ADVERTISEMENT

മൺതിട്ടകൾക്കിടയിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച പമ്പാനദി കണ്ണിൽക്കണ്ടതെല്ലാം കവർന്ന്, കരകൾ കഴുകിത്തുടച്ചു പിൻവാങ്ങിയപ്പോൾ കുത്തിയൊലിച്ചുപോയ തിട്ടകൾക്കടിയിൽ തെളിഞ്ഞുവന്നത് നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്രാവശിഷ്‌ടങ്ങൾ.

ഇക്കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിനുശേഷം ആറന്മുളയ്‌ക്കു സമീപം പലയിടത്തായി കണ്ടെത്തിയത് അഞ്ചോ ആറോ നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കാവുന്ന കളിമൺ ശിൽപങ്ങൾ. മാരാമണ്ണിനു സമീപം വെള്ളങ്ങൂരിൽ കണ്ടെത്തിയത് രണ്ടായിരം കൊല്ലം വരെ പഴക്കമുള്ള മഹാശിലാസംസ്കാരത്തിന്റെ ഭാഗമെന്നു കരുതപ്പെടുന്ന കല്ലറ. മണ്ണും മണലും കുത്തിയൊലിച്ചുപോയ നദിയുടെ അടിത്തട്ടിൽ അവിടവിടെയായി തെളിഞ്ഞുവന്നത് ചരിത്രാതീത കാലത്തെ വൻമരങ്ങളുടെ ഫോസിലുകൾ! 

നിരണംവഴി ജലപാത 

മുസിരിസ് കഴിഞ്ഞാൽ കേരളത്തിലെ പ്രാചീന തുറമുഖങ്ങളിലൊന്നായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘ബൊക്കാറെ’ പുറക്കാട് ആണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പമ്പ പണ്ട് പുറക്കാട്ടെത്തി കടലിൽ ചേരുകയായിരുന്നെന്ന് ഭൗമശാസ്‌ത്രജ്‌ഞരും സ്ഥിരീകരിക്കുന്നുണ്ട്. ബൊക്കാറെ തുറമുഖത്തെത്തുന്ന സുഗന്ധവ്യഞ്ജനങ്ങൾ കയറ്റിക്കൊണ്ടുപോകുന്ന വിദേശക്കപ്പലുകളെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബാരിസ്’ നദിയിലൂടെ കൊണ്ടുവന്നിരുന്ന ചരക്കുകളാണ് കപ്പൽ കയറിയിരുന്നത്. ബാരിസ് നദി പമ്പയാണെന്നാണ് നിഗമനം. 

പുറക്കാട് തുറമുഖം ഉൾപ്പെട്ട രാജസ്ഥാനമായി ചരിത്രത്തിൽ കാണപ്പെടുന്ന ‘നെൽക്കിണ്ട’ പരുമലയ്‌ക്കു സമീപമുള്ള നാക്കിടയാകാം. ചുരുക്കിപ്പറഞ്ഞാൽ, ഗ്രീക്ക് ചരിത്രകാരന്മാരായ പ്ലിനിയുടെയും ടോളമിയുടെയും ചരിത്രരേഖകളും എഡി 60ൽ രചിക്കപ്പെട്ടതെന്നു കരുതുന്ന ‘പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ’ എന്ന ചരിത്രഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്ന 2000 കൊല്ലം മുൻപത്തെ കച്ചവടഭൂപടത്തിൽ പമ്പയുടെ സ്ഥാനം വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്.   

Pamba-excava
ഇടയാറന്മുളയിൽ പമ്പാനദീതീരത്തെ ഉത്ഖനനം.

ഈ വഴിയേ തുഴഞ്ഞുനീങ്ങിയാൽ തെളിഞ്ഞുവരുന്നത് നിരണത്തുനിന്നു നിലയ്‌ക്കലിലേക്കും അവിടെനിന്നു തമിഴ്‌നാട്ടിലേക്കും കടന്നുപോകുന്ന വലിയൊരു കച്ചവടപാതയാണ്. ചേര, പാണ്‌ഡ്യ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാനപാത. എഡി 52ൽ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് നിരണത്ത് എത്തി പള്ളി സ്ഥാപിച്ചെന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പായ്‌ക്കപ്പൽ കടന്നുവന്നതെന്നു കരുതപ്പെടുന്ന പമ്പയുടെ കൈവഴിയായ കോട്ടച്ചാലും കപ്പലിറങ്ങിയ തോമത്തുകടവും വിദേശ ബന്ധത്തിന്റെ സൂചനകൾക്ക് അടിവരയിടുന്നുണ്ട്. 

സ്വർണം,വെള്ളി,ആനക്കൊമ്പ്

സ്വർണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകൾ, മയിലുകൾ തുടങ്ങിയവയുമായി എത്തുന്ന കപ്പലുകളെക്കുറിച്ച് ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്നുണ്ട്. ബൈബിളിൽ പലയിടത്തും പരാമർശിക്കപ്പെടുന്ന സുഗന്ധദ്രവ്യങ്ങളിൽ ഗ്രാമ്പുവും കറുവാപ്പട്ടയും ചന്ദനവുമൊക്കെയുണ്ട്. ഈജിപ്‌തിൽ മൃതശരീരങ്ങൾ മമ്മിയാക്കി സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന സുഗന്ധക്കൂട്ടുകൾ, ക്രിസ്തുവിനെ സംസ്കരിക്കുമ്പോൾ ശരീരം പൊതിയാനുപയോഗിച്ച സുഗന്ധദ്രവ്യങ്ങൾ ഇവയിലൊക്കെ കേരളത്തിൽനിന്നു കടൽ കടന്നുപോയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യമുണ്ടാകാമെന്ന് ഇന്റർനാഷനൽ റിലേഷൻസ് അധ്യാപകനും ചരിത്രഗവേഷകനുമായ ഡോ. മോഹൻ വർഗീസ് അഭിപ്രായപ്പെടുന്നു. 

വൻതോതിൽ തേക്കുതടികളും കേരളത്തിൽനിന്നു വിദേശകപ്പലുകൾ കയറ്റിക്കൊണ്ടുപോയിട്ടുണ്ടാവണം. അലക്സാൻഡ്രിയയിലെ പ്രാചീന കപ്പൽ ശാലകളിൽ കപ്പൽ നിർമിക്കാൻ തേക്കുതടികൾ ഉപയോഗിച്ചിരുന്നതായി  ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ കേരളത്തിൽനിന്നു നൂറ്റാണ്ടുകളിലൂടെ കടൽകടന്നുപോയ സമ്പത്തുകളിൽ ഒരു പങ്ക് പമ്പയുടെ നദീതടങ്ങൾക്കും അവകാശപ്പെട്ടതാണ്. സമൃദ്ധവും സമ്പന്നവുമായൊരു പമ്പാനദീതട സംസ്കാരം ഇവിടെ നിലനിന്നിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന അധ്യാപകൻ രാജീവ് പുലിയൂർ പറയുന്നു. 

വന്യഭാവം, നിഗൂഢസ്വഭാവം

പർവതത്തിൽനിന്നു തുടലുപൊട്ടിച്ച് മദിച്ചുതിമർത്തുവരുന്ന കുട്ടിക്കൊമ്പനായിട്ടാണ് 13–ാം നൂറ്റാണ്ടിൽ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന തിരുനിഴൽമാലയിൽ പമ്പാനദിയെ വിശേഷിപ്പിക്കുന്നത്. ‘തിരയാകുന്ന തുമ്പിക്കരമുയർത്തി, ഇരുഭാഗത്തുമുള്ള കരകൾ കൊമ്പുകൊണ്ടിളക്കി, തോണികളാകുന്ന പാപ്പാന്മാരെ ചുഴറ്റിയെറിഞ്ഞ്, കരകളിലെ മരങ്ങൾ കൊമ്പുകൊണ്ടെടുത്തുനാട്ടി, കാഴ്‌ചക്കാരെ ഭയപ്പെടുത്തി തിമർത്തുവരുന്ന പന്തിനദി’ എന്നാണു വർണന. ഇതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് പ്രളയകാലത്തെ പമ്പ നമ്മെ ബോധ്യപ്പെടുത്തുന്നു. 

pamba-excava-3

കല്ലിശേരിക്കടുത്തുള്ള അത്തിമൂട്ടിൽ കയം പള്ളിയോടങ്ങൾക്കു പേടിസ്വപ്‌നമാണ്. പല പള്ളിയോടങ്ങളും ചുഴിയിൽപ്പെട്ടിട്ടുള്ള സ്ഥലം. അസ്ഥികൾ അടിഞ്ഞുകൂടിയ സ്ഥലമാണ് അത്തിമൂട് ആയതെന്നും ഐതിഹ്യമുണ്ട്. അത്തിമൂട്ടിൽ കയത്തിലെ ഭൂഗർഭവിള്ളലിലൂടെ എക്കലും വെള്ളവും ഒഴുകി പുറക്കാട് ഭാഗത്ത് കടലിലെത്തുന്നതായി പറയപ്പെടുന്നു.

ആറന്മുളയുടെ സമീപപ്രദേശങ്ങളിൽ പമ്പയുടെ തീരം കേന്ദ്രീകരിച്ച് മുൻകാലങ്ങളിൽ മൺപാത്രങ്ങൾ നിർമിക്കുന്ന സമൂഹങ്ങളുടെ സാന്നിധ്യം വലിയതോതിൽ ഉണ്ടായിരുന്നു. ഈയിടെ കണ്ടെത്തിയ കളിമൺ ശിൽപങ്ങളും അത്തരത്തിലൊരു സമൂഹത്തിന്റേതാകാമെന്നാണ് പ്രാഥമിക നിഗമനം. 

കഥകളിലെ പമ്പ

ഒൻപതാം നൂറ്റാണ്ടിനും 11–ാം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന നന്മാഴ്‌വാരുടെ ‘തിരുവായ്‌മൊഴി’ എന്ന കൃതിയിൽ പമ്പയെക്കുറിച്ച് വർണിക്കുന്നുണ്ട്. സുന്ദരമായ സരസ്സുകളാൽ ചുറ്റപ്പെട്ട ‘തിരുവാറിൻ വിളൈ’ എന്ന ദേശത്തെക്കുറിച്ചുള്ള വർണന, പമ്പാതീരത്തിന്റെ പ്രശസ്തിയിലേക്കുള്ള ചൂണ്ടുപലകയാണ്.

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള കണ്ണേറ്റുപാട്ടിൽ തിരുവാറന്മുള ദേവനെ പ്രകീർത്തിക്കുന്നുണ്ട്. ഇതും ദേശങ്ങൾ തമ്മിൽ കാലങ്ങൾക്കു മുൻപേയുള്ള സാംസ്കാരിക വിനിമയത്തിന്റെ അടയാളമാണ്. തിരുവല്ലയ്‌ക്കടുത്തുള്ള നിത്യച്ചന്തയെപ്പറ്റിയും തെക്കുംകൂർ പ്രദേശത്തെ കൊടുംകാടിനെപ്പറ്റിയുമൊക്കെ ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ‘പമ്പാസരസ് തടം ലോകമനോഹരം’ എന്ന് എഴുത്തച്ഛൻ എഴുതി.   

പമ്പയും തീരവും കഥകളുടെ രത്നഖനികളാണ്. രാമലക്ഷ്‌മണന്മാർക്ക് ആതിഥ്യമരുളിയ ശബരിയുടെ ആശ്രമം പമ്പാതീരത്തായിരുന്നെന്ന് ഐതിഹ്യം. ശ്രീരാമൻ സുഗ്രീവനുമായി സഖ്യം ചെയ്‌തതായി വാല്‌മീകി പറയുന്ന ഋഷ്യമൂകാചലം പമ്പയുടെ കിഴക്കുഭാഗത്തുള്ള ഗിരിശൃംഗമാണെന്നും വിശ്വസിക്കപ്പെടുന്നു. സീത അന്തർധാനം ചെയ്‌ത ഗർത്തമാണ് സീതക്കുഴിയെന്നും വാല്‌മീകിയുടെ ആശ്രമം ഉണ്ടായിരുന്ന സ്ഥലമാണ് ഗുരുനാഥൻമണ്ണെന്നും ഐതിഹ്യങ്ങളുണ്ട്. 

സംസ്കാരത്തിന്റെ തീരങ്ങൾ

ശബരിമല തീർഥാടനവും മാരാമൺ കൺവൻഷനും ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തും പരുമല പള്ളിയും ആറന്മുള ക്ഷേത്രവുമൊക്കെ പമ്പാതീരത്ത് ഉയർന്നുവന്ന സാംസ്കാരികവൈവിധ്യങ്ങളുടെ പ്രശസ്തമായ പ്രതീകങ്ങളാണ്. കടമ്മനിട്ട ഉൾപ്പെടെയുള്ള പടയണികൾ, ആറന്മുള ജലോൽസവം, പള്ളിയോടക്കരകൾ, അയിരൂരിലെ കഥകളി... കലയും ജീവിതവും ആത്മീയതയും ഇടകലർന്നൊഴുകുന്ന എണ്ണമറ്റ സാംസ്കാരികപ്രവാഹങ്ങളാണ് കൈവഴികളായി പമ്പയിൽ അലിഞ്ഞുചേരുന്നത്.

pamba-excava-2

മതസൗഹാർദത്തിന്റെ പെരുമയുള്ള എരുമേലിയും കാർഷികസംസ്കാരത്തിന്റെ കരുത്തറിയിച്ച റാന്നിയുമൊക്കെ വെള്ളവും വളവും വലിച്ചെടുത്തത് സമൃദ്ധമായ ഈ പ്രവാഹത്തിൽനിന്നു തന്നെയാണ്. പള്ളിയോടങ്ങളുടെ തച്ചുശാസ്‌ത്രമറിഞ്ഞ മുണ്ടപ്പുഴ തച്ചന്മാരുടെ നാടുകൂടിയായിരുന്നു റാന്നി. നിരണത്തു ജീവിച്ചിരുന്ന കണ്ണശ കവികൾ പമ്പാതീരത്തിന്റെ സാഹിത്യസംഭാവനയാണ്. 

ചരിത്രത്തിലേക്കുള്ള വാതിൽ

ഇടയാറന്മുളയിൽ പുരാവസ്തു വകുപ്പിന്റെ ഉത്‌ഖനനത്തിന്റെ ആദ്യഘട്ടം ജനുവരി 10ന് പൂർത്തിയായി. ഇവിടെനിന്നു ലഭിച്ച കളിമൺശിൽപങ്ങളുടെ സാംപിളുകൾ ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിൽ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. 

അതിന്റെ ഫലം വന്നാലേ കൃത്യമായ കാലഗണന സാധ്യമാകൂ. എങ്കിലും, വിജയനഗര കാലഘട്ടത്തിലെ ശിൽപശൈലിയുടെ സ്വാധീനം കാണുന്നതിനാൽ ഇവ 15–16 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ടതാകാമെന്ന് ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അഭിപ്രായപ്പെടുന്നു. 

നദീതീരത്ത് അധിവാസമുറപ്പിച്ച ഒരു ദ്രാവിഡ ജനസമൂഹത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട ശിൽപങ്ങളാകാം ഇവയെന്നാണ് ഇപ്പോഴത്തെ നിഗമനം. സപ്‌തകന്യകകൾ എന്ന സങ്കൽപത്തിലുള്ള സ്‌ത്രീരൂപങ്ങളും നാഗരൂപങ്ങളുമാണ് ലഭിച്ചവയിൽ ഏറെയും. ചരിത്രാവശിഷ്‌ടങ്ങൾ സൂക്ഷിക്കാൻ ഇവിടെ മ്യൂസിയം നിർമിക്കാൻ സർക്കാരിനു പദ്ധതിയുണ്ട്. വെള്ളങ്ങൂരിൽ കല്ലറ കണ്ടെത്തിയ സ്ഥലത്ത് ഉത്‌ഖനനം നടത്താനുള്ള ആലോചനകൾ പുരോഗമിക്കുന്നു.

ഇടയാറന്മുളയിലെ ഉത്‌ഖനനം പമ്പയുടെ ചരിത്രത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ഇത്തരം അന്വേഷണങ്ങളുടെ ചെറുവള്ളങ്ങളിലേറി യാത്ര ചെയ്‌താൽ എത്തിച്ചേരുക വിസ്‌മൃതിയിൽ മറഞ്ഞുപോയ ചരിത്രത്തിന്റെ വിശാലമായ തുറമുഖങ്ങളിലാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com