സ്വന്തം നാടാണ്... പലതുമാണ്. അതിനിടയിലും ചില സന്തോഷങ്ങൾ ദൈവം അവർക്കായി കരുതിവച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറെയിൽ ചാത്തപ്പനെന്ന ഭർത്താവിനെ, മക്കളെ.. ഇത് അവരുടെ കൂടി കഥയാണ്. തമിഴ്നാട് ആർക്കോണത്തെ മീര കോഴിക്കോട്ടെ ലക്ഷ്മിയായ കഥ ! 

തമിഴ്നാട്ടിലേക്കു പോകാം

റെയിൽവേ ഉദ്യോഗസ്ഥനായ ലക്ഷ്മിപതി നായിഡുവിന്റെയും ഭാര്യ ആദിലക്ഷ്മിയുടെയും നാലു മക്കളിൽ മൂന്നാമത്തവളായിരുന്നു മീരാബായി. ജോലി സംബന്ധമായി ആന്ധ്രപ്രദേശിൽ നിന്നു തമിഴ്നാട്ടിലെ ആർക്കോണത്തെത്തി സ്ഥിരതാമസമാക്കിയ കുടുംബമായിരുന്നു ഇവരുടേത്. തമിഴ്നാട്ടിലാണു താമസമെങ്കിലും മാതൃഭാഷ തെലുങ്ക്. ലക്ഷ്മിപതി നായിഡുവിനു റെയിൽവേ ജോലി മാത്രമായിരുന്നില്ല. വേണ്ടുവോളം ഭൂസ്വത്ത്. ഇതിനെല്ലാം പുറമെ, ലോഡുകണക്കിനു വിറകുവിൽപ്പന ബിസിനസും. സാമ്പത്തികഭദ്രത വേണ്ടുവോളമുള്ള കുടുംബം.

‘സമീപത്തെ അമ്പലത്തിലെ ഉത്സവദിനമായിരുന്നു അതെന്നു തോന്നുന്നു. പട്ടുപാവാടയാണ് ഞാനന്നു ധരിച്ചിരുന്നത്. സ്വർണമാലയും വളയും, ദൂരെ നിന്നു കണ്ടാൽ ശ്രദ്ധയാകർഷിക്കുന്ന ഡയമണ്ട് മാലയും ധരിച്ചിരുന്നു. ജോലിക്കു പോയ അച്ഛനെ കാണണമെന്നു ഞാനന്നു വാശിപിടിച്ചു. എന്റെ വാശി കൂടി കരച്ചിലായപ്പോൾ ഏട്ടൻ നരസിംഹൻ എന്നെയും കൂട്ടി അച്ഛന്റെ ജോലിസ്ഥലമായ തിരുവള്ളൂരിലേക്കു പോയി.’ എല്ലാം നഷ്ടപ്പെട്ടുപോയ ആ ദിവസത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോഴേ, മീരാബായിയുടെ കണ്ണുനിറഞ്ഞു, ശബ്ദം മുറിഞ്ഞു. 

ലോക്കൽ ട്രെയിനിലായിരുന്നു യാത്ര. ആർക്കോണത്തിനും തിരുവള്ളൂരിനുമിടയിൽ ഒട്ടേറെ കൊച്ചു കൊച്ചു റെയിൽവേ സ്റ്റേഷനുകൾ. ആ ദിവസം ആർക്കോണത്തു നിന്നു ട്രെയിൻ പുറപ്പെട്ട് അടുത്ത സ്റ്റേഷനെത്തിയപ്പോൾ കുടിക്കാൻ വെള്ളം വേണമെന്നായി മീരാബായി. അവളെ ട്രെയിനിലെ ജനാലയ്ക്കരികിലുള്ള ഒറ്റ സീറ്റിലിരുത്തി നരസിംഹൻ വെള്ളമെടുക്കാൻ ഇറങ്ങി. താൻ തിരികെ വരുന്നതു വരെ സീറ്റിൽ നിന്നെഴുന്നേൽക്കരുതെന്ന നിർദേശവും. 

എന്നാൽ, നരസിംഹൻ വെള്ളമെടുത്തു തിരിച്ചെത്തുന്നതിനിടയിൽ എല്ലാം മാറിമറിഞ്ഞിരുന്നു. ‘ആജാനുബാഹുവായ ഒരാൾ വന്ന് എന്നെയെടുത്ത് അയാളുടെ മടിയിലിരുത്തി. പിന്നെ, ശക്തിയായി വായ പൊത്തിപ്പിടിച്ചു. ഓടി രക്ഷപ്പെടാതിരിക്കാനാകണം, രണ്ടു കാലുകളും ആ മനുഷ്യന്റെ കാലുകൾക്കിടയിൽ ഉടക്കിയിട്ടു.’ 53 വർ‍ഷം കഴിഞ്ഞതു പറയുമ്പോഴും മീരാബായിയുടെ കണ്ണുകളിൽ ഭീതി നിഴലിച്ചു. വെള്ളവുമായി എത്തിയ ചേട്ടൻ വിളിക്കുന്നതൊക്കെ അവൾക്കു കേൾക്കാമായിരുന്നു. പക്ഷേ, ഒന്നു വിളി കേൾക്കാൻ പോലും സാധിക്കാത്ത വിധം ശക്തിയിലാണ് അയാൾ വായ അമർത്തിപ്പിടിച്ചത്. ദേഹത്തുണ്ടായിരുന്ന സ്വർണമൊക്കെ ഊരിയെടുത്ത് അയാൾ അവളെ ട്രെയിനിലെവിടെയോ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുതിച്ചുപായുന്ന ട്രെയിനിൽ ബോധം നഷ്ടപ്പെട്ട ആ ഏഴുവയസ്സുകാരിയും. 

കേരളത്തിലേക്കു വരാം 

കണ്ണുതുറക്കുമ്പോൾ കുറെപ്പേർ ചുറ്റും കൂടിനിൽക്കുന്നു. അതു കേരളമാണെന്നും കോഴിക്കോടാണെന്നും അനാഥാലയമാണെന്നുമൊക്കെ മനസ്സിലാക്കാൻ പിന്നെയും സമയമേറെയെടുത്തു. തെലുങ്ക് മാത്രമറിയാവുന്ന ആ പെൺകുട്ടിയെ പൊലീസാണ് അനാഥാലയത്തിൽ എത്തിക്കുന്നത്. അവർ അവളോടു ചോദിച്ചതു പേരും നാടുമൊക്കെയായിരിക്കണം.

എന്നാൽ, എന്താണു ചോദിക്കുന്നതെന്നു മനസ്സിലാകാതെ കരഞ്ഞുകൊണ്ടിരിക്കാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളൂ. വീട് റെയിൽവേ സ്റ്റേഷന്റെ അടുത്താണെന്നും അച്ഛൻ അവിടെയുണ്ടെന്നും വീടിനടുത്ത് അമ്പലമുണ്ടെന്നുമൊക്കെ അവൾ പറഞ്ഞു. എന്നാൽ അവൾ പറഞ്ഞതു ചുറ്റും കൂടിനിന്നവർക്കോ അവർ ചോദിക്കുന്നത് അവൾക്കോ മനസ്സിലായില്ല. അച്ഛന്റെയും അമ്മയുടെയും പേരു പറയുന്നതിനിടെ അതവളുടെ പേരാണെന്നു തെറ്റിദ്ധരിച്ചാകണം, അനാഥാലയത്തിലുള്ളവർ അവളെ ലക്ഷ്മിബായി എന്നു വിളിച്ചു!! 

ഒരുകൈ സഹായമില്ലാതെ

ഒട്ടും മലയാളം അറിയില്ലായിരുന്ന ലക്ഷ്മിബായി കോഴിക്കോട് എത്തിയതോടെ മലയാളം പഠിച്ചു. വീണ്ടും ഒന്നാം ക്ലാസിൽ ചേർന്നു. ഇതിനിടയിൽ അനാഥാലയത്തിലെ അധികൃതരോടും കൂട്ടുകാരോടുമൊക്കെ പലയാവർത്തി പറഞ്ഞു, വീടിനടുത്തു റെയിൽവേ സ്റ്റേഷനുണ്ടെന്നും അച്ഛനവിടെ ജോലിയാണെന്നും ഓടിട്ട വലിയ വീടാണു ഞങ്ങളുടേതെന്നും വീടിനകത്ത് ഊഞ്ഞാലുണ്ടെന്നും അങ്ങനെയങ്ങനെ തനിക്കറിയാവുന്നതൊക്കെ. പക്ഷേ, ആരും അവളെ വിശ്വസിച്ചില്ല. കേട്ടവർ കേട്ടവർ കളിയാക്കിച്ചിരിച്ചു. അതോടെ ‘ജീവിതം’പറച്ചിലവൾ നിർത്തി.

ഒന്നുറക്കെ സംസാരിക്കാൻ പോലും കഴിയാതെ കഴിച്ചുകൂട്ടിയ നാളുകൾ. വീട്ടിലെ സന്തോഷങ്ങളുടെ ഓർമകൾക്കു നടുവിൽ, അനാഥാലയത്തിലെ ഒറ്റപ്പെടൽ അവളെ തളർത്തി. തീർത്തും ഒറ്റപ്പെട്ടുവെന്നു തോന്നിപ്പോയ നിമിഷങ്ങൾ. ഓർക്കാൻ ഇഷ്ടമില്ലാത്ത കാലം – ലക്ഷ‌്മി പറയുന്നു. അനാഥാലയത്തിലേക്കു ഗോതമ്പ് കൊണ്ടുവന്നിരുന്ന ചാക്കിന്റെ വെളുത്ത തുണികൊണ്ടാണ് അവിടത്തെ പെൺകുട്ടികൾക്കു പെറ്റിക്കോട്ട് തുന്നി നൽകിയിരുന്നത്. അതിലൽപം ചെളി പറ്റിയാൽ ക്രൂരമർദനം. സങ്കടം പറയാൻ പോലും ആരുമുണ്ടായിരുന്നില്ല. എല്ലാ വിഷമങ്ങളും കടിച്ചമർത്തി അനാഥാലയത്തിൽ നിന്നു ലഭിക്കുന്ന കടലയും പയറും പുഴുങ്ങിയത് കഴിച്ചു ദിവസങ്ങൾ തള്ളിനീക്കി.

meerabhai-and-Son
ലക്ഷ്മി ബായിയും മകൻ ജെറീഷും. ചിത്രം: അബു ഹാഷിം∙മനോരമ

ദൈവത്തിന്റെ കൈ

ലക്ഷ്മിബായി അനാഥാലയത്തിന്റെ ചുമരുകൾക്കിടയിൽ ജീവിതംതന്നെ മടുത്തു കഴിയുന്ന സമയത്താണ് അവിടെ നിന്ന് 20 കിലോമീറ്റർ മാത്രം അകലെ കൊയിലാണ്ടി പൂക്കാട് സ്വദേശി ചാത്തപ്പൻ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നത്. സ്വന്തം വിവാഹത്തെക്കുറിച്ചു ചില തീരുമാനങ്ങളെടുത്തു നടന്ന മനുഷ്യൻ. വിവാഹം ചെയ്യുന്നെങ്കിൽ അതൊരു അനാഥപ്പെൺകുട്ടിയെയാകണമെന്നതായിരുന്നു ചാത്തപ്പന്റെ മോഹം. അങ്ങനെ അയാൾ കോഴിക്കോടുള്ള അനാഥാലയത്തിലെത്തി. ആവശ്യം അറിയിച്ചു.

അനാഥാലയത്തിന്റെ അധികൃതർ അദ്ദേഹത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തി. ഒടുവിൽ ഒരു പെൺകുട്ടിയെ അയാൾക്കു വിവാഹം ചെയ്തു കൊടുക്കാനവർ തീരുമാനിച്ചു. അങ്ങനെ പെണ്ണുകാണലിനായി ചാത്തപ്പനെത്തി. പെണ്ണുകാണാനായി 7 കുട്ടികളെ അധികൃതർ അദ്ദേഹത്തിനു മുൻപിൽ കൊണ്ടുവന്നു. അതിൽ ചാത്തപ്പന് ഇഷ്ടമായതു നിരന്നുനിന്ന ആ വരിയിലെ മൂന്നാമത്തെ പെൺകുട്ടിയെ, ലക്ഷ്മി ബായിയെ. അവളെ ജീവിതത്തിലേക്കു കൂട്ടാൻ അയാൾ തീരുമാനിച്ചു. അന്നവൾ 10–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

600 രൂപയായിരുന്നു അനാഥാലയത്തിൽ നിന്നു വിവാഹത്തിനായി ഗ്രാന്റ് അനുവദിച്ചത്. ആ പണം കൊണ്ടവർ 2 സാരിയും ഒരു ജോടി കമ്മലും 2 പ്ലേറ്റും ഗ്ലാസും അവൾക്കു സ്ത്രീധനമായി നൽകി. കൂടെ പഠിച്ചിരുന്ന കുട്ടികൾ പണം പിരിച്ചെടുത്ത് ഒരു കുഞ്ഞു സ്വർണമാലയും സമ്മാനിച്ചു. അങ്ങനെയവൾ ചാത്തപ്പന്റെ ജീവിതത്തിലേക്കു വലതുകാൽവച്ചു കയറി.

തനിക്കൊരു വീടുണ്ടെന്നും അവിടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടെന്നും ഭർത്താവിനോടു പറയാൻ ലക്ഷ്മിക്കു ധൈര്യമുണ്ടായിരുന്നില്ല. അനാഥപ്പെൺകുട്ടിയെ തേടിവന്നയാൾ തനിക്കു ബന്ധുക്കൾ ഉണ്ടെന്നറിയുമ്പോൾ ഉപേക്ഷിക്കുമോ എന്ന ഭയമായിരുന്നു കാരണം. പൂക്കാടുള്ള വീട്ടിൽ ചാത്തപ്പനും ലക്ഷ്മിയും താമസം തുടങ്ങി. വർഷങ്ങളങ്ങനെ കൊഴിഞ്ഞു. അവർക്കു കൂട്ടായി നാലു മക്കൾ പിറന്നു: ലസിത, സരിത, രജിത, ജെറീഷ്.  

വർഷം 1990. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തിയ ലക്ഷ്മിക്കു സർട്ടിഫിക്കറ്റുകളോ അവിടെ നൽകാൻ അച്ഛന്റെയോ അമ്മയുടെയോ പേരോ ഒന്നുമുണ്ടായിരുന്നില്ല. അന്നു കരഞ്ഞുകൊണ്ടു വീട്ടിലെത്തിയ അവർ ഭർത്താവിനു മുൻപിൽ അതുവരെ മനസ്സിൽ അടക്കിവച്ചിരുന്ന സങ്കടത്തിന്റെ കെട്ടഴിച്ചു. തന്റെ നാടും വീടും അച്ഛന്റെ പേരും 7 വയസ്സു വരെയുള്ള ജീവിതവുമൊക്കെ ഭർത്താവിനോടു പറഞ്ഞു. ഇതറിഞ്ഞ ചാത്തപ്പൻ റെയിൽവേയിൽ ജോലിയുള്ള ഒരു സ്നേഹിതൻ മുഖേനെ അന്വേഷണം നടത്തി. റെയിൽവേയുടെ ചെന്നൈ ഓഫിസിൽ സഹോദരൻ നരസിംഹനുണ്ടെന്നു മനസ്സിലാക്കിയത് അങ്ങനെയാണ്. അവിടെ ജീവനക്കാരനായിരുന്നു നരസിംഹൻ. 

വിവരമറിഞ്ഞ സഹോദരൻ അനുജത്തിയെ കാണാൻ കൊയിലാണ്ടി പൂക്കാടുള്ള വീട്ടിലെത്തി, ഒന്നല്ല മൂന്നു തവണ. നാട്ടിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ പല തവണ ആ യാത്ര മുടങ്ങി. ഇതിനിടയിൽ ചാത്തപ്പൻ മൂത്തമകൾ ലസിതയുടെ വിവാഹക്കാര്യം അറിയിച്ചുകൊണ്ടു നരസിംഹൻ നൽകിയ വിലാസത്തിലേക്കു കത്തയച്ചു, ഇംഗ്ലിഷിലും തമിഴിലും പിന്നെ സ്വന്തം കൈപ്പടയിൽ മലയാളത്തിലും. എന്നാൽ ആ കത്തുകൾക്കു മറുപടി ലഭിച്ചില്ല. പിന്നീടു നരസിംഹനെക്കുറിച്ചും വിവരമില്ലാതെയായി. ലക്ഷ്മി വീണ്ടും സങ്കടങ്ങൾക്കു നടുവിൽ തന്നെ. 

ആ നോവ് മനസ്സിലാവുന്നിടത്തോളം മകൻ വളർന്നതാണ് ഈ കഥയിലെ വഴിത്തിരിവ്. അമ്മയുടെ സങ്കടം മാറ്റാനുള്ള ഉത്തരവാദിത്തം ഇളയമകൻ ജെറീഷ് ഏറ്റെടുക്കുന്നത് അങ്ങനെയാണ്. രണ്ടു സുഹൃത്തുക്കളെയും ഒപ്പംകൂട്ടി ജെറീഷ് 2018 ഒക്ടോബറിൽ ആർക്കോണത്തേക്കു യാത്ര തിരിച്ചു. അവിടെ, പ്രതീക്ഷിച്ചതിനെക്കാൾ സങ്കീർണമായിരുന്നു കാര്യങ്ങൾ. പഴയ പോർട്ടർമാരോട് ഉൾപ്പെടെ ചോദിച്ചെങ്കിലും ആർക്കും ഒന്നും അറിയുമായിരുന്നില്ല.

ആ സമയത്ത് അവിടെ നടക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിലെത്തി ജെറീഷ് അമ്മയുടെ കഥ പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി നായിഡു സമുദായത്തിൽപ്പെട്ടയാളായിരുന്നു. കഥ കേട്ട അദ്ദേഹം വീട്ടിലുള്ള ഭാര്യയെ ഫോണിൽ വിളിച്ചു. പണ്ടൊരു കുട്ടിയെ ട്രെയിനിൽവച്ചു നഷ്ടപ്പെട്ട കഥ താൻ കേട്ടിട്ടുണ്ടെന്നു ഭാര്യ അദ്ദേഹത്തോടു പറഞ്ഞു. പിന്നീട് ആ പ്രദേശത്തെ കൗൺസിലർ ഗുപ്പണ്ണരവിയുടെ സഹായത്തോടെ അമ്മയുടെ വീടിനെപ്പറ്റിയും ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ മകൻ ശേഖരിച്ചു. നരസിംഹന്റെ ഫോൺ നമ്പറും ലഭിച്ചു. 

തിരിച്ചുകിട്ടിയ ‘നവംബർ’

കാണാമറയത്തേക്കു പോയ കൺമണിക്കു വേണ്ടിയായിരുന്നു ആർക്കോണത്തു മാതാപിതാക്കളുടെ പ്രാർഥനയത്രയും. എല്ലായിടത്തും അന്വേഷിച്ചിരുന്നു. അനുജത്തിയെ കാണാനാകാതെ കരഞ്ഞുകൊണ്ടു നിന്ന നരസിംഹൻ അന്നേ പറഞ്ഞിരുന്നു, അനുജത്തി തിരുവള്ളൂർ റെയിൽവേ സ്റ്റേഷനിലിറങ്ങുന്നതു താൻ കണ്ടെന്ന്. അങ്ങനെ നഷ്ടപ്പെട്ട മകൾ അടുത്തുതന്നെയുണ്ടെന്നു കരുതി അവർ സമാധാനിച്ചു.

Meera-Bhai-s-parents
ലക്ഷ്മിപതി നായിഡു,ആദിലക്ഷ്മി

തിരുവള്ളൂരിലുള്ള എല്ലാ വീടുകളും കയറി നഷ്ടപ്പെട്ട മകൾക്കായി ആ അച്ഛനും ബന്ധുക്കളും തിരച്ചിൽ നടത്തി. ഏറ്റവുമൊടുവിൽ ഒരു വീടു മാത്രം തുറന്നില്ല. അവൾ അവിടെത്തന്നെയുണ്ടെന്നായി അപ്പോഴവരുടെ വിശ്വാസം. പൊലീസ് സ്റ്റേഷനിൽ ചെന്ന് ആ വീടു തുറക്കുന്നതിനായുള്ള അനുമതി വാങ്ങി. അങ്ങനെ പൊലീസെത്തി ആ വീടു തുറന്നു. വസൂരിബാധയേറ്റു കിടക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അവിടെ. മകളെ തിരിച്ചുകിട്ടുന്നതിനായി പരമാവധി അന്വേഷണങ്ങൾ നടത്തി, നേർച്ചകൾ നേർന്നു. ഇടയ്ക്കെപ്പോഴോ മകൾ പാലക്കാട് ഉണ്ടെന്നറിഞ്ഞ് മീരാ ബായിക്കായി അവിടെയും അന്വേഷണം നടത്തി. 

ഉത്തരമില്ലാതെ അന്വേഷണങ്ങൾ നീണ്ട ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെ കരച്ചിലും പ്രാർഥനയും അന്നദാനവുമായിരുന്നു അമ്മ ആദിലക്ഷ്മിക്ക്. വഴിയേ പോകുന്നവർക്കും കഴിക്കാനില്ലാത്തവർക്കുമൊക്കെ അവർ ഭക്ഷണം നൽകും. എന്നിട്ടിങ്ങനെ പറയും, ‘ഞാനിവിടെ അന്നദാനം നടത്തുമ്പോൾ എവിടെയോ ജീവിച്ചിരിക്കുന്ന എന്റെ മകൾക്കും ആരെങ്കിലും ഭക്ഷണം നൽകും. നിങ്ങൾ അവൾക്കു വേണ്ടി പ്രാർഥിക്കണം.’ മകളെ നഷ്ടപ്പെട്ടതിന്റെ ഏഴാം വർഷം, ഒരുദിവസം അമ്പലത്തിൽ പോയി വന്നയുടനെ വിറച്ചുവീണായിരുന്നു ആ അമ്മയുടെ മരണം. വൈകാതെ രോഗബാധിതനായി അച്ഛനും മരിച്ചു. സഹോദരങ്ങൾ താമസം മാറി പോവുകയും ചെയ്തു. 

കൗൺസിലർ ഗുപ്പണ്ണരവിയുടെ സഹായത്തോടെ ജെറീഷ് അമ്മയുടെ സഹോദരങ്ങളെയും മറ്റു ബന്ധുക്കളെയുമൊക്കെ കണ്ടെത്തി. ഇക്കഴിഞ്ഞ നവംബറിൽ ലക്ഷ്മി ബായി എന്ന പഴയ മീരാ ബായി സ്വന്തം നാട്ടിലെത്തി. ഒരായുസ്സിന്റെ കാത്തിരിപ്പ്. ‘നഷ്ടപ്പെട്ട കുട്ടി’യെന്നു കഥകളിൽ മാത്രം പരിചയമുണ്ടായിരുന്ന ആ ബന്ധുവിനെ അവരെല്ലാം കൺനിറയെ കണ്ടു. അപ്പോഴേക്കും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു.

തിരിച്ചുകിട്ടിയ ആ നഷ്ടപ്പെട്ട കുട്ടിയെ കാണാൻ ബന്ധുക്കളും പരിചയക്കാരുമൊക്കെയെത്തി. അവൾക്കായി നേർന്ന വഴിപാടുകൾ നിറവേറ്റി. ചെന്നൈയിലും ബെംഗളൂരുവിലുമൊക്കെയുണ്ടായിരുന്ന ആ ബന്ധുക്കളെല്ലാം കൂടി കേരളത്തിലുമെത്തി. ചാത്തപ്പന്റെയും ലക്ഷ്മി ബായിയുടെയും വിവാഹ വാർഷികത്തിനായി. നായിഡു സമുദായത്തിൽ നിലനിൽക്കുന്ന ആചാരപ്രകാരം ബന്ധുക്കൾക്കായി ചാത്തപ്പനും ലക്ഷ്മി ബായിയും 41–ാം വിവാഹ വാർഷികദിനത്തിൽ ഡിസംബർ 22നു പരസ്പരം മാലയിട്ടു തങ്ങളുടെ വിവാഹം ഒന്നുകൂടി നടത്തി. ഒപ്പം നായിഡു ആചാരപ്രകാരമുള്ള ചടങ്ങുകളും...

53 വർഷത്തെ കാത്തിരിപ്പാണ് സഫലമായത്. കഥ തുടരുകയാണ്. കേരളത്തിലെ വീട്ടുകാർക്ക് ലക്ഷ്‌മിയും തമിഴ്നാട്ടിലെ ബന്ധുക്കൾക്ക് മീരയുമായി ഇനിയും ജീവിക്കണം. തിരിച്ചുകിട്ടിയ സ്നേഹത്തെ ഇനിയൊരിക്കലും നഷ്ടപ്പെടുത്താതെ... അപ്പാവുടെയും അമ്മാവുടെയും ഓർമകൾ ചേർത്തുപിടിച്ച്.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com