ADVERTISEMENT

‘ഒരു സങ്കീർത്തനം പോലെ’ വായിച്ച് ഒ.വി. വിജയൻ പെരുമ്പടവം ശ്രീധരന് ഒരു കത്തയച്ചു. നോവൽ ഇഷ്ടമായി. പക്ഷേ, പേര് ഇത്രയും നീട്ടണോ? ‘ഒരു സങ്കീർത്തനം’ എന്നു പോരേ? അതിൽ ഈ കൃതിയുടെ വിശുദ്ധഭാവങ്ങളെല്ലാം ഉൾച്ചേരുന്നുണ്ടല്ലോ?

നന്ദിയറിയിച്ച് വിജയനു പെരുമ്പടവം മറുകുറി അയച്ചു. പക്ഷേ, പേരുമാറ്റിയില്ല. ‘ദൈവം കൈ പിടിപ്പിച്ച് എഴുതിച്ച തലക്കെട്ടാണത്. രചന പൂർത്തിയാക്കി പേന താഴെവച്ച ശേഷം പിന്നീട് തിരുത്തലുകളുണ്ടായിട്ടില്ല. ആ കൃതിയെഴുതേണ്ട എഴുത്തുകാരന്റെ ദൗത്യം അവിടെ അവസാനിച്ചിരിക്കുന്നു. ഒരു സങ്കീർത്തനം പോലെ പുറത്തുവന്നിട്ട് കാൽ നൂറ്റാണ്ടു പിന്നിടുന്നു. വായനയുടെയും വിൽപനയുടെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച ക‍ൃതി 108 പതിപ്പുകളും പിന്നിട്ടിരിക്കുന്നു. 

‘ലോകത്തെ ഏതുകോണിലുള്ള മലയാളിയുടെ കൈയിലും ഈ പുസ്തകം കണ്ടിട്ടുണ്ടെന്നുള്ളത് സന്തോഷകരമായ അനുഭവമാണ്’ പെരുമ്പടവം പറയുന്നു. റോമിൽ സിസ്റ്റീൻ ചാപ്പൽ പരിസരത്തുവച്ച് ഒരനുഭവമുണ്ടായി. ഒരു കൽബെഞ്ചിലിരിക്കുകയായിരുന്നു. അടുത്ത് ഒരു സ്ത്രീ ഇരിപ്പുണ്ട്. ഞാനിരുന്നയുടനെ അവർ അപ്പുറത്തു നിന്ന മകനെ വിളിച്ചു. അവൻ അടുത്തുവന്നപ്പോൾ നീ എന്തിനാണ് എഴുന്നേറ്റു പോയതെന്നു പറഞ്ഞ് അവരവനെ ശാസിച്ചു. മലയാളികളാണെന്നു മനസ്സിലായി. കുട്ടി എഴുന്നേറ്റു പോയ സ്ഥാനത്താണ് ഞാനിരുന്നത്. ‘സഹോദരീ ഞാനും ഒരു മലയാളിയാണ്. മകനെ ഇവിടെ ഇരുത്തിക്കോളൂ’ എന്നു ഞാൻ പറഞ്ഞു. അവരുടെ മുഖം വിളറി. ‘ഇല്ല സാറിവിടെ ഇരിക്കൂ എന്നു പറഞ്ഞു നിർബന്ധിച്ചു. അപ്പുറത്ത് അവരുടെ ഭർത്താവുണ്ടായിരുന്നു. അദ്ദേഹം ബാഗിനുള്ളിൽനിന്നും ഒരു പുസ്തകമെടുക്കുകയും എന്നെ സംശയത്തോടെ നോക്കുകയും ചെയ്ത് അടുത്തുവന്ന് അത്ഭുതത്തോടെ പെരുമ്പടവം അല്ലേയെന്നു ചോദിച്ചു. ഞാനും വിസ്മയിച്ചു. ദൂരെ റോമിൽ അപരിചിതനായ ഒരു മനുഷ്യൻ എന്റെ പുസ്തകവും കൈയിൽ പിടിച്ച് അതെഴുതിയ ആളല്ലേ എന്നു ചോദിക്കുന്നു. 

പുസ്തകത്തിൽ എന്റെ കൈയൊപ്പു വാങ്ങിയാണ് ആ കുടുംബം യാത്ര പറഞ്ഞത്. 

അപൂർവം എഴുത്തുകാരോടു മാത്രമാണ് എനിക്ക് ഉറ്റ ബന്ധമുണ്ടായിട്ടുള്ളത്. ഗുരുതുല്യനായ കെ.സുരേന്ദ്രൻ, ജി.വിവേകാനന്ദൻ, മലയാറ്റൂർ, എൻ. മോഹനൻ എന്നിവർ. നോവൽ എഴുതാൻ തുടങ്ങുമ്പോൾ സുരേന്ദ്രൻ സാറുമായി സംസാരിച്ചിരുന്നു. എഴുതൂ...എഴുതൂ എന്നുപറഞ്ഞ് അദ്ദേഹം നിരന്തരം പ്രോൽസാഹിപ്പിച്ചു. നോവൽ പൂർത്തിയാക്കിയശേഷം ഉടനെ ഒന്നു വായിച്ചു നോക്കിയാൽ നന്നായിരുന്നു എന്നുപറഞ്ഞ് ഞാൻ സാറിനൊരു കോപ്പി വീട്ടിൽ നേരിട്ടുചെന്നു നൽകി. അദ്ദേഹം പറഞ്ഞു, ‘അവിടെ വച്ചേക്ക്... ചുമയും പനിയുമാണ്, പിന്നീടു ശ്രീധരനെ വിളിക്കാം.’ താൽപര്യക്കേടില്ലെങ്കിലും സാറ് ഉൽസാഹം കാണിച്ചില്ലല്ലോ എന്നു നേരിയ നിരാശ തോന്നി. അഞ്ചുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹമെന്നെ വിളിച്ച് വൈകുന്നേരം അടിയന്തരമായി കാണണമെന്നു പറഞ്ഞു.

പൂജപ്പുര മണ്ഡപത്തിൽ അദ്ദേഹം എന്നെ കാത്തിരുന്നു. കണ്ടപാടെ എന്റെ കൈപിടിച്ച് സന്തോഷത്തോടെ ‘ഇറ്റ് ഈസ് എ ഗ്രേറ്റ് വർക്ക്’ എന്നുപറഞ്ഞു. കാലംകണ്ട ഒരു വലിയ നോവലിസ്റ്റാണു പറയുന്നത്. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള എന്ന കൽപന എങ്ങനെ കിട്ടിയെന്ന് അദ്ദേഹം തിരക്കി. സത്യത്തിൽ എനിക്കതറിയില്ലായിരുന്നു.

45 വർഷം മുൻപ് ജനയുഗത്തിൽ എന്റെയൊരു കഥ അച്ചടിച്ചു വന്നു. അതുവായിച്ച് കൊല്ലത്തുനിന്നും ആശ്രാമം ഭാസിയെന്ന ചെറുപ്പക്കാരൻ എനിക്കൊരു അഭിനന്ദന കത്തയച്ചു. ആ ആഴ്ചതന്നെ തിരുവനന്തപുരത്തു ഭാസി വന്നുകണ്ടു. കഥയും കവിതയുമൊക്കെ എഴുതാറുണ്ട് വ്യവസായിയുമാണ്. ആ പരിചയം സൗഹൃദമായി.

നോവൽ അച്ചടിക്കാനായി ഒരു പ്രസാധകന് അയയ്ക്കാൻ മേൽവിലാസം എഴുതിവച്ചിരിക്കുന്നതു ഭാസി കണ്ടു. എൻബിഎസാണ് അതുവരെ എന്റെ പ്രസാധകർ. ഞാനന്നു ഡയറക്ടർ ബോർഡ് അംഗവും പബ്ളിക്കേഷന്റെ ചുമതലയുള്ള ആളുമാണ്. ബോർഡ് അംഗങ്ങൾതന്നെ തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്നൊരു ആക്ഷേപം അന്നു കേട്ടിരുന്നു. അതുകൊണ്ടാണ് നോവൽ മറ്റൊരു പ്രസാധകനു കൊടുക്കാൻ ആലോചിച്ചത്. എങ്കിൽ അച്ചടിച്ച് എൻബിഎസിനു വിതരണത്തിനു കൊടുത്തൂകൂടേ എന്നു ഭാസി ചോദിച്ചു. അതിനുള്ള പണം എന്റെ കൈയിലില്ല. പണം മുടക്കാമെന്നും പറഞ്ഞു.

ഞാൻ നിരുൽസാഹപ്പെടുത്തി. വായന കുറഞ്ഞ കാലമാണ്. വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾപോലും വർഷങ്ങളെടുത്താണു തീരുന്നത്. ഭാസി അതൊന്നും കാര്യമായെടുത്തില്ല. 3000 കോപ്പി അച്ചടിപ്പിച്ചു. രണ്ടുമാസം കൊണ്ട് അതു തീർന്നു. പിന്നീട് അയ്യായിരവും ഏഴായിരവും അടിപ്പിച്ചു. പിന്നീടാണു സ്വയം വിതരണം ചെയ്തുകൂടേ എന്നാലോചിക്കുന്നതും സങ്കീർത്തനം പബ്ളിക്കേഷൻസ് ഉണ്ടാകുന്നതും. എന്റെ വായനക്കാരനായി വന്ന് പ്രസാധകനായ ഭാസി ഇപ്പോൾ എന്റെ നേരനുജനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com