ADVERTISEMENT

മലയാളിയുടെ ഇ–മനസ്സ് ബ്ലോഗുകളിൽ കുടുങ്ങിക്കിടന്നിരുന്ന ഗൃഹാതുര കാലത്താണ് എതിരൻ കതിരവന്റെ അ‌രങ്ങേറ്റം. മധ്യകാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ച, തന്റെ പൂർവികനായ നാടുവാഴിയുടെ പേരു വഹിക്കുന്ന ബ്ലോഗർ എന്ന അപരവ്യക്തിത്വത്തിനപ്പുറം യുഎസിലെ ഷിക്കാഗോ സർവകലാശാലയിലെ മുൻ ജനിതക ഗവേഷകൻ എന്ന നിലയിലാണ് ഈ പാലാക്കാരന്റെ യഥാർഥജീവിതം. നാളുകളേറെയായി എതിരൻ എഴുതാൻ തുടങ്ങിയിട്ട്. ശാസ്ത്രമെഴുത്തിന്റെ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴും സാഹിത്യത്തിന്റെയും സിനിമയുടെയും ഇടറോഡുകൾ ഇദ്ദേഹം താണ്ടാതിരുന്നിട്ടില്ല. എതിരൻ കതിരവൻ സംസാരിക്കുമ്പോൾ.

എതിരൻ കതിരവൻ, വ്യത്യസ്തമായ പേര്... ഈ പേരിന്റെ പിന്നിലുള്ള കഥ?

എതിരൻ കതിരവൻ ചരിത്രപുരുഷനാണ്. ചങ്ങനാശേരി പെരുന്ന അമ്പലത്തിലെ ചെപ്പേടിൽ (ചെമ്പിൽ തീർത്ത തകിടിൽ) ആലേഖനം ചെയ്യപ്പെട്ട, ഞങ്ങളുടെ തായ്‌വഴിയിലുള്ള നാടുവാഴി. പന്ത്രണ്ടാം നൂറ്റാണ്ടിലെ, തമിഴ് പാരമ്പര്യ നായകനായിരുന്നു അദ്ദേഹം. തറവാടു പേരായ ‘ഞാവക്കാട്’ ചേപ്പേടിലുണ്ട്. ഇളംകുളം കുഞ്ഞൻപിള്ളയുടേതുൾപ്പെടെ ചരിത്രപുസ്തകങ്ങളിൽ എതിരൻ കതിരവനെന്ന പേരു പരാമർശിച്ചിട്ടുണ്ട്. ബ്ലോഗ് തുടങ്ങുമ്പോൾ ക്യൂട്ട് പേരുകൾ എടുക്കുന്നത് സാധാരണമായിരുന്നതിനാൽ എടുത്തണിഞ്ഞതാണ്. താമസിയാതെ ബ്ലോഗ് വലിയ ഹിറ്റായി‌, പേരും. പിന്നീടൊരിക്കലും ഇതിൽനിന്നു പുറത്തു ചാടിയില്ല.

യുഎസിലെത്തി ഗവേഷകനാകുന്നത്?

അമ്മ ഞാവക്കാട്ട് കൊച്ചുമഠം ഭവാനിത്തമ്പാട്ടി. അച്ഛൻ തേവണംകോട്ടില്ലം ശംഭു നമ്പൂതിരി. ഇവരുടെ എട്ടു മക്കളിൽ ഏഴാമത്തവനാണു ഞാൻ. അച്ഛൻ ഏറെക്കുറെ റിബൽ ആയിരുന്നു. വീട്ടിൽ ഇഎംഎസിന്റെയും എകെജിയുടെയുമൊക്കെ ചില്ലിട്ട ചിത്രങ്ങൾ‌ വച്ചിരുന്നു. മൂത്തചേട്ടൻ ചെറുപ്പത്തിൽ കുറച്ചുനാൾ ആർഎസ്എസ് കളിച്ചു നടന്നു. പിന്നീടു തീവ്ര കമ്യൂണിസ്റ്റ് ആയി. പാർട്ടിയിൽ അംഗത്വമൊക്കെയുണ്ടായിരുന്നു ചേട്ടന്. എനിക്കു കുറച്ചെങ്കിലും റിബൽ എലമന്റ് കിട്ടിയിട്ടുള്ളത് ഇവരിൽനിന്നൊക്കെയാണ്.‌ പാലാ സെന്റ് തോമസിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായായിരുന്നു പഠനം. എംഎ‌സ്‌സി കഴിഞ്ഞപ്പോൾ വഴിച്ചെലവു കിട്ടുമെന്നതുകൊണ്ട് ഡൽഹി ജെഎൻയുവിൽ പിഎച്ച്ഡിയുടെ അഭിമുഖപ്പരീക്ഷയ്ക്കു പോയി. കിട്ടുമെന്നു പ്രതീക്ഷയേ ഇല്ല. ചുമ്മാ തലസ്ഥാനം ഒക്കെ കണ്ടു തിരിച്ചുവരാമെന്നു കരുതി.

എന്നാൽ അദ്ഭുതപ്പെടുത്തിക്കൊണ്ടു സിലക്‌ഷൻ ലഭിച്ചു. പിന്നീടുള്ള ജീവിതം ജെഎൻയുവിലായിരുന്നു. പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയുമൊക്കെയായിരുന്നു സീനിയേഴ്സ്. അവർക്കുവേണ്ടി വോട്ടു പിടിക്കാനൊക്കെ പോയിട്ടുണ്ട്. പിഎച്ച്ഡി കഴിഞ്ഞതോടേ സെന്റ് ലൂയി യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക് ഫെലോഷിപ് ലഭിച്ചു. തുടർന്ന് അമേരിക്കയിലേക്ക് കുടിയേറ്റം. ഒന്നരക്കൊല്ലം അവിടെ. പിന്നെ ജോൺസ് ഹോപ്കിൻസിൽ ജോലി. ലോകപ്രസിദ്ധ യൂണിവേഴ്സിറ്റി ആയതുകൊണ്ട് ഓഫർ വന്നപ്പോൾ ഉടൻ സ്വീകരിച്ചു. ഓട്ടിസം നിർവചിച്ചു കണ്ടുപിടിച്ച ലിയോ കാനർ വിഹരിച്ച പീഡിയാട്രിക്സ് ഡിപ്പാർട്മെന്റിൽ ഞാൻ എത്തി എന്നത് അഭിമാനകരം തന്നെ.

ബ്ലോഗെഴുത്താണല്ലോ പ്രശസ്തനാക്കിയത്.  തുടക്കം എങ്ങനെ?

ബ്ലോഗ് തുടങ്ങിക്കഴിഞ്ഞപ്പോൾ, വരമൊഴി എന്ന മലയാളം എഴുത്തുരീതി ആവിഷ്കരിച്ച സിബു ജോണി, എന്തെങ്കിലുമൊക്കെ എഴുതാൻ എന്നെ നിർബന്ധിച്ചു. കോളജ് മാഗസിനിൽ ചെറുകഥകൾ എഴുതിയിട്ടുണ്ടെന്ന ചെറിയ പാപങ്ങളേ അതുവരെ ചെയ്തിട്ടുള്ളൂ. പിന്നെ ചില സ്റ്റേജ് ഷോകൾക്കു സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട്. ആ ധൈര്യമാണു ബ്ലോഗിൽ കയറ്റിയത്.

ബ്ലോഗ് ആ കാലത്തിന്റെ ആവശ്യമായിരുന്നു. പെട്ടെന്നു കിട്ടിയ തുറസ്സിൽ പ്രവാസികളാണു കൂടുതൽ ആഹ്ലാദിച്ചത്. പിന്നീടു സമൂഹ മാധ്യമങ്ങൾ പലതരത്തിൽ മുന്നേറി. ഇന്ന് മൊബൈലിൽ ഫെയ്സ്ബുക്കിൽ വ്യാപരിക്കുന്നവനു ബ്ലോഗ് നോക്കേണ്ട കാര്യമെന്ത്?.

പക്ഷേ, ബ്ലോഗ് ഒരുപാട് എഴുത്തുകാരെ സമ്മാനിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്.

കുടുംബം അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായോ?

ഭാര്യ സേതുലക്ഷ്മി ഐഐടി മദ്രാസിൽനിന്നു കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ മരങ്ങോലിക്കാരിയാണ്. ഇപ്പോൾ ഐടി ജോലിക്കാരി. രണ്ടു പെൺമക്കൾ... നീലിമ, മാലിനി. എല്ലാവരും അമേരിക്കൻ പൗരത്വമുള്ളവർ. പിറന്ന നാടിന്റെയും പോയ നാടിന്റെയും സംസ്കാരങ്ങളിൽ‌ ഒരുപോലെ വ്യാപരിക്കുന്നയാളാണു ഞാൻ. വീട്ടിൽ തനി മലയാളി. മോരൊഴിച്ചുകൂട്ടാനാണ് ഇഷ്ടവിഭവം. പുറത്ത് സായ്പ് രീതി. മക്കൾ കഥകളി പഠിച്ച് പല വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. തങ്ങൾ മലയാളികളാണെന്ന് അവർക്ക് നല്ല ബോധമുണ്ട്.

ഉഭയസംസ്കാരം മക്കളിൽ വേരൂന്നണമെന്ന ആഗ്രഹമാണു കേരളീയ കലകൾ അവരെ പഠിപ്പിക്കാൻ കാരണം. അമേരിക്കയിൽ എത്‌‍നിക് സംസ്കാരത്തിനു പ്രോൽസാഹനം കൊടുക്കുക എന്നത് പൊതുബോധത്തിൽ നന്നായി ഉൾച്ചേർന്നതാണ്. സ്കൂളുകളൊക്കെ ഇതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നുണ്ട്.

ഗവേഷകൻ, രാഷ്ട്രീയക്കാരൻ, സിനിമക്കാരൻ...ആരുമാകട്ടെ, പാലായിൽനിന്നുള്ള കഥ പറയാൻ ഉൽസാഹമാണല്ലോ?

വളരെ ചടുലവും ചലനാത്മകവുമായ സമൂഹമാണു പാലാക്കാരുടേത്. ജൂബിലിപ്പെരുന്നാളും ളാലം ക്ഷേത്രത്തിലെ ഉൽസവവും വൻ സംഭവങ്ങളാകാൻ കാരണം ഇതുതന്നെ. ബോറടി എന്നതു പാലാക്കാരന് അന്യമായ വാക്കാണ്. ഞാൻ സർക്കാർ സ്കൂളിൽ (ആറ്, ഏഴ് ക്ലാസുകളിൽ) പഠിക്കുമ്പോൾ ഈ തിമിർപ്പ് നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രാമകൃഷ്ണപിള്ളസാറും ജോസഫ് സാറും വഴക്കു പറയുന്നതുപോലും സ്വൽപം അശ്ലീലം കലർത്തിയായിരുന്നു. ത്രേസ്യാക്കുട്ടി ടീച്ചർ ചില പാഠങ്ങൾ പഠിപ്പിക്കുകയില്ല. വയലാറിന്റെ കവിത പഠിക്കാനുണ്ട്. ‘പായലുപൂത്തു കിടന്നൊരു നീലക്കായലിലിന്നലെ നീരാടി, ഈറൻ ചേലയുടുത്ത നിശീഥിനി....’ ഇങ്ങനെ പോകുന്നു കവിത. ‘മൊത്തം കമ്യൂണിസവാ പിള്ളേരേ നിങ്ങളിതൊന്നും പഠിക്കാൻ പോകേണ്ട’ എന്ന് വ്യക്തമായി ടീച്ചർ ഉദ്ബോധിക്കുമ്പോൾ, അത്ര വിവരമൊന്നും ആയിട്ടില്ലെങ്കിലും ഞങ്ങൾ ചിരിക്കും.

Ethiran-Kathiravan

നോയമ്പുവീടൽ ദിവസം പാലായിൽ പോകരുത്. പകരംവീട്ടൽ അക്രമാസക്തമാകുന്ന വേളയാണത്. പക്ഷേ, വിലക്കു ലംഘിച്ച് ഞാൻ പോയി ഒരിക്കൽ. തലയിൽ ഗ്ലാസുകുപ്പി കൊണ്ട് അടിയേറ്റ ഒരാൾ കണ്ണിലും മുഖത്തും ദേഹത്തും ചോരയൊലിപ്പിച്ച് വെറുതേ നടന്നു പോകുന്നതു കണ്ടുണ്ടായ ഞെട്ടൽ ഇന്നും മാറിയിട്ടില്ല.

പക്ഷേ, ഇവർതന്നെ സിവൈഎംഎൽ എന്ന നാടകസമിതി ഉണ്ടാക്കി മിശിഹാചരിത്രം കളിക്കും. എല്ലാ പുസ്തകങ്ങളുമുള്ള വമ്പൻ ലൈബ്രറി ഉണ്ടാക്കും. സംവിധായകൻ ഭദ്രനെയും കർണാടക സംഗീതജ്ഞൻ പാലാ സി.കെ.രാമചന്ദ്രനേയും ലോകത്തിനു സംഭാവന ചെയ്യും. മണർകാട്ട് പാപ്പൻ എന്ന ഇതിഹാസത്തെ നിർമിച്ചെടുക്കും.

ഇതൊക്കെയുള്ളപ്പോൾ തന്നെ റോഡിൽ പൊങ്ങിയ വെള്ളത്തിനു മുകളിൽ പലക നിരത്തി കള്ളുകുപ്പി വച്ചു കുടിച്ചുല്ലസിക്കുകയും ചെയ്യും. പാലാക്കാർ ആകെ മൊത്തം ബഹുരസികരാണ്.

പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ഒരു ചാരായഷാപ്പ് ഉണ്ടായിരുന്നു. സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ ദാ വരുന്നു ന്യൂസ്. ശിവാജി ഗണേശൻ ആ ചാരായഷാപ്പിൽ വന്നിട്ടുണ്ടത്രേ!. ഞങ്ങൾ ക്ലാസ് വിട്ട്, ഓടി ചാരായഷാപ്പ് വളഞ്ഞു. കുറെ തമിഴന്മാർ കള്ളുകുടിച്ച് ബഹളമുണ്ടാക്കുന്നതു കാണാം. പക്ഷേ ഞങ്ങളിൽ പലരും ശിവാജി ഗണേശനെത്തന്നെ കണ്ടു എന്നു തീർച്ചപ്പെടുത്തി. സ്വർണക്കടക്കാരൻ സ്വാമിയുടെ ആന പാലായ്ക്ക് നെടുകെ വിരണ്ടോടിയപ്പോൾ പുറകേ ഓടിയതും ഞങ്ങൾ. സർക്കാർ സ്കൂൾ മൊത്തം അലമ്പാണെന്നും പറഞ്ഞ് അച്ഛൻ എന്നെ സെന്റ് തോമസിലേക്ക് മാറ്റിയതുകൊണ്ട് ഇത്തരം കലാപരിപാടികൾ ശകലം കുറയ്ക്കേണ്ടി വന്നു.

ശാസ്ത്രഗവേഷകർ അറുബോറൻമാരാണെന്നൊരു തെറ്റിദ്ധാരണ പൊതുസമൂഹത്തിലുണ്ട്. പക്ഷേ എതിരനു സിനിമയിലും സംഗീതത്തിലുമൊക്കെ വലിയ താൽപര്യമാണല്ലോ?

ശാസ്ത്രഗവേഷണം എന്റെ ചിന്താഗതിയുടെ ക്രിയാരൂപമാണ്. സിനിമയും പാട്ടും ജീവനിൽ അലിഞ്ഞു ചേർന്നതും. രണ്ടും ഉല്ലാസകരമാണ്. കല്യാണം കഴിഞ്ഞ് ഭാര്യ ഷിക്കാഗോയിൽ എത്തിയപ്പോൾ വീടു നിറയെ മലയാളം സിനിമാ വീഡിയോ കസെറ്റുകളും മാസികകളും കിടക്കുന്നതുകണ്ട് അമ്പരന്നു. ഷിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചെത്തിയ, മദ്രാസ് ഐഐടിയിലെ തിളങ്ങുന്ന താരമായ സയന്റിസ്റ്റാണ് അവർ.എല്ലാം പെറുക്കി ദൂരെ എറിയുന്നതിനു മുൻപ് ഇവയൊന്നുമില്ലാതെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നു ഞാൻ വ്യക്തമാക്കി. പുള്ളിക്കാരി പേടിച്ചു. ഞാൻ എന്തെഴുതുന്നു എന്നത് അവർ അറിയാറില്ല, നോക്കാറുമില്ല. അങ്ങനെ സ്വസ്ഥവും സുഖകരവും ആനന്ദപ്രദവുമായ ദാമ്പത്യം നയിച്ചു പോകുന്നു.

ഇന്ന് ഏറെ ശ്രദ്ധേയമായ മേഖലയാണല്ലോ ജനിതകശാസ്ത്രം? ഇതിലെ ഗവേഷണത്തെപ്പറ്റി പറയാമോ?

ജീൻ എക്സ്പ്രഷൻ അഥവാ ജീനുകളുടെ ഉണർവ് പശ്ചാത്തലമാക്കിയാണ് എന്റെ ഗവേഷണങ്ങൾ മിക്കതും. കോശവിഭജനത്തിനു മുന്നോടിയായി ചില ജീനുകൾ ഉണർന്നുതുടങ്ങുന്നതിനെപ്പറ്റി വിശദമായി പഠിച്ചിട്ടുണ്ട്. ഈ പ്രക്രിയ ചിലപ്പോൾ അർബുദത്തിനു വഴിവയ്ക്കും. ഇത്തരം ഒരു ജീൻ ആയ ഇജിആർ-വൺ നിർവചിക്കപ്പെട്ടത് എന്റെ ലാബിലാണ്. പിന്നീട് ഈ ജീൻ സെങ്ക് (zenk) എന്നപേരിൽ അറിയപ്പെട്ടു. പക്ഷികൾ പാട്ട് പഠിച്ചുതുടങ്ങുമ്പോൾ ഉണർന്നെഴുന്നേൽക്കുന്ന ജീനാണു സെങ്ക്.

മുറിവു ഭേദമാകുന്നത് ചുറ്റിനുമുള്ള കോശങ്ങൾ മുറിവിലേക്ക് നടന്നുനീങ്ങി നികത്തുമ്പോഴാണ്. ഈ പ്രവർത്തനം ത്വരിതപ്പെടുന്ന ജീനുകളെപ്പറ്റിയും പഠിച്ചിട്ടുണ്ട്. 

ചുവന്ന രക്താണുക്കളിലെ ഗ്ലോബിൻ എന്ന ജീനിനെ ഉണർത്തിയെടുക്കുന്ന പ്രോട്ടീനുകളെക്കുറിച്ചും കോശങ്ങളുടെ ഉപരിതലത്തിൽനിന്ന് ഉള്ളിലേക്കു സന്ദേശങ്ങൾ അയയ്ക്കാൻ ഉതകുന്ന ജീനുകളെക്കുറിച്ചും മറ്റുചില പ്രോജക്ടുകൾ. ആമാശയത്തിലെ കോശങ്ങളെ ഘടിപ്പിച്ചു നിർത്താൻ ഉപയുക്തമായ പ്രോട്ടീൻ നിർമിച്ചെടുക്കുന്ന ജീനിനെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com